Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്തെ ചുവപ്പിക്കാൻ ജോസ് കെ മാണിയെത്തും; പാലായും തൊടുപുഴയും കടുത്തുരുത്തിയുമടക്കം 'രണ്ടില'യുടെ പ്രസ്റ്റീജ് മണ്ഡലങ്ങൾ വിട്ടു നൽകും; ഇടനിലക്കാരൻ കാഞ്ഞിരപ്പള്ളി ബിഷപ്പ്; മാണിയും കോടിയേരിയും രഹസ്യമായി കൈകൊടുത്തു; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനം ഉടൻ; എതിർത്താൽ സിപിഐ മുന്നണിയിൽ ഒറ്റപ്പെടും

കോട്ടയത്തെ ചുവപ്പിക്കാൻ ജോസ് കെ മാണിയെത്തും; പാലായും തൊടുപുഴയും കടുത്തുരുത്തിയുമടക്കം 'രണ്ടില'യുടെ പ്രസ്റ്റീജ് മണ്ഡലങ്ങൾ വിട്ടു നൽകും; ഇടനിലക്കാരൻ കാഞ്ഞിരപ്പള്ളി ബിഷപ്പ്; മാണിയും കോടിയേരിയും രഹസ്യമായി കൈകൊടുത്തു; കേരളാ കോൺഗ്രസിന്റെ എൽഡിഎഫ് പ്രവേശനം ഉടൻ; എതിർത്താൽ സിപിഐ മുന്നണിയിൽ ഒറ്റപ്പെടും

ബി രഘുരാജ്

കോട്ടയം: കേരളാ കോൺഗ്രസ് താമസിയാതെ ഇടതുമുന്നണിയുടെ ഭാഗമാകും. ഇനി സിപിഎമ്മിൽ ആരും കെ എം മാണിയെ തള്ളിപ്പറയില്ല. സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളാ കോൺഗ്രസ് പൂർത്തിയാക്കി കഴിഞ്ഞു. കോട്ടയം ലോക്‌സഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകും. മാണിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളും നിയമസഭയിൽ മത്സരിക്കാൻ ഉറപ്പാക്കും. കുറഞ്ഞത് പതിനാല് സീറ്റുകൾ മാണിക്ക് നൽകാമെന്ന് സി.പി.എം സമ്മതിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലാണ് മാണിയെ സിപിഎമ്മിൽ എത്തിക്കാൻ കരുനീക്കം നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് പൂർണ്ണമായും അനുകൂലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി, എറണാകുളം എന്നി മണ്ഡലങ്ങളിൽ ഇടത് മുന്നേറ്റം ഉറപ്പാക്കാനാണ് സി.പി.എം തീരുമാനം.

കെഎം മാണിയും കോടിയേരി ബാലകൃഷ്ണനും പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കി കഴിഞ്ഞു. മാണിയെ മുഖ്യമന്ത്രിയാക്കാൻ സി.പി.എം ശ്രമിച്ചുവെന്ന ജി സുധാകരന്റെ പ്രസ്താവനയും ബോധപൂർവ്വമായിരുന്നു. കേരളാ കോൺഗ്രസിലെ ജോസഫ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള കാലതമാസമാണ് തീരുമാനം പ്രഖ്യാപിക്കുന്നത് വൈകാൻ കാരണം. മാണിയുടെ തീരുമാനത്തെ അംഗീകരിക്കാമെന്ന് ജോസഫ് നിലപാട് എടുത്തിട്ടുണ്ട്. മോൻസ് ജോസഫ് എംഎൽഎയാണ് ഇടതുപക്ഷത്തേക്ക് പോകുന്നതിനെ പരസ്യമായി എതിർക്കുന്നത്. മോൻസ് ജോസഫിനെ അനുനയിപ്പിക്കാൻ മാണി നേരിട്ട് ശ്രമിക്കും. കടുത്തുരുത്തി സീറ്റ് മോൻസിന് ഉറപ്പാണെന്ന വാഗ്ദാനം മാണി നൽകി കഴിഞ്ഞു. കേരളാ കോൺഗ്രസിൽ ഉൾപാർട്ടി ചർച്ചകൾ മാണിയുടൻ സജീവമാക്കും. ഇതിന് ശേഷം ഇടതുപക്ഷ ബാന്ധവം പ്രഖ്യാപിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ട് കൊല്ലമുണ്ട്. മാണിയേയും മകനേയും യുഡിഎഫിൽ എടുക്കാനാവില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ ഉമ്മൻ ചാണ്ടി വിഭാഗം. ഇതോടെയാണ് ഇടതു പക്ഷമെന്ന സാധ്യയിലേക്ക് മാണി എത്തിയത്.

കേരളത്തിൽ കരുത്തുകാട്ടാൻ ബിജെപി സജീവമായി രംഗത്തുണ്ട്. ബിഷപ്പുമാരുടെ സഹായത്തോടെ മാണിയെ എൻഡിഎ ക്യാമ്പിലെത്തിക്കാനാണ് ബിജെപി ദേശീയ അധ്യക്ഷന്റെ നീക്കം. പ്രബല പാർട്ടികൾ എൻഡിഎയിൽ പോകുന്നത് തിരിച്ചടിയാകുമെന്ന് സി.പി.എം കരുതുന്നു. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ ഇടപെടൽ. ബിജെപിയുടെ സാധ്യതകൾ ഇല്ലാതാക്കാൻ മാണിയുമായി സഹകരിച്ചേ മതിയാകൂവെന്ന നിലപാടാകും കോടിയേരി പാർട്ടിയിൽ എടുക്കുക. വി എസ് അച്യുതാനന്ദന് പോലും ഇത് അംഗീകരിക്കേണ്ടി വരും. സി.പി.എം ദേശീയ നേതൃത്വവും മാണിയെ ഉൾക്കൊള്ളുന്നതിന് അനുകൂലമാണ്. ഇടതു പക്ഷത്ത് സിപിഐ കടുത്ത പ്രതിഷേധത്തിലാണ്. എന്നാൽ ബാക്കിയെല്ലാ ഘടകകക്ഷികളും സി.പി.എം നീക്കത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. മാണിയെത്തുന്നതോടെ ഫ്രാൻസിസ് ജോർജിന്റെ ജനാധിപത്യ കേരളാ കോൺഗ്രസിനെ പതിയെ ഒഴിവാക്കും. സ്‌കറിയാ തോമസിന്റെ കേരളാ കോൺഗ്രസ് മാണിക്കൊപ്പം ലയിക്കുകയും ചെയ്യും.

ഇടത് സർക്കാരും മുഖ്യമന്ത്രിയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പിന് അടുത്ത ബന്ധമാണുള്ളത്. കർദിനാൾമാരെ പിടിച്ചുള്ള ബിജെപി നീക്കത്തെ തടയാൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്ത് വന്നതോടെയാണ് മാണിയുടെ ഇടത് പ്രവേശനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയത്. സ്‌കറിയാ തോമസിന്റെ നേതൃത്വത്തിൽ ആദ്യം നടന്ന നീക്കം വിജയം കണ്ടിരുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്തിലെ മാതൃക പതിയെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി ഇത് നടപ്പിലാക്കാനാകും നീക്കം. അതിന് മുമ്പ് മാണിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളെല്ലാം ഒഴിവാക്കുകയും ചെയ്യും. ബാർ കോഴയിലെ വിജിലൻസ് അന്വേഷണങ്ങളെല്ലാം കോടതിയുടെ നിശത വിമർശനത്തിന് വിധേയമായി കഴിഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് കേസെല്ലാം ഒഴിവാക്കും. പുതിയ ബാറുകൾ പ്രതീക്ഷിക്കുന്നതിനാൽ ബിജു രമേശും സർക്കാരിനെ പിണക്കാൻ എത്തില്ല. ഈ സാഹചര്യത്തിൽ കേസെല്ലാം ഒതുക്കാമെന്നാണ് പ്രതീക്ഷ.

കേരളാ കോൺഗ്രസ് പിളരാതെ ഇടതുമുന്നണി പ്രവേശനമാണ് മാണിയുടെ ആഗ്രഹം. തെറ്റി നിൽക്കുന്ന നേതാക്കളെ കാഞ്ഞിരപ്പള്ളി ബിഷപ്പ് തനിക്കൊപ്പം അണിനിർത്തുമെന്ന പ്രതീക്ഷയും മാണിക്കുണ്ട്. മോൻസ് ജോസഫും സിഎഫ് തോമസുമായി ബിഷപ്പിന് വേണ്ടപ്പെട്ടവർ ചർച്ച നടത്തും. എല്ലാ എംഎൽഎമാരുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് നേരിട്ട് ചർച്ച നടത്തുമെന്നും സൂചനയുണ്ട്. പിസി ജോർജിനെ ഇടതു മുന്നണിയിൽ എടുക്കില്ലെന്നും മാണി വിഭാഗത്തിന് സിപിഎമ്മിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇടുക്കി ലോക്‌സഭാ സീറ്റും മാണിക്ക് കൊടുക്കുന്നതും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ ജോയ്‌സ് ജോർജാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. സഭയുടെ പിന്തുണയോടെയായിരുന്നു ജോയ്‌സ് ജോർജിന്റെ വിജയം. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ഏറെ അടുപ്പം ജോയ്‌സിനുണ്ട്. ഇതെല്ലാം മുതൽക്കൂട്ടാക്കാനാണ് സി.പി.എം തീരുമാനം.

മാണിയെ മുഖ്യമന്ത്രിയാക്കാൻ എൽഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന് കേരള കോൺഗ്രസ് പറയുന്നതും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്്. എന്നാൽ മുഖ്യമന്ത്രി പദം കെ.എം മാണി നിരസിക്കുകയായിരുന്നുവെന്ന് കേരള കോൺഗ്രസ് മുഖമാസികയായ പ്രതിഛായയിലെ എഡിറ്റോറിയൽ പറയുന്നു. മുഖ്യമന്ത്രി പദം നിരസിച്ചതിനുള്ള സമ്മാനമായിരുന്നു ബാർകോഴ വിവാദമെന്നും എഡിറ്റോറിയലിലുണ്ട്. ഇതാദ്യമായാണ് കേരള കോൺഗ്രസ് മാണിയെ മുഖ്യമന്ത്രിയാക്കാനുള്ള വാഗ്ദാനം എൽഡിഎഫിൽ നിന്ന് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചത്.
മന്ത്രി ജി.സുധാകരൻ അടക്കം എൽഡിഎഫ് മാണിക്ക് ചില ഓഫർ വച്ചിരുന്നുവെന്ന് പറഞ്ഞപ്പോഴും അത് ശരിവെക്കാനോ നിരസിക്കാനോ ഇതുവരെ കേരള കോൺഗ്രസ് തയാറായിരുന്നില്ല. ആർക്കും നന്മവരണമെന്നാഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യനാണ് മന്ത്രി ജി.സുധാകരൻ. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ഉള്ളിൽ കള്ളമില്ലാത്തതിന്റെ തെളിവാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയൽ തുടങ്ങുന്നത് തന്നെ.

'ചില നേതാക്കൾക്ക് കെ.എം മാണിയെ വീഴ്‌ത്തണമായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ വീഴ്‌ത്തിയാൽ കോൺഗ്രസ് പൂർവ്വാധികം ശക്തിപ്പെടുമെന്നവർ ദിവാസ്വപ്നം കണ്ടു. അങ്ങനെയാണ് ബാർകോഴ വിവാദം അവതരിക്കുന്നത്. മഹാഭാരതയുദ്ധത്തിൽ ഭീഷ്മരെ വീഴ്‌ത്താൻ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതുപോലെയായിരുന്നു ബിജു രമേശിന്റെ രംഗപ്രവേശം. പ്രതികാര ബുദ്ധിയായിത്തീർന്ന ഒരു മദ്യ വ്യാപാരിക്ക് അത്തരമൊരു റോൾ അഭിനയിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ബാർകോഴ വിവാദം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പറഞ്ഞപ്പോൾ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചുകൊണ്ട് മുന്നണി വിട്ടുവരാൻ ശക്തമായ പ്രലോഭനമുണ്ടായിട്ടും അതിനെ ചെറുത്തുനിന്ന് ഐക്യമുന്നണി സംവിധാനത്തെ രക്ഷിച്ചതാണോ കെ.എം മാണി ചെയ്ത കുറ്റമെന്ന് പ്രതിഛായ ചോദിക്കുന്നു.

അന്ന് അതിന് അദ്ദേഹം വഴങ്ങിയിരുന്നെങ്കിൽ കേരളത്തിന്റെ രാഷ് ട്രീയ ചിത്രം മറ്റൊന്നാകുമായിരുന്നില്ലേ. ഉപ്പു തിന്നവൻ വെള്ളം കുടിക്കേണ്ടി വരും. കാൽനൂറ്റാണ്ടു കാലം മന്ത്രിസ്ഥാനം വഹിച്ചിട്ടും യാതൊരു ആരോപണത്തിനും വിധേയനാകാതെ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമമാതൃകയായി പരിണമിച്ച കെഎം മാണിയുടെ നെഞ്ചിൽ ഇത്ര നിർഭയമായി കഠാരയിറക്കിയ രാഷ്ട്രീയ ബ്രൂട്ടസുമാർക്ക് കാലം മാപ്പു നൽകില്ല എന്ന് പറഞ്ഞാണ് എഡിറ്റോറിയൽ അവസാനിപ്പിക്കുന്നത്. സിപിഎമ്മുമായി ചേരുമെന്ന സന്ദേശം അണികൾക്ക് നൽകാനാണ് ഈ ലേഖനത്തിലൂടെ കേരളാ കോൺഗ്രസ് ആഗ്രഹിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP