Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്‌സ് വിരുദ്ധർ വായിച്ചറിയാൻ

നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്‌സ് വിരുദ്ധർ വായിച്ചറിയാൻ

ആർ പീയൂഷ്

കൊച്ചി: ബജറ്റിലൂടെ വികസന വിപ്ലവമാണ് പിണറായി സർക്കാരിന്റെ ലക്ഷ്യം. സുതാര്യ വികസനമാണ് മുഖമുദ്ര. എന്നാൽ നടക്കുന്നത് അതൊക്കെയാണോ? അല്ലായെന്ന് തുറന്നു പറയുകയാണ് ട്വന്റി ട്വന്റി എന്ന കൂട്ടായ്മയുടെ അമരക്കാരൻ സാബു ജേക്കബ്. പൊതുമരാമത്ത് റോഡ് കയ്യേറി ട്വന്റിട്വന്റി കിഴക്കമ്പലത്ത് വീതി കൂട്ടി ടാറു ചെയ്യുന്നു എന്ന ജി സുധാകരന്റെ പ്രസ്താവനയ്ക്ക് കൂട്ടായ്മയുടെ കോർഡിനേറ്റർ സാബു എം ജേക്കബ് തിരികെ മറുപടി പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

എന്റെ റോഡ് കയ്യേറിയാണ് ട്വന്റിട്വന്റി വീതി കൂട്ടുന്നത് എന്നായിരുന്നു മന്ത്രിയുടെ ആരോപണം. എന്നാൽ ബി.എം.ബി.സി (മെക്കാടം ടാറിങ്) നിലവാരത്തിൽ നിർമ്മിച്ച റോഡ് മന്ത്രിക്ക് തിരികെ കുത്തിപ്പൊളിച്ച് നൽകാം എന്നായിരുന്നു സാബു എം ജേക്കബ്ബിന്റെ മറുപടി. കിഴക്കമ്പലത്തിലെ റോഡ് ടാറിങ് വിവാദത്തിന് പിന്നിലെ കഥയെന്താണെന്ന് ട്വന്റിട്വന്റി കോർഡിനേറ്റർ മറുനാടനോട് പറയുന്നു. സാബുവിന്റെ വെളിപ്പെടുത്തൽ കേരളം വികസന വഴിയിൽ മുന്നോട്ട് കുതിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേദന നൽകുകയാണ്. കിഴക്കമ്പലത്തിന്റെ റോഡ് വികസനത്തിന് വേണ്ടി കോടതി കയറേണ്ടി വന്ന ട്വന്റി ട്വന്റി.

കിറ്റക്‌സ് ജനാധിപത്യ വിരോധികളാണെന്ന വാദം സൈബർ സഖാക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ കിഴക്കമ്പലത്തും സമീപ പഞ്ചായത്തിലും ജനപിന്തുണയോടെ അധികാരത്തിൽ എത്തിയവരെയാണ് ട്രോളന്മാർ കളിയാക്കുന്നത്. കിറ്റക്‌സ് ഉൽപ്പനങ്ങളെ ബഹിഷ്‌കരിക്കാൻ പറയുന്നവർ കിഴക്കമ്പലം പഞ്ചായത്തിന്റെ റോഡ് നിർമ്മാണത്തിലെ വിജയ പോരാട്ടത്തിന്റെ കഥയ്ക്കും മറുപടി പറയേണ്ടതുണ്ട്. ജനങ്ങൾക്ക് വേണ്ടി നൽക്കുന്നവരെ ജനാധിപത്യ വിരോധികളാക്കുകയാണ് കിറ്റക്‌സ് ബഹിഷ്‌കരണത്തിലൂടെ സൈബർ പോരാളികൾ എന്ന വസ്തുതയാണ് സാബു ജേക്കബിന്റെ വിശദീകരണത്തിലൂടെ മനസ്സിലാക്കേണ്ടത്.

സാബു ജേക്കബ് പറയുന്നത് ഇങ്ങനെ

'വർഷങ്ങളായി കിഴക്കമ്പലത്ത് പൊതുമരാമത്ത് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്നു. കാൽനട യാത്രക്കാർക്ക് പോലും അതു വഴി സഞ്ചരിക്കാനാവാത്ത അവസ്ഥ. പലവട്ടം പഞ്ചായത്ത് പൊതുമരാമത്തിനോട് റോഡ് നന്നാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ യാതൊരു നീക്കവും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. റോഡ് നിർമ്മാണത്തിന് തുക അനുവദിക്കാൻ ഇല്ലാത്തതിനാലാണ് എങ്കിൽ പഞ്ചായത്ത് തന്നെ പണം മുടക്കി ദേശീയപാതാ നിലവാരത്തിലുള്ള ബി.എം.ബി.സി റോഡ് നിർമ്മിക്കാമെന്നും അതിന് അനുമതി നൽകണമെന്നും അപേക്ഷിച്ചു.

എന്നാൽ അതിനും അവർ അനുമതി നൽകിയില്ല. പകരം കുഴി അടച്ചാൽ മതി എന്ന നിലപാടിലായിരുന്നു. അങ്ങനെ പല തവണ പൊതുമരാമത്ത് അധികൃതർ ആവർത്തിച്ചപ്പോൾ കോടതിയിൽ ഹർജി സമർപ്പിച്ചു. അവിടെ വീണ്ടും വകുപ്പ് അധികൃതർ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒരു സ്പെഷ്യൽ പ്രോസിക്യൂട്ടറെ വച്ച് ടാറിങ്ങിന് അനുമതി നൽകരുതെന്ന് വാദിച്ചു. കോടതിയിൽ ഹാജരാകാതെ ഒന്നരമാസം കേസ് വലിച്ചു നീട്ടി.

ഒടുവിൽ കോടതി അനുകൂല വിധി പുറപ്പെടുവിച്ചു. റോഡ് നന്നായി കിടക്കുന്നതു കൊണ്ട് ആർക്കാണ് ദോഷം? അത് വളരെ നല്ല കാര്യമല്ലേ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. കോടതി അനുമതി നൽകിയതിന് ശേഷവും ഉദ്യോഗസ്ഥർ വെറുതെ ഇരുന്നില്ല. ടാറിങ് തുടങ്ങിയപ്പോൾ പിന്നെ സ്റ്റോപ്പ് മെമോകളുടെ പെരുമഴക്കാലമായിരുന്നു.

എസ്റ്റിമേറ്റ് കാണിക്കണം, ടെണ്ടറിന്റെ വിശദാംശങ്ങൾ കൊടുക്കണം അങ്ങനെ പോകുന്നു തടസവാദങ്ങൾ. ഒരു കാരണവശാലും ഈ റോഡുകളുടെ നിർമ്മാണ പ്രവർത്തികൾ ചെയ്യിക്കരുത് എന്ന് പ്രതിജ്ഞ എടുത്തതു പോലെയായിരുന്നു ഉദ്യോഗസ്ഥർ പെരുമാറിയിരുന്നത്. ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥന്മാർ വരും തടയും, പൊലീസിന് പരാതി കൊടുക്കും നിർത്തി വയ്‌പ്പിക്കും. കോടതി ഉത്തരവ് കാണിച്ചതോടെ പൊലീസ് പിന്നീട് പിന്മാറി.

ഒടുവിൽ അവർക്കെതിരെ പോരാടി പൊതുമരാമത്തിന്റെ 4 റോഡുകൾ അഞ്ച് കിലോമീറ്റർ ദൂരം 4 കോടി രൂപ നിരക്കിലാണ് ചെയ്ത് തീർത്തത്. അത്തരത്തിൽ റോഡ് നിർമ്മിച്ചപ്പോൾ ആദരിച്ചില്ലെങ്കിലും അപമാനിക്കാതിരിക്കാനെങ്കിലും വകുപ്പ് മന്ത്രി ശ്രദ്ധിക്കണമായിരുന്നു. എന്തോ വലിയ അപരാധം ചെയ്ത പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റേതെങ്കിലും വിദേശ രാജ്യങ്ങളിലായിരുന്നെങ്കിൽ ഇത്തരത്തിൽ റോഡ് നിർമ്മിച്ചാൽ രാജ്യം അവരെ ആദരിക്കും. പൊതുമരാമത്ത് റോഡ് മാത്രമല്ല ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തിരിക്കുന്നത്. ഗ്രാമീണ രോഡുകളും ഇതേ നിലവാരത്തിൽ ചെയ്തു. അതായത് ടാർ ചെയ്യുന്ന യന്ത്രം കയറിപ്പോകാൻ കഴിയുന്ന റോഡുകളെല്ലാം തന്നെ ടാർ ചെയ്തു, ടാറിങ് ജോലികൾ പുരോഗമിക്കുന്നു.

പഞ്ചായത്ത് പിടിച്ചെടുത്തതിന് ശേഷം റോഡുകളുടെ വികസനമാണ് ആദ്യം തുടങ്ങിയത്. എല്ലാ റോഡുകളും വീതി കൂട്ടാനുള്ള നടപടി ആരംഭിച്ചു. റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയവർക്ക് പഞ്ചായത്ത് സ്ഥലത്തിന് കൃത്യമായ വില നൽകി. സ്ഥലം ഏറ്റെടുത്തതിന് ശേഷം മതിലും ഗേറ്റും നിർമ്മിച്ച് നൽകി. മൂന്ന് മീറ്ററും നാലു മീറ്ററുമൊക്കെയായിരുന്ന റോഡുകൾ ഇന്ന് 14 മീറ്ററിലെത്തി നിൽക്കുകയാണ്. ഭാവി വികസനങ്ങൾ കൂടി കണ്ട് ആവിശ്യത്തിന് സ്ഥലം വശങ്ങളിൽ ഒഴിച്ചിട്ടിട്ടുമുണ്ട്.

ഇത്തരത്തിൽ സ്ഥലം ഏറ്റെടുത്ത് ബി.എം.സി നിലവാരത്തിൽ നാഷണൽ ഹൈവേകളെ വെല്ലുന്ന തരത്തിൽ പഞ്ചായത്ത് റോഡുകളെ മാറ്റി എടുത്തു കൊണ്ടിരിക്കുകയാണ്. റോഡിൽ യഥാ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. നിർമ്മാണം പൂർത്തിയായ ഗോഡ്‌സ് വില്ല റോഡ് കൂടി ചേരുന്നത് എറണാകുളം മൂന്നാർ പൊതുമരാമത്ത് റോഡിലാണ്. ഈ റോഡിന്റെ വീതി വെറും ആറു മീറ്ററിനടുത്തേയുള്ളൂ. കൂടാതെ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയുമാണ്. ഇതിനും പരിഹാരം കാണാൻ ട്വന്റി ട്വന്റി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. വശങ്ങളിൽ നിന്നും സ്ഥലം ഏറ്റെടുത്തു കൊണ്ടിരിക്കുകയാണ്. റോഡിന്റെ വികസനത്തിനായി സ്ഥലം വിട്ടു നൽകിയ ആയിരത്തി അൻപത് കുടുംബങ്ങൾക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഭക്ഷ്യ സുരക്ഷാ മാർക്കറ്റ് വഴി പൂർണ്ണമായും സൗജന്യമായി നൽകി വരുന്നു എന്നും സാബു എം ജേക്കബ്ബ് പറഞ്ഞു.

ഒരു നാടിന്റെ വളർച്ച റോഡിന്റെ വികസനമാണ് എന്നതു കൊണ്ട് അനുദിനം ഒരു കൊച്ചു ഗ്രാമം വികസിച്ചു കൊണ്ടിരിക്കുകയാണ്. ഈ വികസനത്തിന് തടയിടാനാണ് ഇപ്പോൾ ശ്രമം നടന്നു കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് ഇതിന് പിന്നിലെന്നും സാബ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP