Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

മോദിയും ട്രംപും പ്രശ്‌നങ്ങൾ നേരിടുന്നു; ജനാധിപത്യം ഉണ്ടെങ്കിൽ അവിടെ പ്രശ്‌നങ്ങൾ ഉണ്ടാകും; എകാധിപത്യമല്ല കിഴക്കമ്പലത്തെ പ്രശ്‌നം; ജനങ്ങളുടെ എതിർപ്പ് വരുമ്പോൾ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്; ആ മാറ്റമാണ് കിഴക്കമ്പലത്ത് നടക്കുന്നത്; അടുത്ത വർഷം 75 ശതമാനം വോട്ടോടുകൂടി ട്വിന്റി ട്വന്റി വീണ്ടും പഞ്ചായത്ത് പിടിച്ചെടുക്കും; അധികാര തർക്കം സമ്മതിച്ച് കിറ്റക്‌സ് മുതലാളിയും; കിഴക്കമ്പലത്ത് പ്രസിഡന്റിനെ മാറ്റുന്നത് സാബു ജേക്കബിന്റെ ഇടപെടൽ തന്നെ

മോദിയും ട്രംപും പ്രശ്‌നങ്ങൾ നേരിടുന്നു; ജനാധിപത്യം ഉണ്ടെങ്കിൽ അവിടെ പ്രശ്‌നങ്ങൾ ഉണ്ടാകും; എകാധിപത്യമല്ല കിഴക്കമ്പലത്തെ പ്രശ്‌നം; ജനങ്ങളുടെ എതിർപ്പ് വരുമ്പോൾ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്; ആ മാറ്റമാണ് കിഴക്കമ്പലത്ത് നടക്കുന്നത്; അടുത്ത വർഷം 75 ശതമാനം വോട്ടോടുകൂടി ട്വിന്റി ട്വന്റി വീണ്ടും പഞ്ചായത്ത് പിടിച്ചെടുക്കും; അധികാര തർക്കം സമ്മതിച്ച് കിറ്റക്‌സ് മുതലാളിയും; കിഴക്കമ്പലത്ത് പ്രസിഡന്റിനെ മാറ്റുന്നത് സാബു ജേക്കബിന്റെ ഇടപെടൽ തന്നെ

എം മനോജ് കുമാർ

കൊച്ചി: കിഴക്കമ്പലത്ത് വിരിഞ്ഞ ട്വന്റി20യിലെ ഭിന്നത സ്ഥിരീകരിച്ച് ട്വന്റി20 ചീഫ് കോർഡിനേറ്ററും, കിറ്റെക്‌സ് ഉടമയുമായ സാബു ജേക്കബ്. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജേക്കബിനെ നീക്കാൻ അവിശ്വാസത്തിനു നോട്ടീസ് നൽകിയതായി സാബു ജേക്കബ് മറുനാടനോട് സ്ഥിരീകരിച്ചു. പുതിയ പ്രസിഡന്റ് അതിന്റെ സമയം എടുത്ത് വരും. ഒരാൾ പ്രസിഡന്റ് പദവിയിൽ നിന്നും മാറി പുതിയ ഒരാൾ വരുമ്പോൾ അതിന്റെതായ സമയം എടുക്കും. ആരാണ് പുതിയ പ്രസിഡന്റ് എന്ന് ഈ ഘട്ടത്തിൽ തീരുമാനിക്കും-സാബു ജേക്കബ് പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റിനെതിരെ ഒട്ടനവധി പരാതികൾ വന്നു. പ്രസിഡന്റിന്റെ പ്രവർത്തനങ്ങളിൽ ഒട്ടനവധി അപാകതകൾ വന്നു. ഇതോടെ വാർഡ് കമ്മറ്റികൾ എല്ലാം കൂടി ചേർന്ന് ആലോചിച്ചു. 19 വാർഡ് കമ്മറ്റികൾ ഉണ്ട്. ഓരോ വാർഡിലും ഏഴുപേർ വെച്ച് നിലവിലുണ്ട്. പത്തൊമ്പത് വാർഡ് കമ്മിറ്റികളിൽ പതിനാറു വാർഡ് കമ്മറ്റികളും പ്രസിഡന്റിനെ നീക്കുന്നതാണ് നല്ലത് എന്ന് വാദിച്ചു. ബാക്കി മൂന്നു വാർഡ് കമ്മിറ്റികൾ ഒരവസരം കൂടി നൽകണമെന്ന് പറഞ്ഞു.

എന്നിട്ടും നന്നായില്ലെങ്കിൽ എന്തെങ്കിലും നടപടി സ്വീകരിക്കുക എന്നാണ് പറഞ്ഞത്. എന്നാൽ ഭൂരിപക്ഷ അഭിപ്രായം പുതിയ ഒരു പ്രസിഡന്റ് വരിക എന്നതിനായിരുന്നു. പതിനൊന്നു ബോർഡ് മെമ്പർമാരിൽ പതിനൊന്നു പേരും പ്രസിഡന്റിനെ മാറ്റുക എന്ന തീരുമാനത്തിൽ എത്തി. ഇതോടെയാണ് പ്രസിഡന്റിനെ മാറ്റാനുള്ള തീരുമാനം വന്നത്. ഈ കാര്യങ്ങൾ പ്രസിഡന്റിനെ അറിയിച്ചു. ഇന്നലെ പതിനൊന്നു മണിക്ക് പ്രസിഡന്റ് മാറേണ്ടതായിരുന്നു. രണ്ടു മണിയാകും എന്ന് പറഞ്ഞു. പക്ഷെ രണ്ടു മണിക്ക് തീർന്നില്ല. അതോടെ ബാക്കിയുള്ള മെമ്പർമാർ അവിശ്വാസത്തിനു നോട്ടീസ് നൽകി. പ്രസിഡന്റിനെ മാറ്റാൻ അല്ലാതെ വേറെ കാരണങ്ങൾ ഒന്നുമില്ല.

പ്രസിഡന്റിനെ മാറ്റുന്നതിന് പ്രകടന പത്രികയിലെ കാര്യങ്ങൾ നടപ്പിലാക്കാതിരുന്നത് കാരണമല്ല. പ്രകടന പത്രിക നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് ജനങ്ങളോടു തുറന്നു പറയുന്നതിൽ മറ്റു പ്രശ്‌നങ്ങൾ ഒന്നുമില്ല. ട്വന്റി20യ്ക്ക് പ്രതീക്ഷകൾ പലതുമുണ്ട്. ഈ പ്രതീക്ഷകളുടെ ഭാഗമായാണ് കെ.വി.ജേക്കബ് വന്നത്. എഴുപത്തിമൂന്നു ശതമാനം ജനങ്ങൾ വോട്ടു ചെയ്ത് അധികാരത്തിൽ ഏറ്റിയ പാർട്ടിയാണ്. ഈ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഭരണം നടത്താൻ പ്രസിഡന്റിനു കഴിഞ്ഞില്ല. അവിടെയാണ് പരാതികൾ വന്നത്.

തിരഞ്ഞെടുപ്പിലെ തോൽവിയും വിജയവുമൊന്നും കണക്കുകൂട്ടാൻ കഴിയുന്നതല്ല. ട്വന്റി20 കിഴക്കമ്പലത്ത് ഇനി വരുമോ എന്ന് അടുത്ത തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ അറിയാനുള്ള കാര്യമാണ്. ട്വന്റി20 കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തിലെ എവിടെ വേണമെങ്കിലും ജയിക്കും. പക്ഷെ കിഴക്കമ്പലത്ത് ജയിക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. അത്തരമൊരു പ്രസ്താവന ഞാൻ ഇറക്കിയിട്ടില്ല. ഈ രീതിയിൽ ഒന്നും പറഞ്ഞിട്ടുമില്ല. അങ്ങിനെ ഒരു തോന്നൽ എനിക്കില്ല. ഞങ്ങൾ മത്സരിക്കുന്നുണ്ട്.

എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പ്രശ്‌നങ്ങൾ ഉണ്ട്. അമേരിക്കയിൽ ട്രംപ് പ്രശ്‌നങ്ങൾ നേരിടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശ്‌നങ്ങൾ നേരിടുന്നു. കേരള സർക്കാരിനു പ്രശ്‌നമുണ്ട്. കർണാടക സർക്കാരിനു പ്രശ്‌നമുണ്ട്. ജനാധിപത്യം ഉണ്ടെങ്കിൽ അവിടെ പ്രശ്‌നങ്ങൾ ഉണ്ടാകും. അവിടെയാണ് നിങ്ങൾ മനസിലാക്കേണ്ടത് എകാധിപത്യമല്ല കിഴക്കമ്പലത്തെ പ്രശ്‌നമെന്ന്. ജനങ്ങളുടെ എതിർപ്പ് വരുമ്പോൾ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. ആ മാറ്റമാണ് കിഴക്കമ്പലത്ത് നടക്കുന്നത്. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് അധികാരത്തിൽ ഇരുന്നവർ വന്നില്ലെങ്കിൽ അവർ മാറേണ്ടതുണ്ട്. കിഴക്കമ്പലത്ത് നടക്കുന്നതും ഇതാണ്. ഭരണം മെച്ചപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രസിഡന്റ് മാറുമ്പോൾ ആര് ആരുടെ കൂടെ നിൽക്കും എന്ന് പറയാനൊന്നും ഞാൻ ആളല്ല. ജനങ്ങളുടെ തീരുമാനമാണ് ഞങ്ങൾ നടപ്പിലാക്കുന്നത്. എന്തെങ്കിലും തെളിയുന്നുണ്ടെങ്കിൽ അത് തിരഞ്ഞെടുപ്പ് വരുമ്പോഴാണ് തെളിയുന്നത്. എഴുപത്തിമൂന്നു ശതമാനം എന്നത് എഴുപത്തിനാല് ശതമാനമായാൽ അതിനു വ്യത്യാസം വന്നില്ലേ. ശരി എന്താണ് എന്ന് ജനങ്ങൾ ആണ് തീരുമാനിക്കേണ്ടത്-സാബു ജേക്കബ് പറയുന്നു.

പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ഭരണസമിതിക്കെതിരെ ഒരു വിഭാഗം ട്വന്റി20 പ്രവർത്തകർ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പ്രശ്‌നത്തിന്റെ തുടക്കം എന്നാണ് അറിയുന്നത്. സാബു ജേക്കബ് ഇവർക്കൊപ്പം ചേർന്ന് അഴിമതി ആരോപണം അംഗീകരിക്കും വിധം ട്വന്റി 20 ജനറൽ ബോഡിയിൽ സംസാരിച്ചു. ഇതിനെതിരെ രംഗത്തു വന്ന പഞ്ചായത്ത് പ്രസിഡന്റ് സാബുവിനെതിരെ പരസ്യമായി തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചു. പഴയതും പുതിയതുമായ രഹസ്യ സാമ്പത്തിക ഇടപാടുകളുടെ വിഴുപ്പ് അലക്കുകയും ചെയ്തു. തനിക്കും, മെമ്പർമാരിൽ ചിലർക്കും പണം തന്ന് സാബു ജേക്കബ് സ്വാധീനിച്ച് കൂടെക്കുട്ടിയതടക്കമുള്ള കാര്യങ്ങൾ പ്രസിഡന്റ് വികാരാധീനനായി ഉന്നയിച്ചു. അഴിമതി നടന്നിട്ടുണ്ടെങ്കിൽ ഒന്നും സാബു ജേക്കബ് അറിയാതെയല്ലെന്ന ആക്ഷേപവും ഉന്നയിച്ചു.

പ്രളയത്തിന്റെ പേരിൽ പിരിച്ച 1 കോടി 32 ലക്ഷം രൂപ എവിടെ പോയി എന്ന ചോദ്യവും പഞ്ചായത്ത് പ്രസിഡന്റ് ഉന്നയിച്ചു. പ്രകോപിതനായ സാബു ജേക്കബ് പ്രസിഡന്റിന്റെയും, മെമ്പർമാരുടെയും രാജി ആവശ്യപ്പെട്ടു. തന്റെ ദാസ്യവേല ചെയ്യുന്നവരാണെന്ന ധ്വനിയിൽ ആക്ഷേപിക്കുകയും ചെയ്തു. എന്നാൽ രാജിക്ക് ആരും തയ്യാറായില്ല. അടുത്ത ദിവസം കൂടുതൽ സമ്മർദ്ദം ചെലുത്തി പ്രസിഡന്റിന്റെയും, മറ്റ് മെമ്പർമാരുടെയും രാജി എഴുതി വാങ്ങി. കിഴക്കമ്പലത്ത് ഒഴിച്ച് കേരളത്തിൽ എവിടെ മത്സരിച്ചാലും ട്വന്റി20 അനായാസം ജയിക്കുമെന്നും, പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളൊന്നും പഞ്ചായത്തിൽ നടന്നിട്ടില്ലെന്നും സാബു ജേക്കബ് പൊതു യോഗത്തിൽ സ്വയം വിമർശനവും നടത്തി.

പഞ്ചായത്ത് ഭരണസമിതിയും, ട്വന്റി20 നേതൃത്വവും ഏറ്റുമുട്ടലിന്റെ പാതയിലായതോടെ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ് എന്നാണ് സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP