Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവി രാജേഷിന്റെ ആരോപണത്തിലെ സംശയ മുന നീണ്ടത് കിരൺ മാർഷലിലേക്ക്; സ്വപ്നയെ ഒളിവിൽ താമസിപ്പിച്ചത് മുൻ സ്വർണ്ണകടക്കാരനെന്ന മനോരമ വാർത്തയോടെ ആരോപണങ്ങൾ ആളിക്കത്തി; ആസൂത്രകയുടെ ശബ്ദം റിക്കോർഡ് ചെയ്തത് തുറവൂരിലെന്ന ചാനലിന്റെ തുറന്നു പറച്ചിലും ചർച്ചയായി; സംശയം നീണ്ടത് എരമല്ലൂരിൽ കേരളാ കോഫീ ഹൗസ് നടത്തുന്ന വ്യവസായിയിലേക്ക്; പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളമെന്ന് കിരൺ മാർഷൽ മറുനാടനോട്; സ്വപ്നയുടെ ഒളി സങ്കേതത്തിൽ അന്വേഷണം തുടർന്ന് എൻഐഎ

വിവി രാജേഷിന്റെ ആരോപണത്തിലെ സംശയ മുന നീണ്ടത് കിരൺ മാർഷലിലേക്ക്; സ്വപ്നയെ ഒളിവിൽ താമസിപ്പിച്ചത് മുൻ സ്വർണ്ണകടക്കാരനെന്ന മനോരമ വാർത്തയോടെ ആരോപണങ്ങൾ ആളിക്കത്തി; ആസൂത്രകയുടെ ശബ്ദം റിക്കോർഡ് ചെയ്തത് തുറവൂരിലെന്ന ചാനലിന്റെ തുറന്നു പറച്ചിലും ചർച്ചയായി; സംശയം നീണ്ടത് എരമല്ലൂരിൽ കേരളാ കോഫീ ഹൗസ് നടത്തുന്ന വ്യവസായിയിലേക്ക്; പ്രചരിക്കുന്നതെല്ലാം പച്ചക്കള്ളമെന്ന് കിരൺ മാർഷൽ മറുനാടനോട്; സ്വപ്നയുടെ ഒളി സങ്കേതത്തിൽ അന്വേഷണം തുടർന്ന് എൻഐഎ

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും ബാംഗ്ലൂരിലേക്ക് കടക്കാൻ സഹായിച്ചു എന്ന ആരേപണത്തിൽ സംശയ നിഴലിൽ നിൽക്കുന്നത് ചേർത്തലയിലെ യുവ വ്യവസായി എന്നാണ് റിപ്പോർട്ട്. സ്വപ്‌നയുടെ ശബ്ദം സംപ്രേഷണം ചെയ്ത ട്വന്റി ഫോർ ന്യൂസും തുറവൂരിലെ വ്യവസായിയുടെ വീട്ടിൽ വച്ചാണ് ഓഡിയോ റിക്കോർഡ് ചെയ്യുന്നതെന്ന് സമ്മതിച്ചു കഴിഞ്ഞു. ഇതോടെ ആരാണ് ഈ വ്യവസായി എന്ന ചർച്ചയും സജീവമായി. കിരൺ മാർഷൽ എന്ന വ്യവസായിയ്‌ക്കെതിരെ സംശയ മുനകൾ നീങ്ങുകയും ചെയ്തു. എന്നാൽ തനിക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് കിരൺ മാർഷലിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയനുമായി കിരൺ മാർഷലിന് ഏറെ അടുപ്പമുണ്ടെന്ന തരത്തിൽ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സംശയങ്ങളുമായി വാർത്തകൾ എത്തുമ്പോഴും കിരൺ മാർഷലിന്റെ പങ്ക് എൻഐഎ സ്ഥിരീകരിച്ചിട്ടില്ല. ബിജെപി നേതാവായ വിവി രാജേഷാണ് സ്വപ്നയെ ഒളിപ്പിച്ച് താമസിച്ചത് കിരൺ ആണെന്ന് ആരോപണം ഉന്നയിച്ചത്. കരുതലോടെ നടത്തിയ ആരോപണത്തിൽ വ്യവസായിയുടെ മുഴുവൻ പേരും വ്യക്തമാക്കിയുമില്ല. ഇതിനിടെ ചേർത്തലയിലെ വ്യവസായിയാണ് രക്ഷിച്ചതെന്ന് റിപ്പോർട്ടെത്തി. ഇതോടെയാണ് കേരളാ കോഫീ ഹൗസ് എന്ന സ്ഥാപനം നടത്തുന്ന കിരണിനെതിരെ ആരോപണങ്ങൾ എത്തിയത്. മനോരമയും മുൻ സ്വർണ്ണക്കടക്കാരനെ കുറ്റപ്പെടുത്തുന്ന തരത്തിൽ വാർത്ത കൊടുത്തു. ഇതോടെയാണ് കിരൺ മാർഷൽ വിവാദ പുരുഷനായത്. ഈ സാഹചര്യത്തിൽ കിരണുമായി മറുനാടൻ ഫോണിൽ സംസാരിച്ചു. തനിക്ക് ഈ ആരോപണത്തിൽ പങ്കില്ലെന്നാണ് കിരൺ മറുനാടനോട് പറഞ്ഞത്.

തനിക്കിതിൽ യാതൊരു പങ്കുമില്ലെന്നും ഉയർന്നു വരുന്ന ആരോപണങ്ങൾക്ക് പിന്നിൽ മറ്റെന്തോ ലക്ഷ്യമുള്ളതായി സംശയിക്കുന്നതായുമാണ് കിരൺ പറയുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ബിജെപി നേതാവ് വി.വി രാജേഷ് കിരണിന് വ്യക്തമായി പങ്കുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം പേരെടുത്ത് പറഞ്ഞ് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കിരണാണ് വില്ലനെന്ന തരത്തിൽ സൂചനകളുമെത്തി. പിണറായിയുമായുള്ള സൗഹൃദമാണ് ഇതിന് കാരണം. ഈ സാഹചര്യത്തിലാണ് മറുനാടൻ മലയാളി കിരൺ മാർഷലിനെ ബന്ധപ്പെട്ടത്. എന്നാൽ ആരോപണമെല്ലാം നിഷേധിച്ചു. കേസിലെ മൂന്നാം പ്രതിയായ ഫൈസൽ ഫരീദ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞിരുന്നതും ഇതു പോലെയായിരുന്നു. എന്നാൽ അന്വേഷണത്തിനൊടുവിൽ ഫൈസൽ പ്രതിയാകുകയായിരുന്നു. അതുകൊണ്ട് തന്നെ കിരണിന്റെ കാര്യത്തിൽ വ്യക്തത വരാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

സ്വപ്നയെയും സന്ദീപിനെയും അറിയില്ല എന്നും ഒരു ബന്ധവുമില്ലാത്ത തന്നെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നുമാണ് കിരൺ പറയുന്നത്. കിരണിന്റെ ഉടമസ്ഥതയിലുള്ള എരമല്ലൂരിലെ കേരളാ കഫേ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദവും ഈ കേസുമായി ബന്ധപ്പെടുത്തരുതെന്നും ആവശ്യപ്പെടുന്നു. ഉദ്ഘാടനത്തിന് പലരും വരും അവർക്കൊക്കെ ഞാനുമായി ബന്ധമുണ്ടാകണമെന്നില്ല എന്നും കിരൺ പറയുന്നു. ഏതെങ്കിലും തരത്തിൽ ഈ കേസിൽ തനിക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയാൽ എന്ത് ശിക്ഷ ഏറ്റുവാങ്ങാനും തയ്യാറാണെന്ന് കിരൺ മറുനാടനോട് പറഞ്ഞു.

അതേ സമയം എൻ.ഐ.എ കിരണിനെതിരെയുള്ള അന്വേഷണം ആരംഭിച്ചുവെന്നാണ് സൂചന. ഇയാളുടെ പണമിടപാട് സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. റൈഫിൾ ക്ലബ്ബിലും പള്ളിത്തോട്ടിലെ വീട്ടിലും റെയ്ഡ് നടത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഈ പരിസരത്തെ മുഴുവൻ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ഫോൺ സംഭാഷണങ്ങളടക്കമുള്ളവ വിശദമായി എൻ.ഐ.എ സംഘം പരിശോദിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ കിട്ടാത്തതും സംശയത്തിന് ഇടനൽകുന്നു. എന്നാൽ ആരോപണമെല്ലാം കിരൺ നിഷേധിക്കുകയാണ്. ഇത് അന്വേഷകരേയും വെട്ടിലാക്കുന്നുണ്ട്. വ്യക്തമായ തെളിവുകൾ കിട്ടിയാൽ മാത്രമേ കിരണിനെതിരെ നടപടികൾ ഉണ്ടാകൂ.

കഴിഞ്ഞ ദിവസമാണ് സ്വപ്നാ സുരേഷിനെയും സന്ദീപ് നായരെയും കേരളത്തിൽ നിന്നും ബാഗ്ലൂരിലേക്ക് രക്ഷപെടുത്താൻ സഹായിച്ചത് കിരണാണെന്ന് ആരോപിച്ച് ബിജെപി നേതാവ് വി.വി രാജേഷ് രംഗത്ത് വന്നത്. അന്വേഷണ ഏജൻസികളുടെ കണ്ണു വെട്ടിച്ച് കേരളാ പൊലീസിന്റെ സഹായത്തോടെ ചേർത്തലയിലെ വീട്ടിൽ താമസിപ്പിച്ച ശേഷം ബാംഗ്ലൂരിലെത്തിക്കുകയായിരുന്നു എന്നാണ് രാജേഷ് തന്റെ ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. കൂടാതെ സ്വപ്നയ്ക്കും സന്ദീപിനും രക്ഷപെടാനായിട്ടാണ് കോവിഡ് രോഗികൾ ഇല്ലാതിരുന്ന തുറവൂർ, എരമല്ലൂർ, ചെല്ലാനം, എഴുപുന്ന ഭാഗങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും ഇതിനായി പാർട്ടീ ബന്ധം ഉപയോഗിച്ചുവെന്നും രാജേഷ് ആരോപിച്ചു.

മുഖ്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ മിക്കവരുമായി അടുത്ത ബന്ധമാണ് യുവവ്യവസായിക്കുള്ളത്. എന്നാൽ ഇത് കിരൺ നിഷേധിച്ചു. ഇയാളുടെ എരമല്ലൂരിലെ കേരളാ കഫേ എന്ന സ്ഥാപനം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള ആളാണ് ഉദ്ഘാടനം ചെയ്തത് എന്നും പറയുന്നു. സമീപകാലത്ത് പണക്കാരനായി മാറിയ വ്യക്തിയാണ് കിരൺ. നദികളിലെ മണൽ നീക്കം അടക്കം ഇയാൾക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആലപ്പുഴക്കാരായ നിരവധി ജനപ്രതിനിധികളും ഇയാളുടെ സുഹൃത്തുക്കാണ്.

അതിനിടെ സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്കാളിത്തം കൂടുതൽ തെളിഞ്ഞ് വരികയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ഈ കള്ളക്കടത്ത് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആത്മഹത്യക്ക് ശ്രമിച്ച യുഎഇ അറ്റാഷെയുടെ ഗൺമാന്റെ നിയമനത്തിൽ ദുരൂഹതയുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്ഥാപിത താത്പര്യങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ അവിടെ നിയോഗിച്ചിട്ടുള്ളതെന്നും സുരേന്ദ്രൻ പറഞ്ഞു. എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് സുരേന്ദ്രന്റെ ആരോപണം.

സുരക്ഷ പരിഗണിച്ച് കേന്ദ്ര സർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് ഇത്തരമൊരു ഗൺമാനെ നിയോഗിച്ചതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അത്തരമൊരു നിർദ്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയിട്ടില്ല. യുഎഇ കോൺസുലേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് സുരക്ഷയൊരുക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. അറ്റാഷയ്ക്കോ മറ്റോ ഒരു പേഴ്സണൽ ഗൺമാനെ നൽകണമെന്ന് പറഞ്ഞിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ട ഉന്നതന്മാരുടെ കാര്യങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നിയമനം നടത്തിയിട്ടുള്ളത്. വിമാനത്താവളവുമായുള്ള ബന്ധം, ഇമിഗ്രേഷൻ,കസ്റ്റംസ് എന്നിവരുമായുള്ള ഇയാളുടെ പരിചയം മനസ്സിലാക്കിയാണ് നിയമനമെന്നും സുരേന്ദ്രൻ പറഞ്ഞു.

മന്ത്രി കെ.ടി.ജലീലിനെതിരെയും സുരേന്ദ്രൻ രംഗത്തെത്തി.വർഗീയ കാർഡിറക്കി ജലീൽ രക്ഷപ്പെടാനുള്ള അവസാന ശ്രമം നടത്തികൊണ്ടിരിക്കുകയാണ്. കോൺസുലർ ജനറലുമായി അദ്ദേഹം നടത്തിയ വാട്സാപ്പ് ചാറ്റും വിശ്വാസയോഗ്യമല്ല. സക്കാത്തിന്റെ പേര് പറഞ്ഞാണ് ജലീൽ ഇപ്പോൾ രക്ഷപ്പെടാൻ നോക്കുന്നത്. അതൊന്നും വിലപോവില്ല. വിശ്വാസികളടക്കം അതെല്ലാം തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP