Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎം കഞ്ചിക്കോട് മുൻ ബ്രാഞ്ച് സെക്രട്ടറി ശിവനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി 30 വർഷത്തിനു ശേഷം പിടിയിൽ; ബിഎംഎസ് നേതാവായിരുന്ന ബാബുവിനെ പിടികൂടിയത് പൊള്ളാച്ചിയിലെ ഒളിത്താവളത്തിൽനിന്ന്; സംഘടിച്ചെത്തിയ അണികളിൽ നിന്ന് മാറ്റി അതിസാഹസികമായി പ്രതിയെ കേരളത്തിലേക്ക് എത്തിച്ച് പൊലീസ്

സിപിഎം കഞ്ചിക്കോട് മുൻ ബ്രാഞ്ച് സെക്രട്ടറി ശിവനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി 30 വർഷത്തിനു ശേഷം പിടിയിൽ; ബിഎംഎസ് നേതാവായിരുന്ന ബാബുവിനെ പിടികൂടിയത് പൊള്ളാച്ചിയിലെ ഒളിത്താവളത്തിൽനിന്ന്; സംഘടിച്ചെത്തിയ അണികളിൽ നിന്ന് മാറ്റി അതിസാഹസികമായി പ്രതിയെ കേരളത്തിലേക്ക് എത്തിച്ച് പൊലീസ്

റിയാസ് ആമി അബ്ദുള്ള

പാലക്കാട്: ജില്ലയിലെ ആദ്യ രാഷ്ട്രീയ കൊലപാതകങ്ങളിലൊന്നായ സിപിഎം കഞ്ചിക്കോട് മുൻ ബ്രാഞ്ച് സെക്രട്ടറി ശിവനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി 30 വർഷത്തിനു ശേഷം അറസ്റ്റിൽ. കോയമ്പത്തൂർ വർഗീയ കലാപ കേസിലെ മുഖ്യപ്രതിയും ഗുണ്ടാനേതാവും പുതുശ്ശേരി കഞ്ചിക്കോട് സ്വദേശിയുമായ ബാബുവിനെയാണ് (ബാബുരാജ്56) ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ പ്രത്യേക അന്വേഷണ സംഘം പൊള്ളാച്ചിയിലെ ഒളിത്താവളത്തിൽനിന്ന് അറസ്റ്റു ചെയ്തത്.

ബിഎംഎസ് നേതാവായിരുന്ന ബാബുവിനെ പിടികൂടിയ ഉടൻ സ്ഥലത്ത് അണികൾ സംഘടിച്ചെത്തിയെങ്കിലും അതിസാഹസികമായിട്ടാണ് പൊലീസ് പ്രതിയെ കേരളത്തിലേക്ക് എത്തിച്ചത്. 1988ലാണ് കഞ്ചിക്കോട് സ്വദേശി പൊന്നിച്ചാമി മകൻ ശിവൻ പുതുശ്ശേരി ആശുപത്രി ജംക്ഷനിൽ വെട്ടേറ്റു കൊല്ലപ്പെട്ടത്. കഞ്ചിക്കോടു വ്യവസായ മേഖലയിൽ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ പകപോക്കലാണ് ഫാബ്രിക്കേഷൻ തൊഴിലാളിയായ ശിവന്റെ കൊലപാതകത്തിൽ കലാശിച്ചത്.

ശിവൻ കൊല്ലപ്പെട്ട കേസിൽ മൂന്നു മാസത്തെ അന്വേഷണത്തിനൊടുവിൽ ആറു പേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ മുഖ്യപ്രതിയായ ബാബു ഉൾപ്പെടെയുള്ളവരെ കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു. മൂന്നു മാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ബാബുരാജ് പിന്നീടു പൊലീസിനെ വെട്ടിച്ചു സംസ്ഥാനം വിട്ടു. ഒളിവിൽ പോയി കോയമ്പത്തൂരിൽ താമസിക്കുന്നതിനിടെ 1996ൽ കോയമ്പത്തൂർ നടന്ന വർഗീയ കലാപത്തിൽ വീണ്ടും രണ്ടു കൊലക്കേസുകളിൽ കൂടി ബാബു മുഖ്യപ്രതിയായെങ്കിലും പൊലീസിനു പിടികൂടാനായില്ല. ഇതിനിടെ ഒട്ടേറെ മോഷണക്കേസുകളിലും വധശ്രമക്കേസുകളിലും ബാബു പ്രതിയായി. ശിവൻ കൊലക്കേസിനു മുൻപ് വാളയാറിൽ നടന്ന മണി കൊലക്കേസിലും ഇയാൾ പ്രതിയായിരുന്നു.

കഞ്ചിക്കോടും അഗളിയിലും പൊള്ളാച്ചിയിലുമായി 3 വിവാഹങ്ങളിലായി 3 മക്കളുണ്ട്. കോയമ്പത്തൂർ പൂ മാർക്കറ്റിലും പൊള്ളാച്ചി ചന്തയിലുമായി 20 വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. മുൻപ് പൊലീസ് അന്വേഷണത്തിനിടെ പുതുച്ചേരിയിലും ഒളിവിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം കഞ്ചിക്കോട് ഇതര സംസ്ഥാന തൊഴിലാളിയുടെ ഭാര്യയായ ഗർഭിണി മരണപ്പെട്ട വീടിനെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണു പ്രതിയെപ്പറ്റി സൂചനകൾ ലഭിച്ചതെന്നു വാളയാർ എസ്‌ഐ അൻഷാദ് പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാർ ബെഹ്‌റയുടെ നിർദ്ദേശാനുസരണം ഡിവൈഎസ്‌പി ജി.ഡി.വിജയകുമാർ, കസബ ഇൻസ്‌പെക്ടർ കെ.വിജയകുമാർ, വാളയാർ എസ്‌ഐ ആൻഷാദ്, സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ മധുസൂദനൻ, എഎസ്‌ഐ ശ്യാംകുമാർ, സിപിഒമാരായ പി.കെ.ഗിരീഷ്, ജി.വിനീഷ്, ഡ്രൈവർ പ്രിൻസ് എന്നിവരടങ്ങിയ സംഘംമാണ് കേസ് അന്വേഷിച്ചത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP