Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൃക്കയ്ക്ക് പകരമായി അരലക്ഷം രൂപയും പഴയ ഓട്ടോയും; കിഡ്‌നി നഷ്ടമായത് ഇടുക്കിയിലെ ആദിവാസി യുവാവിന്; ആറു പേരുടെ വൃക്ക തട്ടിയെടുത്തെന്ന് ആരോപണം; അവയവകൈമാറ്റം തൃശൂർ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയിൽ; ഇടുക്കി മണിയാറൻകുടിയിൽ നിന്നൊരു ചതിയുടെ കഥ

വൃക്കയ്ക്ക് പകരമായി അരലക്ഷം രൂപയും പഴയ ഓട്ടോയും; കിഡ്‌നി നഷ്ടമായത് ഇടുക്കിയിലെ ആദിവാസി യുവാവിന്; ആറു പേരുടെ വൃക്ക തട്ടിയെടുത്തെന്ന് ആരോപണം; അവയവകൈമാറ്റം തൃശൂർ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയിൽ; ഇടുക്കി മണിയാറൻകുടിയിൽ നിന്നൊരു ചതിയുടെ കഥ

ഇടുക്കി: ഇടുക്കി ജില്ലാ ആസ്ഥാന മേഖലയിലെ ആദിവാസികുടിയായ മണിയാറൻകുടിയിൽ യുവാവിന് പണവും ഓട്ടോറിക്ഷയും പാരിതോഷികമായി നൽകി വൃക്ക എടുത്തുമാറ്റി. വളരെ രഹസ്യമായി നടത്തിയ ശസ്ത്രക്രിയയും മറ്റും അടുത്ത ബന്ധുക്കളോ നാട്ടുകാരോ ബന്ധപ്പെട്ട അധികൃതരോ അറിഞ്ഞില്ല. വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കിഡ്‌നി മാഫിയയുടെ സജീവതയാണ് ഈ വാർത്തയിലൂടെ വ്യക്തമാകുന്നത്.

ജില്ലയിലെ ആറ് ആദിവാസികളിൽനിന്നും വൃക്ക തട്ടിയെടുത്തതായി ആദിവാസിക്ഷേമ പ്രവർത്തകർ ആരോപണമുന്നയിച്ചത് വൃക്ക തട്ടിപ്പ്് റാക്കറ്റ് സജീവമായി പ്രവർത്തിക്കുന്നുവെന്ന സൂചനയിലേക്ക് വിരൽചൂണ്ടുന്നു. മേസ്തിരിയായ ഈട്ടിച്ചുവട്ടിൽ തങ്കച്ചന്റെ വൃക്കയാണ് തൃശൂർ വെസ്റ്റ്‌ഫോർട്ട് ഹൈടെക് ആശുപത്രിയിൽ വച്ച് മറ്റൊരാൾക്കായി നീക്കം ചെയ്തത്. പ്രതിഫലമായി 50,000 രൂപയും പഴയ ഓട്ടോറിക്ഷയും ലഭിച്ചുവെന്ന് തങ്കച്ചൻതന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ, പണം കിട്ടിയതായി അറിയില്ലെന്ന് ഭാര്യ ഓമന പറയുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് തൊടുപുഴക്കടുത്ത് പൂമാലയിലെ ആദിവാസികളുടെ വൃക്ക തട്ടിയെടുത്ത സംഭവത്തിന്റെ ആവർത്തനമാണ് മണിയാറൻകുടിയിലേതെന്നാണ് ആരോപണം.

രണ്ടു മാസം മുമ്പ് മലപ്പുറം സ്വദേശിയായ ഇടനിലക്കാരൻ മുഖേനയാണ് വൃക്ക കൈമാറ്റം ചെയ്തത്. കമറുദ്ദീൻ എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ മേസ്തിരിപ്പണിക്കായി തങ്കച്ചനെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയെന്നും കമറുദ്ദീന്റെ മുതലാളിയെന്നറിയപ്പെടുന്ന മുഹമ്മദ് എന്നയാൾക്കുവേണ്ടി വൃക്ക നൽകിയെന്നുമാണ് പ്രാഥമിക വിവരം. എന്നാൽ ഇതുസംബന്ധിച്ച് തങ്കച്ചനും ഭാര്യ ഓമനയും നൽകുന്ന വിവരങ്ങളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ട്. ചികിത്സാസംബന്ധമായ യാതൊരു രേഖകളും തങ്കച്ചന്റെ പക്കൽ ഇല്ല.

വൃക്ക നീക്കം ചെയ്തശേഷം ചെയ്യേണ്ട തുടർപരിശോധനകൾക്ക് വിധേയനായിട്ടില്ല. കർശനമായ വിശ്രമവും ജീവിതചര്യയും പുലർത്താനും തങ്കച്ചനായിട്ടില്ലെന്ന് മണിയാറൻകുടിയിൽ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞു. ട്രൈബൽ ഡിപ്പാർട്ട്‌മെന്റിൽനിന്നു ലഭിച്ച സഹായമുപയോഗിച്ച് പണിയുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല. രണ്ടു മാസം ക്ലേശകരമായ ജോലി ഒഴിവാക്കണമെന്നു ഡോക്ടർമാർ പറഞ്ഞുവെന്നു തങ്കച്ചനും ഏഴു മാസത്തെ വിശ്രമം നിർദേശിച്ചതായി ഓമനയും പറയുമ്പോഴും തങ്കച്ചൻ ഓടിനടന്ന് ജോലികൾ ചെയ്യുന്നുണ്ട്.

മുരിക്കാശേരി, ചെറുതോണി മേഖലകളിൽ മേസ്തിരിപ്പണിക്ക് പോയിരുന്ന തങ്കച്ചൻ മലപ്പുറത്ത് ജോലിക്ക് പോയതോ, തൃശൂരിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായതോ അടുത്ത ബന്ധുക്കൾ പോലും അറിഞ്ഞില്ലെന്നതു ദുരൂഹതയുണർത്തുന്നതാണ്. താൻ ഇതേക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നു മണിയാറൻകുടിയിൽ തന്നെ താമസിക്കുന്ന ഭാര്യാപിതാവ് പറഞ്ഞു. ശസ്ത്രകിയയ്ക്ക്‌ശേഷം ആശുപത്രി വിട്ടപ്പോൾ 50,000 രൂപ തന്നുവെന്നാണ് തങ്കച്ചൻ പറഞ്ഞത്. വീടുപണിക്ക് ലഭിച്ച പണം ഉപയോഗിച്ചാണ് ഓട്ടോറിക്ഷ വാങ്ങിയതെന്ന് ഇയാൾ പറയുമ്പോൾ, മുതലാളിയുടെ വീട്ടിൽ ഓടിച്ചുകൊണ്ടിരുന്ന ഓട്ടോറിക്ഷ തന്നുവെന്നാണ് ഓമന പറഞ്ഞത്.

അവയവദാനം നടത്തുന്നതിന് കർശനമായ വ്യവസ്ഥകൾ പാലിക്കണമെന്നാണ് നിയമം. അവയവകൈമാറ്റത്തിന് യാതൊരു വിധത്തിലുള്ള പണമിടപാടുകളും നടത്താൻ പാടില്ലെന്നു 1994-ലെ നിയമത്തിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. രക്തബന്ധമുള്ളവർ തമ്മിൽ അല്ലാത്ത അവയവമാറ്റത്തിന് നൂലാമാലകൾ ഏറെയാണ്. 94-ലെ നിയമത്തിലെ വ്യവസ്ഥകൾ ബന്ധുക്കൾ തമ്മിലുള്ള അവയവകൈമാറ്റം പോലും സങ്കീർണമാക്കിയിരുന്നു. 32 വ്യവസ്ഥകളാണ് ഇതിൽ നിഷ്‌കർഷിച്ചിരുന്നത്. പിന്നീട് 2011ൽ ഇത് ലഘൂകരിച്ച് 14 ആയി പരിമിതപ്പെടുത്തിയെങ്കിലും അത്ര സുഗമമായി നടത്താൻ കഴിയാത്തതാണ്.

വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സർക്കുലർ പ്രകാരം ഹാജരാക്കേണ്ട രേഖകൾ- ഒന്ന്: വൃക്ക ദാനംചെയ്യുന്നയാൾ ഒപ്പുവച്ച സമ്മതപത്രം. രണ്ട്: വൃക്ക ദാനംചെയ്യുന്ന വ്യക്തിക്ക് അദ്ദേഹത്തെ റഫർ ചെയ്യുന്ന ഡോക്ടർ അനുവദിക്കുന്ന ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്. മൂന്ന്: ദാതാവും സ്വീകർത്താവും തമ്മിലുള്ള രക്തബന്ധം തെളിയിക്കുന്ന രേഖ(അമ്മ- മക്കൾ/ അച്ഛൻ-മക്കൾ, സഹോദരങ്ങൾ തമ്മിലുള്ള വൃക്ക മാറ്റിവയ്ക്കലിന്). നാല്: വൃക്ക ദാനംചെയ്യുന്ന വ്യക്തിയുടെ, സ്വീകർത്താവ് ഒഴികെയുള്ള അടുത്ത ബന്ധുവിന്റെ സമ്മതപത്രം. അഞ്ച്: ജില്ലാ പൊലീസ് മേധാവിയുടെ സർട്ടിഫിക്കറ്റ്. ആറ്: റഫർ ചെയ്യുന്ന ഡോക്ടർ നൽകുന്ന, ഭാര്യഭർതൃ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്(ദാനം ചെയ്യുന്നയാൾ ഭാര്യ/ ഭർത്താവ് അല്ലെങ്കിൽ മാത്രം). ഏഴ്: വില്ലേജ് ഓഫീസറോ പഞ്ചായത്ത് പ്രസിഡന്റോ അനുവദിക്കുന്ന, വൃക്കദാതാവിന്റേയും അടുത്ത ബന്ധുവിന്റേയും അറ്റസ്റ്റ് ചെയ്ത ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്. എട്ട്: രോഗിയുടേയും വൃക്ക ദാനംചെയ്യുന്ന വ്യക്തിയുടേയും അടുത്ത ബന്ധുവിന്റേയും താമസസ്ഥലം വ്യക്തമാക്കി വില്ലേജ് ഓഫീസർ നൽകുന്ന രേഖ. ഒൻപത്: രോഗിയുടേയും വൃക്കദാനം ചെയ്യുന്നയാളുടേയും കഴിഞ്ഞ മൂന്നു വർഷത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്. പത്ത്: രോഗിയും വൃക്ക ദാനംചെയ്യുന്നയാളും മേൽവിലാസം വ്യക്തമാക്കിയും ഫോട്ടോ പതിച്ചും ഓതറൈസേഷൻ കമ്മറ്റിക്ക് നൽകുന്ന അപേക്ഷ. പതിനൊന്ന്: വൃക്ക ദാനം ചെയ്യുന്നയാൾ ശസ്ത്രക്രിയയ്ക്ക് നൽകുന്ന സമ്മതപത്രം. പന്ത്രണ്ട്: വൃക്ക ദാനം ചെയ്യുന്നയാൾ ശസ്ത്രക്രിയയ്ക്ക് പ്രാപ്തനാണെന്ന രേഖ. പതിമൂന്ന്: ശസ്ത്രക്രിയയ്ക്കുവേണ്ടി രോഗിയും വൃക്ക ദാനം ചെയ്യുന്നയാളും അടുത്ത ബന്ധുവും നൽകുന്ന സമ്മതപത്രം. പതിനാല്: രക്തബന്ധമുള്ളവർ തമ്മിലാണ് അവയവദാനമെങ്കിൽ(മാതാപിതാക്കൾ, സഹോദരങ്ങൾ, മക്കൾ) ദാതാവിനേയും സ്വീകർത്താവിനേയും തിരിച്ചറിയാനും അവർ തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിനും ആവശ്യമായ രേഖകൾ.

തങ്കച്ചന്റെ വൃക്കദാനം ആദിവാസി ചൂഷണമാണെന്നാണ് ആദിവാസി ദളിത് സംഘടനകൾ ആരോപിക്കുന്നത്. മേസ്തിരിപ്പണിയെടുത്തു കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് തുടർന്ന് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി. പകരം വരുമാനമാർഗത്തിനായി കിട്ടിയ ഓട്ടോ പഴയതായിനാൽ വർക്‌ഷോപ്പിലാണ്. വീട് പണി പൂർത്തിയാത്ത അവസ്ഥയും. മുൻപരിചയമില്ലാത്തയാൾക്കായി വൃക്ക കൈമാറ്റം നടത്തിയത് അജ്ഞത മുതലെടുത്താണെന്നും ആദിവാസി സംഘടനകൾ ആരോപണമുയർത്തുന്നു. ഇടുക്കിയിലെ ആദിവാസികുടികൾ കേന്ദ്രീകരിച്ച് ആറോളം പേരുടെ വൃക്ക തട്ടിയെടുത്തെന്നാണ് ആദിവാസി ദളിത് സംഘടനാ പ്രവർത്തകനും ദളിത് വിഭാഗ സംരക്ഷക സമിതി അംഗവുമായ ജോണി വള്ളിക്കുന്നേൽ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP