Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഎസ് സി അയോഗ്യനാക്കിയയാൾ സൈക്കോളജി ലക്ചറർ ആയി കയറിയത് കോടതി വിധിയുടെ തണലിൽ; സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയപ്പോൾ സസ്‌പെൻഷനിലുമായി; അദ്ധ്യാപകനെതിരെ നടപടിയെടുക്കാനുള്ള ഫയൽ മുന്നിലുള്ളപ്പോൾ സിൻഡിക്കേറ്റ് തീരുമാനിച്ചത് റിസർച്ച് ഗൈഡ് ആക്കാൻ; പിഴവുകൾ ചൂണ്ടിക്കാട്ടി ഇമ്മാനുവേൽ തോമസ് കത്ത് നൽകിയപ്പോൾ തീരുമാനം തിരുത്തി വാഴ്‌സിറ്റി; വിരമിച്ച വകുപ്പ് മേധാവിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് കേരള സർവ്വകലാശാലയുടെ പകപോക്കൽ

പിഎസ് സി അയോഗ്യനാക്കിയയാൾ സൈക്കോളജി ലക്ചറർ ആയി കയറിയത് കോടതി വിധിയുടെ തണലിൽ; സ്വഭാവദൂഷ്യം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ പ്രക്ഷോഭം നടത്തിയപ്പോൾ സസ്‌പെൻഷനിലുമായി; അദ്ധ്യാപകനെതിരെ നടപടിയെടുക്കാനുള്ള ഫയൽ മുന്നിലുള്ളപ്പോൾ സിൻഡിക്കേറ്റ് തീരുമാനിച്ചത് റിസർച്ച് ഗൈഡ് ആക്കാൻ; പിഴവുകൾ ചൂണ്ടിക്കാട്ടി ഇമ്മാനുവേൽ തോമസ് കത്ത് നൽകിയപ്പോൾ തീരുമാനം തിരുത്തി വാഴ്‌സിറ്റി; വിരമിച്ച വകുപ്പ് മേധാവിക്ക് ഊരുവിലക്ക് പ്രഖ്യാപിച്ച് കേരള സർവ്വകലാശാലയുടെ പകപോക്കൽ

എം മനോജ് കുമാർ

തിരുവനന്തപുരം: റിട്ടയർ ചെയ്ത പ്രൊഫസർക്ക് കേരള സർവ്വകലാശാലയുടെ ഊരുവിലക്ക്. കേരള യൂണിവേഴ്‌സിറ്റി സൈക്കോളജി വിഭാഗത്തിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായ പ്രൊഫസർ ഇമ്മാനുവേൽ തോമസിനാണ് ഊരുവിലക്ക് ഏർപ്പെടുത്തി സർവകലാശാല ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിവേഴ്‌സിറ്റിയുടെ കാര്യവട്ടം ക്യാംപസിൽ അനുമതികൂടാതെ പ്രവേശിക്കരുത് എന്നാണ് കത്തിൽ സർവ്വകലാശാല വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം ഇരുപത്തിയഞ്ചിനാണ് വിചിത്രമായ ഉത്തരവ് പ്രൊഫസർക്ക് ലഭിച്ചത്. സിൻഡിക്കേറ്റ് തീരുമാന പ്രകാരമാണ് ഇത്തരമൊരു ഉത്തരവ് പ്രൊഫസർക്ക് കൈമാറുന്നതെന്നാണ് യൂണിവേഴ്‌സിറ്റി പ്രൊഫസറെ അറിയിക്കുന്നത്.

മൂന്നു പതിറ്റാണ്ടോളം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച ശേഷം ഡിപ്പാർട്ട്‌മെന്റ് മേധാവിയായി വിരമിച്ച അദ്ധ്യാപകനെയാണ് ക്യാമ്പസിൽ നിന്നും പുറത്താക്കിക്കൊണ്ട് സർവ്വകലാശാല ഉത്തരവിറക്കിയത്. കേരളത്തിൽ ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായേക്കും വിരമിച്ച ഒരു വകുപ്പ് തലവനോട് ക്യാമ്പസിൽ കാലുകുത്തരുത് എന്ന് ഒരു സർവ്വകലാശാല നിർദ്ദേശിക്കുന്നത്. കേരള യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഈ തീരുമാനം അമ്പരപ്പിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് ഊരുവിലക്കെന്നു സർവ്വകലാശാല വ്യക്തമാക്കിയിട്ടില്ല.

കാര്യവട്ടം ക്യാംപസിലെ സൈക്കോളജി വകുപ്പ് മേധാവിയായിരിക്കെ ശക്തമായ തീരുമാനങ്ങൾ എടുത്ത അദ്ധ്യാപകനാണ് ഇമ്മാനുവേൽ തോമസ്. അദ്ധ്യാപകന്റെ സത്യസന്ധവും നീതിയുക്തവുമായ തീരുമാനങ്ങളും അഭിപ്രായങ്ങളും സർവ്വകലാശാലയ്ക്ക് കണ്ണിലെ കരടുമായിരുന്നു. നീതിയുടെ പക്ഷത്ത് നിന്നും കൊണ്ടും വിദ്യാർത്ഥികളുടെ പക്ഷത്ത് നിന്നുകൊണ്ടുമാണ് ക്യാമ്പസിലെ ചില പ്രശ്‌നങ്ങളിൽ ഈ അദ്ധ്യാപകൻ ഇടപെട്ടിരുന്നത്. അതുകൊണ്ട് തന്നെയാണ് വിരമിച്ച് രണ്ടര വർഷത്തിനു ശേഷം ഇത്തരമൊരു ഊരുവിലക്ക് പ്രൊഫസർക്ക് നല്കിയത് എന്നാണ് അദ്ധ്യാപകനുമായി അടുത്ത വൃത്തങ്ങൾ മറുനാടനോട് വിരൽ ചൂണ്ടിയത്. സൈക്കോളജി വകുപ്പിൽ തന്നെയുള്ള മറ്റൊരു അദ്ധ്യാപകനുമായി ബന്ധപ്പെട്ടു ഒട്ടുവളരെ പ്രശ്‌നങ്ങൾ സർവ്വകലാശാലയിൽ നിലനിന്നിരുന്നു. രണ്ടു വിസിമാർക്ക് തലവേദനയായിരുന്നു ഈ അദ്ധ്യാപകന്റെ നിയമന പ്രശ്‌നം. ഈ അദ്ധ്യാപകന്റെ പ്രശ്‌നത്തിൽ മറുഭാഗത്ത് വളരെ ശക്തമായ നിലപാടുകൾ സ്വീകരിച്ചത് ഇമ്മാനുവേൽ തോമസായിരുന്നു. ഈ അദ്ധ്യാപകനോടുള്ള വ്യക്തിവിരോധം കൊണ്ടായിരുന്നില്ല ഇമ്മാനുവേലിന്റെ നിലപാടുകൾ.

വിവാദ അദ്ധ്യാപകന്റെ പ്രശ്‌നത്തിൽ സർവ്വകലാശാലയ്ക്ക് വീഴ്ച വന്നപ്പോൾ വകുപ്പ് മേധാവി എന്ന നിലയിൽ അത് ചൂണ്ടിക്കാട്ടിയിരുന്നു. സർവ്വകലാശാലയ്ക്ക് തന്നെ തലവേദനയായിരുന്ന ഈ അദ്ധ്യാപകനുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ വാഴ്‌സിറ്റിക്ക് വന്ന വീഴ്ചകൾ കത്ത് വഴിയേ ഇമ്മാനുവേൽ ചൂണ്ടിക്കാട്ടിയിരുന്നു. വിവാദ അദ്ധ്യാപകനെ റിസർച്ച് ഗൈഡ് ആക്കി നിയമിക്കാനുള്ള തീരുമാനം സർവ്വകലാശാല എടുത്തിരുന്നു. ഈ തീരുമാനം എടുക്കാൻ കൂടിയ സിൻഡിക്കേറ്റിന്റെ ഫയലിൽ ഇയാൾക്ക് എതിരെ നടപടി എടുക്കണം എന്ന് നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിക്കേണ്ട സിൻഡിക്കേറ്റ് പകരം അദ്ധ്യാപകനെ റിസർച്ച് ഗൈഡ് ആക്കുകയാണ് ഉണ്ടായത്. ഇതെല്ലാം ചൂണ്ടിക്കാട്ടി കത്ത് നൽകിയത് ഇമ്മാനുവേൽ ആയിരുന്നു. ഈ കത്ത് ചാൻസലർ ആയ ഗവർണർക്കും നൽകിയിരുന്നു. ചാൻസലർ ഈ കാര്യത്തിൽ വാഴ്‌സിറ്റിയോട് വിശദീകരണം തേടി. ഇതോടെ വിവാദ അദ്ധ്യാപകനെ ഗൈഡ് ആക്കിയ തീരുമാനം തിരുത്തേണ്ടി വന്നു. ഇത് സിൻഡിക്കേറ്റിന് രസിച്ചിരുന്നില്ല. അത് കാരണമുള്ള സിൻഡിക്കേറ്റിന്റെ പകപോക്കലായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. പക്ഷെ തീരുമാനം സർവ്വകലാശാലയ്ക്ക് ദുഷ്‌പ്പേര് വരുത്തുകയാണ് ഉണ്ടായത്.

ഇപ്പോൾ സസ്പെൻഷനിൽ കഴിയുന്ന വിവാദ അദ്ധ്യാപകനെതിരെ സർവ്വകലാശാലയിലെ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർത്ഥികൾ മുൻപ് പരാതിപ്പെട്ടിരുന്നു. ഈ ഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് അനുകൂല നിലപാടാണ് വകുപ്പ് മേധാവി എന്ന നിലയിൽ ഇമ്മാനുവേൽ സ്വീകരിച്ചത്. ഇതൊന്നും സർവകലാശാലയെ രസിപ്പിച്ചിരുന്നില്ല. നിയമന പ്രശ്‌നത്തിൽ സർവകലാശാലയെ വെള്ളം കുടിപ്പിച്ച അദ്ധ്യാപകൻ കൂടിയാണ് ആരോപണവിധേയൻ. എന്നിട്ടും പലപ്പോഴും സർവ്വകലാശാലയുടെ നിലപാട് ഈ അദ്ധ്യാപകന് അനുകൂലമായിരുന്നു. ഇത് തന്നെയാണ് നിലവിലെ ഊരുവിലക്കിനും കാരണമാകുന്നത്. ഇമ്മാനുവേൽ വകുപ്പ് മേധാവിയായ സമയത്ത് സർവ്വകലാശാലയിൽ സൈക്കോളജി വിഭാഗത്തിൽ മൂന്നു ഒഴിവുകൾ വന്നിരുന്നു. ഇതിൽ രണ്ടു ഒഴിവുകൾ സംവരണം ചെയ്യപ്പെട്ടതായിരുന്നു. മൂന്നു ഒഴിവുകളിൽ രണ്ടു ഒഴിവുകളിൽ നിയമനം നടന്നപ്പോൾ ലാറ്റിൻ കാത്തലിക് വേക്കൻസിയിൽ നിയമനം നടന്നില്ല. ഈ പോസ്റ്റിൽ അപേക്ഷിച്ചത് ആരോപണവിധേയനായ അദ്ധ്യാപകനായിരുന്നു. ലാറ്റിൻ കാത്തലിക് തന്നെയാണോ എന്ന പ്രശ്‌നം വന്നപ്പോഴാണ് നിയമനം മാറ്റിവെച്ചത്. തുടർന്ന് കോടതി ഉത്തരവ് വഴിയാണ് അദ്ധ്യാപകൻ സർവീസിൽ കയറിയത്. അപ്പോഴും ഒരു പ്രശ്‌നം വന്നിരുന്നു. അഭിമുഖം വഴിയാണ് നിയമനം നടക്കേണ്ടിയിരുന്നത്. പക്ഷെ ജാതി സർട്ടിഫിക്കറ്റ് പ്രശ്‌നം വന്നപ്പോൾ അഭിമുഖം നടന്നില്ല. പക്ഷെ കോടതി വിധി പ്രകാരം സർവീസിൽ കയറിയപ്പോൾ ഇതൊന്നും പരിശോധിക്കപ്പെട്ടിരുന്നില്ല. ഒട്ടുവളരെ പ്രശ്‌നങ്ങൾ ഈ നിയമനവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതിനു പിഎസ് സി അയോഗ്യനാക്കിയ അദ്ധ്യാപകനാണ് കോടതി വിധിയുടെ വെളിച്ചത്തിൽ യൂണിവേഴ്‌സിറ്റിയിൽ അദ്ധ്യാപകനായി മാറിയത്.

ജയകൃഷ്ണൻ വിസിയായ കാലത്താണ് ഈ അദ്ധ്യാപകന്റെ നിയമനം നടന്നത്. കോടതി ഉത്തരവ് വന്നപ്പോൾ അതിന്റെ ബലത്തിലാണ് അദ്ധ്യാപകൻ സർവീസിൽ കയറിയത്. ജയകൃഷ്ണൻ മാറിയപ്പോൾ വിസിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന കെ.എം.അബ്രഹാം അന്ന് ഈ നിയമനത്തിന്റെ ഫയലുകൾ പരിശോധിച്ച് നിയമനം അസാധുവാക്കിയിരുന്നു. പക്ഷെ ഈ തീരുമാനത്തിലെ നീതികേട് ചൂണ്ടിക്കാട്ടി അദ്ധ്യാപകൻ കോടതിയെ സമീപിച്ചപ്പോൾ കോടതി വീണ്ടും നിയമനം നൽകാൻ ഉത്തരവിടുകയായിരുന്നു. പക്ഷെ വിദ്യാർത്ഥികളുടെ പ്രക്ഷോഭം കാരണം അദ്ധ്യാപകന് തുടരെ തുടരെ സസ്‌പെൻഷൻ വന്നു. അപ്പോഴൊക്കെ വകുപ്പ് മേധാവി ഇമ്മാനുവേൽ ആയിരുന്നു. വ്യക്തിപരമായി ഈ അദ്ധ്യാപകനോട് വിരോധം ഉണ്ടായിരുന്നില്ലെങ്കിലും ഈ പ്രശ്‌നങ്ങളിൽ സർവ്വകലാശാലയ്ക്ക് വന്ന പാകപ്പിഴകളും വീഴ്ചകളും ഇമ്മാനുവേൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം സർവ്വകലാശാലയ്ക്ക് രസക്കേടുണ്ടാക്കിയ നടപടികളായിരുന്നു. ഇതെല്ലാമാണ് ഇമ്മാനുവേലിനു എതിരായ ഊരുവിലക്കിനു പ്രേരണയായത്.

''സൈക്കോളജി ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാനായി നിയമിച്ചത് സർവ്വകലാശാല ചാൻസലർ ആയ ഗവർണറാണ്. അതിനാൽ ആ നിയമനം റദ്ദ് ചെയ്യാനൊന്നും സർവ്വകലാശാലയ്ക്ക് കഴിയില്ല-തനിക്ക് ഏർപ്പെടുത്തിയ ഊരുവിലക്കിനെക്കുറിച്ച് മറുനാടനോട് പ്രതികരിക്കുകയായിരുന്നു പ്രൊഫസർ ഇമ്മാനുവേൽ. എനിക്ക് രണ്ടു വരിയുള്ള കത്താണ് ലഭിച്ചത്. സർവ്വകലാശാല ക്യാംപസിൽ കാലുകുത്തരുത് എന്ന്. എന്താണ് കാരണം എന്നൊന്നും വ്യക്തമാക്കിയിട്ടില്ല. എന്നോടു വിശദീകരണം ചോദിച്ചില്ല. ഈ രീതിയിൽ ഒരു തീരുമാനം വരുമെന്ന കാര്യം കൂടി അറിയിച്ചില്ല. എന്റെ നീതി ബോധം അനുസരിച്ചാണ് പ്രശ്‌നങ്ങളിൽ ഇടപെടാറ്. പ്രശ്‌നങ്ങളിൽ കുരുങ്ങിയ അദ്ധ്യാപകനോട് എനിക്ക് ഒരു വിരോധവും ഇല്ല. പ്രശ്‌നങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ യൂണിവേഴ്‌സിറ്റിക്ക് തിരുത്തേണ്ടി വന്നു.

ഇതിന്റെ ഭാഗമായി എനിക്ക് എതിരെ വന്ന നടപടിയാണിത്-ഇമ്മാനുവേൽ പറയുന്നു. പ്രശ്‌നം എന്തായാലും സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മറ്റി അടക്കമുള്ളവർ ഏറ്റെടുത്തിട്ടുണ്ട്. ഊരുവിലക്ക് ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്നാണ് വിസിയോടു ക്യാംപയിൻ കമ്മറ്റി ചെയർമാൻ ആർ.എസ്.ശശികുമാറും എം.ഷാജർഖാനും ആവശ്യപ്പെടുന്നത്. ഊരുവിലക്ക് ഏർപ്പെടുത്തിയ തീരുമാനം പുകയാൻ തുടങ്ങുകയാണെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മറ്റിയുടെ കടന്നുവരവ് സൂചന നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP