Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202330Monday

കേരള യൂണിവേഴ്‌സിറ്റി വിസി നിയമനത്തിന് വിജ്ഞാപനമിറക്കാനുള്ള ഗവർണറുടെ നിർദ്ദേശം രാജ്ഭവൻ സെക്രട്ടറി നിരസിച്ചു; ഐഎഎസ് ഉദ്യോഗസ്ഥനായ ദൊഡാവത്തിന്റെ നീക്കം സർക്കാർ മനസ്സ് അറിഞ്ഞ്; വിജ്ഞാപനം ഇറക്കാൻ ഐഐഎം ഡയറക്ടറോട് പറയാൻ സെക്രട്ടറിയുടെ തർക്കുത്തരം; ഗവർണർ-സർക്കാർ പോരിനിടെ സെക്രട്ടറിയുടെ കൂറുമാറ്റം ഗവർണർക്ക് തിരിച്ചടി

കേരള യൂണിവേഴ്‌സിറ്റി വിസി നിയമനത്തിന് വിജ്ഞാപനമിറക്കാനുള്ള ഗവർണറുടെ നിർദ്ദേശം രാജ്ഭവൻ സെക്രട്ടറി നിരസിച്ചു; ഐഎഎസ് ഉദ്യോഗസ്ഥനായ ദൊഡാവത്തിന്റെ നീക്കം സർക്കാർ മനസ്സ് അറിഞ്ഞ്; വിജ്ഞാപനം ഇറക്കാൻ ഐഐഎം ഡയറക്ടറോട് പറയാൻ സെക്രട്ടറിയുടെ തർക്കുത്തരം; ഗവർണർ-സർക്കാർ പോരിനിടെ സെക്രട്ടറിയുടെ കൂറുമാറ്റം ഗവർണർക്ക് തിരിച്ചടി

സായ് കിരൺ

തിരുവനന്തപുരം: ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ദേവേന്ദ്രകുമാർ ദൊഡ്ഢാവത്തിനെ സർക്കാർ വിരട്ടി കേരള സർവകലാശാലാ വി സി നിയമനത്തിന് വിജ്ഞാപനമിറക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. ഗവർണർ പലവട്ടം ആവശ്യപ്പെട്ടിട്ടും സെർച്ച് കമ്മിറ്റിക്ക് വി സി നിയമനത്തിനുള്ള അപേക്ഷ സ്വീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ ദൊഡാവത്ത് തയ്യാറായില്ല. ഗവർണറുടെ നീക്കങ്ങൾ ചോർത്തിക്കൊടുക്കാനുള്ള സർക്കാരിന്റെ സമ്മർദ്ദം സഹിക്കവയ്യാതെ അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോവുകയാണ്. സ്വദേശമായ രാജസ്ഥാനിലേക്ക് പോവാനാണ് അദ്ദേഹം കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയത്.

കേരള യൂണിവേഴ്‌സിറ്റി വി സി നിയമനത്തിൽ സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർക്ക് കനത്ത തിരിച്ചടിയാണ് സെക്രട്ടറിയുടെ കൂറുമാറ്റം. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജിയെ ചാൻസലറുടെ പ്രതിനിധിയാക്കിയും കർണാടക കേന്ദ്രസർവകലാശാലാ വി സി പ്രൊഫ.ബട്ടുസത്യനാരായണയെ യുജിസി പ്രതിനിധിയാക്കിയും രൂപീകരിച്ച സെർച്ച് കമ്മിറ്റിയോട്, ദേശീയ മാധ്യമങ്ങളിൽ പരസ്യം നൽകി വി സിയാകാൻ യോഗ്യരായവരുടെ അപേക്ഷ സ്വീകരിക്കാനും നിയമനത്തിന് പാനൽ നൽകാനും ഗവർണർ നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഇതിന് ഒരു വിജ്ഞാപനം പുറത്തിറക്കേണ്ടത് സർക്കാരാണ്. സാധാരണ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോ ചീഫ് സെക്രട്ടറിയോ ആണ് വിജ്ഞാപനമിറക്കുക. സർക്കാരുമായി ഉടക്കിലായതിനാൽ രാജ്ഭവൻ സെക്രട്ടറി വിഞ്ജാപനം ഇറക്കാനാണ് ഗവർണർ നിർദ്ദേശിച്ചത്. എന്നാൽ സെർച്ച് കമ്മിറ്റി കൺവീനറായ കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ.ദേബാഷിഷ് ചാറ്റർജി ഉത്തരവിറക്കട്ടെയെന്നാണ് ദൊഡാവത്ത് മറുപടി നൽകിയത്.

വി സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ സെനറ്റിന്റെ പ്രതിനിധിയെ ഒഴിച്ചിട്ടിരിക്കുകയാണ്. സർവകലാശാലയിൽ നിന്ന് പേര് ലഭിക്കുമ്പോൾ ഉൾപ്പെടുത്തുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. വി സി നിയമന നടപടികളുമായി ഗവർണറും, സെനറ്റ് പ്രതിനിധിയെ നൽകാതെ തടയിടാൻ സർക്കാരും ശ്രമിക്കുന്നതോടെ, സെക്രട്ടറിയുടെ കൂറുമാറ്റം ഗവർണർക്ക് തിരിച്ചടിയാണ്. 1993 ബാച്ച് ഐഎഎസുകാരനായ ദൊഡാവത്ത് പി. സദാശിവം ഗവർണറായിരിക്കെയാണ് രാജ്ഭവനിൽ ചുമതലയേറ്റത്.

അന്ന് സെക്രട്ടറി സ്ഥാനത്തായിരുന്നു. രാജ്ഭവനിലിരിക്കവെ തന്നെയായിരുന്നു പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേയ്ക്കുള്ള സ്ഥാനക്കയറ്റം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം ഗവർണറായ സദാശിവത്തിന്റെ കാലയളവിൽ നിയമപരമായി മാത്രമേ രാജ്ഭവനിൽ നിന്ന് ഇടപെടലുകൾ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനു ശേഷം ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായപ്പോഴും മെഡിക്കൽ ബിരുദധാരി കൂടിയായ ദൊഡാവത്ത് തുടരുകയായിരുന്നു.

ദൊഡാവത്തിനു പുറമേ ഗവർണറുടെ പേഴ്‌സണൽ സ്റ്റാഫിൽ വെറും നാലുപേർ മാത്രമാണുള്ളത്. മൂന്ന് പേരെ ഗവർണർ ഒപ്പം കൊണ്ടുവന്നതാണ്. അഡി.പി.എയായ ഹരി എസ് കർത്തയെ ഗവർണർ നിയമിച്ചതാണ്. ഇവർക്കാർക്കും ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല. രണ്ടരവർഷത്തിനു ശേഷം ഗവർണർ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ഇവരും തിരിച്ചുപോവും.കേന്ദ്ര ടൂറിസം വകുപ്പിൽ ഡയറക്ടറായി വിരമിച്ച മലയാളി കെ.രാജ്‌മോഹനാണ് പ്രൈവറ്റ് സെക്രട്ടറി. ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനത്തിലെ റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാർ സിംഗാണ് അഡി.പ്രൈവറ്റ് സെക്രട്ടറി.

ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി പദവിയാണ് ഇരുവർക്കും നൽകിയിട്ടുള്ളത്. അവസാനം വാങ്ങിയ ശമ്പളത്തിൽ കുറവുവരാതിരിക്കാൻ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി സ്‌കെയിൽ ഇവർക്ക് നൽകിയിട്ടുണ്ട്. ഗസറ്റഡ് പദവിയുമുണ്ട്. രണ്ടുപേർക്കും കേന്ദ്ര പെൻഷനും കിട്ടുന്നുണ്ട്. ഹരി എസ് കർത്തയാണ് അഡി.പേഴ്‌സണൽ അസിസ്റ്റന്റ്. ടൂർ സൂപ്രണ്ട് തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. പകരം ഉത്തരേന്ത്യക്കാരനായ പ്യൂൺ അനീസിന് ആ ചുമതല നൽകിയിരിക്കുകയാണ്. ഇവർക്കൊന്നും സംസ്ഥാന ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP