Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പേരിൽ 'പിള്ള'യെങ്കിലും വയസ്സ് 80 കഴിഞ്ഞു..! മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി ബാലകൃഷ്ണ പിള്ള തുടരുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി; കള്ളത്തരം മറയ്ക്കാൻ ആറു വർഷമായി ബാലൻസ് ഷീറ്റും കൊടുക്കാതെ വന്നതോടെ കരിമ്പട്ടികാ ഭീഷണിയും; ശബരിമലയിൽ സുകുമാരൻ നായർ ഇടഞ്ഞു നിൽക്കുമ്പോൾ മറ്റൊരു നായർ പ്രമാണിയെ ഒപ്പംകൂട്ടി വോട്ടുറപ്പിക്കാൻ കണ്ണടച്ച് പിണറായി; എൻഎസ്എസിന്റെ തന്നിഷ്ടത്തിൽ പിറന്ന കോർപ്പറേഷന്റെ പേരിൽ ഖജനാവും ചോരുന്നു

പേരിൽ 'പിള്ള'യെങ്കിലും വയസ്സ് 80 കഴിഞ്ഞു..! മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാനായി ബാലകൃഷ്ണ പിള്ള തുടരുന്നത് ചട്ടങ്ങൾ കാറ്റിൽപ്പറത്തി; കള്ളത്തരം മറയ്ക്കാൻ ആറു വർഷമായി ബാലൻസ് ഷീറ്റും കൊടുക്കാതെ വന്നതോടെ കരിമ്പട്ടികാ ഭീഷണിയും; ശബരിമലയിൽ സുകുമാരൻ നായർ ഇടഞ്ഞു നിൽക്കുമ്പോൾ മറ്റൊരു നായർ പ്രമാണിയെ ഒപ്പംകൂട്ടി വോട്ടുറപ്പിക്കാൻ കണ്ണടച്ച് പിണറായി; എൻഎസ്എസിന്റെ തന്നിഷ്ടത്തിൽ പിറന്ന കോർപ്പറേഷന്റെ പേരിൽ ഖജനാവും ചോരുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: കമ്പനി ആക്ട് പ്രകാരം കേരള സർക്കാർ രൂപവത്ക്കരിച്ച മുന്നോക്ക സമുദായ കോർപ്പറേഷൻ ചെയർമാൻ സ്ഥാനത്ത് എഴുപത് വയസ് കഴിഞ്ഞിട്ടും ആർ.ബാലകൃഷ്ണപിള്ള തുടരുന്നു. കമ്പനി നിയമപ്രകാരം എഴുപത് വയസ് കഴിഞ്ഞിട്ട് ചെയർമാനായി തുടരാൻ സാധിക്കില്ലെന്നിരിക്കെ ഇപ്പോൾ 85ആം വയസിൽ എത്തിനിൽക്കുമ്പോഴും മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ സ്ഥാനത്ത് ആർ.ബാലകൃഷ്ണപിള്ള തുടരുകയാണ്. കമ്പനി നിയമപ്രകാരം ആദ്യം ഡയറക്ടർമാരെ നിയമിക്കുകയും പിന്നീട് ഡയറക്ടർമാരിലൊരാളെ ചെയർമാനാക്കുകയുമാണ് ചെയ്യുന്നത്. ചെയർമാൻ എന്ന രീതിയിലും ഡയറക്ടർ എന്ന രീതിയിലും അയോഗ്യനായി കഴിഞ്ഞിട്ടും ഇപ്പോഴും പിള്ള ചെയർമാൻ സ്ഥാനത്ത് തുടരുക തന്നെയാണ്. ധാർമ്മികയുടെ അടിസ്ഥാനത്തിൽ ഭരണം മുന്നോട്ടു പോകുന്ന ഇടത് സർക്കാരിന്റെ കീഴിലാണ് മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാൻ എന്ന നിലയിൽ ബാലകൃഷ്ണപിള്ള തുടരുന്നത്.

എൻ എസ് എസിന്റെ ആവശ്യപ്രകാരമാണ് മുന്നോക്ക സമുദായ കോർപ്പറേഷൻ ഉണ്ടാക്കിയത്. എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ നിർദ്ദശ പ്രകാരമാണ് ബാലകൃഷ്ണ പിള്ളയെ ചെയർമാനുമാക്കിയത്. എന്നാൽ ശബരിമലയോടെ എൻ എസ് എസും പിണറായിയും തമ്മിൽ പിണങ്ങി. അപ്പോഴും ബാലകൃഷ്ണപിള്ള ഇടതു മുന്നണിയെ കൈവിട്ടില്ല. ശബരിമലയിൽ വിരുദ്ധാഭിപ്രായമുള്ളപ്പോഴും പിന്തുണ നൽകിയ ബാലകൃഷ്ണ പിള്ളയെ ഇടതു മുന്നണിയിലും സിപിഎം ഉൾപ്പെടുത്തി. നായർ വോട്ടുകൾ പിള്ളയിലൂടെ ഉറപ്പിക്കാനായിരുന്നു സിപിഎം നീക്കം. അതുകൊണ്ട് കൂടിയാണ് കാബിനറ്റ് പദവിയിൽ പിള്ളയെ ചെയർമാനായി തുടരാൻ അനുവദിക്കുന്നത്. പിള്ളയെ മാറ്റിയാൽ ഗണേശിനെ മന്ത്രിയാക്കേണ്ടിയും വരും. അതുകൊണ്ട് കൂടിയാണ് പിള്ളയെ തുടരാൻ അനുവദിക്കുന്നതും. കമ്പനി ആക്ട് പ്രകാരം രൂപീകരിച്ച മുന്നോക്ക സമുദായ കോർപറേഷനിൽ ചെയർമാൻ പദവിയിൽ തുടരാൻ പിള്ള അയോഗ്യനായിരിക്കെ പിള്ളയുടെ ഈ അയോഗ്യതയ്ക്ക് നേർക്ക് പിണറായി സർക്കാർ കണ്ണടയ്ക്കുകയാണ്.

ആറുവർഷമായി കമ്പനി ബാലൻസ് ഷീറ്റ് സമർപ്പിച്ചിട്ടുമില്ല. ബാലൻസ് ഷീറ്റ് സമർപ്പണം ഇനിയും വൈകുകയാണെങ്കിൽ മുന്നോക്ക സമുദായ വികസന കോർപറേഷനെ കരിമ്പട്ടികയിൽപ്പെടുത്താനും സാധ്യതയുണ്ട്. ഇത്തരം ഒട്ടനവധി പ്രശ്‌നങ്ങൾ തുറിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഇതൊന്നും ശ്രദ്ധിക്കാതെ ചെയർമാൻ എന്ന നിലയിൽ പിള്ള അലസഗമനം നടത്തുന്നത്. ഇന്ത്യൻ കമ്പനി നിയമത്തിലെ 196 (3 ) വകുപ്പ് പ്രകാരം ഒരു കമ്പനി ഡയറക്ടർ ആയി നിയമിക്കാനും തുടരാനും പ്രായം 21 വയസിൽ കുറയാനും 70 വയസിൽ കൂടാനും പാടുള്ളതല്ല.80 വയസ് കഴിഞ്ഞ ഒരാൾക്ക് ഒരു പ്രൈവറ്റ് കമ്പനിയുടെ തലപ്പത്ത് ചെയർമാനായി ഇരിക്കാനും കഴിയില്ല, ഡയറക്ടർ ആയി തുടരാനും കഴിയില്ല. ഈ നിയമം അറിയാമെന്നിരിക്കെ തന്നെയാണ് ഇടത് സർക്കാർ എൺപത് കഴിഞ്ഞ ആർ.ബാലകൃഷ്ണപിള്ളയെ നിയമിച്ചതും ഇപ്പോഴും തുടരാൻ അനുവദിക്കുന്നതും.

പ്രായാധിക്യം കാരണമുള്ള അവശതകൾ പിള്ളയെ വിടാതെ പിന്തുടരുന്നു എന്ന് സർക്കാരിന് അറിയാമെങ്കിലും പിള്ളയുടെ കാര്യത്തിൽ ഉള്ള നിയലംഘനത്തിന്റെയും അവശതകളുടെയും നേർക്ക് സർക്കാർ കണ്ണടയ്ക്കുക തന്നെയാണ് ചെയ്യുന്നത്. മുന്നോക്ക സമുദായ കോർപറേഷൻ ഫലത്തിൽ നിർവീര്യമാക്കി തുടരുമ്പോഴാണ് ചെയർമാൻ എന്ന നിലയിൽ ബാലകൃഷ്ണപിള്ളയുടെ അവശതകളും മുന്നോക്ക സമുദായ കോർപറേഷനെ വേട്ടയാടുന്നത്. ഈ കഴിഞ്ഞ ദിവസം കൂടിയ ബോർഡ് യോഗത്തിൽ പിള്ള വന്നെങ്കിലും ആവശ്യകതകൾ പ്രകടമായിരുന്നു. കഴിഞ്ഞ തവണത്തെ ബോർഡ് യോഗം പിള്ളയുടെ അവശതകൾ കാരണം മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു രൂപീകരിച്ച കമ്മീഷൻ ഒരു നിർദ്ദേശം സർക്കാരിന് മുന്നിൽ വെച്ചിരുന്നു. 70 വയസ് കഴിഞ്ഞവരെ പൊതുമേഖലാ സ്ഥാപങ്ങളുടെ തലപ്പത്ത് നിയോഗിക്കരുത് എന്നാണ് നിർദ്ദേശം വെച്ചത്. ആ നിയമം നടപ്പിലാക്കാൻ യുഡിഎഫ് സർക്കാർ ഒരുങ്ങുമ്പോഴാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നത്. ആ നിർദ്ദേശം നിയമമാകാതെ ഫയലിൽ ഉറങ്ങുമ്പോഴാണ് ഇപ്പോൾ അധികാരത്തിൽ ഇരിക്കുന്ന ഇടത് സർക്കാർ എഴുപത് വയസ് കഴിഞ്ഞ ആർ.ബാലകൃഷ്ണപിള്ളയെ ചെയർമാൻ സ്ഥാനത്ത് നിയമിക്കുന്നത്. അഴിമതി കേസിൽ ആർ.ബാലകൃഷ്ണപിള്ള ശിക്ഷിക്കപ്പെട്ടതിനാൽ മുൻപ് പിള്ളയെ ഈ സ്ഥാനത്തേക്ക് നിയമിക്കുന്നതിന് തടസമുണ്ടായിരുന്നു. പുതുക്കിയ കമ്പനി നിയമമനുസരിച്ച് ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെട്ടാൽ ശിക്ഷാ കാലാവധി തീരുന്നതു മുതൽ അഞ്ചുവർഷം കഴിഞ്ഞാലെ ആ വ്യക്തിയെ ഏതെങ്കിലും കമ്പനിയുടെ ഡയറക്ടറായി നിയമിക്കാൻ കഴിയുകയുള്ളൂ.

ഇടമലയാർ കേസിൽ ബാലകൃഷ്ണപിള്ള ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിള്ളയുടെ ശിക്ഷാകാലാവധി കഴിഞ്ഞത് 2012 ഫെബ്രുവരിയിലാണ്. പുതുക്കിയ കമ്പനി നിയമപ്രകാരം പിള്ളക്കു 2017 ഫെബ്രുവരി വരെ സംസ്ഥാന മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാനാകുന്നതിൽ അയോഗ്യത നിലനിന്നിരുന്നു. പിള്ളയെ ഡയറക്ടറാക്കുന്നതിനു വേണ്ടി മുന്നോക്ക ക്ഷേമ കോർപറേഷൻ കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെല്ലിനു അപേക്ഷ നൽകി. ബാലകൃഷ്ണപിള്ളക്ക് ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ലഭിക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ ഈ നിയമം ചൂണ്ടിക്കാട്ടി അന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിലെ കമ്പനി കാര്യസെൽ ഈ അപേക്ഷ നിരസിച്ചിരുന്നു. ഇക്കാര്യം കമ്പനി രജിസ്ട്രാറെ അറിയിച്ചിരുന്നെങ്കിൽ കോർപറേഷന്റെ രജിസ്ട്രേഷൻ തന്നെ റദ്ദാക്കുമായിരുന്നു. ഈ പ്രശ്‌നം വന്നപ്പോഴാണ് കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കേന്ദ്രകമ്പനി നിയമം ലംഘിച്ചാണ് ഉമ്മൻ ചാണ്ടി സർക്കാർ ബാലകൃഷ്ണപിള്ളക്ക് കാബിനറ്റ് പദവിയോടെ മുന്നോക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകിയതെന്നും വ്യക്തമായിരുന്നു.

യുഡിഎഫ്പി സർക്കാരിന്റെ കാലത്ത് പിള്ളയെ മുന്നോക്ക സമുദായ കോർപറേഷൻ ചെയർമാനായി നി യമിക്കുമ്പോൾ അന്ന് പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കത്തു നൽകിയിരുന്നു. കേന്ദ്ര കമ്പനി നിയമത്തെ മറികടക്കാൻ നിയമമോ ഓഡിനൻസോ കൊണ്ടുവരാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വി എസ്. കത്തു നൽകിയത്. ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് ഹർജി വന്നപ്പോൾ തെറ്റായ വിവരങ്ങളാണ് ഉമ്മൻ ചാണ്ടി സർക്കാർ സത്യവാങ്മൂലത്തിൽ നൽകിയതെന്ന് അന്നു തന്നെ ആക്ഷേപം ഉയർന്നിരുന്നു. കേസിൽ അവസാന തീർപ്പുണ്ടാകുന്നതിനു മുമ്പ് പിള്ള ചെയർമാൻ സ്ഥാനം രാജിവച്ചതുകൊണ്ടാണ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരേ ഹൈക്കോടതി വിധിയുണ്ടാകാതിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP