Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

രാജമാണിക്യം പോയപ്പോൾ അതിവിശ്വസ്തനെ എംഡിയാക്കി; സ്റ്റാർട്ട് അപ്പ് മിഷനിലെ ഇഷ്ടക്കാരനെ ഐടി ഇൻഫ്രാസ്ട്രക്ടറിൽ ഉന്നത തസ്തികയിൽ എത്തിച്ചു; നാട്ടുകാരിയെ കമ്പനി സെക്രട്ടറിയാക്കിയതും വിവാദത്തിൽ; മറ്റൊരു ഉദ്യോഗസ്ഥയുടെ രാജികത്ത് കീറിയെറിഞ്ഞ് ഒന്നേ കാൽ ലക്ഷമായി ശമ്പളം ഉയർത്തി; കാര്യസ്ഥന്റെ മകനും ബന്ധുവും ഡ്രൈവർ; ഇഷ്ടക്കാർക്ക് ഐടി വകുപ്പിൽ ലാവണം ശിവശങ്കർ ഒരുക്കിയത് കുതന്ത്രങ്ങളിലൂടെ; സ്വപ്നാ സുരേഷിന് താവളം നൽകിയതും ഡയറക്ടർ ജയശങ്കർ

രാജമാണിക്യം പോയപ്പോൾ അതിവിശ്വസ്തനെ എംഡിയാക്കി; സ്റ്റാർട്ട് അപ്പ് മിഷനിലെ ഇഷ്ടക്കാരനെ ഐടി ഇൻഫ്രാസ്ട്രക്ടറിൽ ഉന്നത തസ്തികയിൽ എത്തിച്ചു; നാട്ടുകാരിയെ കമ്പനി സെക്രട്ടറിയാക്കിയതും വിവാദത്തിൽ; മറ്റൊരു ഉദ്യോഗസ്ഥയുടെ രാജികത്ത് കീറിയെറിഞ്ഞ് ഒന്നേ കാൽ ലക്ഷമായി ശമ്പളം ഉയർത്തി; കാര്യസ്ഥന്റെ മകനും ബന്ധുവും ഡ്രൈവർ; ഇഷ്ടക്കാർക്ക് ഐടി വകുപ്പിൽ ലാവണം ശിവശങ്കർ ഒരുക്കിയത് കുതന്ത്രങ്ങളിലൂടെ; സ്വപ്നാ സുരേഷിന് താവളം നൽകിയതും ഡയറക്ടർ ജയശങ്കർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. സ്വർണക്കള്ളകടത്തു കേസിൽ പ്രതിക്കൂട്ടിൽ നില്ക്കുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പില്ഡ സെക്രട്ടറി ശിവശങ്കർ ഐ എ എസ് തന്റെ ഇഷ്ടക്കാരെ തിരുകി കയറ്റാനും അവർക്ക് സരുക്ഷിത താവളമൊരുക്കാനുമുള്ള സങ്കേതമായാണ് കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡിനെ കണ്ടിരുന്നത്. ശിവശങ്കറിന്റെയും കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്‌ട്രെക്ചർ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ജയശങ്കർ പ്രസാദിന്റെയും ഇഷ്ടക്കാരെ ഇവിടെ നിയമിക്കുമ്പോൾ സർക്കാർ നിയമങ്ങളും ചട്ടങ്ങളും എല്ലാം വിസ്മൃതിയിലാകും.

ഇവരുടെ ഇഷ്ടക്കാരുൾപ്പെടെയുള്ള 18 ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്താനുള്ള ഫയൽ ഇപ്പോൾ ഐ ടി സെക്രട്ടറിയുടെ ഓഫീസിൽ എത്തിക്കഴിഞ്ഞു. ശിവശങ്കരന്റെ താല്പര്യത്തിൽ എത്തപ്പെട്ട ഫയൽ വിവാദമായ സാഹചര്യത്തിൽ ഇനി മുന്നോട്ടു നീങ്ങില്ലന്നാണ് അറിയുന്നത്. സ്റ്റാർട്ട് അപ്പ് മിഷനിൽ എക്‌സിക്യൂട്ടിവായിരുന്ന യുവാവിനെ പഠിച്ച പണി പതിനെട്ടും പയറ്റിയാണ് കെ എസ് ഐ ടി എല്ലിൽ എത്തിച്ചത്. സാധാരണ ഗതിയിൽ നിലവിലെ ഉദ്യാഗസ്ഥരുടെ കരാർ കാലാവധി അവസാനിക്കുമ്പോൾ പുതുക്കി നല്കുകയാണ് ഇവിടെ പതിവ്. എന്നാൽ എക്‌സിക്യൂട്ടിവ് ഫിനാൻസ് തസ്തികയിലെ യുവതിയുടെ കരാർ കാലാവധി 2017ൽ അവസാനിച്ചപ്പോൾ പുതുക്കേണ്ടതില്ലന്നു പുതിയ അപേക്ഷ ക്ഷണിക്കാനും കമ്പിനി ചെയർമാൻ കൂടിയായ ശിവശങ്കർ നിർദ്ദേശിച്ചു.

അതിൻ പ്രകാരം അപേക്ഷ ക്ഷണിച്ചു. സാധാരണ ഗതിയിൽ എഴുത്തു പരീക്ഷയും പ്രാക്ടിക്കൽ പരീക്ഷയും അഭിമുഖവും നടത്തേണ്ട തസ്തികയ്ക്ക് ഇന്റർവ്യൂ മാത്രം മതിയെന്ന് മാനേജ്‌മെന്റ് തീരുമാനിച്ചു. വിദഗ്ദ്ധർ ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡ് തിയ്യതി നിശ്ചയിച്ച ശേഷം നാലു പ്രാവിശ്യം മാറ്റിവെച്ച ശേഷമാണ് നടത്തിയത്. റിസൾട്ട് വന്നപ്പോൾ ഒന്നാം റാങ്ക് നിലിവിൽ അവിടെ ജോലി ചെയ്തിരുന്ന യുവതിക്കായിരുന്നു. രണ്ടാം റാങ്ക് ശിവശങ്കർ ഐ എ എസ്‌ന്റെയും ജയശങ്കർ പ്രസാദിന്റെയും ഇഷ്ടക്കാരനായ യുവാവിനും. അന്ന് പുറത്തു നിന്നുള്ള വിദഗ്ദ്ധർ ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡിൽ നടത്തിയ സമ്മർദ്ദം ഫലം കാണാത്തതു കാരണമാണ് ഇഷ്ടക്കാരനെ ഒന്നാമത് എത്തിക്കാൻ കഴിയാതെ പോയത് .

അതുകൊണ്ട് തന്നെ അന്ന് ചെയർമാനായ ശിവശങ്കറിന്റെ ഒറ്റ നിർബന്ധത്തിൽ ആ റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടു. ഒന്നാം റാങ്കുകാരി ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല. ഈ സമയം കമ്പിനിയുടെ എം ഡി രാജമാണിക്യം ഐ എ എസായിരുന്നുവെങ്കിലും തീരുമാനങ്ങളെല്ലാം എടുത്തിരുന്നത് ശിവശങ്കർ ഐ എ എസ് നേരിട്ടായിരുന്നു. രാജമാണിക്യം പഠനത്തിനായി യു കെ യിലേക്ക് പോയതോടെ ശിവശങ്കർ തന്നെ അദ്ദേഹത്തിന്റെ പ്രത്യേക താല്പര്യത്തിൽ സ്റ്റാർട്ടപ്പ് മിഷൻ ഡയറ്ടർ ആയ ജയശങ്കർ പ്രസാദിനെ ഇവിടെ എംഡി യായി നിയമിച്ചു. ഏതു സർക്കാർ ഭരിച്ചാലും നിർണായക ചുമതലകളിൽ എത്തപ്പെടുന്ന ജയശങ്കർ പ്രസാദ് എൽ ഡി എഫിനും യുഡിഎഫിനും ഒരേ പോലെ പ്രിയപ്പെട്ടവനാണ്.

ജയശങ്കർ പ്രസാദ് ചുമതലയേറ്റ ഉടൻ സ്റ്റാർട്ട് അപ് മിഷനിലെ അക്കൗണ്ട് എക്‌സിക്യൂട്ടീവും ഇവരുടെ സന്തത സഹചാരിയുമായ യുവാവിനെ ഫിനാൻസ് എക്‌സിക്യൂട്ടിവായി കെ എസ് ഐ ടി എല്ലിൽ നിയമിച്ചു. നേരത്തെ നടത്തിയ നിയമന നീക്കം പാളിയപ്പോഴാണ് ഇഷ്ടക്കാരനെ വളഞ്ഞ വഴിയിലൂടെ കമ്പിനിയിൽ എത്തിച്ചത് . സർക്കാരിന്റെ പ്രത്യേക ഉത്തരവോ അനുമതിയോ വാങ്ങാതെയായിരുന്നു നിയമനം. വെറും 20000 രുപ കൺസോളിഡറ്റ് പേ ആയി ശമ്പളം വാങ്ങിയിരുന്ന യുവാവിന് ഇവിടെ 45000രൂപയ്ക്ക് മുകളിലായി ശമ്പളം. നിയമ പ്രകാരം ഡെപ്യൂട്ടേഷനോ കരാർ തസ്തികയിലോ പരസ്യം നല്കി അഭിമുഖവും എഴുത്തു പരീക്ഷയും നടത്തി നിയമിക്കേണ്ട നിർണായക തസ്തികയിലാണ് ചെയർമാനും എം ഡിയും കൂടി ഒത്തു കളിച്ച് സ്വന്തം വീട്ടിൽ ജോലിക്ക് ആളെ നിയമിക്കും പോലെ നിയമനം നടത്തിയിരിക്കുന്നത്.

കൂടാതെ ഇതേ ജീവനക്കാരന് വേണ്ടത്ര യോഗ്യതയോ പ്രവൃത്തി പരിചയമോ ഇല്ലാതിരുന്നിട്ടു കൂടി 90000 രൂപ ശമ്പളത്തിൽ ഇപ്പോൾ ഡെപ്യൂട്ടി മാനേജർ ഫിനാൻസായി നിയമിക്കാൻ ചരടുവലി തുടങ്ങി കഴിഞ്ഞു. ഇതിന്റെ നടപടി ക്രമങ്ങൾ നടന്നു വരുന്നു. ഇക്കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ അതീവ രഹസ്യമായാണ് ഫയലുകൾ നീക്കിയത് . ഇതു കൂടാതെ കെ എസ് ഐ ടി എല്ലിലെ കമ്പിനി സെക്രട്ടറി ശ്രീചിത്രയിൽ ഉന്നത ജോലി ലഭിച്ചു പോയതിനെ തുടർന്ന് ഒഴിവു വന്ന തസ്തികയിൽ ശിവശങ്കർ ഐ എസ് എസ് നിയമിച്ചത് സ്വന്തം നാട്ടുകാരന്റെ ഭാര്യയെ. ശിവശങ്കറിന്റെ വീടുമായി ഈ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. നടപടിക്രമങ്ങളുടെ ഭാഗമായി അഭിമുഖം ഒക്കെ നടന്നുവെങ്കിലും പങ്കെടുത്തവരെല്ലാം ശരാശരിക്കും താഴെയായിരുന്നുവെന്ന് അന്ന് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന ഒരു അംഗം ഓർക്കുന്നു. എന്നാൽ ചെയർമാന്റെ പ്രത്യേക താല്പര്യത്തിൽ അഭിമുഖത്തിന് വന്ന നിലവിലെ കമ്പിനി സെക്രട്ടറിക്ക് അൻപതു ശതമാനത്തിന് മേൽ മാർക്ക് നല്കുകയായിരുന്നു.

മാർക്കു മാത്രമല്ല നിയമിക്കപ്പെട്ടശേഷം ഒരു വർഷം തികയുന്നതിന് മുൻപ് ഇരുപത് ശതമാനം ശമ്പളം വർദ്ധനവും അനുവദിക്കപ്പെട്ടു. ഇതൊക്കെ ബോർഡിൽ ചെയർമാൻ അനുവദിക്കുന്ന പ്രത്യേക അജണ്ടയായി വിഷയം അവതരിപ്പിച്ചാണ് അനുവദിച്ചു നല്കിയതെന്ന് അറിയുന്നു. കമ്പിനി സെക്രട്ടറിക്ക് ഫിനാൻസ് അറിയില്ല എന്ന പരിമിതി പുറത്തറിയാതിരിക്കാനും വിവാദം ഒഴിവാക്കാനും ഒരു പടി കൂടി കടന്നായിരുന്നു ചെയർമാന്റെ ഇടപെടൽ. ചീഫ് ഫിനാൻസ് ഓഫീസറുടെ തസ്തിക സൃഷ്ടിച്ചാണ് നാട്ടുകാരിയെ ചെയർമാൻ രക്ഷപ്പെടുത്തിയത്.

ഇൻഫോ പാർക്കിൽ നിന്നും 80000 രൂപ ശമ്പളത്തിൽ കെ എസ് ഐ ടി എല്ലിൽ സീനിയർ ടെക്‌നിക്കൽ അഡൈ്വസർ ആയി വന്ന യുവതി രാജിവെച്ച് പോയപ്പോൾ രാജി കത്ത് കീറി കളഞ്ഞ് ഒന്നേകാൽ ലക്ഷം രൂപ നല്കി ഡിജിഎം റാങ്കിൽ നിയമനം നല്കിയതും ശിവശങ്കറിന്റെ ഇടപെടലിലാണ്. രാജിവെച്ച് പോയി ഒരു മാസം കഴിഞ്ഞാണ് രാജി കത്ത് കീറി കളഞ്ഞ് നിയമനം നല്കിയതെന്ന് ജീവനക്കാർ പറയുന്നു. ഇങ്ങനെ ഇഷ്ടക്കാർക്ക് എന്തും വാരിക്കോരി നല്കിയിരുന്ന ശിവശങ്കർ സ്വപ്ന സുരേഷിന് ഇവിടെ താവളം ഒരുക്കിയപ്പോഴും ആർക്കും എതിർപ്പു തോന്നിയില്ല. കാറും ലക്ഷം രൂപ ശമ്പളവും നല്കി നിയമിക്കപ്പെട്ടുവെങ്കിലും സ്വപ്നയുടെ വരവും പോക്കും പോലും ആരും അറിയാറില്ലയായിരുന്നു.സ്വപ്നയ്ക്ക് ഓഫീസിൽ അടുപ്പം എംഡി ജയശങ്കർ പ്രസാദിനോടു മാത്രമായിരുന്നു. ചില വൈകുന്നേരങ്ങളിൽ ഓഫീസിൽ വെച്ച് തന്നെ ശിവശങ്കറും ജയശങ്കർ പ്രസാദും സ്വപ്നയും ഓഫീസിൽ വെച്ച് കണ്ടിരുന്നു .... മണിക്കൂറുകൾ നീണ്ട ചർച്ചകൾ പലപ്പോഴും ഓഫീസ് അടച്ചു പോകേണ്ട കീഴ്ജീവനക്കാർക്ക് അസ്വസ്ഥതയായി മാറിയിരുന്നുവെന്നതാണ് യാഥാർത്ഥ്യം.

ഇതു കൂടാതെ ശിവശങ്കർ ഐ എ എസ് തന്റെ ഡ്രൈവർമായി നിയമിച്ചത് കാര്യസ്ഥന്റെ മകനെയും ബന്ധുവിനെയുമാണ്. രണ്ടു പേർക്കും ശമ്പളം നല്കിയിരുന്നത് കെഎസ്‌ഐടിഎല്ലിൽ നിന്നു തന്നെയാണ്. അതേ സമയം ഐ ടി സെക്രട്ടറി എന്നനിലയിൽ പ്രവർത്തിച്ചു വന്ന ശിവശങ്കർ ഐ എ എസിന് ഡിപ്പാർട്ടുമെന്റ് തല വാഹനം ഉണ്ടായിട്ടും കെ എസ് ഐ ടി ഐ എൽ ചെയർമാൻ എന്ന നിലയ്ക്ക് ഈയിടെ ടാറ്റാ ടിഗോറ ഇലക്ട്രിക് കാർ വാങ്ങി നല്കി. 15 ലക്ഷത്തോളം രൂപ വില വരുന്ന കാർ വാങ്ങിയത് ക്വട്ടേഷൻ ക്ഷണിക്കാതെയാണന്നാണ് ആക്ഷേപം, ഇതിന് പുറമെ ഒരു ഇന്നോവ വാഹനം കൂടി പ്രതിമാസം 50000 ത്തോളം രൂപ നല്കി കരാർ വ്യവസ്ഥയിൽ എടുത്ത് ശിവശങ്കറിന് നല്കിയിട്ടുണ്ട്.അഞ്ച് വർഷം മുൻപ് വരെ എംഡിക്ക് മാത്രം വാഹനം അനുവദിച്ചിരുന്ന ഈ സ്ഥാപനത്തിൽ കോൺട്രാക്ട് വ്യവസ്ഥയിൽ മാത്രം എട്ടു ആഡംബര വാഹനങ്ങൾ ഓടുന്നുണ്ട്. എം ഡി ക്ക് പുറമെ കമ്പിനി സെക്രട്ടറി, ജനറൽ മാനേജർ, എന്നിവർക്കും വാഹനങ്ങൾ അനുവദിച്ചു. ഇതിൽ കെ ഫോണിന്റെ ആവിശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട വാഹനമാണ് ശിവശങ്കർ ഐ എ എസിന്റെ താൽപര്യം പ്രകാരം സ്വപ്ന സുരേഷിന് വിട്ടു കൊടുത്തത്. ഈ വാഹനം സ്വപ്ന സ്വർണ കടത്തിന് ഉപയോഗിച്ചതായാണ് കസ്റ്റംസിന് ലഭിച്ചിരിക്കുന്ന വിവരം . വെറും പ്രോജക്ട് മാനേജരായ യുവതിക്ക് ആഡംബര വണ്ടി അനുവദിക്കുന്നത് വിവദാമാകുമെന്ന് അന്ന് ഇവിടെത്തെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ശിവശങ്കർ ഐ എ എസിനോടു പറഞ്ഞുവെങ്കിലും അദ്ദേഹം ചെവികൊണ്ടില്ലന്നാണ് അറിയുന്നത്.

ഇതിന് പുറമെ സൈറ്റ് ഇൻസ്‌പെക്ഷ്‌നു മൂന്നു വാഹനങ്ങൾ വേറെ. ഇതിൽ കമ്പിനി സെക്രട്ടറി വാഹനം ദുരുപയോഗം ചെയ്യുന്നതായി ആക്ഷേപം വന്നുവെങ്കിലും നടപടി ഉണ്ടായില്ല. ചട്ടങ്ങൾ മറികന്നും സർക്കാർ ഉത്തരവുകൾ വകവെയ്ക്കാതെയും കൂട്ടതോടെ ആഡംബര വാഹനങ്ങൾ ഹയർ ചെയ്തത് സംബന്ധിച്ച അഴിമതി ആരോപണവും ഉയർന്നു കേൾക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ നട്ടം തിരിയുമ്പോഴാണ് ഈ ധൂർത്തൊക്കെയും നടന്നിരിക്കുന്നത്. ടെക്‌നോപാർക്കിലെ പാർക്ക് സെന്ററിൽ പ്രവർത്തിച്ചിരുന്ന കമ്പിനിയുടെ ഓഫീസ് ഭരണ സൗകര്യത്തിനായാണ് തിരുവനന്തപുരം നഗരത്തിലേക്ക് മാറ്റിയതെന്ന് അധികൃതർ പറയുന്നു. നഗരത്തിലേക്ക് മാറ്റുമ്പോൾ ആദ്യം പ്രവർത്തിച്ചത് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ പഴയ നാഷണൽ ഗെയിംസ്ിന്റെ ഓഫീസ് പ്രവർത്തിച്ച സ്ഥലത്ത്.4000ത്തോളം സ്‌ക്വയർഫീറ്റ് ഓഫീസിന് വാടക 40000 രൂപയ്ക്കകത്തേ ആയിരുന്നുള്ളു. എന്നാൽ പിന്നീടാണ് കള്ളക്കളി നടന്നത്. ഓഫീസ് മാറ്റാൻ ഒരു കാരണവും ഇല്ലങ്കിലും പൊടുന്നനെ സെക്രട്ടറിയേറ്റിലെ സമര ഗേറ്റിന് അടുത്തായി ഓഫീസ് മാറ്റി. വാടക ഫ്സ്റ്റ് ഫ്‌ളോറിന് 157301 , സെക്കന്റ് ഫ്‌ളോറിന് 186282 അങ്ങനെ ആകെ പ്രതിമാസ വാടക 3,43583 രൂപ യായി ഉയർന്നു.വെറു 40,000 രൂപയിൽ പ്രവർത്തിച്ച ഓഫീസാണ് ഒറ്റടയിക്ക് മൂന്നര ലക്ഷം രൂപ പ്രതിമാസ വാടക നല്കുന്ന നിലയിലേക്ക് മാറിയത്.

അതേ സമയം സാമ്പത്തിക പ്രതിസന്ധി സർക്കാർ അഭിമുഖീകരിക്കുമ്പോൾ തന്നെയാണ് പ്രമുഖ കരാർ കമ്പിനികൾക്ക് വേണ്ടി ഐ ടി ഇൻഫ്രാസ്‌ടെക്ചർ ചെയർമാൻ കൂടിയായിരുന്ന ശിവശങ്കർ ഐ എ എസ് ഇടപെട്ടതായി ആക്ഷേപം ഉയർന്നിരിക്കുന്നത്. ടെക്‌നോസിറ്റിക്ക് വേണ്ടിയുള്ള 100കോടിയുടെ പ്രോജകട് ചെയ്യുന്ന കമ്പിനിക്ക് വേണ്ടി പല വട്ടം ചെയർമാൻ നേരിട്ട് ഇടപെട്ടതായണ് ആക്ഷേപം. ഫയലുകൾ വേഗത്തിലാക്കാനും ബില്ലുകൾ കിഫ്ബിക്ക് തിടുക്കത്തിൽ കൈമാറാനുമായി സമ്മർദ്ദമുണ്ടായി എന്നാണ ്വിവരം. കരാർ പ്രകാരം ഒന്നര വർഷം മുൻപ് പണി പൂർത്തിയാക്കേണ്ട കമ്പിനി ഇതു വരെ പണി പൂർത്തിയാക്കിയിട്ടില്ല എന്നിട്ടും കമ്പിനിക്കെതിരെ നടപടി എടുക്കാനോ നോട്ടീസയക്കാനോ പോലും കെ എസ് ഐ ടി ഐ എൽ തയ്യാറായിട്ടില്ല.മറ്റൊരു പ്രമുഖ കമ്പിനിയിൽ കെ എസ് ഐ ടി ഐ എല്ലിലെ ഉന്നതന് ഓഹരി പങ്കാളിത്തം ഉണ്ടെന്നും സൂചനയുണ്ട്. ഈ കമ്പിനിക്കു വേണ്ടിയും മുൻ ഐ ടി സെക്രട്ടറി ഇടപെടാറുണ്ടെന്നാണ് ആക്ഷേപം. ഇങ്ങനെ നാലിലധികം കമ്പിനികളുടെ കോടിക്കണക്കിന് രൂപയുടെ ബില്ലുകൾ വേഗത്തിലാക്കാനാണ് ഉന്നത ഇടപെടൽ നടന്നതായി ആക്ഷേപം ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP