Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202117Monday

'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ കണ്ടെത്തിയത് ഇങ്ങനെ

'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ': ബൈക്കിൽ ത്രിബിൾസ് അടിച്ചവരെ ഇപ്പോ കിട്ടും എന്നുവന്നപ്പോൾ ഓട്ടെടാ ഓട്ടം; കേരള പൊലീസ് ഫേസ് ബുക്ക് പേജിൽ ഷെയർ ചെയ്ത കൗതുക വീഡിയോ കണ്ട് ട്രോളടിച്ചവർ ചോദിച്ചതും ആരാണീ ചേട്ടന്മാരെന്ന്; മറുനാടൻ  കണ്ടെത്തിയത് ഇങ്ങനെ

ആർ പീയൂഷ്

കൊല്ലം: പൊലീസിനെ കണ്ട് ബൈക്ക് നിർത്തി മൂന്ന് വഴിക്ക് ഓടിപ്പോകുന്ന യത്രക്കാരുടെ ചിരിയുണർത്തുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് ഫെയ്സ് ബുക്ക് പേജിൽ നമ്മൾ കണ്ടതാണ്. പൊലീസ് ജീപ്പ് വരുന്നത് കണ്ട് ബൈക്ക് നിർത്തി ഇറങ്ങി ഓടുന്നതിനിടയിൽ ഒരാൾ മാസ്‌ക്ക് എടുത്ത് വയ്ക്കാനും മറന്നില്ല. രണ്ട് പേർ സ്ഥലം വിട്ടെങ്കിലും മാസ്‌ക്ക് വച്ച ആളിനെ പൊലീസ് താക്കീത് നൽകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഇവർ ആരാണ് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നപ്പോഴാണ് മറുനാടൻ ഇവരെ പറ്റി ഒരന്വേഷണം നടത്തിയത്. മൂവരും കൊല്ലം ആയൂർ സ്വദേശികളാണ് എന്നും താക്കീത് നൽകിയത് ചടയമംഗലം പൊലീസാണെന്നും കണ്ടെത്തി. ഇട്ടിവ ഗ്രാമപഞ്ചായത്തംഗം അഫ്സൽ,അൻവർ, ഷിബിലി എന്നിവരായിരുന്നു ആ മൂന്നു പേർ.

സംഭവം ഇങ്ങനെ: തണൽ ജീവകാരുണ്യം മഞ്ഞപ്പാറ എന്ന സംഘടനയിലെ അംഗങ്ങളാണ് മൂന്നു പേരും. 15 ന് ഉച്ചയ്ക്ക് ഒന്നരയോടെ സംഘടനയിലെ എട്ടോളം അംഗങ്ങളുമായി ചേർന്ന് റംസാൻ കിറ്റ് വിതരണത്തിനായി പോകുകയായിരുന്നു ഇവർ. മുന്നിൽ കിറ്റുകളുമായി ഒരു പിക്ക്അപ്പ് വാനും പുറകെ സംഘടനാ അംഗങ്ങളും പോയ്ക്കൊണ്ടിരിക്കുമ്പോഴാണ് മഞ്ഞപ്പാറ യു.പി.സ്‌ക്കൂളിന് അടുത്ത് വച്ച് പൊലീസ് ജീപ്പ് കാണുന്നത്. ഉടൻ തന്നെ ടൂവീലർ ഓടിച്ചിരുന്ന ഷിബിൽ വാഹനം നിർത്തി.

പിന്നിലിരുന്ന അഫ്സലും അൻവറും ചാടിയിറങ്ങി. അൻവർ ഓടി രക്ഷപെട്ടു. അഫ്സൽ വാഹനത്തിൽ നിന്നിറങ്ങി മാസ്‌ക്കും എടുത്തു ധരിച്ച് പതിയെ നടന്നു. ഷിബിൽ വാഹം ഓടിച്ച് കടന്നു കളഞ്ഞു. എന്നാൽ പൊലീസ് സംഘം ഇവരെ കണ്ടതിനാൽ ജീപ്പ് അഫ്സലിനടുത്ത് നിർത്തി വിവരങ്ങൾ ചോദിച്ചു. റംസാൻ കിറ്റുമായി പോയതാണെന്നും അടുത്ത വീട്ടിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോകുകയായിരുന്നതിനാലാണ് മൂന്നു പേരും ടൂവീലറിൽ യാത്ര ചെയ്തതെന്നും പറഞ്ഞു. ഇനി ഇത് ആവർത്തിക്കരുത് എന്ന് താക്കീത് നൽകി പൊലീസ് പോകുകയായിരുന്നു.

സംഭവം കഴിഞ്ഞ് എല്ലാവരും കിറ്റ് വിതരണവുമായി പോയെങ്കിലും സംഘടനയിലെ ഒരു അംഗം സജി സമദ് തന്റെ വീടിന് മുൻപിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ചിരിയുണർത്തുന്ന ദൃശ്യങ്ങൾ കണ്ടത്. ഈ ദൃശ്യങ്ങൾ കൂട്ടായ്മയുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അവിടെ നിന്നും എന്റെ നാട് മഞ്ഞപ്പാറ എന്ന ഫെയ്സ് ബുക്ക് പേജിലെത്തി. പിന്നീട് ട്രോൾ മഞ്ഞപ്പാറ എന്ന ഗ്രൂപ്പിൽ ട്രോളായി എത്തിയപ്പോഴാണ് സംഭവം വൈറലായത്.

ഇതോടെ കേരളാ പൊലീസും ഈ വീഡിയോ ദൃശ്യങ്ങൾ രസകരമായ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 35 സെക്കൻഡ് മാത്രമുള്ള സിസിടിവി ദൃശ്യമാണിത്. ഒന്നും അറിയാത്തതു പോലെ മാസ്‌ക് എടുത്തുവച്ച് നടക്കുന്ന അതിലെ അവസാനത്തെയാളെയാണ് പലരും പ്രകീർത്തിക്കുന്നത്. 'ആ മാസ്‌ക് വെക്കാൻ കാണിച്ച വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്', 'ആ ചേട്ടന്റെ നടത്തം കാണുമ്പോൾ ഹിറ്റ്ലറിൽ മമ്മൂട്ടിയെ കാണുമ്പോൾ ജഗദീഷ് ചേട്ടൻ നടക്കണ പോലെ തോന്നിയത് എനിക്ക് മാത്രാണോ' തുടങ്ങി നീളുന്നു കമന്റുകൾ.

വൈറലായതിന് ശേഷം മാധ്യമങ്ങളൊക്കെ വാർത്ത നൽകി. ഇതോടെ ഇടമുറിയാതെ ഫോൺ വിളികളാണ് ഇപ്പോൾ. അടുത്തടുത്ത വീടുകളിൽ കിറ്റ് കൊടുക്കുന്നതിനാൽ എളുപ്പത്തിനായാണ് ഒരു ടൂവീലറിൽ മൂന്ന് പേർ കയറിയത്. അത് നിയമപരമായി തെറ്റാണ്. പൊലീസ് വാഹനം കണ്ടപ്പോൾ പേടിച്ചു പോയി. എങ്കിലും തെറ്റ് ഏറ്റു പറഞ്ഞ് ക്ഷമ പറയുകയും ചെയ്തു. ഒരിക്കലും ഒരു ന്യായീകരണമായല്ല ഇത് പറയുന്നത്. പിഴ അടയ്ക്കാനും തയ്യാറായിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കിറ്റ് വിതരണമായതിനാലാണ് പിഴ ചുമത്താതെ വിട്ടത്- വാർഡ് മെമ്പർ അഫ്സൽ പറഞ്ഞു.

ഏറെ നാളായി ജീവകാരുണ്യ പ്രവർത്തനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കൂട്ടായ്മയാണ് തണൽ ജീവകാരുണ്യം മഞ്ഞപ്പാറ എന്ന കൂട്ടായ്മ. പ്രവാസികളുടെ നാട്ടിലുള്ളവരുടെയും സഹായത്തോടെ ഓണം, റംസാൻ തുടങ്ങീ വിശേഷ നാളുകളിൽ വീട്ടിലേക്കാവശ്യമുള്ള കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. കൂടാതെ രോഗികൾക്ക് ധനസഹായവും നൽകുന്നു.

റംസാനോടനുബന്ധിച്ച് 120 കിറ്റുകൾ ഇതുവരെ വിതരണം ചെയ്തു. 1000 രൂപയോളം വിലവരുന്ന സാധനങ്ങളാണ് വിതരണം ചെയ്യുന്നത്. 5 കിലോ പച്ചരി, 2 കിലോ പഞ്ചസാര, വെളിച്ചെണ്ണ, അരിമാവ് തുടങ്ങീ വീട്ടിലേക്കാവശ്യമുള്ള ഒട്ടുമിക്ക സാധനങ്ങളും കിറ്റിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP