Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെന്നിസ് ക്ലബ്ബിൽ 11.50 ലക്ഷം രൂപ നൽകി കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ മെമ്പർഷിപ്പെടുത്തു! നവ്‌ജ്യോത് ഖോസ എംഡിയായിരിക്കവേ മെമ്പർഷിപ്പ് എടുത്തതിന്റെ കാരണങ്ങളും ഫയലിൽ ഇല്ല; സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിന് മന്ത്രി വീണ ജോർജ്ജ് നിയമസഭയിൽ നൽകിയ മറുപടിയിൽ പുറത്തായത് ഉദ്യോഗസ്ഥ ധൂർത്ത്

ടെന്നിസ് ക്ലബ്ബിൽ 11.50 ലക്ഷം രൂപ നൽകി കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ മെമ്പർഷിപ്പെടുത്തു! നവ്‌ജ്യോത് ഖോസ എംഡിയായിരിക്കവേ മെമ്പർഷിപ്പ് എടുത്തതിന്റെ കാരണങ്ങളും ഫയലിൽ ഇല്ല; സനീഷ് കുമാർ ജോസഫിന്റെ ചോദ്യത്തിന് മന്ത്രി വീണ ജോർജ്ജ് നിയമസഭയിൽ നൽകിയ മറുപടിയിൽ പുറത്തായത് ഉദ്യോഗസ്ഥ ധൂർത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യവകുപ്പിന് കീഴിലുള്ള കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷന് ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിൽ എന്താണ് കാര്യം? ചോദ്യത്തിൽ അൽപ്പം ആശ്ചര്യം തോന്നുമെങ്കിലും കാര്യമുണ്ടെന്ന് തന്നെ പറയേണ്ടി വരും. കാരണം ഈ കോർപ്പറേഷൻ ഇടക്കിടെ ടെന്നീസ് കളിക്കാൻ ടെന്നീസ് ക്ലബ്ബിൽ പോകാറുണ്ട്! അതിന് വേണ്ട മെമ്പർഷിപ്പും കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷന് ഉണ്ട്. അതും 11.50 ലക്ഷം ഫീസ് അടച്ചു വാങ്ങിയത്! സംസ്ഥാനത്തെ ജനങ്ങൾക്ക് മരുന്നു വാങ്ങേണ്ട കാശെടുത്തു കൊണ്ടാണ് കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ ധൂർത്തടി. ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പെടുക്കാൻ ഏത് ഉദ്യോഗസ്ഥനാണ് തീരുമാനിച്ചതെന്നത് അടക്കമുള്ള വിവരങ്ങൾ ആർക്കും അറിയില്ല. മന്ത്രി വീണ ജോർജ്ജിനോട് ചോദിച്ചപ്പോൾ ഇത് സംബന്ധിച്ച ഫയലുകൾ കാണാനില്ലെന്ന മറുപടിയാണ് ലഭിച്ചതും.

2017 ഏപ്രിൽ മാസത്തിലാണ് കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുത്തത്. ഇത് സംബന്ധിച്ച വിവരം പുറത്തുവന്നത് സനീഷ് കുമാർ ജോസഫ് നിയമസഭയിൽ ആരോഗ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ്. നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യമായാണ് സനീഷ് ചോദ്യം ഉന്നയിച്ചത്. കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ടെന്നിസ് ക്ലബ്ബിൽ കോർപ്പറേറ്റ് മെമ്പർഷിപ്പ് എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ എന്നായിരുന്നു ചോദ്യം. എത്ര തുകയ്ക്കാണ് മെമ്പർഷിപ്പ് എടുത്തതെന്നും അതിന് ഇടയാക്കിയ സാഹചര്യം എന്താണെന്നും ചോദ്യം ഉയർന്നു.

ഈ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി വീണ ജോർജ്ജ് പറഞ്ഞത് ഇങ്ങനെ: കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷന് ടെന്നീസ് ക്ലബ്ബിൽ 2017 ഏപ്രിൽ മാസത്തിൽ കോർപ്പറേഷൻ മെമ്പർഷിപ്പ് എടുത്തിട്ടുണ്ട്. 11.50 ലക്ഷം രൂപ നൽകിയാണ് ടെന്നിസ് ക്ലബ്ബിൽ മെമ്പർഷിപ്പ് എടുത്തത്. മെമ്പർഷിപ്പ് എടുക്കാനുണ്ടായ സാഹചര്യം കോർപ്പറേഷൻ ഫയലുകളിൽ വ്യക്തമാക്കിയിട്ടില്ല.

സെപ്റ്റംബർ ഒന്നാം തീയ്യതിയാണ് നിയമസഭയിൽ വീണ ജോർജ്് ഈ മറുപടി നൽകിയത്. നിയമസഭയിൽ കൃത്യമായി വിവരങ്ങൾ നൽകാതിരുന്നതിന് അന്നത്തെ സ്പീക്കർ എം ബി രാജേഷിന്റെ ശാസന കേട്ടതിന് ശേഷമാണ് മന്ത്രി കൃത്യമായി സർക്കാറിനെ വെട്ടിലാക്കുന്ന ചോദ്യത്തിന് മറുപടി നൽകിയതും എന്നതും ശ്രദ്ധേയാണ്. നവ്‌ജ്യോത് ഖോസ ഐഎഎസ് കേരളാ മെഡിക്കൽ സർവീസ് കോർപ്പറേഷൻ എംഡിയായിരിക്കുന്ന വേളയിലായിരുന്നു ഇത്തരം മെമ്പർഷിപ്പ് എടുത്തത് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്ന ഉദ്യോഗസ്ഥ തലത്തിലെ ഇടപെടലാണ് ഇതെന്നാണ് സൂചന. എങ്കിലും ആരാണ് ഇതിന് വേണ്ടി അമിത താൽപ്പര്യം എടുത്തത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

അതേസമയം കോർപ്പറേറ്റ് മെമ്പർമാർക്ക് പ്രത്യേകം സൗകര്യങ്ങൾ അടക്കം ടെന്നിസ് ക്ലബ്ബിൽ ലഭ്യമാണ്. മാത്രമല്ല, കേരളത്തിൽ നടന്ന ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് സർക്കാർ കോടികൾ മുടക്കി പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇവിടെ നടത്തുകയും ചെയത്ിരുന്നു. എന്നിട്ടും, മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലക്ഷങ്ങൾ മുടക്കി മെമ്പർഷിപ്പ് നേടിയതിന്റെ കാരണങ്ങൾ ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. നേരത്തെ വലിയ പാട്ടക്കുടിശ്ശികയും ടെന്നീസ് ക്ലബ് പാട്ടക്കുടിശിക ഇളവു നൽകിയ നടപടിയും വിവാദമായിരുന്നു. നിരവധി ഐഎഎസ് ഉദ്യോഗസ്ഥരാണ് ഈ ക്ലബ്ബിൽ അംഗങ്ങളായിരുന്നത്. അതുകൊണ്ട് തെന്നെയാണ് പാട്ടുകുടിശ്ശികയിലും ഇളവു നൽകിയിരുന്നത്.

ക്രമവിരുദ്ധമായിട്ടാണ് തിരുവനന്തപുരത്തെ ടെന്നിസ് ക്ലബ്ബിന്റെ കുടിശ്ശിക ചീഫ് സെക്രട്ടറി കുറച്ചുകൊടുത്തതെന്നും, താൻ പോലും കാണാതെ ഈ ഫയൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൊടുത്തെന്നും അന്നത്തെ മുൻ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ റവന്യൂമന്ത്രിയുടെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. സംഭവം വിവാദമായപ്പോൾ സർക്കാറിന് പിന്നോക്കം പോകേണ്ടി വന്നിരുന്നു.

തിരുവനന്തപുരം ജില്ലയിൽ ശാസ്തമംഗലം വില്ലേജിൽ 191, 192, 194, 195, 210, 211 എന്നീ സർവേ നമ്പരിൽപ്പെട്ട 4.27 ഏക്കർ ഭൂമി 1950 ഓഗസ്റ്റ് 16നാണ് ടെന്നീസ് ക്ലബ്ബിന് 25 വർഷത്തേക്ക് കുത്തകപാട്ടത്തിന് നൽകിയത്. 1975 സെപ്റ്റംബറിൽ 50 വർഷത്തേക്ക് കുത്തകപ്പാട്ടം നീട്ടി നൽകി. എന്നാൽ, 1994ലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശങ്ങളിൽ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം കുത്തകപ്പാട്ടം എല്ലാം പാട്ടം (ലീസ്) ആക്കി മാറ്റി. അതോടെ ഭൂമിയുടെ കമ്പോളവിലയുടെ അടിസ്ഥാനത്തിൽ പാട്ടം നിശ്ചയിച്ചു. തുടർന്ന് 2002 ജനുവരി ഏഴിന് കലക്ടറോട് ടെന്നീസ് ക്ലബ് കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് കമ്പോള വിലയുടെ അടിസ്ഥാനത്തിൽ 1995 മുതൽ പാട്ടം ചുമത്തുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാൻ നിർദ്ദേശം നൽകി. അതനുസരിച്ച് 2012 മാർച്ച് 31 വരെയുള്ള പാട്ടക്കുടിശിക നിശ്ചയിച്ച് 6.52 കോടി രൂപ അടക്കണമെന്ന് കലക്ടർ ക്ലബ് ഭാരവാഹികൾക്ക് നോട്ടീസ് നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP