Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് പതിറ്റാണ്ട് ജോലി ചെയ്തിട്ടും ഋഷിരാജ് സിംഗിന് നയാപൈസ സമ്പാദ്യമില്ല; തച്ചങ്കരിക്ക് ആകെയുള്ള സ്വത്ത് 28 ലക്ഷം മാത്രം! ഐപിഎസ് കിട്ടി രണ്ട് വർഷം കഴിഞ്ഞിട്ടും മെറിൻ ജോസഫ് സ്വത്ത് വെളിപ്പെടുത്തിയില്ല: ഐപിഎസുകാർ വെറും പട്ടിണിപ്പാവങ്ങളോ?

മൂന്ന് പതിറ്റാണ്ട് ജോലി ചെയ്തിട്ടും ഋഷിരാജ് സിംഗിന് നയാപൈസ സമ്പാദ്യമില്ല; തച്ചങ്കരിക്ക് ആകെയുള്ള സ്വത്ത് 28 ലക്ഷം മാത്രം! ഐപിഎസ് കിട്ടി രണ്ട് വർഷം കഴിഞ്ഞിട്ടും മെറിൻ ജോസഫ് സ്വത്ത് വെളിപ്പെടുത്തിയില്ല: ഐപിഎസുകാർ വെറും പട്ടിണിപ്പാവങ്ങളോ?

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പൊടിപാറി നിൽക്കുന്ന സമയമാണ് ഇപ്പോൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഓരോ സ്ഥാനാർത്ഥിയും സ്വത്ത് വിവരം വെളിപ്പെടുത്തുമ്പോൾ ഒരിക്കലും അവരുടെ ശരിക്കുള്ള ആസ്തി വെളിപ്പെടുത്താറില്ലെന്നത് പതിവ് പല്ലവിയാണ്. ഇക്കാര്യം നാട്ടുകാർക്കെല്ലാം അറിയുകയും ചെയ്യാം. രാജ്യത്തെ മന്ത്രിമാരും എംഎൽഎമാരും എംപിമാരും സർക്കാറിന് മുമ്പിൽ വെളിപ്പെടുത്തുന്നതിന്റെ ഇരട്ടിയിലേറെ സ്വത്തുക്കൾ അവർക്കുണ്ടെന്നതാണ് വസ്തുത. ചുരുക്കം ചിലർ മാത്രമാണ് മുഴുവൻ സ്വത്ത് വിവരങ്ങളും വെളിപ്പെടുത്താറുള്ളത്. ഇങ്ങനെ ഭരണസംവിധാനത്തിനൊപ്പം നിൽക്കുന്നവരാണ് ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥരും. ഉന്നത ഉദ്യോഗസ്ഥരിലെ അഴിമതി തടയുക എന്ന ലക്ഷ്യത്തോടെയാണു സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന കർശന നിർദ്ദേശം സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഒരു വിഭാഗം ഉദ്യോഗസ്ഥർ നിയമം പാലിക്കുമ്പോൾ ചിലർ തങ്ങൾക്ക് ഈ നിയമം ബാധകമല്ലെന്ന നിലപാടിലാണ്.

രാജ്യത്തെ 348 ഉദ്യോഗസ്ഥർ ഈ നിയമത്തെ അനുസരിക്കാതിരിക്കുമ്പോൾ അതിൽ 27 ഐപിഎസ് ധാരികൾ കേരളത്തിൽ നിന്നുള്ളവരാണ്. ഇതിൽ പലരും വർഷങ്ങളായി തങ്ങളുടെ സ്വത്തുവിവരം സർക്കാരിൽനിന്നു മറച്ചു പിടിക്കുന്നവരാണ്. ഇനി സ്വത്ത് വിവരം വെളിപ്പെടുത്തിയവരുടെ കാര്യം പരിശോധിച്ചാൽ ഇവർ ഇത്രയും പട്ടിണിപ്പാവങ്ങളാണോ എന്ന് സാധാരണക്കാർക്ക് തോന്നിപ്പോകും. അതുപോലെയാണ് സർക്കാർ മുമ്പാകെ ഇവർ ബോധിപ്പിച്ചിരിക്കുന്ന വിവരങ്ങൾ. പതിറ്റാണ്ടുകളായി സർക്കാർ സർവീസിൽ കഴിയുന്നവരുടെ വർഷാവർഷത്തിലെ ആസ്തിയാണ് വെളിപ്പെടുത്തേണ്ടുന്നത്. എന്നാൽ, ഇതിൽ പലരും സർക്കാറിന്റെ നിബന്ധന ഗൗരവത്തോടെ എടുക്കുന്നുണ്ടോ എന്ന കാര്യത്തിലാണ് സംശയം ഉയരുന്നത്.

2013 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥയും ഇപ്പോൾ മൂന്നാർ എസിപിയുമായ മെറിൻ ജോസഫ് ജോലിക്ക് പ്രവേശിച്ചതിനു ശേഷം ഇതുവരെയും സ്വത്തു വിവരം വെളിപ്പെടുത്തിയിട്ടില്ല. സർവീസിൽ പ്രവേശിച്ച ആവേശത്തിലെങ്കിലും മെറിൻ ജോസഫ് സ്വത്ത് വിവരം വെളിപ്പെടുത്തേണ്ടതാണ്. എന്നാൽ അതിന് അവർ മുതിർന്നില്ലെന്നാണ് അറിയുന്നത്. 2012-ൽ 41 ഐപിഎസ് ഉദ്യോഗസ്ഥരും 2013ൽ 39 പേരും 2014ൽ 27 ഉദ്യോഗസ്ഥരുമാണ് കേരളത്തിൽ സ്വത്തുവിവരം വെളിപ്പെടുത്താൻ മടിയുള്ളവർ. രാജ്യത്തെ ഐപിഎസ്-ഐഎഎസ് ഉദ്യോഗസ്ഥർ എല്ലാവർഷവും ജനുവരി 30നുമുമ്പ് സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ രാജ്യത്തെ 348 ഐപിഎസ് ഉദ്യോഗസ്ഥർ സമയപരിധി കഴിഞ്ഞ് ഒമ്പതു മാസങ്ങൾ കഴിഞ്ഞിട്ടും സ്വത്തുവിവരം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. നിയമം പാലിക്കേണ്ടവർ തന്നെ നിയമലംഘനം നടത്തുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്.

ഈ വർഷം കേരളത്തിൽനിന്ന് സ്വത്തുവിവരം വെളിപ്പെടുത്തിയിട്ടുള്ളവർ 97 പേരാണ്. കൺഫേഡ് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 27 പേരാണ് ഇനിയും വിവരം വെളിപ്പെടുത്താൻ തയ്യാറാകാത്തത്. ഇതിൽ കൺഫേഡ് ഐപിഎസുകാരിൽ പലരും വർഷങ്ങളായി നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥരാണ്. 2013ൽ തനിക്കും ഭാര്യയ്ക്കും കൂടി ഒരു കോടി പതിനഞ്ചു ലക്ഷം രൂപയുടെ സ്വത്തുണ്ടെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ച ഋഷിരാജ് സിങ് ഈ വർഷം തന്റെ പേരിൽ സ്വത്തില്ലെന്ന വിവരമാണ് നൽകിയിരിക്കുന്നത്. മുൻവർഷങ്ങളിൽ തനിക്കും ഭാര്യയ്ക്കുമായി ഡൽഹിയിൽ സ്വന്തമായുണ്ടായിരുന്ന ഫ്ളാറ്റിന്റെ വിശദാംശങ്ങളാണ് ഋഷിരാജ് സിങ് നൽകിയിരുന്നത്.

സംസ്ഥാന പൊലീസ് മേധാവിയായ ടിപി സെൻകുമാറിന്റെ പേരിൽ 40 ലക്ഷം രൂപ വിലവരുന്ന സ്വത്തുക്കളും ഭാര്യയുടെ പേരിൽ 30 ലക്ഷം രൂപയുടെ സ്വത്തുണ്ടെന്നുമാണ് കാണിച്ചിരിക്കുന്നത്. കഴിഞ്ഞ നാലുവർഷത്തിനിടയ്ക്ക് മറ്റു സ്വത്തുക്കളൊന്നും വാങ്ങിയിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് 34 സെന്റ് സ്ഥലം സ്വന്തമായിട്ടുണ്ടെന്നാണ് ടിപി സെൻകുമാർ കേന്ദ്രസർക്കാരിന് നൽകിയ രേഖയിൽ പറയുന്നു.

നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്ന ടോമിൻ തച്ചങ്കരിയുടെ പേരിൽ 28 ലക്ഷം രൂപയുടെ സ്വത്ത് മാത്രമാണ് ഉള്ളത്. 2000ൽ ഭവനവായ്പയിലൂടെ വാങ്ങിയ ഒമ്പതരലക്ഷം രൂപയുടെ ഫ്ളാറ്റും ഭാര്യാപിതാവ് സമ്മാനമായി നൽകിയ ഫ്ളാറ്റും മാത്രമാണ് തന്റെ പേരിലുള്ള സ്വത്തായി ടോമിൻ തച്ചങ്കരി 2010 മുതൽ സർക്കാരിന് നൽകുന്നത്. ഈ രണ്ടു പ്രോപ്പർട്ടികളിൽ നിന്നും മൂന്നരക്ഷം രൂപ വാർഷിക വരുമാനമുണ്ടെന്നും ടോമിൻ തച്ചങ്കരി അറിയിച്ചിട്ടുണ്ട്. ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം ഐപിഎസിന്റെ പേരിൽ 1 കോടി എൺപത് ലക്ഷം രൂപയുടെ ആസ്തിയും ഭാര്യയുടെ പേരിൽ 18 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നുമാണ് വെളിപ്പെടുത്തൽ. പല ഉദ്യോഗസ്ഥരും 2010ൽ സമർപ്പിച്ച ആസ്തികളിൽ മാറ്റം വരുത്താതെ വിവരങ്ങൾ സമർപ്പിക്കുമ്പോൾ സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള സ്വത്തുക്കളിലെ നിർമ്മാണപ്രവർത്തനങ്ങളും ഭൂമിയുടെ നിലവിലെ മൂല്യവും കൃത്യമായി കാണിച്ചിരിക്കുന്നു. ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിന് ഒന്നരക്കോടിയുടെ ആസ്തിയുണ്ടെന്നും ഇത് പിതാവിൽ നിന്ന് ലഭിച്ചതാണെന്നും രേഖകൾ വ്യക്തമാക്കുന്നു.

രാഹുൽ ആർ നായർ ഐപിഎസിന് രണ്ടു കോടിയിലധികം രൂപയുടെ ആസ്തികളുണ്ടെന്നാണ് നൽകിയിരിക്കുന്ന വിവരം. കൂടുതൽ ആസ്തികളിൽ അച്ഛനും സഹോദരനും ഭാര്യയ്ക്കും അവകാശമുണ്ടെന്ന് കേന്ദ്രസർക്കാരിന് സമർപ്പിച്ച രേഖകളിൽ പറയുന്നു. 3 ഏക്കർ സ്ഥലവും രണ്ട് ഫ്ളാറ്റുകളും ഒരു വീടുമുണ്ടെന്നും പറയുന്നു. ശ്രീലേഖ ഐപിഎസിന് രണ്ടു കോടി ഇരുപത് ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് സമ്മതിക്കുന്നു. സ്വന്തം പേരിലുള്ളതും ഭർത്താവിന്റെ പേരിലുള്ളതും കൂടിയുള്ള കണക്കുകളാണ് സമർപ്പിച്ചിരിക്കുന്നത്. എഡിജിപി സന്ധ്യാ ഐപിഎസിനും 2 കോടിയലധികം രൂപയുടെ ആസ്തിയുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജേക്കബ് തോമസ് ഐപിഎസിൽ നിന്ന് വാങ്ങിയ 30 ലക്ഷം രൂപയുടെ തൈക്കാടുള്ള വീടാണ് സ്വത്ത് വിവരത്തിൽ എഡിജിപി പത്മകുമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐജി അജിത് കുമാറിന് സ്വന്തമായി 35 ലക്ഷം രൂപയുടെ ഫ്ളാറ്റും ഭാര്യയുടെ പേരിൽ ഒന്നരക്കോടി രൂപയുടെ സ്വത്തുക്കളുണ്ടെന്നും പറയുന്നു. കൂടാതെ സ്വന്തമായി കാറും സ്്വർണാഭരണങ്ങളും ഉണ്ടെന്നും ഐജി വ്യക്തമാക്കിയിട്ടുണ്ട്.

ഡിഐജി പി. വിജയന്റെ പേരിൽ 11 ലക്ഷം രൂപയുടെ സ്വത്തും ഭാര്യ ബീന ഐഎസിന്റെയും തന്റെയും പേരിൽ അരക്കോടിയിലധികം രൂപയുടെ സ്വത്തുണ്ടെന്നും രേഖകൾ പറയുന്നു. ഡിസിപി നിശാന്തിനിക്കും ഭർത്താവ് രാജമാണിക്യത്തിനും കൂടി അറുപത് ലക്ഷം രൂപയുടെ സ്വത്തുക്കളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കൊല്ലം കമ്മീഷണർ പി. പ്രകാശിന് ആകെയുള്ള 3 സെന്റ് സ്ഥലവും 214 ചതുരശ്രയടി കെട്ടിടവും പണയത്തിലാണ്. ഡി.സി.പി അജിതാ ബീഗത്തിന് മുക്കാൽ കോടി രൂപയുടെ ആസ്തിയുണ്ടെന്നുള്ള രേഖകൾ സമർപ്പിച്ചിട്ടുണ്ട്. എറണാകുളം റൂറൽ എസ്‌പിയായ യതീഷ് ചന്ദ്രയ്ക്ക് ബാംഗ്ലൂരിൽ 55 ലക്ഷം രൂപ മൂല്യമുള്ള ഫ്ളാറ്റ് സ്വന്തമായിട്ടുണ്ട്. ഹരിശങ്കർ, അരുൾ ആർ ബി കൃഷ്ണ, ശിവവിക്രം, കാർത്തിക് എന്നീ ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്വന്തമായി സ്വത്തില്ലെന്നാണ് വെളിപ്പെടുത്തൽ.

അതേസമയം നിയമം പാലിക്കപ്പെടാൻ നിയോഗിച്ചവർ തന്നെ നിയമത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് വിവരാവകാശപ്രവർത്തകനായ അഡ്വ. ഡി ബി ബിനു ആരോപിക്കുന്നു. ലോക്പാൽ നിയമപ്രകാരം കേന്ദ്രസർക്കാർ ജീവനക്കാർ അവരുടെ പേരിലുള്ളതും ആശ്രിതരുടെയുമായ സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് നിയമം. എന്നാൽ നിയമത്തിലെ 44 -ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക മാതൃകയിൽ വിവരങ്ങൾ നൽകണമെന്ന് പലതവണ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെങ്കിലും മുടന്തൻ ന്യായങ്ങളിലൂടെ ഇത് ഒഴിവാക്കുകയാണ് ചെയ്യുന്നത്.

ഐഎഎസ്-ഐപിഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പൂർണസ്വത്ത് വിവരങ്ങൾ സമർപ്പിക്കാനുള്ള തീയതി പലതവണ നീട്ടി വച്ചിരുന്നു. ഈവർഷം ഒക്ടോബർ 15ന് മുമ്പ് വിവരങ്ങൾ സമർപ്പിക്കണമെന്ന അന്ത്യശാസനവും നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ നിർബന്ധത്തെ തുടർന്ന് ലോക്പാൽ നിയമപ്രകാരം സ്വത്ത് വിവരങ്ങൾ സമർപ്പിക്കാനുള്ള സമയം അടുത്ത വർഷം ഏപ്രിൽ 16 വരെ നീട്ടിയിട്ടുണ്ട്. എന്നാൽ സ്വന്തം പേരിലുള്ളതും ഭാര്യയുടെ പേരിലുള്ളതുമായ സ്വത്ത് വിവരങ്ങൾ ജനുവരി 30നു മുമ്പ് സമർപ്പിക്കണമെന്നുള്ളത് വർഷങ്ങൾക്കു മുമ്പുള്ള നിയമം ആണ്. ഈ നിയമം പോലും പാലിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല എന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP