Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്റ്റീഫനും ചാഴിക്കാടനും വേണ്ടി സീറ്റ് വേണ്ടെന്ന് വയ്ക്കില്ലെന്ന പിടിവാശിയിൽ ജോസഫ്; റോഷി അഗസ്റ്റിനേയോ കുര്യൻ ജോസഫിനേയോ സ്ഥാനാർത്ഥിയാക്കാൻ അലോചിച്ച് മാണി; റോഷിയെ ഇറക്കിയാൽ ഇടുക്കി കൈമോശം വരുമെന്ന ഭയവും കുര്യൻ ജോസഫ്‌ ജയിച്ചാൽ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സാധ്യത അടയുമെന്നതും തടസ്സം; മലപ്പുറവും വയനാടും കഴിഞ്ഞാൽ ഉറപ്പായും ജയിക്കേണ്ട സീറ്റ് തമ്മിൽ തല്ലി കളയുമോ എന്ന് ഭയന്ന് കോൺഗ്രസ്; മാണിയുടെ മകൻ രാജ്യസഭയിലേക്ക് പോയതിന്റെ തലവേദന തീരാതെ യുഡിഎഫ്

സ്റ്റീഫനും ചാഴിക്കാടനും വേണ്ടി സീറ്റ് വേണ്ടെന്ന് വയ്ക്കില്ലെന്ന പിടിവാശിയിൽ ജോസഫ്; റോഷി അഗസ്റ്റിനേയോ കുര്യൻ ജോസഫിനേയോ സ്ഥാനാർത്ഥിയാക്കാൻ അലോചിച്ച് മാണി; റോഷിയെ ഇറക്കിയാൽ ഇടുക്കി കൈമോശം വരുമെന്ന ഭയവും കുര്യൻ ജോസഫ്‌ ജയിച്ചാൽ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സാധ്യത അടയുമെന്നതും തടസ്സം; മലപ്പുറവും വയനാടും കഴിഞ്ഞാൽ ഉറപ്പായും ജയിക്കേണ്ട സീറ്റ് തമ്മിൽ തല്ലി കളയുമോ എന്ന് ഭയന്ന് കോൺഗ്രസ്; മാണിയുടെ മകൻ രാജ്യസഭയിലേക്ക് പോയതിന്റെ തലവേദന തീരാതെ യുഡിഎഫ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം; പിജെ കുര്യന്റെ രാജ്യസഭാ സീറ്റ് മോഹത്തെ മലർത്തിയടിക്കാനുള്ള പൂഴിക്കടകനായിരുന്നു ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം. കോട്ടയത്ത് വിജയ പ്രതീക്ഷയിൽ സംശയമുണ്ടായിരുന്ന ജോസ് കെ മാണി കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ മന്ത്രി പദം ഉറപ്പിക്കാൻ രാജ്യസഭാ അംഗവുമായി. എന്നാൽ അന്നൊന്നും കോട്ടയത്ത് ഇത്രയും വലിയ പ്രതിസന്ധി കേരളാ കോൺഗ്രസ് പ്രതീക്ഷിച്ചില്ല. ജോസ് കെ മാണിയുടെ പകരക്കാരനെ കണ്ടെത്താനാവാതെ കെ എം മാണി കഷ്ടപ്പെടുമ്പോൾ വില്ലനായി പിജെ ജോസഫും. എന്തു വന്നാലും കേരളാ കോൺഗ്രസിന് അർഹതപ്പെട്ട ലോക്‌സഭാ സീറ്റ് തട്ടിയെടുക്കാനാണ് ജോസഫിന്റെ നീക്കം. ഇത് തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ മാറ്റിയൊരുക്കുകയാണ് മാണി ക്യാമ്പ്. കോട്ടയത്തേക്ക് പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പരക്കം പായലുകൾ ചെന്നെത്തുന്നത് റോഷി അഗസ്റ്റിനാലാണ്. ഇതിനൊപ്പം മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫിനേയും പരിഗണിക്കേണ്ടി വരുന്നു.

പി.ജെ. ജോസഫും കൂട്ടരും പാർട്ടി വിട്ടുപോയാൽപ്പോലും ലോക്സഭാ സീറ്റും പാർട്ടി ഭാരവാഹിത്വങ്ങളും വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പിനില്ലെന്ന നിലപാടിലേക്ക് മാണി ഗ്രൂപ്പ് ഒരു ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം അനുനയ ചർച്ചയ്‌ക്കെത്തിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകൾ കാര്യങ്ങൾ മാറ്റി മറിച്ചു. ലോക്സഭാ സീറ്റ് വേണമെന്ന ജോസഫിന്റെ ആവശ്യത്തിനു പിന്നിൽ ലോക്‌സഭയിലെ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനം കൈവശപ്പെടുത്താനുള്ള നീക്കമാണെന്നാണ് മാണിഗ്രൂപ്പിന്റെ ആരോപണം. ജോസ് കെ മാണിയുടെ കേന്ദ്ര മന്ത്രിസ്ഥാനം അട്ടിമറിക്കാനുള്ള നീക്കം. കേരളാ കോൺഗ്രസിന് രണ്ട് ലോക്‌സഭാ സീറ്റ് വേണമെന്നാണ് ജോസഫ് പറയുന്നത്. ഇത് നടക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതോടെ കോട്ടയത്ത് താൻ മത്സരിക്കാമെന്നും ജോസഫ് നിലപാട് എടുത്തു. നിലവിൽ തോമസ് ചാഴിക്കാടനേയും സ്റ്റീഫൻ ജോർജിനേയുമാണ് മാണി വിഭാഗം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. ഇവരേക്കാൾ നല്ലത് താനാണെന്ന നിലപാടിലാണ് ജോസഫ്. ഇത് കുഞ്ഞാലിക്കുട്ടിക്ക് പോലും അംഗീകരിക്കേണ്ടി വന്നു. ഇത് മാണിയേയും ധരിപ്പിച്ചു. മികച്ച സ്ഥാനാർത്ഥിയില്ലെങ്കിൽ ജോസഫിന് കോട്ടയത്ത് സീറ്റ് നൽകേണ്ടി വരുമെന്നതാണ് അവസ്ഥ.

ഇതോടെയാണ് പുതിയ സ്ഥാനാർത്ഥികൾക്കായി ഓട്ടം തുടങ്ങിയത്. ഇത് ചെന്നെത്തിയത് മാണിയുടെ വിശ്വസ്തനായ റോഷി അഗസ്റ്റിനിലാണ്. റോഷി നിന്നാൽ ജയസാധ്യത ഏറെയാണ്. എന്നാൽ ഇടുക്കിയിൽ ഉപതെരഞ്ഞെടുപ്പ് വരും. റോഷി മാറിയാൽ ഇടുക്കിയിൽ ജയിക്കുക പ്രയാസമാണ്. ഫ്രാൻസിസ് ജോർജിനെ പോലെ മികച്ച സ്ഥാനാർത്ഥികൾ ഇടതു പക്ഷത്തിന് ഇടുക്കിയിലുണ്ട്. ഇതോടെ ഇടുക്കി കൈമോശം വരും. അതുകൊണ്ട് തന്നെ റോഷിയെ സ്ഥനാർത്ഥിയാക്കുന്നത് കേരളാ കോൺഗ്രസിന് തിരിച്ചടിയായി മാറാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് വിദ്യാർത്ഥിയായിരിക്കെ കേരളാ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്ന സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റീസ് കുര്യൻ ജോസഫിനെ പരിഗണിക്കുന്നത്. അപ്പോഴും പ്രശ്‌നമുണ്ട്. കുര്യൻ ജോസഫ് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാൻ സാധ്യത കൂടും. ഇത് ജോസ് കെ മാണിയുടെ സാധ്യതകളെ ബാധിക്കും. എങ്കിലും കോട്ടയത്തെ ജയസാധ്യത ഉറപ്പിക്കാൻ കുര്യൻ ജോസഫിനെ തന്നെ മാണി സ്ഥാനാർത്ഥിയാക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഇതിലൂടെ പിജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വ മോഹത്തെ വെട്ടാനാണ് മാണിയുടെ നീക്കം. ജോസഫിന്റെ കടുംപിടിത്തത്തിന് പിന്നിൽ മോൻസ് ജോസഫാണെന്നും മാണി തിരിച്ചറിയുന്നു.

ജോസഫിനെ എംപിയാക്കായിൽ കേന്ദ്രത്തിൽ മന്ത്രിയാകാനുള്ള സാധ്യത വരും. തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പിൽ ജോസഫിന്റെ മകനെ സ്ഥാനാർത്ഥിയാക്കാം. ഇതിലൂടെ ജോസഫിന്റെ മകന്റെ രാഷ്ട്രീയ പ്രവേശനവും സുഗമമാകും. അടുത്ത തവണ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മന്ത്രിയാകാൻ ജോസഫുണ്ടാകില്ല. ജോസഫ് ഗ്രൂപ്പിൽ നിന്ന് മോൻസിന് മന്ത്രിയാവാം. ഇതിന് വേണ്ടിയാണ് മോൻസ് ജോസഫിനെ ലോക്‌സഭാ എംപിയാക്കാൻ ചരട് വലിക്കുന്നത്. ഇത് മൂലം ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി മോഹമാണ് ഇല്ലാതായത്. കോട്ടയത്ത് താൻ മത്സരിക്കാമെന്ന് ജോസഫ് പറയുമ്പോൾ സീറ്റ് നൽകാതിരിക്കാൻ കുര്യൻ ജോസഫിനെ ഉയർത്തിക്കാട്ടുന്നതാണ് നല്ലതെന്ന് മാണി തിരിച്ചറിയുന്നു. ഇടുക്കിയിലെ ഉപതരെഞ്ഞെടുപ്പ് സാധ്യതകൾ റോഷിയെ ഇറക്കിയുള്ള കളിക്ക് തടസ്സവുമാണ്. കോട്ടയത്ത് കേരളാ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ കുര്യൻ ജോസഫ് തയ്യാറാകുമോ എന്നതാണ് ഇനി നിർണ്ണായകം. ചാലക്കുടിയിൽ കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതുപക്ഷവും കരുക്കൾ നീക്കുന്നുണ്ട്.

ഏതായാലും കേരളാ കോൺഗ്രസിൽ പ്രതിസന്ധി അതിരൂക്ഷമാണ്. ജോസഫ് വിഭാഗം ജോസ് കെ. മാണി നയിച്ച കേരള യാത്രയോട് ജോസഫ് ഗ്രൂപ്പ് ആത്മാർഥമായി സഹകരിച്ചില്ലെന്നും പാർട്ടിയിൽ വിമർശനമുണ്ട്. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി ചർച്ചചെയ്ത് തീരുമാനമെടുത്ത കേരള യാത്രയെക്കുറിച്ച് 'ഞാനറിഞ്ഞില്ല' എന്ന പി.ജെ. ജോസഫിന്റെ പ്രതികരണം വഞ്ചനയാണെന്ന് മാണിവിഭാഗം പറയുന്നു. കേരളയാത്ര വൻവിജയമായെന്നും ജോസഫ് ഗ്രൂപ്പ് നടത്തിയ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളിത്തം കുറവായിരുന്നുവെന്നുമാണ് മാണി ഗ്രൂപ്പിന്റെ വിലയിരുത്തൽ. ജോസഫിനൊപ്പം ഉണ്ടായിരുന്ന അണികളിൽ ഏറെപ്പേരും ഫ്രാൻസിസ് ജോർജിനൊപ്പം പോയതായും മാണിവിഭാഗം പറയുന്നു. ജോസഫ് ഗ്രൂപ്പിനെ ഒപ്പംകൂട്ടിയതോടെ മാണിവിഭാഗത്തിന് അർഹമായ മന്ത്രിസ്ഥാനവും ഒട്ടേറെ പാർട്ടിഭാരവാഹിത്വങ്ങളും നഷ്ടമായി. അതുകൊണ്ട് തന്നെ ജോസഫ് ഗ്രൂപ്പ് വിട്ടു പോകുന്നുവെങ്കിൽ പോകട്ടേ എന്നായിരുന്നു മാണി വിഭാഗത്തിന്റെ നിലപാട്. എന്നാൽ ജോസഫിനെ കൈവിടുന്നതിനോട് യുഡിഎഫിന് ചില പ്രശ്‌നങ്ങളുണ്ട്. ഒരു ഘട്ടത്തിൽ മാണി ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനിച്ചപ്പോൾ തടഞ്ഞ് യുഡിഎഫിലേക്ക് അടുപ്പിച്ചത് പിജെ ജോസഫിന്റെ ഇടപെടലായിരുന്നു. അത്തരത്തിലൊരു നേതാവിനെ കൈവിടരുതെന്നാണ് യുഡിഎഫിലെ പൊതു വികാരം. ഇത് മനസ്സിലാക്കിയാണ് കോട്ടയത്ത് മികച്ച സ്ഥാനാർത്ഥിയുടെ പേര് ചർച്ചയാക്കി ജോസഫിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യാനുള്ള മാണിയുടെ നീക്കം.

സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റെടുത്ത 2013 മാർച്ച് എട്ടുമുതൽ അഞ്ചുവർഷത്തിലേറെ നീണ്ട ജുഡിഷ്യൽ സർവീസിൽ 1034 വിധിന്യായങ്ങളാണ് കുര്യൻ ജോസഫ് എഴുതിയത്. ഏറ്റവുമധികം വിധികളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യമലയാളി. പട്ടികയിൽ പത്താംസ്ഥാനത്താണ് അദ്ദേഹം. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച കുര്യൻ ജോസഫ് സാമൂഹിക ഇടപെടലുമായി സജീവമായി പൊതുരംഗത്തുണ്ട്. വിരമിച്ചതിന് ശേഷം സർക്കാർ വച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന് മുൻക്കൂട്ടി വ്യക്തമാക്കിയ ഈ ന്യായാധിപൻ. സമൂഹത്തിന് ഗുണമുണ്ടാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനായിരുന്നു് കുര്യൻ ജോസഫിന്റെ തീരുമാനം. ഈ പ്രതിച്ഛായയെല്ലാം കോട്ടയത്ത് കുര്യൻ ജോസഫിന് അനുകൂല ഘടകമാണ്.

ഭാരതമാത കോളേജിലും കാലടി ശ്രീശങ്കര കോളേജിലും വിദ്യാർത്ഥിയായിരിക്കേ യൂണിവേഴ്‌സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും മറ്റും അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞൊരു രാഷ്ട്രീയക്കാരന്റെ മനസ്സ് അദ്ദേഹത്തിനുണ്ട്. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിനൊപ്പമായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ കോട്ടയത്ത് കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ കേരളാ കോൺഗ്രസിൽ തുടക്കത്തിൽ ചർച്ച സജീവമായിരുന്നു. ജോസ് കെ മാണി രാജ്യസഭാ അംഗമായ ഒഴിവിൽ കുര്യൻ ജോസഫ് മികച്ച സ്ഥാനാർത്ഥിയാണെന്നും വിലയിരുത്തി. ക്രൈസ്തവ സഭയുമായുള്ള കുര്യൻ ജോസഫിന്റെ അടുത്ത ബന്ധവും കേരളാ കോൺഗ്രസിന നന്നായി അറിയാം. എന്നാൽ ജോസ് കെ മാണിയുടെ മന്ത്രി മോഹങ്ങളെ തകർക്കാതിരിക്കാൻ കുര്യൻ ജോസഫിന്റെ ചർച്ച മാണി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പിജെ ജോസഫ് കടുംപിടിത്തം തുടരുന്നതിനാൽ വീണ്ടും ഈ പേരിലേക്ക് കാര്യങ്ങളെത്തുകയാണ്.

കോട്ടയത്ത് സ്റ്റീഫൻ ജോർജിനേയും തോമസ് ചാഴിക്കാടനേയും പരിഗണിച്ചാൽ താനും അവകാശവാദത്തിൽ ഉറച്ചു നിൽക്കുമെന്നാണ് ജോസഫിന്റെ ഉറച്ച നിലപാട്. ഈ സാഹചര്യത്തിലാണ് മാണി വിഭാഗം പുതിയ നീക്കം തുടങ്ങിയത്. കോട്ടയം സീറ്റ് ജോസഫിന് കൊടുത്താൽ അത് എന്നേക്കുമായി നഷ്ടമാകുമെന്ന് മാണിക്ക് അറിയാം. ആ സീറ്റിൽ പിന്നീട് അവകാശം ജോസഫ് വിഭാഗത്തിന്റേതായി മാറും. ഇത് കേന്ദ്ര രാഷ്ട്രീയത്തിൽ ഇടപെടലിനുള്ള കേരളാ കോൺഗ്രസിന്റെ സാധ്യതയ്ക്കും മങ്ങലേൽപ്പിക്കും. ഇത് മനസ്സിലാക്കിയാണ് കോട്ടയത്ത് ജോസഫിനെ ചുവടുറപ്പിക്കാൻ മാണി സമ്മതിക്കാത്തത്. കോട്ടയം കിട്ടിയില്ലെങ്കിൽ ഇടുക്കി വേണമെന്നാണ് ജോസഫിന്റെ ആവശ്യം. എന്നാൽ കേരളാ കോൺഗ്രസിന്റെ പാരമ്പര്യ കോട്ടയായ കോട്ടയത്തെ വിട്ടൊരു കളിക്കില്ലെന്ന നിലപാട് ചർച്ചയാക്കി ഇടുക്കിയെ വെട്ടാനാണ് തീരുമാനം.

പാർട്ടിയുടെ ആഭ്യന്തരപ്രശ്നമാണ് സീറ്റ് തർക്കത്തിലേക്കു നയിച്ചത്. കെ.എം. മാണിയുമായി ലയിച്ചതിനു ശേഷം അർഹതപ്പെട്ടതൊന്നും കിട്ടിയില്ലെന്ന് അവർക്കു പണ്ടേ പരാതിയുണ്ട്. ഇപ്പോൾ ജോസ് കെ. മാണിയെ പാർട്ടിയുടെ തലപ്പത്തു കൊണ്ടുവരാനാണ് ശ്രമം നടക്കുന്നതെന്നു ജോസഫ് കരുതുന്നു. മാണി ഗ്രൂപ്പുമായി ബലാബലത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ലോക്സഭയിൽ പ്രാതിനിധ്യം വേണമെന്ന നിലപാടിലാണ് ജോസഫും കൂട്ടരും. ഇതു മുന്നിൽക്കണ്ടാണ് കോട്ടയത്തിനു പുറമേ ഇടുക്കി, അല്ലെങ്കിൽ ചാലക്കുടി സീറ്റിനുകൂടി ജോസഫ് അവകാശവാദം ഉന്നയിച്ചത്. എംപി. സ്ഥാനവും യു.പി.എ. അധികാരത്തിലെത്തിയാൽ മന്ത്രിപദവുമായിരുന്നു മോഹം. രണ്ടാമമൊരു സീറ്റ് നൽകാൻ കഴിയുന്ന സ്ഥിതിയിലല്ല കോൺഗ്രസെന്ന് കഴിഞ്ഞ ദിവസം അനുനയശ്രമം നടത്തിയ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് മാണിവിഭാഗത്തിനു നൽകിയതു സൃഷ്ടിച്ച പ്രതിസന്ധി തീർന്നിട്ടില്ല. ഒരു ലോക്സഭാ സീറ്റ് കൂടി നൽകുന്നതു ചിന്തിക്കാൻ പോലുമാകില്ല. ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ മാണി പ്രശ്‌ന പരിഹാരം ഉണ്ടാകണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല സാഹചര്യമുള്ളപ്പോൾ തർക്കം സൃഷ്ടിച്ച് കാലാവസ്ഥ പ്രതികൂലമാക്കരുതെന്ന അഭ്യർത്ഥനയാണ് കുഞ്ഞാലിക്കുട്ടി ചർച്ചയിൽ മുന്നോട്ടുവച്ചത്. കഴിഞ്ഞ തവണത്തെ തർക്കത്തിന്റെ കാലത്ത് കേരള കോൺഗ്രസിനും (എം) യുഡിഎഫിനും ഇടയിലെ കോണിയായി പ്രവർത്തിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ലീഗിന്റെ അനുരഞ്ജന നീക്കം. തിങ്കളാഴ്ച രാവിലെ എംഎൽഎ ഹോസ്റ്റലിലെ മുറികളിൽ മാണിയും ജോസഫുമായും വെവ്വേറെ കൂടിക്കാഴ്ചയാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. എം കെ മുനീറും ഒപ്പമുണ്ടായിരുന്നു. ആദ്യം മാണിയെ കണ്ട കുഞ്ഞാലിക്കുട്ടി രണ്ടാം സീറ്റില്ലെന്ന കോൺഗ്രസ് നിലപാട് അറിയിച്ചു. മറിച്ചൊന്നും പറയാതെ മാണി, ജോസഫിനെ കാണാൻ നിർദ്ദേശിച്ചു. തുടർന്ന് ജോസഫിന്റെ മുറിയിൽ എത്തിയ കുഞ്ഞാലിക്കുട്ടി ഒരുസീറ്റേ ഉള്ളൂവെന്ന കാര്യം പറഞ്ഞു. എങ്കിൽ താൻ മത്സരിക്കാമെന്ന് ജോസഫ് തുറന്നടിച്ചു. കോട്ടയം സീറ്റിൽ മാണിവിഭാഗം നിർദ്ദേശിക്കുന്നവർ ദുർബലരാണെന്നും ജോസഫ് കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു.

ഇടുക്കിയായാലും കോട്ടയമായാലും താൻ മത്സരിക്കാൻ സന്നദ്ധനാണെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും മാണിയെ സന്ദർശിച്ച് ജോസഫിന്റെ നിലപാട് കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതോടെയാണ് പുതിയ സ്ഥാനാർത്ഥികളെ മാണി തേടി തുടങ്ങിയത്. 26ന് വീണ്ടും ഇരുവരുമായും ചർച്ച തുടരുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP