Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചാൽ പിന്നെ യൂസഫലിയുടേയും രവി പിള്ളയുടേയും കോൺഫിഡന്റ് ഗ്രൂപ്പിന്റേയും അടക്കം 65 പ്രമുഖരുടെ അനധികൃത നിർമ്മാണവും പൊളിക്കേണ്ടി വരും; കേരള തീരദേശ പരിപാലന അഥോറിട്ടി പുനഃസംഘടന വൈകുന്നത് സുപ്രീംകോടതിയെ പേടിച്ച്; ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ പറഞ്ഞിട്ടും മനുഷ്യാവകാശം ഉയർത്തി പൊളിക്കാതിരിക്കാൻ നീങ്ങിയത് വൻകിട മുതലാളിമാർക്ക് വേണ്ടി തന്നെ; പുറത്തു വരുന്നത് പിണറായി സർക്കാരിന്റെ നിയമ ലംഘകരോടുള്ള തീരാത്ത പ്രേമകഥയുടെ ചുരുൾ

മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചാൽ പിന്നെ യൂസഫലിയുടേയും രവി പിള്ളയുടേയും കോൺഫിഡന്റ് ഗ്രൂപ്പിന്റേയും അടക്കം 65 പ്രമുഖരുടെ അനധികൃത നിർമ്മാണവും പൊളിക്കേണ്ടി വരും; കേരള തീരദേശ പരിപാലന അഥോറിട്ടി പുനഃസംഘടന വൈകുന്നത് സുപ്രീംകോടതിയെ പേടിച്ച്; ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ പറഞ്ഞിട്ടും മനുഷ്യാവകാശം ഉയർത്തി പൊളിക്കാതിരിക്കാൻ നീങ്ങിയത് വൻകിട മുതലാളിമാർക്ക് വേണ്ടി തന്നെ; പുറത്തു വരുന്നത് പിണറായി സർക്കാരിന്റെ നിയമ ലംഘകരോടുള്ള തീരാത്ത പ്രേമകഥയുടെ ചുരുൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളാ തീരദേശ പരിപാലന അഥോറിറ്റിയുടെ പുനഃസംഘടനയും സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്രയും തമ്മിൽ ബന്ധമുണ്ടോ? കാലാവധി കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞെങ്കിലും പുനഃസംഘടന വൈകുന്നതിനു മരട് പ്രശ്‌നത്തിൽ ജസ്റ്റിസ് അരുൺ മിശ്ര ഉയർത്തിയ നിരന്തര വിമർശനങ്ങൾക്ക് വലിയ പങ്കുണ്ടെന്നാണ് ലഭിക്കുന്ന സൂചന. മരട് ഫ്‌ളാറ്റ് പൊളിക്കൽ പ്രശ്‌നത്തിലൂടെ തീരദേശ പരിപാലന അഥോറിറ്റി കേരള സർക്കാരിന്റെ കണ്ണിലെ കരടായി മാറിയിരിക്കുകയാണ്. മരട് പ്രശ്‌നത്തിൽ അഥോറിറ്റി നിലകൊണ്ട കടുത്ത നിലപാടുകൾ കാരണമാണ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനു കടുത്ത വിമർശനങ്ങൾ ഏൽക്കേണ്ടി വന്നത് എന്ന ധാരണ സർക്കാരിൽ പ്രബലമാണ്.

അതുകൊണ്ട് തന്നെയാണ് മരടിലെ സങ്കീർണ്ണമായ ഫ്‌ളാറ്റ് പൊളിക്കലുകളും താജ് വിവാന്തകളും മരടിലെ ക്രൌൺ പ്ലാസയും അടക്കമുള്ള വൻകിടക്കാരുടെ 66 കയ്യേറ്റങ്ങളും മുന്നിൽ നിൽക്കെ ഈ തീരുമാനങ്ങൾ എടുക്കേണ്ട തീരദേശ പരിപാലന അഥോറിറ്റിയുടെ പുനഃസംഘടന വൈകുന്നത്. ജൂൺ എട്ടിന് കാലാവധി കഴിഞ്ഞെങ്കിലും പുതിയ കമ്മറ്റിയെ നിയമിക്കാതെ സർക്കാർ തലത്തിൽ ഒളിച്ചുകളി തുടരുകയാണ്. മരട് ഫ്‌ളാറ്റ് പൊളിക്കൽ പോലുള്ള സങ്കീർണ്ണ പ്രശ്‌നങ്ങളും തീരപരിപാലന നിയമങ്ങൾ പരസ്യമായി ലംഘിച്ച് പടുത്തുയർത്തപ്പെട്ട താജ് വിവാന്ത, കൊച്ചി മരടിലെ ക്രൌൺ പ്ലാസ, ഹീരയുടെ ആക്കുളം ഫ്‌ളാറ്റ് സമുച്ചയം അടക്കമുള്ള വൻകിടക്കാരുടെ 66 ഓളം കയ്യേറ്റങ്ങൾ മുഖ്യധാരയിൽ നിൽക്കുമ്പോഴാണ് തീരദേശ പരിപാലന അഥോറിറ്റിയുടെ കാലാവധി കഴിഞ്ഞിട്ടും സർക്കാർ അനങ്ങാതിരിക്കുന്നത്.

അഥോറിറ്റിയുടെ കാലാവധി കഴിഞ്ഞിട്ട് മൂന്നു മാസമായിട്ടും സർക്കാർ ഈ കാര്യത്തിൽ അലംഭാവം തുടരുകയാണ്. പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നിലവിൽ സങ്കീർണ്ണമാണ്. അഥോറിറ്റി അംഗങ്ങളെ സർക്കാർ നിർദ്ദേശിക്കുകയും അത് കേന്ദ്രസർക്കാരിനു അയച്ചു കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. പക്ഷെ സമിതി അംഗങ്ങളെ നോമിനേറ്റ് ചെയ്യുകയും ഫയൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യേണ്ട ഉത്തരവാദിത്തമുള്ള സർക്കാർ ഈ നടപടി വൈകിപ്പിക്കുന്ന രീതിയാണ് പയറ്റുന്നത്. പരിസ്ഥിതി ക്ലിയറൻസ് തേടിയുള്ള നൂറു കണക്കിനു അപേക്ഷകൾ കാത്തുകെട്ടിക്കിടക്കുകയും സിആർസെഡ് വയലേഷൻ ഉള്ള വൻകിടക്കാരുടെ കയ്യേറ്റങ്ങളിൽ തീരുമാനം എടുക്കേണ്ട അവസ്ഥയിൽ നിൽക്കുമ്പോഴാണ് സമിതിയുടെ രൂപവത്ക്കരണം നോക്കുകുത്തിയായി തുടരുന്നത്.

തീരദേശ പരിപാലന നിയമത്തിന്റെ അന്തസത്ത വീണ്ടെടുത്ത് മരടിലെ നാല് ഫ്‌ളാറ്റുകൾ നിർദ്ദാക്ഷിണ്യം പൊളിച്ചു കളയാൻ സുപ്രീംകോടതി വിധിച്ചപ്പോൾ ഇതേ സിആർസെഡ് നിയമലംഘനത്തിന്റെ പട്ടികയിലുള്ള അനധികൃത നിർമ്മിതികളുടെ ഉടമകൾ ഇപ്പോൾ ആശങ്കയിലാണ്. മരട് വിധിയെ തങ്ങളെയും തുറിച്ചു നോക്കുന്നു എന്ന യാഥാർത്ഥ്യമാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. തീരദേശ പരിപാലന നിയമം ലംഘിച്ച 65 വൻകിട പ്രോജക്ടുകളെക്കുറിച്ചു 2013ൽ റിപ്പോർട്ട് ലഭിച്ചിട്ടും 2017 വരെ തീരമേഖലാ പരിപാലന അഥോറിറ്റി നടപടികൾ കൈക്കൊണ്ടിരുന്നില്ല. എന്നാൽ സുപ്രീം കോടതി മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ ഉത്തരവിട്ടതോടെ സ്ഥിതി മാറി. ഇതോടെയാണ് നിയമലംഘനം നടത്തി ഫ്‌ളാറ്റുകളും റിസോർട്ടുകളും ഹോട്ടലുകളും കെട്ടിപൊക്കിയവരുടെ ഉറക്കം ഇപ്പോൾ നഷ്ടമാകുന്നത്. എന്നാൽ, ഈ ലിസ്റ്റിൽ ഉള്ളത് ചില്ലറക്കാരല്ല, സംസ്ഥാന ഭരണത്തെ പോലും നിയന്ത്രിക്കാൻ കെൽപ്പുള്ള വൻകിടക്കാരായ നിയമലംഘകരുടെ ലിസ്റ്റാണ് പുറത്തുവന്നത്.

പ്രവാസി വ്യവസായി രവിപിള്ളയുടെ പഞ്ചനക്ഷത്ര ഹോട്ടൽ മുതൽ എം യൂസഫലിയുടെയും മകളുടെയും ഉടമസ്ഥതയിലുള്ള വൻകിട കെട്ടിടം വരെ ഈ നിയമലംഘകരുടെ കൂട്ടത്തിലൂമ്ട്. വൻകിട ഫ്ളാറ്റ് നിർമ്മാതാക്കളായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ളാറ്റും മരടിലെ തന്നെ ക്രൗൺപ്ലാസ ഹോട്ടലും ഈ ലിസ്റ്റിൽ പെടുന്നു. താജ് വിവന്ത പോലുള്ള വൻകിട ഹോട്ടലുകളും നിയമം ലംഘിച്ചു കെട്ടിപ്പൊക്കിയതാണെന്നാണ് മറുനാടന് ലഭിച്ച ലിസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. മരടിലെ ഫ്ളാറ്റ് പൊളിക്കുന്ന സാഹചര്യത്തിൽ അടുത്തതായി ഈ വൻകിട നിർമ്മാണങ്ങൾക്കും പണി കിട്ടുമോ എന്നാണ് അറിയേണ്ടത്. ഇതുകൊണ്ട് കൂടിയാണ് കേരളാ തീരദേശ പരിപാലന അഥോറിറ്റിയുടെ പുനഃസംഘടനയും അനിശ്ചിതത്വത്തിലാക്കുന്നത്. അതിനിടെ ചില പേരുകൾ സംസ്ഥാന സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ഡി വൈ എഫ് ഐ നേതാവ് റഹിമിന്റെ ഭാര്യ അമൃതയും പട്ടികയിലുണ്ട്. ഇതെല്ലാം വിവാദത്തിലാകുന്നു. അതുകൊണ്ട് തന്നെ തീരുമാനവും വൈകും. ഇതും തന്ത്രത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തൽ.

സെൻകുമാർ കേസിന് ശേഷം സർക്കാർ നാണം കേട്ടത് മരട് കേസിൽ

മരട് ഫ്‌ളാറ്റ് പ്രശ്‌നത്തിൽ സുപ്രീംകോടതി ജസ്റ്റിസ് അരുൺ മിശ്രയിൽ നാണംകേട്ട രീതിയിൽ തുടർച്ചയായ രൂക്ഷ വിമർശനം കേൾക്കേണ്ടി വന്നത് അഥോറിറ്റിയുടെ കടുത്ത നിലപാട് കാരണമാണ് എന്ന ചിന്ത സർക്കാരിൽ വേരൂന്നിയത് കാരണമാണ് ഈ കാര്യത്തിൽ സർക്കാർ മുഖം തിരിക്കുന്നത്. മരട് പ്രശ്‌നത്തിൽ അഥോറിറ്റിയുടെ നിലപാട് കാരണം സുപ്രീം കോടതിയിൽ നിന്നും നിരന്തരം രൂക്ഷവിമർശനം നേരിട്ടതും കേരള സർക്കാരും സർക്കാരിന്റെ അധീനതയിലുള്ള കേരള തീരദേശ പരിപാലന അഥോറിറ്റിയുമാണ് സുപ്രീംകോടതിയിൽ നേരിട്ട് ഏറ്റുമുട്ടുന്നതും എന്നതും സർക്കാരിനു നീരസം കൂട്ടാൻ കാരണവുമായിട്ടുണ്ട്.

മരട് കേസ് വന്നത് കണ്ണൂർ, കരുണ ഓർഡിനൻസ്, ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കം തുടങ്ങി മരട് ഫ്‌ളാറ്റ് കേസിൽവരെ വിധിപറഞ്ഞ ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിലാണ്. സമീപകാലത്ത് കേരളസർക്കാരിന്റെ രൂക്ഷവിമർശകനാണ് ജസ്റ്റിസ് അരുൺ മിശ്ര. സെൻകുമാർ കേസിൽ അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയിൽ നിന്ന് നാണം കെട്ടശേഷം പിന്നീട് വന്ന രണ്ടാമത് നാണംകെടലാണ് മരട് പ്രശ്‌നത്തിൽ വന്നത്. രണ്ടു നാണക്കേടും ഇതേ സർക്കാരിനാണ് നേരിടേണ്ടി വന്നത്. പഴയ നാണക്കേട് മാറി വരും മുൻപാണ് മരട് പ്രശ്‌നത്തിൽ ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി കുടയാൻ കഴിയുന്നതിന്റെ പരമാവധി രീതിയിൽ തന്നെ കുടഞ്ഞത്. ഇതിനു വഴിവെച്ചത് മരട് പ്രശ്‌നത്തിൽ അപ്പീലുമായി അഥോറിറ്റി സുപ്രീംകോടതിയിൽ പോയത് കാരണമാണ്. ഇത് അറിയാവുന്നതുകൊണ്ടാണ് കണ്ണിലെ കരടായി അഥോറിറ്റിയെ സർക്കാർ വീക്ഷിക്കുന്നത്.

തീരദേശ പരിപാലനവുമായി ബന്ധപ്പെട്ട അഥോറിറ്റിയുടെ നിലപാടുകൾ സർക്കാരിനു തലവേദനയായി തുടരുന്ന വേളയിൽ തത്ക്കാലം സമിതിയുടെ പുനരുജ്ജീവനം വൈകിപ്പിക്കുകയാണ് സർക്കാർ നീക്കമെന്നാണ് ലഭിക്കുന്ന സൂചനകൾ. ജൂൺ എട്ടിന് നിലവിലെ സമിതിയുടെ കാലാവധി കഴിഞ്ഞിട്ടുണ്ട്. കാലാവധി കഴിഞ്ഞിട്ട് മൂന്നു മാസം തികയാറായി. ഇപ്പോഴും പുതിയ കമ്മറ്റിക്കുള്ള നീക്കങ്ങൾക്ക് ജീവൻ വച്ചിട്ടില്ല. പ്രിൻസിപ്പൽ സെക്രട്ടറി തന്നെയാണ് കേരളാ തീരദേശ പരിപാലന അഥോറിറ്റിയുടെ ചെയർമാൻ. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന ഡയറക്ടറെറ്റിലെ ഡയറക്ടർ മെമ്പർ സെക്രട്ടറിയുമാണ്. അഞ്ച് വിദഗ്ദരെയും മറ്റു മൂന്നു പേരെയും സർക്കാരിനു നാമനിർദ്ദേശം ചെയ്യാം. സർക്കാർ നാമനിർദ്ദേശങ്ങൾ അടങ്ങിയ ലിസ്റ്റ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനു അയച്ചു കൊടുക്കണം. ഈ ലിസ്റ്റ് അംഗീകരിച്ച് കേന്ദ്രം നോട്ടിഫിക്കേഷൻ ഇറക്കണം.

അപ്പോൾ മാത്രമേ കേരളാ തീരദേശ പരിപാലന അഥോറിറ്റി നിലവിൽ വരുകയുള്ളൂ. പക്ഷെ ഈ മൂന്നു മാസമായിട്ടും ഇത്രയേറെ പ്രാധാന്യമുള്ള അഥോറിറ്റിയുടെ രൂപവത്കരണം സംബന്ധിച്ച ഫയൽ നിശ്ചലാവസ്ഥയിലാണ്. തീരദേശ പരിപാലന അഥോറിറ്റിയുടെ രൂപീകരണത്തിനു ഇനിയും സമയം വൈകും എന്ന് തന്നെയാണ് ഇത് സംബന്ധമായി ലഭിക്കുന്ന സൂചനകൾ.

അഥോറിറ്റിയെ സർക്കാർ കാണുന്നത് ശത്രുപക്ഷത്ത്

നിലവിൽ കേരള സർക്കാർ ശത്രു സ്ഥാനത്ത് നിർത്തിയ അഥോറിറ്റിയാണ് കേരളാ തീരദേശ പരിപാലന അഥോറിറ്റി. അതുകൊണ്ട് തന്നെയാണ് അഥോറിറ്റിയുടെ രൂപീകരണം നീണ്ടുനീണ്ടു പോകുന്നതും. തീരദേശ പരിപാലന അഥോറിറ്റിയുടെ ജാതകദോഷം കൊണ്ടാണ് പിണറായി സർക്കാർ അഥോറിറ്റിക്ക് എതിരെ തിരിഞ്ഞത് എന്ന് മാത്രമേ പറയാൻ കഴിയൂ. മരട് പ്രശ്‌നം സങ്കീർണ്ണമാക്കിയത് പരിസ്ഥിതി അഥോറിറ്റിയുടെ നിലപാട് കൊണ്ടാണ് എന്ന ഉറച്ചധാരണയാണ് സർക്കാരിനുള്ളത്. പക്ഷെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുകൂല വിധി വരും വരെ ഈ കേസിൽ കേരള തീരദേശ പരിപാലന അഥോറിറ്റി കക്ഷിയായിരുന്നില്ല. മരട് ഫ്‌ളാറ്റ് പ്രശ്‌നത്തിൽ തീരദേശ പരിപാലന അഥോറിറ്റി അനങ്ങിയിരുന്നില്ല. റിപ്പോർട്ട് മുന്നിലുണ്ടായിരുന്നെങ്കിലും അഥോറിറ്റി നിശബ്ദത പാലിക്കുകയായിരുന്നു.

അഥോറിറ്റിയുടെ അനുമതി വാങ്ങാതെയാണ് സിആർസെഡ് ത്രീയിൽ ഉൾപ്പെട്ട പ്രദേശത്ത് മരടിലെ നാല് ഫ്‌ളാറ്റ് ഉടമകളും തങ്ങളുടെ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയത്. പ്രശ്‌നം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വന്നപ്പോൾ അഥോറിറ്റിയെയും കക്ഷി ചേർക്കാൻ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു. മരട് പ്രശ്‌നത്തിൽ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി വരും മുതലാണ് ഈ കേസിൽ അഥോറിറ്റിയും കക്ഷിയാകുന്നത്.

അഥോറിറ്റി മരടിൽ കക്ഷി ചേർന്നത് ഹൈക്കോടതി നിർദ്ദേശ പ്രകാരം

തീരദേശ പരിപാലന അഥോറിറ്റി ഈ കേസിൽ കക്ഷിയാവേണ്ടതുണ്ട് എന്ന് ഹൈക്കോടതി തീരുമാനിച്ച പ്രകാരമാണ് കേസിൽ കക്ഷി ചേരുന്നത്. ഇതോടെ തങ്ങളുടെ വാദം ശക്തിയുക്തമായി പ്രസന്റ് ചെയ്യേണ്ട ആവശ്യവും നിയമങ്ങൾ കർശനമായി പാലിക്കേണ്ടതും അഥോറിറ്റിക്ക് ചൂണ്ടിക്കാട്ടെണ്ടി വന്നു. ഇതോടെ സർക്കാർ അഥോറിറ്റിക്ക് എതിരായി. പക്ഷെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി മരട് ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് അനുകൂലമായിരുന്നു. തീരപരിപാലനചട്ടം ലംഘിച്ചെന്നുകാട്ടി മരടിലെ ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് പഞ്ചായത്ത് അയച്ച കാരണംകാണിക്കൽ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.ഈ നോട്ടീസ് നിയമാനുസൃതം ആയിരുന്നില്ല. ഇതിൽ തന്നെ കള്ളക്കളികൾ അടങ്ങിയിരുന്നു. ഹൈക്കോടതി ചൂണ്ടിക്കാട്ടിയതും നോട്ടീസിലെ ക്രമ വിരുദ്ധമായ നടപടികൾ ആയിരുന്നു. ഇത് ബിൽഡേഴ്സിനെ രക്ഷിക്കാൻ വേണ്ടി ആയിരുന്നു എന്നാണ് സൂചനകൾ. ഹൈക്കോടതി വിധിയും ഈ വസ്തുത അടിവരയിടുന്നു.

ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറഞ്ഞത് മരടിലെ ഫ്‌ളാറ്റ് ഉടമകൾക്ക് മരട് മുനിസിപ്പാലിറ്റി നൽകിയ നോട്ടീസ് നിയമാനുസരണമല്ല. അതിനാൽ നോട്ടീസ് റദ്ദ് ചെയ്യുന്നു. അപ്പോൾ ഹൈക്കോടതി ഒരു കാര്യം കൂടി പറഞ്ഞു. നിയമാനുസൃതമല്ലാത്ത കെട്ടിട നി+ർമ്മാണത്തിനു സ്റ്റോപ്പ് മെമോ നൽകാം. പക്ഷെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ തീരദേശ പരിപാലന അഥോറിറ്റി സുപ്രീംകോടതിയിൽ അപ്പീൽ നല്കിയതോടെ രംഗം മാറി. ഈ കേസാണ് ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ചിലേക്ക് വന്നത്. കേസ് ഹൈക്കോടതിക്കു തന്നെ വിടാമെന്നാണ് ജസ്റ്റിസ് മിശ്ര തുടക്കത്തിൽ പറഞ്ഞതെങ്കിലും അദ്ദേഹം തന്നെ കേസ് പരിഗണിക്കുകയായിരുന്നു. ഒരുമാസത്തിനകം ഫ്‌ളാറ്റുകൾ പൊളിച്ച് റിപ്പോർട്ടുനൽകണമെന്നാണ് മെയ്‌ എട്ടിലെ വിധിയിൽ ജസ്റ്റിസ് മിശ്ര ഉത്തരവിട്ടത്. ഉത്തരവുവന്നതോടെ സർക്കാർ ഉൾപ്പെടെ ഞെട്ടി. പൊളിക്കാനുള്ള ഉത്തരവുവരില്ലാ എന്ന് കരുതി ഫ്‌ളാറ്റുടമകൾ സുപ്രീംകോടതിയിലെത്തിയിരുന്നുമില്ല.

മരട് വിധിയുമായി ബന്ധപ്പെട്ടു അതിനിശിതമായ വിമർശനങ്ങളാണ് തുടർന്ന് ജസ്റ്റിസ് അരുൺ മിശ്രയിൽ നിന്നും വന്നത്. ചീഫ് സെക്രട്ടി ടോം ജോസിന് സുപ്രീം കോടതിയുടെ ശാസനയും ലഭിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് ചീഫ് സെക്രട്ടറിയെ കോടതി മുന്നിൽ നിർത്തിയാണ് ശാസിച്ചത്. കോടതി വിധി നടപ്പാക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്ന് പറഞ്ഞ കോടതി എത്രപേർ പ്രകൃതിദുരന്തങ്ങളിൽ മരിക്കുന്നുണ്ടെന്നറിയാമോ' എന്ന് ചീഫ് സെക്രട്ടറിയോട് ചോദിച്ചു. ശക്തമായ വേലിയേറ്റമുണ്ടായാൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നറിയാമോയെന്നും കോടതി ചോദിച്ചു. 'ദുരന്തമുണ്ടായാൽ ആദ്യം മരിക്കുക 4 ഫ്‌ളാറ്റുകളിലെ 300 കുടുംബങ്ങളായിരിക്കും. തീരദേശ നിർമ്മാണങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ'നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ ഉത്തരവാദി ചീഫ് സെക്രട്ടറി ആയിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകിയിരുന്നു.

മരട് മുനിസിപ്പാലിറ്റി അഥോറിറ്റിക്ക് നൽകാനുള്ളത് കയ്യേറ്റവുമായി ബന്ധപ്പെട്ട 1800 ഓളം ഫയലുകൾ

ഇപ്പോൾ കേരളത്തിലെ മുഴുവൻ കയ്യേറ്റങ്ങളെക്കുറിച്ചും പൂർണ്ണ റിപ്പോർട്ടാണ് സുപ്രീംകോടതി തേടിയിരിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ കയ്യേറ്റങ്ങൾ നിലനിൽക്കുന്നത് മരടിലുമാണ്. 1800 ഫയലുകളാണ് മരട് പഞ്ചായത്തിൽ നിന്നും അഥോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ഫയൽ മരട് നൽകിയിട്ടില്ല. 350 ഓളം ഫയലുകൾ മാത്രമാണ് നൽകിയിരിക്കുന്നത്. ആയിരത്തിലധികം ഫയലുകൾ മരട് മുനിസിപ്പാലിറ്റി അഥോറിറ്റിക്ക് നൽകേണ്ടതുണ്ട്. ഈ ഫയൽ മുനിസിപ്പാലിറ്റി നല്കാതിരിക്കാനാകില്ല. കാരണം ഉത്തരവ് വന്നത് സുപ്രീംകോടതിയിൽ നിന്നാണ്. ഈ ഫയലുകൾ മുൻസിപ്പാലിറ്റി വൈകിച്ചാലും തെറി കേൾക്കേണ്ടി വരുക ചീഫ് സെക്രട്ടറിക്കാണ്.

ഇത് സർക്കാരിനു അറിയുകയും ചെയ്യാം. മറുനാടൻ ഇന്നലെ പ്രസിദ്ധീകരിച്ച 66 കയ്യേറ്റങ്ങളുടെ ലിസ്റ്റിലും അന്തിമ തീരുമാനം എടുക്കേണ്ടത് അഥോറിറ്റിയാണ്. കേരളത്തിലെ മുഴുവൻ കയ്യേറ്റങ്ങളുടെ വിവരങ്ങളും സുപ്രീംകോടതിയിൽ നൽകാനായി സർക്കാരിനു റിപ്പോർട്ട് നൽകേണ്ടതും അഥോറിറ്റിയാണ്. ഈ അഥോറിറ്റിയാണ് ഇപ്പോൾ നാഥനില്ലാ കളരിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP