Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡാഷ് ബോർഡിലെ പഠനം സഹകരണത്തിലേക്കും! ഷിബു ബേബി ജോണിനെ വിമർശിച്ചതും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതുമെല്ലാം ഇനി മറക്കാം; ചീഫ് സെക്രട്ടറിയും സംഘവും പോയപ്പോഴുണ്ടായ വിവാദവും മുഖവിലയ്‌ക്കെടുക്കില്ല; മോദിയുടെ വികസനം പഠിക്കാൻ കേരള ബാങ്കും; ഗോപി കോട്ടമുറിക്കലും കൂട്ടരും ഗുജറാത്തിലേയ്ക്ക് പോകുമ്പോൾ

ഡാഷ് ബോർഡിലെ പഠനം സഹകരണത്തിലേക്കും! ഷിബു ബേബി ജോണിനെ വിമർശിച്ചതും അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതുമെല്ലാം ഇനി മറക്കാം; ചീഫ് സെക്രട്ടറിയും സംഘവും പോയപ്പോഴുണ്ടായ വിവാദവും മുഖവിലയ്‌ക്കെടുക്കില്ല; മോദിയുടെ വികസനം പഠിക്കാൻ കേരള ബാങ്കും; ഗോപി കോട്ടമുറിക്കലും കൂട്ടരും ഗുജറാത്തിലേയ്ക്ക് പോകുമ്പോൾ

വിനോദ് പൂന്തോട്ടം

കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിനെ പ്രതികൂട്ടിൽ നിർത്താൻ പ്രതിപക്ഷത്തിന് ആയുധമായിരിക്കുകയാണ് കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അടക്കമുള്ള ഉന്നതലതല സംഘത്തിന് ഗുജറാത്തിലേയ്ക്ക് പഠനയാത്ര പോകാൻ സംസ്ഥാന സർക്കാർ നൽകിയ അനുമതി. ദേശീയതലത്തിൽ മോദിക്കും ബിജെപി യ്ക്കും എതിരെ സമാന ചിന്താഗതിക്കാരായ രാഷ്ട്രയെക്കാരെ അണിനിരത്തി സി പി എം തന്നെ പല വിഷയങ്ങളിലും മുന്നിൽ നിന്നും സമരം നയിക്കുമ്പോഴാണ് പാർട്ടിയുടെ കേരളത്തിലെ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം ദേശീയ നേതാവുമായ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിൽ കേരള ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരും ഭരണസമിതിയിലെ തെരെഞ്ഞടുക്കപ്പെട്ട അംഗങ്ങളും ഗുജറാത്തിലേയ്ക്ക് പോകുന്നത്. 2003 ലെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഗുജറാത്തിലെ നൈപുണ്യ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ ഗുജറാത്തിൽ പോയ അന്നത്തെ തൊഴിൽ മന്ത്രിയെ പ്രതിപക്ഷനേതാവായിരുന്ന വി എസ്. അച്യുതാനനനും സി പി എമ്മും കണക്കിന് പരിഹസിച്ചിരുന്നു. ഗുജറാത്തിൽ എത്തി മോദിയെ കണ്ടതിന്റെ പേരിലാണ് ഷിബു വിമർശനം ഏറ്റുവാങ്ങേണ്ടി വന്നത്.

ഗുജറാത്തിൽ നിന്നും ഒന്നും പഠിക്കാനില്ലന്ന് അന്ന് നിലപാടെടുത്ത സി പി എം ന്റെയും പിണറായിയുടെയും ഇരട്ടത്താപ്പാണ് ഗോപി കോട്ട മുറിക്കലിന് ഗുജറാത്തിൽ പോകാൻ അനുമതി നൽകിയതോടെ വന്നു ചേർന്നിരിക്കുന്നത്. സർക്കാർ അനുമതി ലഭിച്ചുവെങ്കിലും യാത്ര തിയ്യതി നിശ്ചയിച്ചിട്ടില്ലന്നാണ് കേരള ബാങ്ക് അധികൃതർ പറയുന്നത്. ക്ഷീരമേഖലയിലെ പദ്ധതികളും മൂല്യവർദ്ധിത ഉൽപാദനത്തിനായുള്ള ആധുനീക സംവിധാനങ്ങളും പഠിക്കാനാണ് കേരളബാങ്ക് സംഘം ഗുജറാത്തിലെ ബനാസിലേക്ക് പോകുന്നത് ഗുജറാത്തിലെ മികച്ച ക്ഷീരപദ്ധതി മേഖലയമാണ് ബനാസ് ക്ഷീരോൽപാദക യൂണിയന് കീഴിലുള്ള പ്രദേശം. ഏഷ്യയിലെ ഏറ്റവും വലിയ മിൽക് പ്ലാന്റാണ് ഇവിടെയുള്ളത്. ഈ ഗുജറാത്ത് മാതൃകയിൽ കേരളത്തിലെ ക്ഷീരമേഖലയിലെ സംരംഭങ്ങളിലേക്ക് സ്വീകരിക്കാനാകുമോയെന്ന പരിശോധനയാണ് കേരളബാങ്ക് നടക്കുന്നത്.

കേരളബാങ്ക് ചെയർമാർ ഗോപി കോട്ടമുറിക്കലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഗുജറാത്തിലെ ബനാസ് സന്ദർശിക്കുന്നത്. ഇതിനുള്ള ചെലവ് കേരളബാങ്ക് വഹിക്കണമെന്ന നിബന്ധനയിലാണ് സർക്കാർ യാത്രയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. വൈസ് ചെയർമാൻ എം.കെ.കണ്ണൻ, ഭരണസമിതി അംഗങ്ങളായ പി.ഗഗാറിൻ, എസ്.ഹരിശങ്കർ, ബോർഡ് ഓഫ് മാനേജ്‌മെന്റ് അംഗങ്ങളായ അഡ്വ.മാണി വിതയത്തിൽ, ഡോ.ജിജു പി.അലക്സ്, ചീഫ് ജനറൽമാനേജർ റോയ് എബ്രഹാം, ജനറൽ മാനേജർ അനിൽകുമാർ എന്നിവരാണ് സംഘത്തിലുള്ള മറ്റുള്ളവർ.

ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്കിലും സംഘം സന്ദർശിക്കുന്നുണ്ട്. സംസ്ഥാന ബാങ്ക് എന്ന നിലയിൽ ഗുജറാത്ത് സംസ്ഥാന സഹകരണ ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങളാണ് പഠിക്കുന്നത്. ഇതിൽ കേരളത്തിന് സ്വീകരിക്കാവുന്ന മാതൃക ഇവിടെ നടപ്പാക്കാനുള്ള സാധ്യതയാണ് തേടുന്നത്. പ്രാദേശിക സഹകരണ മേഖലയിൽ ഗുജറാത്ത് സംസ്ഥാന ബാങ്കിന്റെ ഇടപെടൽ ശ്ലാഘനീയമാണെന്ന് കേന്ദ്രസഹകരണ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ത്രിതല സഹകരണ രീതി മാറ്റേണ്ടതില്ലെന്ന നിർദ്ദേശം തത്വത്തിൽ അംഗീകരിച്ചതും ഗുജറാത്ത് സഹകരണ ബാങ്കിന്റെ പ്രവർത്തന രീതി കൂടി അടിസ്ഥാനമാക്കിയാണ്.

കോട്ടമുറിക്കലിനെ ആകർഷിച്ചത് ഗുജറാത്തിലെ ക്ഷീര വിപ്‌ളവം

1969ൽ തുടങ്ങിയതാണ് ബനാസിലെ ക്ഷീരപ്ലാന്റ്. ഈ യൂണിയന് കീഴിൽ മൂന്നരലക്ഷം ക്ഷീരകർഷകരുണ്ട്. ഇവർക്കായി 16ലക്ഷം കന്നുകാലികളുമുണ്ട്. വീടുതളിൽനിന്ന് തുടങ്ങി പ്ലാന്റിൽ പാൽ എത്തുന്നതുവരെയുള്ള ക്രമീകരണവും, പ്ലാന്റിൽനിന്ന് ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപാദനവും, അതിന് അമൂൽ ബ്രാൻഡിലുള്ള വിപണന ശൃംഖലയുമാണ് ഗുജറാത്തിലെ ക്ഷീരസഹകരണ മാതൃകയുടെ പ്രത്യേകത.

ഒരോദിവസവും രാവിലെ അഞ്ചുമണിക്ക് വീടുകളിൽനിന്നുള്ള പാൽ ശേഖരണം തുടങ്ങും. വീട്ടുകാർക്ക് എത്തിക്കാൻ പ്രാദേശിക കളക്ഷൻ സെന്ററുകളാണുള്ളത്. ഇവയൊന്നു ക്ഷീരസംഘങ്ങളായി പ്രവർത്തിക്കുന്ന പോലുമല്ല. വ്യക്തിഗത ശേഖരണം പോലുമുണ്ട്. ഇങ്ങനെ ശേഖരിച്ച പാൽ കേന്ദ്രകീത ശേഖരണ കേന്ദ്രത്തിൽ എത്തിക്കും. അവിടെനിന്ന് ബാനാസിലെ പ്ലാന്റിലേക്ക് മിൽക്ക് ടാങ്കർ ലോറികളിലായി കൊണ്ടുപോകും. പ്രതിദിനം 50ലക്ഷം ലിറ്റർപാൽ ഇങ്ങനെ ബനാസിലെത്തുന്നുണ്ട്. അതായത്, ഒരുകർഷകന് ശരാശരി 14ലിറ്റർ പാലിന്റെ വരുമാനമാണ് ലഭിക്കുന്നത്. കർഷകന് മെച്ചപ്പെട്ട ജീവനോപാദി ഉറപ്പാക്കാനാകുന്നുവെന്നതാണ് ഈ ഗുജറാത്ത് രീതിയുടെ പ്രത്യേകത. എന്തായാലും ഗോപി കോട്ട മുറിക്കലിന്റെ യാത്ര വിവാദമാകുകയും സി പി എമ്മിനുള്ളിൽ തന്നെ മുറുമുറുപ്പ് ഉയരുകയും ചെയ്ത സാഹചര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾ യാത്രയെ എങ്ങനെ ന്യായീകരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

ഭരണ സംവിധാനം ചടുലമാക്കാനും പദ്ധതികൾ അതിവേഗം പൂർത്തിയാക്കാനും അക്കാര്യം മുഖ്യമന്ത്രിക്ക് ദിനംപ്രതി നിരീക്ഷിക്കാനും ഗുജറാത്തിൽ നടപ്പാക്കിയ ഓൺലൈൻ സംവിധാനമായ ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാൻ രണ്ടാം പിണറായി സർക്കാർ കഴിഞ്ഞ ഏപ്രിലിൽ സംസ്ഥാന ചീഫ് സെക്രട്ടറി വി.പി. ജോയിയെ അയച്ചത് വിവാദമായിരുന്നു. ഗുജറാത്തിലെ വികസന മാതൃക അംഗീകരിക്കാൻ തയ്യാറാകാതെ നിരന്തരം വിമർശിച്ചിരുന്നവർ, ഇപ്പോൾ അതു കേരളത്തിലും നടപ്പാക്കാൻ പോകുന്നുവെന്നാണ് പ്രതിപക്ഷം ആക്ഷേപം ഉയർത്തിയത്. ചീഫ് സെക്രട്ടറിയും അദ്ദേഹത്തിന്റെ സ്റ്റാഫ് ഓഫീസറായ ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.എസ്.കെ ഉമേഷും അഹമ്മദാബാദിൽ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയാണ് വിവാദത്തിന് വഴിവെച്ചത്.

ഗുജറാത്ത് ക്ഷണിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശ പ്രകാരമാണ് ഇരുവരും ഡാഷ് ബോർഡിനെ കുറിച്ച് പഠിക്കാൻ പോയത്. . മുഖ്യമന്ത്രി സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി സന്ദർശിച്ചപ്പോഴാണ്, ചുവപ്പുനാടയിൽ കുടുങ്ങാതെ പദ്ധതികൾ യഥാസമയം നടപ്പാക്കാൻ ഈ നിരീക്ഷണ സംവിധാനം നല്ലതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപദേശിച്ചത്.

ഡാഷ് ബോർഡിൽ മുഖ്യമന്ത്രി എല്ലാം കാണും

കമ്പ്യൂട്ടറൈസ് ചെയ്തു കഴിഞ്ഞ സർക്കാർ വകുപ്പുകളിലെ ദൈനംദിന ഭരണകാര്യങ്ങളുടെ ഡേറ്റകൾ ഡാഷ് ബോർഡ് എന്ന സംവിധാനത്തിലേക്ക് അപ് ലോഡ് ചെയ്യും. വലിയ പദ്ധതികളുടെ ഓരോദിവസത്തെ പുരോഗതിയും തീരുമാനങ്ങളും ഡാഷ് ബോർഡിലേക്ക് അപലോഡ് ചെയ്യാനാവും. വീഡിയോ കോൺഫറൻസ് അടക്കമുള്ള സംവിധാനമായതിനാൽ ഏതുതലത്തിലുള്ള ഉദ്യോഗസ്ഥനുമായും മുഖ്യമന്ത്രിക്ക് ബന്ധപ്പെടാനും നിർദ്ദേശങ്ങൾ നൽകാനും കഴിയും.

വകുപ്പുകളുടെ പ്രവർത്തനം മികച്ചതാണെങ്കിലും മോശമാണെങ്കിലും മുഖ്യമന്ത്രിക്ക് നേരിട്ട് ബോധ്യമാവും. ഓൺലൈൻ സംവിധാനങ്ങൾ ഒരുക്കിയത് നാഷണൽ ഇൻഫോമാറ്റിക് സെന്റർ ആണ്. മോദി മുഖ്യമന്ത്രിയായിരിക്കേ ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ സ്വാഗത് എന്ന പേരിൽ വീഡിയോ കോൺഫറൻസ് സംവിധാനം നടപ്പാക്കിയിരുന്നു. പരാതിക്കാരുടെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അപ്പോൾത്തന്നെ സമാധാനം ബോധിപ്പിക്കുന്ന സംവിധാനമായിരുന്നു അത്.അതിനെ മാതൃകയാക്കി വിജയ് രൂപാണി മുഖ്യമന്ത്രിയായിരിക്കേ ഗുജറാത്തിനുവേണ്ടി വികസിപ്പിച്ചതാണ് ഡാഷ് ബോർഡ് .

2001ലെ ഗോധ്ര കലാപത്തിന്റെയും വംശഹത്യയുടെയും മറ്റും പശ്ചാത്തലത്തിൽ കേരളത്തിലെ പ്രമുഖ കക്ഷികളെല്ലാം ഗുജറാത്ത് ഭരണത്തെ വിമർശിക്കാറുണ്ട്. അതിനിടെ 2009-ൽ മോദി ഭരണത്തെ മാതൃകയാക്കണമെന്ന് പ്രസ്താവിച്ചതിനാണ് അന്നത്തെ സിറ്റിങ് എംപി കൂടിയായിരുന്ന അബ്ദുള്ള കുട്ടിയെ സി പി എം പുറത്താക്കിയത്. ഗൾഫ് സന്ദർശനത്തിനിടെയായിരുന്നു വിവാദ പരാമശം. അതിന് മുൻപ് ഹർത്താൽ വിരുദ്ധ പ്രസ്താവന നടത്തിയും മതവിശ്വാസവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാടുകളിൽ മാറ്റം വരുത്തണമെന്ന് ആവിശ്യപ്പെട്ടതും സി പി എം ന് തലവേദന സൃഷ്ടിച്ചിരുന്നു. സി പി എമ്മിൽ നിന്നും പുറത്താക്കപ്പെട്ട അബ്ദുള്ള കുട്ടി കോൺഗ്രസിൽ ചേക്കേറിയെങ്കിലും മോദി സ്തുതി കാരണം കോൺഗ്രസും അബ്ദുള്ള കുട്ടിയെ തള്ളി പറഞ്ഞു

ഇതോടെ ബിജെപിയിലേയ്ക്ക് ചേക്കേറിയ അബ്ദുള്ള കുട്ടി ഇന്ന് ബിജെപി യുടെ ഉപാദ്ധ്യക്ഷനാണ്. രണ്ടര മാസം മുൻപ് സോളാർ പീഡന കേസുമായി ബന്ധപ്പെട്ട് സി ബി ഐ തിരുവനന്തപുരം യൂണീറ്റ് അബ്ദുള്ള കുട്ടിയെ ചോദ്യം ചെയ്തിരുന്നു. സി പി എം ഗുജറാത്ത് യാത്ര വിഷയം ഗൗരവ്വമായി എടുത്താൽ കേരള ബാങ്ക് പ്രസിഡന്റ് പ്രതികൂട്ടിലാവും. അതുകൊണ്ട് തന്നെ ഗോപി കോട്ട മുറിക്കലും സംഘവും യാത്ര റദ്ദാക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP