Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഭിരാമിയെ ആത്മഹത്യയ്ക്ക് തള്ളിയിട്ട കേരള ബാങ്കിന് നാഥനില്ല; മനംമടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഒന്നര മാസമായി അവധിയിൽ; പുതിയ മേധാവിയെ തേടി പരസ്യം കൊടുത്തിട്ടും ആരും അപേക്ഷിക്കുന്നില്ല; ഷെഡ്യൂൾ ബാങ്കായി ഉയർന്നിട്ടും ബാലാരിഷ്ടത മാത്രം; ജപ്തി നേരിടുന്ന കുടുംബങ്ങളെക്കാൾ വലിയ പ്രതിസന്ധിയിൽ കേരള ബാങ്ക്

അഭിരാമിയെ ആത്മഹത്യയ്ക്ക് തള്ളിയിട്ട കേരള ബാങ്കിന് നാഥനില്ല; മനംമടുത്ത ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഒന്നര മാസമായി അവധിയിൽ; പുതിയ മേധാവിയെ തേടി പരസ്യം കൊടുത്തിട്ടും ആരും അപേക്ഷിക്കുന്നില്ല; ഷെഡ്യൂൾ ബാങ്കായി ഉയർന്നിട്ടും ബാലാരിഷ്ടത മാത്രം; ജപ്തി നേരിടുന്ന കുടുംബങ്ങളെക്കാൾ വലിയ പ്രതിസന്ധിയിൽ കേരള ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്തെ ശൂരാനാടുള്ള വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിപ്പിച്ച് അഭിരാമിയെന്ന പെൺകുട്ടിയെ കൊലയ്ക്ക് കൊടുത്ത കേരള ബാങ്കിൽ അസാധാരണ പ്രതിസന്ധി. ബാങ്കിന്റെ നാഥനായ ചീഫ് എക്സിക്യട്ടൂവ് ഓഫീസർ അവധിയിൽ പോയി. മുവാറ്റുപുഴയിൽ സമാന സാഹചര്യം ഉണ്ടായപ്പോഴെ സി ഇ ഒ പി.എസ് രാജൻ വായ്പ തിരിച്ചു പിടിക്കുന്നതിൽ നിന്നും പ്രാകൃത നടപടികൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയും കുറ്റക്കാരെ സംരക്ഷിക്കരുതെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. അന്ന് മാത്യു കുഴൽ നാടൻ ജപ്തി നടപടി നേരിട്ട കുടംബത്തിന്റെ കടബാധ്യത ഏറ്റെടുത്തിരുന്നു.

ഒരു ഷെഢ്യൂൾ ബാങ്കായി ഉയർന്നെങ്കിലും സംവിധാനത്തിലും മറ്റു കാര്യങ്ങളിലും ബാലാരിഷ്ടത മാറാത്ത ഒരു സഹകരണ ബാങ്കു തന്നെയാണ് കേരള ബാങ്ക്. ഇതാണ് സി ഇ ഒ യ്ക്ക് ബാങ്കിൽ തുടരാൻ താല്പര്യമില്ലാത്തതിന് കാരണം. അദ്ദേഹം രാജി സന്നദ്ധത അറിയിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയെ നേരിൽ കണ്ടിരുന്നു. എന്നാൽ പുതിയ ആളു വരുന്നത് വരെ തുടരാനായിരുന്നു നിർദ്ദേശം. 2019 നവംബറിൽ കേരള ബാങ്കിനെ നമ്പർ വൺ ആക്കാനാണ് പി എസ് രാജൻ എത്തുന്നത്. പൊതു മേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള രാജനെ കേരള ബാങ്കിൽ എത്തിച്ചത് തന്നെ അന്നത്തെ സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വിഷന്റെ കൂടി ഭാഗമായിരുന്നു.

യൂണിയൻ ബാങ്കിന്റെ ജനറൽ മാനേജർ സ്ഥാനത്തു നിന്നും എത്തിയ രാജൻ മുൻഗണന വായ്പ, വായ്പ നയം, ഇൻഫർമേഷൻ ടെക്നോളജി, ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധൻ കൂടിയായിരുന്നു. എന്നാൽ കേരള ബാങ്കിൽ എത്തിയ അദ്ദേഹത്തെ ആദ്യം നേരിട്ടത് യൂണിയനുകാർ തന്നെയായിരുന്നു. ഭരണ സൗകര്യത്തിനും മികച്ച മുന്നേറ്റത്തിനും അദ്ദേഹം കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങൾ അട്ടിമറിച്ചു. സ്ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു. വിരമിച്ച പ്രതിഭകളായ ഉദ്യോഗസ്ഥരെ നിർണായക സ്ഥാനങ്ങളിൽ എത്തിക്കാൻ അദ്ദേഹം നടത്തിയ നീക്കവും ഫലം കണ്ടില്ല. ഒടുവിൽ യൂണിയനോടും ഹെഡ് ഓഫീസിലെ ലോബികളോടും തോറ്റ ശേഷമാണ് പി എസ് രാജൻ പടി ഇറങ്ങാൻ തീരുമാനിച്ചത്.

പുതിയ ആളു വരുന്നത് വരെ തുടരണമെന്ന നിർദ്ദേശം പാലച്ചാണ് അദ്ദേഹം തുടർന്നത്. എന്നാൽ ഒന്നര മാസം മുൻപ് അവധിയിൽ പോയ അദ്ദേഹം യു കെ യിലേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ സി ഇ ഒയെ നിയിമക്കാൻ നടത്തിയ നോട്ടിഫിക്കേഷൻ അനുസരിച്ച് മികച്ച ആരെയും കിട്ടിയിട്ടില്ല എന്നാണ് വിവരം. ഇവിടെ പ്രശ്‌നങ്ങൾ കാരണം ദേശസാൽകൃത ബാങ്കളിൽ ഉന്നത തസ്തികകളിൽ ഇരുന്ന പലരും ഇങ്ങോട്ടു വരാൻ താൽപര്യം കാട്ടിയിട്ടില്ല.

കേരള ബാങ്കിന്റെ നിലവിലെ സ്ഥിതി മനസിലാക്കി പലരും വരാൻ മടിക്കുകയാണ്. പ്രതിസന്ധിക്കിടെ ബാങ്കിന്റെ ജനറൽ ബോഡി വിളിച്ചു ചേർത്തിരിക്കുകയാണ് മാനേജ്മെന്റ്. ഈ മാസം 28ന് കഴക്കൂട്ടം അൽസാജ് ഹോട്ടലിലാണ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമാർ അടക്കം 1500ലധികം പേരെ ക്ഷണിച്ചിരിക്കുന്നത്. ബാങ്ക് രൂപീകരിച്ച് ഒരു വർഷത്തിനകം നമ്പർ ഒൺ ആകുമെന്നായിരുന്നു പ്രഖ്യാപനം. നിക്ഷേപത്തിലും ബ്രാഞ്ചുകളിലും അടക്കം നമ്പർ വൺ ആയ എസ് ബി ഐ യെ മൂക്ക് കുത്തിപ്പിക്കുമെന്നും പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. ഡി സി ബി ആയിരുന്നപ്പോൾ കിട്ടിയ സർവ്വീസുകൾ പോലും പ്രാഥമിക സർവീസ് സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിൽ നിന്നും ലഭിക്കുന്നില്ല. ഇക്കാര്യം ബാങ്ക് പ്രസിഡന്റുമാർ തന്നെ ജനറൽ ബോഡിയിൽ ഉന്നയിക്കും.

രൂപീകരിച്ചയിടത്തു തന്നെ നിൽക്കുന്നതല്ലാതെ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കേരള ബാങ്കിന് ആയിട്ടില്ല. മാത്രമല്ല വായ്പ മുടങ്ങുന്നവരെ ന്യൂ ജെൻ ബാങ്കുകളെ പോലെ വിരട്ടുന്ന ശീലവും കൂടി വരുന്നു. സമീപനത്തിൽ മാറ്റം വരുത്തിയാൽ തന്നെ മുടങ്ങിയ വായ്പകൾ ആൾക്കാർ തിരിച്ചടക്കം. എന്നാൽ ഭീഷണിയും നോട്ടീസും കൂടി വരുന്നതോടെയാണ് ആൾക്കാർക്കും എതിർപ്പുണ്ടാക്കുന്നത്. ഇതിനിടെ കൊല്ലത്തെ അഭിരാമിയുടെ മരണത്തിൽ കലാശിച്ച വീടിനു മുൻപിൽ ജപ്തി നോട്ടിസ്പതിച്ചതിൽ കേരള ബാങ്കിന് വീഴ്ച പറ്റിയെന്ന കൊല്ലം സഹകരണജോയിന്റ് രജിസ്റ്റ്രാറുടെ പ്രാഥമിക റിപ്പോർട്ട് പുറത്തു വന്നു.

അഭിരാമിയുടെ പിതാവ് അജികുമാറാണ് കേരള ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നത്. അദ്ദേഹം സ്ഥലത്തുണ്ടായിട്ടും കേരള ബാങ്ക് ഉദ്യോഗസ്ഥർ ജപ്തി നോട്ടീസ് അജികുമാറിന് നൽകിയില്ല. പകരം രോഗബാധിതനായ അഭിരാമിയുടെ അപ്പൂപ്പൻ ശശിധരൻ ആചാരിക്കാണ് കേരള ബാങ്ക് ജപ്തിനോട്ടിസ് കൈമാറിയത്. ഇത് തെറ്റായ നടപടിയാണ്. കാര്യം വിശദീകരിക്കാതെ ജപ്തിനോട്ടിസ് ശശിധരൻ ആചാരിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങിയതും വീഴ്ചയാണ്. ഇതെ തുടർന്ന് ജപ്തിബോർഡ് സ്ഥാപിച്ചതും ശരിയായ നടപടിയല്ലെന്ന് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ട് പറയുന്നു.

പ്രാഥമിക റിപ്പോർട്ട് കേരളബാങ്ക് അധികൃതർക്ക് കൈമാറി. അതേസമയം ജപ്തി സംബന്ധിച്ച് നോട്ടീസ് നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ കേന്ദ്ര സർഫാസി നിയമപ്രകാരമായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്രനിയമവും ആർബിഐ നിർദ്ദേശവും അനുസരിച്ചാണ് കേരള ബാങ്ക് പ്രവർത്തിച്ചതെന്ന് സഹകരണ മന്ത്രി വി.എൻവാസവൻ പറഞ്ഞു. സർഫാസി നിയമം റദ്ദുചെയ്യണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സഹകരണ ജോയിന്റ് രജിസ്റ്റ്രാറുടെ റിപ്പോർട്ടിൽ തുടർനടപടികൾ തീരുമാനിക്കേണ്ടത് കേരളബാങ്കാണെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 25നാണ് വീടിനുമുന്നിൽ ജപ്തി നോട്ടിസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനിയായ അഭിരാമി ജീവനൊടുക്കിയത്. ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി ആണ് മരിച്ചത്. വൈകിട്ടാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ അഭിരാമിയെ കണ്ടത്. അഭിരാമിയുടെ കുടുംബം കേരള ബാങ്ക് പതാരം ബ്രാഞ്ചിൽ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇത് മുടങ്ങിയതിന്റെ പേരിലാണ് ജപ്തി നോട്ടിസ് പതിച്ചത്. വായ്പയെടുത്തിട്ട് അധികകാലമായില്ലെന്നും നിയമപരമായ നടപടികൾ ഇല്ലാതെയാണ് ജപ്തിനോട്ടിസ് പതിച്ചതെന്നും നാട്ടുകാർ ആരോപിച്ചു.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഉച്ചയോടെ ബാങ്ക് അധികൃതരെത്തി നോട്ടീസ് പതിക്കുകയായിരുന്നുവെന്നാണ് വിവരം. ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവർഷം ബിരുദ വിദ്യാർത്ഥിനിയാണ് അഭിരാമി. വൈകിട്ട് നാലരയോടെയാണ് അഭിരാമി ആത്മഹത്യ ചെയ്തത്. ബാങ്ക് അധികൃതർ എത്തിയപ്പോൾ സാവകാശം വേണമെന്ന് സമീപത്ത് താമസിക്കുന്നവർ പറഞ്ഞെങ്കിലും ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചെന്നാണ് വിവരം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP