Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202001Sunday

കേരള ബാങ്കിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് പിൻവാതിൽ നിയമനം കിട്ടിയ യുപി സ്‌കൂളിലെ മുൻ അദ്ധ്യാപിക; യോഗ്യത ഇല്ലാതിരുന്നിട്ടും സഹകരണ വകുപ്പിലെ ഉന്നതന്റെ ഇടപെടലിൽ നേടിയത് പദവിയും മറ്റ് ആനുകൂല്യങ്ങളും; ആർ ബി ഐ യുടെയും നബാർഡിന്റെയും ഉന്നത യോഗങ്ങളിൽ ബാങ്കിനെ പ്രതിനിധീകരിക്കുന്ന യുവതിയുടെ 'അങ്കിൾ' വിളിയിലും ചർച്ചകൾ; സർക്കാരിനെ വെട്ടിലാക്കാൻ പോകുന്ന മറ്റൊരു അനധികൃത നിയമന കഥ

കേരള ബാങ്കിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് പിൻവാതിൽ നിയമനം കിട്ടിയ യുപി സ്‌കൂളിലെ മുൻ അദ്ധ്യാപിക; യോഗ്യത ഇല്ലാതിരുന്നിട്ടും സഹകരണ വകുപ്പിലെ ഉന്നതന്റെ ഇടപെടലിൽ നേടിയത് പദവിയും മറ്റ് ആനുകൂല്യങ്ങളും; ആർ ബി ഐ യുടെയും നബാർഡിന്റെയും ഉന്നത യോഗങ്ങളിൽ ബാങ്കിനെ പ്രതിനിധീകരിക്കുന്ന യുവതിയുടെ 'അങ്കിൾ' വിളിയിലും ചർച്ചകൾ; സർക്കാരിനെ വെട്ടിലാക്കാൻ പോകുന്ന മറ്റൊരു അനധികൃത നിയമന കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള ബാങ്കിന്റെ സ്റ്റിയറിങ് നിയന്ത്രിക്കുന്നത് പിൻവാതിൽ നിയമനം കിട്ടിയ യുവതി. യോഗ്യത ഇല്ലാതിരുന്നിട്ടും സഹകരണ വകുപ്പിലെ ഉന്നതന്റെ ഇടപെടലിൽ നേടിയത് ഉന്നത പദവിയും അര ലക്ഷം രൂപ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ്. ആർ ബി ഐ യുടെയും നബാർഡിന്റെയും ഉന്നത യോഗങ്ങളിൽ ബാങ്കിനെ പ്രതിനിധീകരിക്കുന്ന യുവതി അൺ എയ്ഡഡ് സ്‌ക്കൂളിളെ മുൻ യു പി അദ്ധ്യാപിക മാത്രമാണ്. സർവ്വീസ് ബ്രേക്ക് വരാതിരിക്കാൻ സി ജി എം നെ വീട്ടിൽ നിന്നും വിളിച്ചു വരുത്തി നിയമന ഉത്തവ് നല്കി. മീറ്റിംഗുകളിൽ യുവതി അങ്കിൾ എന്നു വിളിക്കുന്ന ഉന്നതന്റെ ഇടപെടലുകളും ചർച്ചയാക്കുകയാണ് ജീവനക്കാർ.

എൽ ഡി ഫ് സർക്കാരിന്റെ 'സ്വപ്ന' പദ്ധതിയായ കേരളം ബാങ്കിന്റെ മറവിൽ വകുപ്പിലെ ഉന്നതന്റെ അടുത്ത ബന്ധു എന്ന് അവകാശപ്പെടുന്ന യുവതിക്കാണ് ചട്ടം മറികടന്നു പിൻവാതിൽ നിയമനം നല്കിയിരിക്കുന്നത്. .കേരളാ ബാങ്കിന്റെ രൂപീകരണത്തിനായി രൂപീകരിച്ച ടാസ്‌ക് ഫോഴ്സിലും കേരളാ ബാങ്ക് സ്പെഷ്യൽ സെല്ലിലും ഈ യുവതിക്ക് 50000 / രൂപ ശമ്പളത്തിൽ നിയമനം നൽകിയിരുന്നു .കേരളാ ബാങ്കിൽ യുവതിയുടെ ഭരണം അതിരു കടന്നതായി പരാതി വന്നതിനെ തുടർന്നും യുവതിയുടെ ഇടപെടലുകളിൽ പലതും വിവാദമായ പശ്ചാത്തലത്തിലുമാണ് സംരക്ഷിത ലാവണം എന്ന നിലയിൽ ഈ വർഷം ജനുവരിയിൽ ബാങ്കിന്റെ കീഴിൽ തന്നെ പ്രവർത്തിച്ചു വരുന്ന മൺ വിളയിൽ സ്ഥിതി ചെയ്യുന്ന അസ്തി ( കോഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ്) യിൽ യുവതിയെ നിയമിച്ചത് .

ഡയറക്ടറിന് തൊട്ടു കീഴിൽ പ്രൊജക്റ്റ് കോഓർഡിനേറ്റർ എന്ന തസ്തിക രൂപീകരിച്ചായിരുന്നു നിയമനം. പ്രതിമാസം 75000 / ശമ്പളത്തിലായിരുന്നു പുതിയ നിയമന ഉത്തരവ്. അവിടെ ഡയറക്ടറുമായും ചില ഉദ്യോഗസ്ഥരുമായും കൊമ്പ് കോർത്ത യുവതി പാർട്ടി കുടുംബത്തിൽപ്പെട്ട ഒരു ജീവനക്കാരിക്കെതിരെയും യുദ്ധം പ്രഖ്യാപിച്ചു. എല്ലാത്തിനും കൂട്ടായി സഹകരണ വകുപ്പിലെ ഉന്നതൻ ഉള്ളതു കൊണ്ടു തന്നെ യുവതിക്കെതിരെ പരാതി പറയാൻ പോലും സഹപ്രവർത്തകർക്ക് പേടിയാണ്. എന്നാൽ മൺവിളയിലെ പരിശീലന കേന്ദ്രത്തിൽ യുവതി നടത്തിയ പരിഷ്‌ക്കാരങ്ങളും ജീവനക്കാരെ പീഡിപ്പിക്കലും പാർട്ടിയുടെ പ്രാദേശിക കമ്മിറ്റികളിൽ പോലും ചർച്ചയായി. യുവതിയുടെ നിയനം പാർട്ടി അറിഞ്ഞല്ലന്ന് കൂടി വ്യക്തമായതോടെ ചില പ്രാദേശിക നേതാക്കൾ അരയും തലയും മുറുക്കി രംഗത്ത് ഇറങ്ങി.


ഇതാണ് തലസ്ഥാനത്ത് ട്രിപ്പിൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേ ദിവസം പ്രത്യേക ഉത്തരവിലൂടെ യുവതിക്ക് വീണ്ടും ബാങ്കിലെ ഓഫീസർ ആയി അധിക ചുമതല നല്കി സ്ഥലം മാറ്റിയത് .കൂടാതെ ഈ ഉത്തരവിലൂടെ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസിന്റെ കീഴിൽ എക്സിക്യൂട്ടീവ് ഓഫീസർ ടു അഡ്‌മിനിസ്ട്രേറ്റർ ഓഫ് കേരളാ ബാങ്ക് /കോഓപ്പറേഷൻ സെക്രട്ടറി എന്ന അധിക ചുമതലയും നൽകിയിട്ടുണ്ട്. അതു കൊണ്ട് തന്നെ സെക്രട്ടറിയേറ്റിലാണ് യുവതിയുടെ ഇപ്പോഴത്തെ പ്രവർത്തനം ഇടക്ക് കേരള ബാങ്ക് ആസ്ഥാനത്തും എത്തും.

അഴിമതി നിയമനത്തിന്റെ നാൾ വഴികൾ

കേരള സംസ്ഥന സഹകരണ ബാങ്കിന്റെ (ഇന്നത്തെ കേരളാ ബാങ്ക്) പ്രസിഡന്റ് ആയി ഒരു ഉന്നത സി പി എം നേതാവ് 12 വർഷങ്ങൾക്ക് മുൻപ് ചുമതല ഏറ്റെടുത്ത സമയത്താണ് ഈ യുവതിക്ക് ആദ്യമായി ബാങ്കിൽ ദിവസവേതന കരാറിൽ ക്ലാർക്കായി ജോലി നൽകിയത്. നേതാവിന്റെ ബന്ധുവും നാട്ടുകാരിയുമാണ് യുവതി എന്നാണ് സഹ പ്രവർത്തകരോടു പറഞ്ഞിരുന്നത്. തുടർന്നു ബാങ്ക് സീമാറ്റ് എന്ന പേരിൽ ഒരു എം ബി എ കോളജ് തുടങ്ങുകയും ഈ യുവതിക്ക് കോളേജിൽ ഓഫീസ് അസിസ്റ്റ്ന്റ് എന്ന പേരിൽ സ്ഥിര നിയമനം നൽകുകയും ചെയ്തു. നേതാവിന്റെ ഒറ്റ താല്പര്യത്തിലായിരുന്നു നിയമനം.

എന്നാൽ ബാങ്കിങ് ബിസിനസ് നടത്തുന്ന കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്ക് കോളേജ് നടത്താൻ പാടില്ലന്ന് റിസർവ്വ് ബാങ്ക് നിലപാടെടുത്തു. ഇതിനെതിരെ ബാങ്ക് അധികൃതരും പ്രസിഡന്റും പല വട്ടം ആർ ബി ഐ റീജണൽ മേധാവി അടക്കമുള്ളവരെ കണ്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ആർ ബി ഐ യുടെ കർശന നിർദ്ദേശം അനുസരിച്ചു 2012- 13 സാമ്പത്തിക വർഷത്തിൽ സീമാറ്റ് കോളേജ് അടച്ചു പൂട്ടി. ഈ യുവതി അടക്കം എല്ലാപേരെയും ജോലിയിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു . ജോലി നഷ്ട്ടപെട്ട യുവതിയും സഹപ്രവർത്തകരും ബാങ്കിലോ ബാങ്കിന്റെ കീഴിലെ അസ്തി (ട്രെയിനിങ് സെന്റ്‌ററിലോ) ജോലി നൽകണം എന്ന് ആവശ്യപ്പെട്ടു സമരം ഉൾപ്പടെയുള്ള പരിപാടികൾ ആയി മുന്നോട്ടു പോയെങ്കിലും ബാങ്കിലെ നിയമനങ്ങൾ പി എസ് സി ക്കു വിട്ടിരുന്നതിനാൽ അന്നത്തെ യു ഡി എഫ് സർക്കാർ പിരിച്ചു വിട്ട തീരുമാനത്തിൽ ഉറച്ചു നിന്നു. പിരിച്ചു വിടപ്പെട്ടവർ തിരുകി കയറ്റപ്പെട്ടവർ ആയതു കൊണ്ടു തന്നെ മറ്റു സമ്മർദ്ദങ്ങൾ ഒന്നും അക്കാലത്ത് ഉണ്ടായതുമില്ല.

2016 ൽ എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നയുടൻ കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നടപടികൾ ശക്തിപ്പെടുത്തി. കേരളാ ബാങ്കിന്റെ രൂപീകരണത്തിനായി ആർബി ഐ ,നബാർഡ് ,സഹകരണം ,ഐടി ,ലോ,ബാങ്കിങ് ഫീൽഡിൽ മികവ് തെളിയിച്ചവർ എന്നിവരെ ഉൾപ്പെടുത്തി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാൻ തീരുമാനിച്ചു.ഇതിന്റെ അടിസ്ഥാനത്തിൽ ആർ ബി ഐ ,നബാർഡ്, കെ എസ് സി ബി ,ഡിസിബി എന്നിവിടങ്ങളിൽ നിന്നും വിരമിച്ചവരും ജോലി ചെയ്തു വന്നിരുന്ന പ്രഗത്ഭരെയും ഉൾപ്പെടുത്തി ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു .അതേ സമയം എല്ലാപേരെയും അത്ഭുത പെടുത്തികൊണ്ടു മേൽ പറഞ്ഞ പ്രായോഗിക യോഗ്യതയോ പ്രവൃത്തി പരിചയമോ കേരള സംസ്ഥാന സഹകരണ ബാങ്ക് ആവിശ്യപ്പെടുന്ന വിദ്യാഭ്യാസ യോഗ്യതയോ ഒന്നും തന്നെ ഇല്ലാത്ത ഈ യുവതിയെ മാസം 50 ,000 രൂപ ശമ്പളത്തിൽ നിയമിക്കാൻ വകുപ്പിലെ ഉന്നതന്റെ നിർദ്ദേശ പ്രകാരം പ്രത്യേക ഉത്തരവിറങ്ങി. അന്ന് പിരിച്ചു വിടപ്പെട്ടവരിൽ യുവതിക്ക് വേണ്ടി മാത്രമായിരുന്നു ഉത്തരവെന്ന് ഓർക്കണം. ഉത്തരവിറങ്ങുന്ന സമയം ഈ യുവതി തിരുവനന്തപുരത്തെ ഒരു പ്രമുഖ സ്വകാര്യ സ്‌കൂളിൽ യു പി സെക്ഷനിൽ സയൻസ് ടീച്ചർ ആയി താത്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. അസ്സോസിയേറ്റ് ഓഫീസർ (എച്ച ആർ ) എന്ന പേരിലായിരുന്നു നിയമനം .എന്നാൽ പ്രസ്തുത നിയമനത്തിന് വേണ്ട ഒരു യോഗ്യതയോ മുൻ പരിചയമോ ഈ യുവതിക്ക് ഇല്ലായിരുന്നു. ഇക്കാര്യം സഹകരണ വകുപ്പിലെ ചിലരും സഹകരണ വകുപ്പിലെ ഉന്നതന്റെ ഉപദേശകനായ തൃശൂർ സ്വദേശിയും ചൂണ്ടിക്കാണിച്ചുവെങ്കിലും നിയമനം നടക്കട്ടെ എന്നായിരുന്നു നിർദ്ദേശം. ഈ നിയമനത്തിന് വേണ്ടി ഒരു അഭിമുഖം പോലും സർക്കാരോ വകുപ്പോ നടത്തിയിട്ടില്ല എന്നത് തന്നെയാണ് അഴിമതിയുടെ ഏറ്റവും വലിയ തെളിവ്.

കേരളത്തിന് പുറത്തുള്ള സർവകാലശാലയിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി സുവോളജിയിൽ എടുത്ത ബിരുദം ആണ് യുവതിയുടെ യോഗ്യതയായി പറയുന്നത്. അംഗീകാരമില്ലാത്ത സർവ്വകലാശാലകളുടെ വേറെയും സർട്ടിഫിക്കറ്റുകൾ യുവതി കരസ്തമാക്കിയിട്ടുണ്ടെന്ന് സഹപ്രവർത്തകർ പറയുന്നു. പിന്നീട് കേരളാ ബാങ്ക് രൂപീകരണത്തോടെ ടാസ്‌ക് ഫോഴ്സ് പിരിച്ചുവിടാൻ സർക്കാർ ഉത്തരവിറക്കി. .അതോടൊപ്പകേരളാ ബാങ്കിൽ കാര്യപ്രാപ്തിയും ബാങ്കിങ് അനുഭവസമ്പത്തുമുള്ള ബാങ്ക് ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി കൊണ്ട് കേരളാ ബാങ്ക് സെൽ രൂപീകരിക്കാനും ഈ ഉത്തരവിൽ സർക്കാർ നിർദ്ദേശിച്ചു.തുടർന്ന് പി എസ് സി യിൽ നിന്നും നിയമിതരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരളാ ബാങ്ക് സെൽ 2018 അവസാനത്തോട് കൂടി രൂപീകരിച്ചു . എന്നാൽ ഇവിടെയും സഹകരണ വകുപ്പിലെ ഉന്നതന്റെ ഓഫീസ് ഇടപെട്ട് കേരളാ ബാങ്ക് സെല്ലിലെ ജീവനക്കാരുടെ കാര്യ പ്രാപ്തി നിലവാരത്തിന് ഒപ്പം ഉയരുന്നില്ല എന്ന വാദം ചൂണ്ടിക്കാട്ടി ഈ മേഖലയിൽ ഒരു മുൻപരിചയവും ഇല്ലാത്ത ഈ യുവതിയെ കേരളാ ബാങ്കിന്റെ സെല്ലിൽ അസ്സോസിയേറ്റ് ഓഫീസർ എന്ന തസ്തികയിൽ നിയമിക്കുന്നതിന് പ്രത്യേക ഉത്തരവിറക്കി. ടാക്സ് ഫോഴ്സിലെ ഇവരുടെ സർവ്വീസ് ബ്രേക്കാവാതിരിക്കാൻ ഓഫീസ് സമയം കഴിഞ്ഞ് വീട്ടിൽ പോയ സിജിഎം നെ തിരികെ വിളിച്ചാണ് നിയമന ഉത്തരവിൽ ഒപ്പു വെയ്‌പ്പിച്ചതെന്ന് ജീവനക്കാർ രഹസ്യമായി പറയുന്നു.

കൂടാതെ ഇവർക്ക് വേണ്ടി അസിസ്റ്റന്റ് ആയി കരാർ അടിസ്ഥാനത്തിൽ ഒരു ഓഫീസ് അസിസ്റ്റന്റിനെ കൂടി പ്രത്യേക ഉത്തരവിലൂടെ നിയമിച്ചു . പി എസ് സി യിൽ നിന്നും നിയമിതരായ ഡെപ്യൂട്ടി ജനറൽ മാനേജർ ,മാനേജർ ,സീനിയർ അക്കൗണ്ടന്റ് എന്നിവർ ഇവരെ അസിസ്റ്റ് ചെയ്യുന്നതിന് പുറമെ ആയിരുന്നു ഈ നിയമനം . കേരളാ ബാങ്കിന് അന്തിമ അനുമതി ലഭിക്കുന്ന മുറക്ക് ജീവനക്കാർക്ക് പരിശീന പരിപാടി സംഘടിപ്പിക്കുന്നതിനാണ് എന്ന പേരിലായിരുന്നു നിയമനം എങ്കിലും ബാങ്കിന്റെ മറ്റു അഡ്‌മിനിസ്റ്റേറ്റിവ് കാര്യങ്ങളിലും ഇവരുടെ ഇടപെടൽ ആരംഭിച്ചു .പല ഉന്നത മീറ്ററിംഗുകളിലും സെമിനാറുകളിലും ബാങ്കിനെ പ്രീതിനീകരിച്ചു പങ്കെടുത്തിരുന്നത് ഈ യുവതി തന്നെ ആയിരുന്നു . കേരള ബാങ്കിന്റെ പേരിൽ ഉള്ള ഐ ഡി കാർഡ് വാഹനം എന്നിവയും ഈ യുവതി അനധികൃതമായി ഈ കാലയളവിൽ ഉപയോഗിച്ചിരുന്നുവെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്. സിജി എം , ജി എം അടക്കമുള്ള ഉന്നതർ ഓഫീസിലുള്ളപ്പോഴാണ് യുവതി അവർ പങ്കെടുക്കേണ്ട പല മീറ്റിംഗുകളിലും പോയിരുന്നത്.

വകുപ്പിലെ ഉന്നതനെ 'അങ്കിൾ ' എന്ന് മീറ്റിംഗിൽ പോലും വിളിച്ചു അഭിസംബോധന ചെയ്യുമായിരുന്ന യുവതിയുടെ ഇത്തരം പ്രവർത്തികൾക്ക് എതിരെ ശബ്ദം ഉയർത്താൻ ബാങ്കിലെ ഉന്നതൻ മാർക്കും ധൈര്യം പോരയായിരുന്നു. ഇവരുടെ അതിരു കവിഞ്ഞ ഭരണം ചോദ്യം ചെയ്ത പല ഉദ്യോഗസ്ഥർക്കും സഹകരണ വകുപ്പിലെ ഉന്നതന്റെ ഓഫീസിൽ നിന്നും കയ്‌പ്പേറിയ അനുഭവങ്ങളും ഉണ്ടായിട്ടുണ്ട് .തനിക്കു എതിരെ ശബ്ദം ഉയർത്തിയ പലരെയും വെല്ലുവിളിക്കുകയും വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റം ഉൾപ്പടെ ഉള്ള പ്രതികാര നടപടികൾ ഈ യുവതി ഇടപെട്ട് നടത്തിയിരുന്നു പോലും. സി ജി എം ഉൾപ്പടെ തനിക്കു വേണ്ടപ്പെട്ടവർക്കു ട്രാൻസ്ഫർ ,ഇഷ്ട്ടമുള്ള സീറ്റ് എന്നിവ തരപ്പെടുത്തി കൊടുക്കുന്നതിലും ഈ യുവതി തന്റെ സ്വാധീനം ബാങ്കിൽ ഉപയോഗ പെടുത്തി. ബാങ്കിൽ തനിക്കു സൗകര്യങ്ങൾ ഇല്ല എന്ന് ഉന്നതനോടു യുവതി പരാതിപ്പെട്ടപ്പോൾ എ സി ഉൾപ്പടെ കാബിനിൽ സ്ഥാപിച്ച് ഇവർക്ക് വേണ്ടി ലക്ഷങ്ങൾ ചെലവിട്ടു നവീകരണ പ്രവർത്തികൾ നടത്തിയത് സംബന്ധിച്ച വിവാദം ഇനിയും അവസാനിച്ചിട്ടില്ല .കൂടാതെ ബാങ്കിലെ കാര്യക്ഷമതയുള്ള ജീവനക്കാരെ കണ്ടെത്താൻ ഉള്ള ചുമതലയും ഈ യുവതി ഏറ്റെടുത്തു . വർഷങ്ങളുടെ പ്രവൃത്തി പരിചയം ഉള്ള ഡെപ്യൂട്ടി ജനറൽ മാനേജർ ,സീനിയർ മാനേജർ തുടങ്ങിയ പലരെയും മാർക്കിട്ടു വിലയിരുത്തിയത് ബാങ്കിൽ കരാർ അടിസ്ഥാനത്തിൽ ക്ലാർക്കായി വന്ന ഈ യുവതിയാണ്.

യുവതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആണ് കേരളാ ബാങ്കിലെ ട്രാൻസ്ഫർ ആൻഡ് പോസ്റ്റിങ്ങ് നടന്നിരുന്നത് . ഇത് കൂടാതെ ബാങ്കിന്റെ ലോഗോ സെലക്ഷൻ കമ്മിറ്റി അംഗം എന്ന നിലയിൽ യുവതി നടത്തിയ ഇടപെടലുകളും ലോഗോ മൽസരത്തിൽ പങ്കെടുത്ത എല്ലാ ലോഗോകളും തള്ളി കണ്ണൂരിൽ ഉള്ള ഒരു സ്ഥാപനത്തിന് നൽകാൻ മുൻകൈ എടുത്തതും യുവതിയാണന്നാണ് ആക്ഷേപം. ബാാങ്കിന്റെ സിഇഒ യെ തെരെഞ്ഞെടുക്കാൻ നടന്ന ഇന്റർവ്യൂവിൽ ഉന്നതന്മാർക്കു മാത്രം പ്രേവേശനം ഉള്ള മുറിയിൽ ഈ യുവതിയുടെ സാന്നിധ്യവും അന്ന് ബാങ്കിൽ ചർച്ചാ വിഷയം ആയതാണ് . എന്നാൽ കേരളാ ബാങ്കിന്റെ രൂപീകരണത്തിന് ശേഷവും ഈ യുവതി യുടെ സേവനം നീട്ടി കൊണ്ട്
പോകുകയും ബാങ്കിന്റെ പുതുക്കിയ ഓർഗണോഗ്രാം ഇൽ ഈ യുവതിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ജനറൽ മാനേജറിന് തുല്യമായ പദവി ഉൾപ്പെടുത്തിയതിന് എതിരെ ജീവനക്കാരുടെ സംഘടനകളും മറ്റു പ്രതിഷേധം ഉയർത്തിയിരുന്നു. കൂടാതെ ഭരണ രംഗത്ത് യുവതിനടത്തിയ അമിത ഇടപെടലുകൾ വലിയ പരാതികൾക്കും ഇടവെച്ചിരുന്നു. ഇതൊക്കെ കണക്കിലെടുത്താണ് യുവതിയെ ബാങ്കിന്റെ കീഴിൽ പ്രവർത്തിച്ചു വന്നിരുന്ന അസ്തി ( കോഓപ്പറേറ്റീവ് ട്രെയിനിങ് കോളേജ്) യിൽ ഡയറക്ടറിന് തൊട്ടു കീഴിൽ പ്രൊജക്റ്റ് കോഓർഡിനേറ്റർ എന്ന തസ്തിക രൂപീകരിച്ചു പ്രതിമാസം 75000 / ശമ്പളത്തിൽ നിയമനം നൽകിയത്.. മൺവിള യിലെ അസ്തിയിൽ ചാർജ് എടുത്തതിനു പുറകെ ലക്ഷങ്ങൾ ചെലവിട്ടു അസ്തിയിലെ തന്റെ ക്വാട്ടേഴ്സ് മോദി പിടിപ്പിക്കുകയിരുന്നു ഈ യുവതി ആദ്യം ചെയ്തത്. അസ്തിയിൽ നിന്നും വെറും 10 കിലോമീറ്റർ പോലും അകലെ അല്ലാതെ സ്വന്തം വീട് ഉള്ളപ്പോഴായിരുന്നു ഈ ധൂർത്ത് . കൂടാതെ ബാങ്കിൽ നിന്ന് മാറിയെങ്കിലും ബാങ്കിലെ ചാർജ് ഒഴിയാത്തതും ഭരണ പരമായ പ്രതി സന്ധി ഉണ്ടാക്കിയെന്നാണ് വിമർശനം .

പലപ്പോഴും ബാങ്കിലെ സി ജി എം ഇവരെ കാർ അയച്ചു വിളിച്ചു വരുത്തി ആണ് ഇവരുടെ കാബിനിലെ അലമാരകളിൽ സൂക്ഷിച്ചിരിക്കുന്ന ഫയൽ എടുക്കുന്നതെന്ന് ജീവനക്കാർ അടക്കം പറയുന്നുണ്ട്. ഇതിന് ഇടയിൽ ആണ് വീണ്ടും യുവതിക്ക് ബാങ്കിൽ അധിക ചുമതല നൽകി ഉള്ള ഉത്തരവ് ഇറങ്ങിയത്. ഇതിനു എതിരെ ബാങ്കിലെ ഭൂരിപക്ഷം ജീവനക്കാരും പ്രതിഷേധത്തിലാണ്. ഒരു യോഗ്യതും ഇല്ലാതിരുന്നിട്ടും ഈ യുവതി തന്റെ സ്വാധീനം മാത്രം ഉപയോഗിച്ച് കഴിഞ്ഞ മൂന്നു വർഷം കൊണ്ടു 16 ലക്ഷത്തോളും രൂപ ശമ്പള ഇനത്തിൽ മാത്രം നേടിയെന്നാണ് ഇവരുടെ ആക്ഷേപം.യാത്ര ബത്ത, മറ്റു അലവൻസുകൾ ഇതൊക്കെ ഇതിന് പുറമെ ആണ്. എന്തായാലും വിവാദ നിയമനത്തിനെതിരെ സമരപരപാടികൾക്കാണ് ഒരു വിഭാഗം ജീവനക്കാരുടെ നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP