Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാർ ജോലി വേണമെങ്കിൽ പിഎസ് സി പരീക്ഷ ഒന്നും എഴുതേണ്ട? കേരള കാർഷിക സർവ്വകലാശാലയിൽ ദിവസക്കൂലിക്ക് ജോലിക്ക് കയറിയാൽ മതി; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് അറുപതു വയസ്സുവരെ സർവ്വീസിൽ തുടരാം: ഭാഗ്യമുണ്ടെങ്കിൽ സർവ്വീസ് വീണ്ടും നീട്ടിക്കിട്ടും: അഞ്ചുമാസം മുമ്പ് വിരമിക്കേണ്ടിയിരുന്ന സഖാവ് എ.ടി. ഫ്രാൻസിസ് ലൈബ്രേറിയനായി ഇപ്പോൾ തുടരുന്നത് അനന്തമായ കാലത്തേക്ക്

സർക്കാർ ജോലി വേണമെങ്കിൽ പിഎസ് സി പരീക്ഷ ഒന്നും എഴുതേണ്ട? കേരള കാർഷിക സർവ്വകലാശാലയിൽ ദിവസക്കൂലിക്ക് ജോലിക്ക് കയറിയാൽ മതി; ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ച് അറുപതു വയസ്സുവരെ സർവ്വീസിൽ തുടരാം: ഭാഗ്യമുണ്ടെങ്കിൽ സർവ്വീസ് വീണ്ടും നീട്ടിക്കിട്ടും: അഞ്ചുമാസം മുമ്പ് വിരമിക്കേണ്ടിയിരുന്ന സഖാവ് എ.ടി. ഫ്രാൻസിസ് ലൈബ്രേറിയനായി ഇപ്പോൾ തുടരുന്നത് അനന്തമായ കാലത്തേക്ക്

മറുനാടൻ മലയാളി ബ്യുറോ

തിരുവനന്തപുരം: കേരളത്തിൽ അമ്പത്താറു വയസ്സിൽ റിട്ടയർമെന്റ് ഇല്ലാത്ത ഒരു സർക്കാർ സ്ഥാപനമുണ്ട്. കേരള കാർഷിക സർവ്വകലാശാല. ഭാഗ്യമുണ്ടെങ്കിൽ നിങ്ങൾക്ക് അനന്തമായ കാലത്തേക്കും സർവ്വീസിൽ തുടരാം. ദിവസക്കൂലിക്ക് സർവ്വകലാശാലയിൽ ജോലിക്ക് പ്രവേശിക്കുക. എന്നിട്ട് എങ്ങെനെയെങ്കിലും ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്താൽ മതി. കേസ്സിൽ അനുകൂലമോ പ്രതികൂലമോ വിധിയൊന്നും വരണമെന്നില്ല. ഹർജിയുടെ ബലത്തിൽ അറുപതു വയസ്സുവരെ സർവ്വീസിൽ തുടരാം. ഭാഗ്യമുണ്ടെങ്കിൽ അനന്തമായും സർവ്വീസിൽ തുടരാം.

കാർഷിക സർവ്വകാലാശാലയിൽ അഞ്ചുമാസം മുമ്പ് വിരമിക്കേണ്ടിയിരുന്ന സഖാവ് എ.ടി. ഫ്രാൻസിസ് ലൈബ്രേറിയനായി ഇപ്പോൾ തുടരുന്നത് അനന്തമായ കാലത്തേക്ക്. വെറുതെയല്ല, യുജിസി. സ്‌കെയിലിൽ അറുപതു വയസ്സുവരെ ആറക്കത്തിൽ കൂടുതൽ ശമ്പളം വാങ്ങാം. ബോർഡും കൊടിയും വച്ച കാറിൽ പറക്കാം. സർവ്വീസിൽ നിന്ന് പോരുമ്പോൾ ഒരു പി.എച്ച്.ഡി. ബിരുദവുമായി വേണമെങ്കിൽ വിശ്രമജീവിതം നയിക്കാം. അല്ലെങ്കിൽ വീണ്ടും കാർഷിക സർവ്വകലാശാലയുടെ ജനറൽ കൗൺസിൽ അംഗത്വമോ എക്‌സിക്യുട്ടീവ് കമ്മറ്റി അംഗത്വമോ സ്വന്തമാക്കാം.

ഇതിനെല്ലാം കൂടി നിങ്ങൾക്ക് ഒരു യോഗ്യതയെ വേണ്ടൂ; സർവ്വകലാശാല ഭരണം കയ്യാളുന്ന രാഷ്ട്രീയ പാർട്ടിയിൽ ഒരു അംഗത്വം. ഇപ്പോഴാണെങ്കിൽ സിപിഐ. പാർട്ടിയിൽ ഒരു അംഗത്വം. പിന്നെ ലക്ഷങ്ങൾ പാർട്ടി ഫണ്ടിലേക്ക് സംഭാവന. ഇത്തരം പണിക്കായി സിപിഐ. ഒരു സാമ്പത്തിക കാര്യ വിദഗ്ദനെ കാർഷിക സർവ്വകലാശാലയിൽ നിയോഗിച്ചിട്ടുണ്ടത്രെ.

അറുപതിൽ വിരമിക്കൽ ഉപജ്ഞാതാവ് ശ്രീമതി അംബിക വർമ്മ
ഏതാണ്ട് രണ്ടു പതിറ്റാണ്ട് മുമ്പ് ശ്രീമതി അംബിക വർമ്മ കാർഷിക സർവ്വകലാശാലയിൽ ഒരു ഗവേഷണ സഹായിയായി ദിവസക്കൂലിക്ക് ജോലിയിൽ പ്രവേശിച്ചതാണ്. 59 ദിവസത്തെക്കായിരുന്നു കരാർ. പ്രതിമാസ കൂലി 2800 രൂപ. പിന്നെ കരാർ ജോലി പുതുക്കണം. ശ്രീമതി അംബിക വർമ്മ അങ്ങനെ കരാർ പുതുക്കിക്കൊണ്ടിരുന്നു. ഒപ്പം സർവ്വകലാശാലയുടെ അടിസ്ഥാന സൗകര്യങ്ങളെ ഉപയോഗപ്പെടുത്തി പഠനം തുടർന്നു. പി.എച്ച്.ഡി. ലഭിച്ചു.

സർവ്വകലാശാലയിലെ അദ്ധ്യാപകർക്ക് കൂടുതലും പുറം പണിയിലാണ് താൽപ്പര്യം. അന്നും ഇന്നും. കാർഷിക സർവ്വകലാശാല ഇതിനെ ഓമനപ്പേരിട്ട് വിളിക്കുന്നത് കൃഷി വിജ്ഞാന വ്യാപനം എന്നാണ്.പരീക്ഷണശാലയിൽ നിന്ന് പാടത്തേക്ക് എന്നും ആലങ്കാരികമായി പറയാം. എന്നുവച്ചാൽ കാർഷിക സർവ്വകലാശാലയിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും അനുഭവിച്ചുകൊണ്ട് പുറം പണിയെടുത്ത് കാശുണ്ടാക്കുക.

ഈ സാഹചര്യത്തിലാണ് ശ്രീമതി അംബിക വർമ്മക്ക് സർവ്വകലാശാലയിൽ ക്ലാസുകൾ എടുക്കാൻ അവസരം ലഭിച്ചത്. കാരണം സർവ്വകലാശാല അദ്ധ്യാപകരൊക്കെ പുറം പണിയിലായിരുന്നല്ലോ.

ആദ്യം ബിരുദ വിദ്യാർത്ഥികൾക്ക് പിന്നെപ്പിന്നെ ബിരുദാനന്തര വിദ്യാർത്ഥികൾക്ക്. വേണ്ടത്ര രേഖകളെല്ലാം സ്വന്തമായപ്പോൾ ശ്രീമതി അംബിക വർമ്മ ഹൈക്കോടതിയിൽ ഒരു ഹർജി കൊടുത്തു. വർഷങ്ങളോളമായി കാർഷിക സർവ്വകലാശാലയിൽ ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുക്കുന്ന വേണ്ടത്ര യോഗ്യതയുള്ള തന്നെ സ്ഥിരപ്പെടുത്തണമെന്ന് കോടതിയോട് താഴ്മയായി അപേക്ഷിച്ചു.

കോടതി ശ്രീമതി അംബിക വർമ്മക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. പിന്നെ ദിവസക്കൂലിക്ക് കാർഷിക സർവ്വകലാശാലയിൽ പ്രവേശിച്ച ശ്രീമതി അംബിക വർമ്മ യുജിസി. സ്‌കെയിലിൽ ആറക്കം ശമ്പളം വാങ്ങി വകുപ്പ് മേധാവിയായി അറുപതിൽ റിട്ടയർ ചെയ്തു. റിട്ടയർമെന്റിനു ശേഷം വീണ്ടും കുറേക്കാലം ശ്രീമതി അംബിക വർമ്മ സർവ്വീസിൽ തുടർന്നതായും പറയപ്പെടുന്നു.

ശ്രീമതി അംബിക വർമ്മയുടെ പിന്മുറക്കാർ ഈ കീഴ്‌വഴക്കം തെറ്റിച്ചില്ല. അങ്ങനെയങ്ങനെ കാർഷിക സർവ്വകാലാശാലയിൽ പ്രവേശിച്ചവരെല്ലാം യുജിസി. സ്‌കെയിലിൽ ആറക്ക ശമ്പളവും വാങ്ങി അറുപതു വയസ്സുവരെ പി.എച്ച്.ഡി. അലങ്കാരത്തോടെ കൊടി വച്ച കാറിൽ ഇന്നും പറന്നുകൊണ്ടിരിക്കുന്നു.

അസിസ്റ്റന്റ്‌ ലൈബ്രേറിയന്മാർക്കും യുജിസി. അറുപതിൽ വിരമിക്കൽ
കാർഷിക സർവ്വകാലാശാലയിൽ 2001 നുശേഷം ലൈബ്രേറിയന്റെ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചിട്ടില്ല. നാളിതുവരെ അസിസ്റ്റന്റ്‌റ് ലൈബ്രേറിയന്മാർ ടി തസ്തികയുടെ ചാർജ് ചുമന്നുകൊണ്ടുനടക്കുകയാണ്. ഇതിന്നിടെയാണ് അസിസ്റ്റന്റ്‌റ് ലൈബ്രേറിയന്മാർ സർവ്വകാലാശാല വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ എടുക്കാൻ തുടങ്ങിയത്. സർവ്വകാലാശാല അദ്ധ്യാപകർ എടുക്കേണ്ട ക്ലാസ്സുകൾ അദ്ധ്യാപകർ തന്നെ സർവ്വകാലാശാല ലൈബ്രേറിയന്മാർക്ക് മറിച്ചുവിറ്റു.

പിന്നെ അതതു കാലത്തെ രാഷ്ട്രീയ കക്ഷികൾക്ക് ചുങ്കം കൊടുത്തുകൊണ്ട് ലൈബ്രേറിയന്മാർ കാർഷിക സർവ്വകാലാശാലയിൽ അസിസ്റ്റന്റ്‌റ് പ്രൊഫസ്സർമാർക്ക് തുല്യമായ യുജിസി.ശമ്പളം വാങ്ങി അമ്പത്തഞ്ചു വയസ്സിലും പിന്നീട് അമ്പത്താറു വയസ്സിലും റിട്ടയർ ചെയ്തു. എന്നാൽ കാർഷിക സർവ്വകാലാശാലയുടെ ചട്ടം 26(മ) പ്രകാരം ലൈബ്രേറിയന്മാർ അദ്ധ്യാപകർക്ക് തുല്യരല്ല. അതുകൊണ്ടുതന്നെ അദ്ധ്യാപകരുടെ ശമ്പളത്തിന് അർഹതയുമില്ലെന്ന് സർവ്വകാലാശാല കോടതിയിൽ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അതൊക്കെ കോടതിയിൽ. കാർഷിക സർവ്വകാലാശാലക്ക് എന്ത് കോടതി. എന്ത് കോടതി അലക്ഷ്യം.

അതേസമയം 2013 ൽ യുജിസി. ചട്ടപ്രകാരം സർവ്വകാലാശാല ലൈബ്രേറിയന്മാർ അറുപതുവയസ്സിൽ വിരമിച്ചാൽ മതിയെന്ന ഒരു വിധി സമ്പാദിക്കുകയായിരുന്നു മറ്റൊരു ലൈബ്രേറിയനായിരുന്ന ശ്രീമതി. കെ.എസ്. അമ്പിളി. ഈ വിധിയുടെ അടിസ്ഥാനത്തിൽ സർവ്വീസിൽ നിന്ന് ചട്ടപ്രകാരം വിരമിച്ച അവർക്ക് ഉപാധികളോടെ ആനുകൂല്യങ്ങൾ അനുവദിക്കുകയായിരുന്നു. ഈ ആനുകൂല്യങ്ങൾ അനുവദിച്ചുകിട്ടാൻ അവർ സർവ്വകാലാശാലയിലെ രാഷ്ട്രീയ പാർട്ടികൾക്ക് ചുങ്കം കൊടുത്തത് രണ്ടര ലക്ഷം രൂപ. കൂടിയ അളവിൽ അതെ ചുങ്കം ഇന്നും തുടരുന്നു.

ലൈബ്രേറിയന്മാരുടെ സേവന വേതന വ്യവസ്ഥകളിൽ സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോടതി അന്ന് സർവ്വകാലാശാലക്ക് നിർദ്ദേശം കൊടുത്തതുമാണ്. എന്നാൽ നാളിതുവരെ സർവ്വകാലാശാല ഇക്കാര്യത്തിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല.

എന്നാൽ ഉപാധികളോടെ നടപ്പാക്കിയതും സർവ്വകാലാശാല സുതാര്യവും കൃത്യവുമായ ഉത്തരവ് പുറപ്പെടുവിക്കാത്തതുമായ ആ പഴയ വിധിയുടെ മറവിലാണ് ഇപ്പോഴും സർവ്വകാലാശാലയിൽ യുജിസി. ശമ്പള സ്‌കെയിലും അനധികൃത ആനുകൂല്യങ്ങളും അസിസ്റ്റന്റ്‌റ് ലൈബ്രേറിയന്മാർ കവർന്നുകൊണ്ടിരിക്കുന്നത്.

കൊടിവച്ച കാറിൽ പറന്നുകളിച്ച് സിപിഐ. സഖാവ് എ.ടി. ഫ്രാൻസിസ്
ഏറ്റവുമൊടുവിൽ ലൈബ്രേറിയനായ സിപിഐ. സഖാവ് എ.ടി. ഫ്രാൻസിസ് കഴിഞ്ഞ അഞ്ചുമാസക്കാലമായി റിട്ടയർ ചെയ്യാതെ സർവ്വകാലാശാലയിൽ നിന്ന് പിടിച്ചുപറിച്ച യുജിസി.യും സർവ്വകാലാശാലയിൽ നിന്ന് ശമ്പളാനുകൂല്യങ്ങൾ വാങ്ങി സ്വന്തമാക്കിയ പി.എച്ച്.ഡി.യും കക്ഷത്തുവച്ചുകൊണ്ട് കൊടിവച്ച കാറിൽ പറന്നുകളിക്കുന്നു.

സഖാവ് 2017 ഓഗസ്റ്റ് 31 ന് നിയമാനുസൃതം റിട്ടയർ ചെയ്യേണ്ടതായിരുന്നു. പക്ഷെ കൃത്യം ആ ദിവസത്തിൽ തന്നെ സർവ്വകാലാശാല വിരമിക്കൽ ഉത്തരവിനുപകരം അനന്തമായി സർവ്വീസിൽ തുടരാനായി മറ്റൊരു ഉത്തരവിറക്കി. ഉത്തരവിന്റെ പരാമർശങ്ങളിൽ ഒരു കോടതി ഉത്തരവിന്റെയും ബലമില്ല. സർവ്വകാലാശാലയുടെ നിയമോപദേഷ്ടാവിന്റെ അഭിപ്രായപ്രകടനത്തിന്റെ ദുർബ്ബലമായ ബലത്തിൽ കടിച്ചുതൂങ്ങി സഖാവ് അനന്തമായി കാർഷിക സർവ്വകാലാശാലയിൽ ലൈബ്രേറിയനായി വിരാചിക്കും. സർവ്വകാലാശാലയുടെ സാമ്പത്തിക കാര്യങ്ങളിൽ ഒപ്പുവക്കും. വിദ്യാർത്ഥികളുടെ അക്കാദമിക കാര്യങ്ങളിൽ ഇടപെടും. ഗവേഷണ പ്രബന്ധങ്ങൾ കൈകാര്യം ചെയ്യം.

സർവ്വകാലാശാലയിലെ ഇടതുപക്ഷ ജീവനക്കാരുടെ സംഘടനകൾ ഈ ഉത്തരവിനെ ചോദ്യം ചെയ്തു. മുദ്രാവാക്യം വിളിച്ചു. രജിസ്റ്റ്രാറെ വിചാരണ നടത്തി. ഒരു ഫലവുമുണ്ടായില്ല. സിപിഐ.യുടെ രജിസ്റ്റ്രാർ ഡോ.ലീനാകുമാരി അവസാനം സമരാനുകൂലികളോട് സത്യം പറഞ്ഞു. കൃഷിമന്ത്രി പറഞ്ഞത് പ്രവർത്തിക്കാനാണ് എന്നെ സർവ്വകാലാശാലയുടെ കസേരയിൽ ഇരുത്തിയിരിക്കുന്നത്. വലതുപക്ഷത്തിന്റെ മുമ്പിൽ ഇടതുപക്ഷം മുട്ടുകുത്തി മുദ്രാവാക്യം കീശയിലിട്ട് പിരിഞ്ഞു.

സർവ്വകാലാശാല ലൈബ്രേറിയനായ സഖാവ് എ.ടി. ഫ്രാൻസിസ് ഇനി വിരമിക്കില്ല. കാരണം ഉത്തരവിൽ സർവ്വകാലാശാല പറഞ്ഞിരിക്കുന്നത് സർവ്വീസിൽ അനന്തമായി തുടരാനാണ്. എത്ര നാളത്തേക്ക് എന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല. സിപിഐ.യുടെ കൃഷിമന്ത്രിയും എത്ര നാളത്തേക്ക് എന്ന് പറഞ്ഞിട്ടില്ല. മന്ത്രി പറഞ്ഞത് മാത്രം നടപ്പിലാക്കുന്ന കാർഷിക സർവ്വകലാശാല രജിസ്റ്റ്രാർ ഡോ. ലീനാകുമാരിയും അതുകൊണ്ട് എത്ര നാളത്തേക്കാണ് സഖാവ് എ.ടി. ഫ്രാൻസിസ് സർവ്വകാലാശാലയിൽ തുടരുകയെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP