Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പീഡനക്കേസിൽ പിസിയെ പൂട്ടാൻ നോക്കിയത് രഹസ്യമൊഴിയിൽ; എഐസിസി സംഘടനാ സെക്രട്ടറിയെ പീഡനക്കേസിൽ പൊക്കാൻ 'പിണറായി മോഡൽ' നടപ്പാക്കും; തട്ടിപ്പുകേസിൽ പ്രതിയായ 'ഇര'യുടെ രഹസ്യമൊഴി എടുക്കുന്നത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെ അഴിക്കുള്ളിലാക്കാൻ; ഡിജിറ്റൽ തെളിവ് നിർണ്ണായകമാകുമോ? കെസി വേണുഗോപാലിനെതിരെ സിബിഐയും

പീഡനക്കേസിൽ പിസിയെ പൂട്ടാൻ നോക്കിയത് രഹസ്യമൊഴിയിൽ; എഐസിസി സംഘടനാ സെക്രട്ടറിയെ പീഡനക്കേസിൽ പൊക്കാൻ 'പിണറായി മോഡൽ' നടപ്പാക്കും; തട്ടിപ്പുകേസിൽ പ്രതിയായ 'ഇര'യുടെ രഹസ്യമൊഴി എടുക്കുന്നത് രാഹുൽ ഗാന്ധിയുടെ വിശ്വസ്തനെ അഴിക്കുള്ളിലാക്കാൻ; ഡിജിറ്റൽ തെളിവ് നിർണ്ണായകമാകുമോ? കെസി വേണുഗോപാലിനെതിരെ സിബിഐയും

സായ് കിരൺ

തിരുവനന്തപുരം: പി.സി ജോർജ്ജിനെ രഹസ്യമൊഴിയിൽ കുരുക്കിയ മാതൃകയിൽ കോൺഗ്രസിന്റെ ഉന്നത നേതാവും രാജ്യസഭാംഗവുമായ കെ.സി. വേണുഗോപാലിന്റെ ലക്ഷ്യമിട്ട് തട്ടിപ്പുകേസിൽ പ്രതിയുടെ രഹസ്യമൊഴി സിബിഐ മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തും. ഇതിനുള്ള അപേക്ഷ സിബിഐ തിരുവനന്തപുരം യൂണിറ്റിലെ അന്വേഷണ സംഘം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. ഈയാഴ്ച തന്നെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇത് അന്വേഷണ സംഘത്തിന് കൈമാറുന്നതോടെ, പീഡനക്കേസിൽ അറസ്റ്റിലേക്കും കൂടുതൽ നടപടികളിലേക്കും സിബിഐ കടക്കും. പിസി ജോർജിനെ അകത്താക്കിയത് കേരളാ പൊലീസിന്റെ ഇടപടെലാണ്. പക്ഷേ ജാമ്യം കിട്ടി. പിണറായി സർക്കാരിന്റെ ഗൂഢാലോചനയാണ് ഇതെന്ന് പിസി ജോർജ് ആരോപിച്ചിരുന്നു. ഈ മാതൃക കേന്ദ്ര സർക്കാരിന് കീഴിലുള്ള സിബിഐയും പിന്തുടരുന്നുവെന്നതാണ് ഉയരുന്ന വിലയിരുത്തൽ.

കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് സിബിഐയുടെ ഇപ്പോഴത്തെ ചടുലനീക്കമെന്നാണ് സൂചന. എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ സിബിഐയ്ക്ക് പരാതിക്കാരി കൈമാറിയിട്ടുണ്ട്. 2012 മേയിൽ അന്ന് മന്ത്രിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് വിവാദ നായികയുടെ പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും മന്ത്രി മന്ദിരത്തിൽനിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോൾ ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്. പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ തെളിവുകൾ നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾക്ക് തന്റെ പക്കൽ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ കൈമാറുന്നില്ലന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു.

വേണുഗോപാലിനു പുറമെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എംപിമാരായ ഹൈബി ഈഡൻ, അടൂർപ്രകാശ്, മുന്മന്ത്രിയും എംഎ‍ൽഎയുമായ എ.പി.അനിൽകുമാർ, ബിജെപി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻ ചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കി സിബിഐ ആറ് കേസുകളെടുത്തിട്ടുണ്ട്. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻ ചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയിട്ടുള്ളത്.

അബ്ദുള്ള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണുള്ളത്. അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിജ്ഞാപനമിറക്കിയതിനെത്തുടർന്നാണ് അന്വേഷണം സിബിഐ ഏറ്റെടുത്തത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ കേസിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ നാലരമണിക്കൂർ സിബിഐ പരിശോധന നടത്തിയിട്ടുണ്ട്. ഹൈബി ഈഡനെതിരായ കേസിൽ എംഎ‍ൽഎ ഹോസ്റ്റലിലും പരിശോധന നടത്തി.

ഏറെക്കാലം സംസ്ഥാന സർക്കാരിന്റെ വജ്രായുധമായിരുന്ന പീഡന ബോംബ് കേന്ദ്രസർക്കാരിന്റെ പക്കലാണിപ്പോൾ. സിബിഐ അന്വേഷണം കടുപ്പിക്കുന്നതിന് പിന്നിലും കേന്ദ്രനീക്കങ്ങളുണ്ടെന്ന് ആരോപണമുയരുന്നുണ്ട്. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെ ലക്ഷ്യമിട്ടാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നതെന്ന് വ്യക്തമാണ്. അന്വേഷണം കടുപ്പിച്ച സിബിഐ, ക്ലിഫ്ഹൗസിനു പുറമെ എംഎ‍ൽഎ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും തെളിവെടുപ്പ് നടത്തി സീൻ മഹസർ തയ്യാറാക്കിക്കഴിഞ്ഞു.

നിലവിലെ പൊലീസ് മേധാവി അനിൽകാന്തും ഡി.ജി.പിയായിരുന്ന രാജേഷ് ദിവാനും ഐ.ജി ദിനേന്ദ്രകശ്യപും കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് നേരത്തേ സംശയമുന്നയിച്ചിരുന്നതാണ്. 2017ഒക്ടോബർ11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് കേസിൽ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത്, ഉമ്മൻ ചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരേ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തു.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഹൈബി ഈഡൻ, അടൂർപ്രകാശ്, എ.പി. അനിൽകുമാർ എന്നിവർക്കെതിരെയടക്കം കേസെടുത്തു. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് അന്ന് സർക്കാരിനെ അറിയിച്ചിരുന്നു. പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്താൽ എഫ്.ഐ.ആറുകൾ റദ്ദാക്കാനോ കേസ് എഴുതിത്ത്ത്തള്ളാനോ കഴിയില്ല. സെക്ഷൻ 172 പ്രകാരം കോടതിയിൽ റിപ്പോർട്ട് നൽകിയേ പറ്റൂ. നിർഭയകേസിനുശേഷം 2013ഏപ്രിൽ രണ്ടിനുണ്ടായ ക്രിമിനൽ നിയമഭേദഗതി പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിലാണ്.

ഇരയുടെ മൊഴി സാഹചര്യത്തെളിവുകളുടെ പിൻബലത്തോടെ പ്രധാനതെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് അനിവാര്യമല്ലാതായി. അതേസമയം, ജോസ് കെ.മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ ഉന്നയിച്ച ലൈംഗികാരോപണങ്ങൾ ക്രൈംബ്രാഞ്ച് നേരത്തേനടത്തിയ അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. മലപ്പുറം, ഇടുക്കി ജില്ലകളിലെ ടൂറിസം പദ്ധതികളുടെ കാര്യംപറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് അനിൽകുമാറിനെതിരായ മൊഴി. ആ പദ്ധതികൾക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നതാണ് പൊരുത്തക്കേട്. അനിൽകുമാർ ഹോട്ടലിൽ താമസിച്ചതിന്റെ രേഖകളും അന്വേഷണത്തിൽ കണ്ടെത്താനായില്ല.

പ്രകൃതിവിരുദ്ധ പീഡനത്തിന് പത്തുവർഷം കഠിനതടവും പിഴയും ആവർത്തിച്ചാൽ ഇരുപതുവർഷം തടവുമാണ് ശിക്ഷ. ലൈംഗിക പീഡനം ജീവപര്യന്തമോ പത്തുവർഷം കഠിനതടവോ പിഴയോ കിട്ടാവുന്ന കുറ്റമാണ്. സ്ത്രീത്വത്തെ അപമാനിക്കലിന് അഞ്ചുവർഷം വരെ കഠിന തടവും പിഴയുമാണ് ശിക്ഷ. ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകെ നടന്ന് ശല്യം ചെയ്യുന്നതിന് മൂന്ന് വർഷം വരെ തടവാണ് ശിക്ഷ. രണ്ടുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ് വധഭീഷണി മുഴക്കൽ. വഞ്ചനാക്കു?റ്റത്തിന് ഏഴ് വർഷം വരെ തടവും പിഴയുമാണ് ശിക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP