Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

പ്രൊജക്ട് തുടങ്ങുമ്പോൾ പറഞ്ഞത് എട്ടര ഏക്കർ സ്ഥലത്ത് അറുപതിലേറെ വില്ലകളെന്ന്; മോഹനവാഗ്ദാനമായി നിരത്തിയത് ചുറ്റുമതിലും സെക്യൂരിറ്റിയും ക്ലബ് ഹൗസുമൊക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയെന്നും; തർക്കം വന്നപ്പോൾ അടിച്ചു പിരിഞ്ഞ് ബംഗളൂരുള്ള ബിൽഡേഴ്‌സും മലപ്പുറം സ്വദേശിയും; കോടികൾ മുടക്കി വില്ലക്കായി കാത്തിരുന്നവർ പെരുവഴിയിൽ; കാടുപിടിച്ച് കിടക്കുന്ന വില്ലകൾ നോക്കി നെടുവീർപ്പിട്ട് ഉടമകൾ; കഴക്കൂട്ടം അണ്ടൂർക്കോണത്തെ വില്ലാ പ്രോജക്റ്റിനു പണം മുടക്കിയവർ വഞ്ചിക്കപ്പെട്ട അവസ്ഥയിൽ

പ്രൊജക്ട് തുടങ്ങുമ്പോൾ പറഞ്ഞത് എട്ടര ഏക്കർ സ്ഥലത്ത് അറുപതിലേറെ വില്ലകളെന്ന്; മോഹനവാഗ്ദാനമായി നിരത്തിയത് ചുറ്റുമതിലും സെക്യൂരിറ്റിയും ക്ലബ് ഹൗസുമൊക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയെന്നും; തർക്കം വന്നപ്പോൾ അടിച്ചു പിരിഞ്ഞ് ബംഗളൂരുള്ള ബിൽഡേഴ്‌സും മലപ്പുറം സ്വദേശിയും; കോടികൾ മുടക്കി വില്ലക്കായി കാത്തിരുന്നവർ പെരുവഴിയിൽ; കാടുപിടിച്ച് കിടക്കുന്ന വില്ലകൾ നോക്കി നെടുവീർപ്പിട്ട് ഉടമകൾ; കഴക്കൂട്ടം അണ്ടൂർക്കോണത്തെ വില്ലാ പ്രോജക്റ്റിനു പണം മുടക്കിയവർ വഞ്ചിക്കപ്പെട്ട അവസ്ഥയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: കഴക്കൂട്ടത്തിന്നടുത്ത് അണ്ടൂർക്കോണത്ത് വില്ലാ പ്രോജക്റ്റിനു പണം മുടക്കിയവർ വഞ്ചിക്കപ്പെട്ട അവസ്ഥയിൽ. 2016-ൽ പണി തുടങ്ങിയ വില്ലാ പ്രോജക്റ്റിൽ പണം നിക്ഷേപിച്ചവരാണ് വഞ്ചിതരായ അവസ്ഥയിൽ തുടരുന്നത്. 2018-ൽ തീർത്ത് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്ന വില്ലകളുടെ പണി ഇതുവരെ പൂർത്തിയായിട്ടില്ല. ഇപ്പോൾ പ്രോജക്റ്റ് തുടങ്ങി നാല് വർഷം കഴിഞ്ഞെങ്കിലും വില്ലകളുടെ പൂർത്തീകരണം അനിശ്ചിതമായി നീളുകയാണ്. അണ്ടൂർക്കോണത്ത് എട്ടര ഏക്കറിൽ 63 വില്ലാ പ്രോജക്റ്റ് പദ്ധതിയാണ് ഇപ്പോഴും പാതിവഴിയിൽ നിൽക്കുന്നത്. ഗേറ്റഡ് കമ്മ്യൂണിറ്റി എന്ന വാഗ്ദാനം നിരത്തി ബംഗളൂരുവിലെ ബിൽഡർ ആയ എം.ജെ.ബിൽഡേഴ്‌സ് ആണ് ഈ പ്രോജക്ടുമായി രംഗത്ത് വന്നത്. എം.ജെ.ബിൽഡേഴ്‌സിന്റെ സാന്നിധ്യം കാരണമാണ് വില്ലാ പ്രോജക്റ്റ് വിശ്വസിച്ച് മിക്കവരും വില്ലകൾ ബുക്ക് ചെയ്തത്. ഇപ്പോൾ ഏകദേശം മുഴുവൻ തുകയും നൽകിക്കഴിഞ്ഞെങ്കിലും പ്രോജക്റ്റ് പാതിവഴിയിൽ തന്നെയാണ്. എം.ജെ.ബിൽഡേഴ്‌സും പ്രോജക്ടുമായി രംഗത്തുണ്ടായിരുന്ന മലപ്പുറം സ്വദേശി ഷംസുദ്ദീനും തമ്മിൽ ഇടഞ്ഞപ്പോൾ എം.ജെ. ബിൽഡേഴ്‌സ് പ്രോജക്റ്റ് ഒഴിവാക്കി പോയി. ഷംസുദ്ദീന് ആണെങ്കിൽ പ്രോജക്റ്റ് പൂർത്തിയാക്കാൻ കഴിഞ്ഞതുമില്ല. എന്ന് ഈ പ്രോജക്റ്റ് പൂർത്തിയാകുമെന്നു പറയാൻ കഴിയാത്ത അവസ്ഥയാണ്. വില്ലകളിൽ പണം നിക്ഷേപിക്കുമ്പോൾ മിക്കവർക്കും അനുഭവിക്കേണ്ടി വരുന്ന വഞ്ചനയുടെ കഥ തന്നെയാണ് അണ്ടൂർക്കോണം വില്ലാ പ്രോജക്റ്റിൽ നിന്നും വരുന്നത്.

എട്ടരയേക്കർ സ്ഥലത്ത് അഞ്ച് സെന്റ്, ഏഴു സെന്റ് എന്നിങ്ങനെ തിരിച്ച് 63 വില്ലകൾ ആണ് പ്രോജക്ടിൽ അനൗൺസ് ചെയ്തത്. 65 ലക്ഷത്തിന്റെയും 85 ലക്ഷത്തിന്റെയും വില്ലകൾ ആണ് നിർമ്മിച്ച് നല്കാം എന്ന് വാഗ്ദാനം ചെയ്തത്. ചുറ്റുമതിലും സെക്യൂരിറ്റിയും ക്ലബ് ഹൗസുമൊക്കെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റി എന്ന മോഹനവാഗ്ദാനമാണ് വില്ലാ പ്രൊജക്ടിൽ നിരത്തപ്പെട്ടത്. ഇത് കണ്ടു വിശ്വസിച്ചാണ് കഴക്കൂട്ടത്ത് നിന്ന് കുറച്ച് അകലെയാണെങ്കിലും അണ്ടൂർക്കോണത്ത് വില്ലകളിൽ പണം മുടക്കാൻ പലരും തയ്യാറായത്. ആറരയേക്കർ സ്ഥലത്ത് വില്ലാ പ്രോജക്ടിന്റെ ഭാഗമായി ചുറ്റുമതിലുകൾ പോലും ഈ നാല് വർഷംകൊണ്ട് ബിൽഡേഴ്‌സ് കെട്ടിയിട്ടില്ല. സെക്യൂരിറ്റിയുമില്ല. 65 ലക്ഷത്തിന്റെയും എൺപത്തിയഞ്ചു ലക്ഷത്തിന്റെയും വില്ലകൾ മിക്കതും പാതി വഴിയിലാണ്. താമസം തുടങ്ങിയ വിരലിൽ എണ്ണാവുന്ന വില്ലാ ഉടമകൾക്ക് ആകട്ടെ ഇലക്ട്രിസിറ്റിയും വാട്ടർ കണക്ഷനും പോലും ലഭിച്ചിട്ടുമില്ല. അനിശ്ചിതമായ അവസ്ഥ തന്നെയാണ് അണ്ടൂർക്കോണം വില്ലാ പ്രോജക്ടിനെയും ചൂഴ്ന്നു നിൽക്കുന്നത്.

എം.ജെ.ബിൽഡേഴ്‌സും ഷംസുദ്ദീനും തമ്മിലുള്ള തർക്കമാണ് പ്രോജക്ടിന്റെ കഥ കഴിച്ച അവസ്ഥയിലാക്കിയത്. നല്ല രീതിയിൽ ജോലികൾ മുന്നോട്ടു കൊണ്ടുപോയിരുന്ന ബിൽഡെഴ്‌സ് ഒരു സുപ്രഭാതത്തിൽ പണി നിർത്തിപ്പോയി. ഷംസുദ്ദീന് ആണെങ്കിൽ ഈ ജോലി അതിന്റെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞതുമില്ല. തനിക്ക് ഈ രംഗത്തുണ്ടായിരുന്ന പരിചയക്കുറവും പണത്തിന്റെ അഭാവവും കാരണമാണ് പ്രോജക്റ്റ് പാതിവഴിയിൽ ആയതെന്നാണ് ഷംസുദ്ദീൻ മറുനാടനോട് പറഞ്ഞത്. എന്നാൽ ലാഭം മുഴുവൻ ഊറ്റി ഷംസുദ്ദീൻ കൊണ്ട് പോയതിനാലാണ് വില്ലകൾക്ക് ഈ ഗതി വന്നതെന്നാണ് വില്ലാ ഉടമകളും പ്രതികരിക്കുന്നു. യുകെയിലുള്ള ചാണ്ടി എന്ന വ്യക്തിയാണ് സ്ഥലമുടമ. പ്രശ്‌നങ്ങൾ തുടങ്ങിയതോടെ ചാണ്ടിയുടെ മനോഭാവത്തിനും മാറ്റം വന്നിട്ടുണ്ടെന്നാണ് സ്ഥലം ഉടമകൾ പറയുന്നത്. രജിസ്റ്റർ ചെയ്ത് നൽകിയ സ്ഥലം ഒഴിച്ച് പ്രോജക്ടിൽ ബാക്കിയുള്ള സ്ഥലം തന്റെ സ്ഥലമാണ്. അത് തനിക്ക് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കും എന്നാണ് ചാണ്ടി പറയുന്നത്. ഇതോടെയാണ് ഗേറ്റഡ് കമ്മ്യൂണിറ്റി എന്ന ഒന്നാംതരം വഞ്ചനയിലാണ് തങ്ങൾ അകപ്പെട്ടത് എന്ന് ഉടമകൾ തിരിച്ചറിയുന്നത്.

വില്ലകളുടെ സ്ഥലം ഇവരുടെ പേരിൽ ആദ്യമേ രജിസ്റ്റർ ചെയ്ത് നൽകിയിട്ടുണ്ട്. ഉടമകൾ സമ്മർദ്ദം ചെലുത്തിയപ്പോൾ ചില വീടുകൾ പണി പൂർത്തിയാക്കി നൽകി. ഇരുപതോളം കുടുംബങ്ങളാണ് ഈ രീതിയിൽ താമസിക്കുന്നത്. പക്ഷെ വാട്ടർ, ഇലക്ട്രിസിറ്റി കണക്ഷൻ ഇവർക്ക് ലഭിച്ചിട്ടില്ല. ചുറ്റുമതിലും സെക്യൂരിറ്റിയുമില്ല. ഇവരുടെ വീടുകൾക്കടുത്തുള്ള വില്ലകൾ പണി പൂർത്തിയാകാതെ കാടുപിടിച്ച് കിടക്കുന്നു. ആരെങ്കിലും ഇവിടെ അതിക്രമിച്ച് കയറിയാൽ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. ചുറ്റും മദ്യപശല്യവും. ഇതോടെ വില്ലയിൽ താമസം തുടങ്ങിയവർക്കും പ്രശ്‌നങ്ങൾ നേരിട്ട് തുടങ്ങിയിട്ടുണ്ട്. പണം മുടക്കിയിടും പണി പൂർത്തിയാക്കി കിട്ടാത്തതിനാൽ മിക്ക വില്ല ഉടമകളും പണി പൂർത്തിയാകുന്നത് കാത്തിരിക്കുകയാണ്. പക്ഷെ ജോലികൾ ആരംഭിച്ചിട്ടുമില്ല. ഇതോടെയാണ് പണം നൽകിയ വില്ലാ ഉടമകൾ ഷംസുദ്ദീനു മേൽ സമ്മർദ്ദം ചെലുത്തുന്നത്. പക്ഷെ ഒരു മറുപടിയും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. രണ്ടു വില്ലകൾക്ക് ഒന്നരക്കോടി രൂപ നൽകിയ ഉടമയുണ്ട്. ഒന്നരക്കൊടി നൽകിയിട്ടും അവരുടെ വില്ലകൾക്ക് ഫൗണ്ടേഷൻ കൂടി വന്നിട്ടില്ല. ഷംസുദ്ദീൻ വഞ്ചിക്കുകയാണ് ചെയ്യുന്നത്-ഉടമകൾ വിരൽ ചൂണ്ടുന്നു.

കുന്നും മലയും ഇടിച്ചാണ് വില്ലകൾക്ക് അണ്ടൂർക്കോണത്ത് സ്ഥലമുണ്ടാക്കിയത്. വയലും ഇവിടെയുണ്ട്. ചുറ്റുമതിലും സെക്യൂരിറ്റിയും ക്ലബ് ഹൗസ് ഉൾപ്പെടെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റി എന്നാണു പരസ്യത്തിൽ പറഞ്ഞത്. നല്ല ലേ ഔട്ടും നൽകി. ആദ്യമേ സ്ഥലം രജിസ്റ്റർ ചെയ്ത് നൽകി. ഇതൊക്കെ കൊണ്ടാണ് വില്ലാ പ്രോജക്റ്റ് വിശ്വസിച്ച് നീങ്ങിയത്. 65 ലക്ഷവും 85 ലക്ഷവും മുടക്കിയ തങ്ങൾക്ക് ഇതിലും നല്ലത് കഴക്കൂട്ടത്ത് തന്നെ വീട് വാങ്ങാമായിരുന്നു. സുരക്ഷ തേടി വെട്ടിൽ ചാടി. പണവും പോയി. നാല് വർഷം മുൻപത്തെ പ്രോജക്റ്റ് രണ്ടു വർഷം മുൻപ് പണി പൂർത്തിയാക്കേണ്ടതായിരുന്നു. ഇപ്പോൾ പറഞ്ഞതിലും രണ്ടു വർഷം വൈകി. ഫ്‌ളാറ്റ് സമുച്ചയത്തിൽ തട്ടിപ്പ് വന്നാൽ പരാതി നൽകാനുള്ള സംസ്ഥാന സർക്കാർ സംരംഭമായ റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിയാണ് ഏക അവലംബം. അഥോറിറ്റിയിൽ പരാതി നൽകാൻ ആലോചിക്കുകയാണ്-ഒരു വില്ലാ ഉടമ മറുനാടനോട് പറഞ്ഞു. ഇപ്പോൾ ഷംസുദീൻ പറയുന്നത് ജിഎസ്ടി കൂടി നൽകണം എന്നാണ്. 2016-ൽ ജിഎസ്ടിയില്ല. പിന്നെ എന്തിനു ഞങ്ങൾ ജിഎസ്ടി നൽകണം. 18 ശതമാനം ജിഎസ്ടി നൽകണം എന്നാണ് പറയുന്നത്. അതിനു ലക്ഷങ്ങൾ തന്നെ ഇനിയും നൽകണം. ഒരു രൂപ പോലും ഷംസുദ്ദീൻ ടാക്‌സ് ആയി അടച്ചിട്ടില്ല. ടാക്‌സ് അടച്ച രസീതി കാണിക്കാൻ ഞങ്ങൾ പറഞ്ഞു. ഒരു രസീതിയുമില്ല. ഞങ്ങൾക്ക് അന്നത്തെ ഉടമ്പടി പ്രകാരം തന്നെ വില്ല വേണം. അതിനാണ് റിയൽ എസ്റ്റേറ്റ് അഥോറിറ്റിയെ സമീപിക്കാൻ ഒരുങ്ങുന്നത്-വില്ലാ ഉടമ പറയുന്നു. പക്ഷെ ആരോപണങ്ങൾ പലതും വില്ല നിർമ്മിച്ച് നൽകേണ്ടുന്ന ഷംസുദ്ദീൻ നിഷേധിക്കുകയാണ്.

15 വില്ലാ ഉടമകൾക്ക് മുഴുവൻ പണം നൽകുന്നതിനു ഞാൻ വില്ലകൾ കൈമാറി. അതെനിക്ക് പറ്റിയ അബദ്ധമായിരുന്നു. അവർ ഓരോരുത്തരും 12 ലക്ഷം മുതൽ 16 ലക്ഷം വരെ നൽകാനുണ്ട്. പ്രോജക്റ്റ് ഉടമകൾ പണം നൽകാതിരുന്നതിനാൽ എന്ത് ചെയ്യാൻ കഴിയും-ഇപ്പോൾ വില്ലാ പ്രോജക്റ്റ് ഏറ്റെടുത്ത് നടത്തുന്ന ഷംസുദ്ദീൻ മറുനാടനോട് പറഞ്ഞു. എല്ലാവരുടെ വർക്കും ചെയ്തിട്ടുണ്ട്. പക്ഷെ ഇനിയും പൂർത്തിയാക്കാനുണ്ട്. പന്ത്രണ്ട് കോടിയോളം രൂപ പ്രോജക്ടിൽ നിന്നും ലഭിക്കാനുണ്ട്. ഇതാണ് പണി വൈകാൻ കാരണം. അഞ്ചു കോടിയോളം രൂപ പ്രോജക്റ്റ് പൂർത്തിയാക്കാൻ എനിക്ക് ആവശ്യമുണ്ട്. വില്ലാ ഉടമകൾ പണം നൽകേണ്ടതുണ്ട്. ചുറ്റുമതിൽ പണിതിട്ടില്ല. ഇത് ശരി തന്നെയാണ്. പ്രളയം വന്നപ്പോൾ എല്ലാം മുടങ്ങി. ഇപ്പോൾ കോവിഡ് കാരണം ജോലിക്കാരെയും ലഭിക്കാനില്ല. ഇതെല്ലാം ജോലിയെ ബാധിക്കുന്നുണ്ട്. പ്രോജക്റ്റ് എന്തായാലും പൂർത്തിയാക്കും. എന്തെങ്കിലും പ്രശ്‌നം വന്നാൽ പ്രോജക്റ്റ് മറ്റുള്ളവർക്ക് കൈമാറും. പതിനാലു കോടി രൂപ ഞാൻ മുതലിറക്കിയിട്ടുണ്ട്. ഈ കാശ് എനിക്കും തിരികെ വേണം. എന്തായാലും പ്രശ്‌നം പരിഹരിക്കും-ഷംസുദ്ദീൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP