Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വൈദ്യുതി വാങ്ങാൻ ആളില്ല; കായംകുളം താപനിലയം അടച്ചുപൂട്ടലിലേക്ക്; സീസണായിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉൽപാദിപ്പിച്ചിട്ടില്ല; കെഎസ്ഇബി വാങ്ങുന്നുമില്ല, വിൽക്കുന്നുമില്ല

വൈദ്യുതി വാങ്ങാൻ ആളില്ല; കായംകുളം താപനിലയം അടച്ചുപൂട്ടലിലേക്ക്; സീസണായിട്ടും ഒരു യൂണിറ്റ് വൈദ്യുതി പോലും ഉൽപാദിപ്പിച്ചിട്ടില്ല; കെഎസ്ഇബി വാങ്ങുന്നുമില്ല, വിൽക്കുന്നുമില്ല

ആലപ്പുഴ : അടച്ചുപൂട്ടലുകൾക്കു പേരുകേട്ട കേരളത്തിൽ ഒരു പ്രമുഖസ്ഥാപനം കൂടി ഇല്ലാതാവുന്നു. രാജ്യത്തെ വൈദ്യുതി പ്രതിസന്ധിക്കു പരിഹാരമായി പതിനാറു വർഷം മുമ്പ് ഏറെ കൊട്ടിഘോഷിച്ച് ആരംഭിച്ച കായംകുളം താപനിലയം അടച്ചുപൂട്ടലിന്റെ വക്കിലാണ്. വൈദ്യുതി വാങ്ങാൻ ആളില്ലാതായതോടെയാണ് കെ എസ് ഇ ബി താപനിലയത്തെ കൈവിട്ടത്.

ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങൾ മൽസരിച്ച് താപനിലയങ്ങൾ ആധുനികവൽക്കരിച്ച്് കുറഞ്ഞ ചെലവിൽ വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ കേരളത്തിൽ മാത്രമാണ് ആധുനിക സംവിധാനങ്ങളോടെ കമ്മീഷൻ ചെയ്ത താപനിലയം അധോഗതിയിലായത്. പുതുതായി രൂപീകരിച്ച സംസ്ഥാനങ്ങളായ ആന്ധ്രയും തെലുങ്കാനയും താപനിലയങ്ങൾ ആധുനികവൽകരിക്കുന്നതിൽ മൽസരിക്കുകയാണ്.

പ്രതിദിനം സംസ്ഥാനത്ത് 65 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ശരാശരി 35 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് അഭ്യന്തര ഉൽപാദനം. ബാക്കിയുള്ളവ കേന്ദ്രപൂളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമാണ് ശേഖരിക്കുന്നത്. എന്നാൽ കായംകുളം താപനിലയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി സംസ്ഥാന വൈദ്യുതി വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് മറ്റിടങ്ങളിലേക്ക് എത്തുന്നത്. അടിയന്തര ഉൽപാദനപ്രക്രിയമാത്രമാണ് ഇവിടെ നടക്കുന്നത്.

നിലയത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ മാർക്കറ്റിങ് നിയന്ത്രണം പൂർണമായും കെ എസ് ഇ ബിക്കാണ്. വകുപ്പ് സമ്മതം മൂളുന്നവർക്കു മാത്രമെ നിലയത്തിൽനിന്നും വൈദ്യുതി നൽകിയിരുന്നുള്ളു. ഇവിടെ വൈദ്യുതിപ്രതിസന്ധിയുണ്ടാകുമ്പോൾ കായംകുളം നിലയത്തെ തള്ളി അന്യസംസ്ഥാനങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതു മൂലം കായംകുളം ഒരു നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. 2015 വർഷത്തിൽ ഇവിടെനിന്നും ഒരു യൂണിറ്റ് വൈദ്യുതിപോലും വകുപ്പ് വാങ്ങുകയോ പുറത്തു വിൽക്കുകയോ ചെയ്തിട്ടില്ല.

കഴിഞ്ഞ മൂന്നുമാസമായി പ്രവർത്തനം നിലച്ച നിലയത്തിന് കോടികളാണ് നഷ്ടമാകുന്നത്. ഇതോടെ പ്രവർത്തിക്കാൻ കഴിയാതെ വീർപ്പുമുട്ടുകയാണ് നിലയം. ഇപ്പോൾ പൂർണമായും പ്രവർത്തനം നിലച്ച സ്ഥാപനം സർക്കാരിന്റെയോ വൈദ്യുതി വകുപ്പിന്റെയോ കരുണയ്ക്കായി കാത്തിരിക്കുകയാണ്. നേരത്തെ സംസ്ഥാനത്തിന് വൈദ്യുതി പ്രതിസന്ധിയുണ്ടായപ്പോൾ ആവശ്യമായ വൈദ്യുതി കായംകുളം താപനിലയത്തിൽനിന്നായിരുന്നു സ്വീകരിച്ചിരുന്നത്. വില കൂടുതലെങ്കിലും ആവശ്യത്തിന് വൈദ്യുതി ഇവിടെനിന്നും ഏതുസമയവും ലഭിക്കുമായിരുന്നു. ആകെ 350 മെഗാവാട്ട് വൈദ്യുതി ഉൽപാദനശേഷിയാണ് നിലയത്തിനുള്ളത്. 115 വീതമുള്ള 2 ഗ്യാസ് ടർബൈനും 120 വീതമുള്ള രണ്ട് സ്റ്റീം ടർബൈയിനുമാണ് ഇവിടെ പ്രവർത്തിക്കുന്നത്. നേരത്തെ 12 രുപയ്ക്ക് ബോർഡിന് നൽകിക്കൊണ്ടിരുന്ന വൈദ്യുതി ഇപ്പോൾ 7 രൂപയ്ക്ക് നൽകാവുന്ന തരത്തിലായിട്ടുണ്ട്. വൈദ്യുതി ഉൽപാദത്തിനത്തിനാവശ്യമായ നാഫ്തയുടെ വില കുറഞ്ഞതാണ് ഇതിനു കാരണം.

അതേസമയം വേനൽകാലം നിലയത്തെ സംബന്ധിച്ചിടത്തോളം വൈദ്യുതി നിർമ്മാണ സീസണ്. എന്നാൽ താപനിലയത്തിൽനിന്നും ഒരുതുള്ളി വൈദ്യുതിപോലും പുറത്തുപോയിട്ടില്ല. നിലയം കമ്മീഷൻ ചെയ്തതിനുശേഷം ആദ്യമായാണ് ഇത്തരത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നത്. അതേസമയം സംസ്ഥാനത്തിന് ആവശ്യമായ വിലകുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാൻ സന്നദ്ധമായി നിലയം പ്രവർത്തിക്കുമ്പോഴും പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ സർക്കാരിന് താൽപര്യമില്ല.

ഇന്ത്യയിലെ ഇതരസംസ്ഥനങ്ങളിൽനിന്നും ലഭിക്കുന്ന കൽക്കരി ഉപയോഗിച്ച് വിലകുറഞ്ഞ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുമെങ്കിലും പ്രാദേശീക കൽക്കരിയിൽ 40 ശതമാനം വരെ ചാരം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് പരിസരമലിനീകരണത്തിന് കാരണമാകുമെന്ന പ്രചാരമാണ് ഉൽപാദനത്തിന് തടസമാകുന്നത്. എന്നാൽ ഇറക്കുമതി ചെയ്യുന്ന കൽക്കരിയിൽ 5 ശതമാനം ചാരം മാത്രമെ അടങ്ങിയിട്ടുള്ളു. ഇത് വിലകുറഞ്ഞ വൈദ്യൂതി ഉൽപാദിപ്പിക്കാൻ കഴിയുന്നതാണ്. ഓസ്‌ട്രേലിയയിൽനിന്നും മലേഷ്യയിൽനിന്നും ഇത് സുലഭമായി ലഭിക്കും. ഇത്തരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന വൈദ്യുതി നാലു രൂപയ്ക്ക് വിൽക്കാൻ കഴിയുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.

അതുപോലെ സൂപ്പർ ക്രിറ്റിക്കൽ ബോയിലർ ഉപയോഗിച്ച് 1000 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. എന്നാൽ സംസ്ഥാന സർക്കാർ എൻ ടി പി സിയോട് ആവശ്യപ്പെട്ടെങ്കിൽ മാത്രമെ പദ്ധതി പ്രാവർത്തികമാകു. താപനിലയത്തിന്റെ മുഴുവൻ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി കുറഞ്ഞനിരക്കിൽ വൈദ്യൂതി ഉൽപാദിപ്പിക്കാൻ ഏറെ സാദ്ധ്യതകളുള്ള നിലയമാണ് ഇപ്പോൾ അനാഥമാക്കപ്പെട്ടത്. 1999 - ൽ പ്രധാനമന്ത്രി എ ബി വാജ്‌പേയിയാണ് കായംകുളം താപനിലയം രാജ്യത്തിന് സമർപ്പിച്ചത്. 2005 ൽ പ്രധാനമന്ത്രി മന്മോഹൻ സിങ് താപനിലയത്തിന്റെ ശേഷി 1050 മെഗാവാട്ട് ആയി ഉയർത്താനുള്ള പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും പദ്ധതി എവിടെയും എത്തിയില്ല.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP