Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

കന്നിയങ്കത്തിലെ എംഎൽഎയുടെ പിന്തുണയിൽ പദവി മോഹിച്ച ആമച്ചലുകാരൻ; ഹാജർ കുറവിൽ മോഹം പൊളിയാതിരിക്കാൻ ആൾമാറാട്ട ബുദ്ധി ഉപദേശിച്ചത് മദ്യ ലഹരി ഡാൻസിൽ പുറത്തായ നെയ്യാർഡാമുകാരൻ; കാട്ടക്കടയിലെ കള്ളി പൊളിച്ചത് സിപിഎമ്മിലെ ആറ്റിങ്ങലുകാർ; പ്രിൻസിപ്പളിന്റേത് പ്രത്യുപകാരം? അനഘയെ വെട്ടി വിശാഖൻ പെട്ട കഥ

കന്നിയങ്കത്തിലെ എംഎൽഎയുടെ പിന്തുണയിൽ പദവി മോഹിച്ച ആമച്ചലുകാരൻ; ഹാജർ കുറവിൽ മോഹം പൊളിയാതിരിക്കാൻ ആൾമാറാട്ട ബുദ്ധി ഉപദേശിച്ചത് മദ്യ ലഹരി ഡാൻസിൽ പുറത്തായ നെയ്യാർഡാമുകാരൻ; കാട്ടക്കടയിലെ കള്ളി പൊളിച്ചത് സിപിഎമ്മിലെ ആറ്റിങ്ങലുകാർ; പ്രിൻസിപ്പളിന്റേത് പ്രത്യുപകാരം? അനഘയെ വെട്ടി വിശാഖൻ പെട്ട കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടക്കാട ക്രിസ്ത്യൻ കോളേജിൽ നടന്നത് വമ്പൻ അട്ടിമറി. ജില്ലയിലെ ഒരു എംഎൽഎയാണ് അട്ടിമറിക്ക് കൂട്ടു നിന്നത്. മറ്റൊരു എംഎൽഎയായിരുന്നു ഈ വിഷയം പാർട്ടിയിൽ ചർച്ചയാക്കിയത്. കാട്ടക്കട കോളേജിലെ പ്രിൻസിപ്പളിന് രണ്ടാഴ്ച മുമ്പാണ് പ്രിൻസിപ്പൽ തസ്തികയിൽ തുടരാനുള്ള അനുമതി സർക്കാരിൽ നിന്ന് കിട്ടിയത്. ജൂനിയർ അദ്ധ്യാപകനെ പ്രിൻസിപ്പളാക്കുന്നതിൽ ചില എതിർപ്പുകളുണ്ടായിരുന്നു. ഈ എതിർപ്പുകൾ അപ്രസക്തമാക്കിയത് എംഎൽഎയുടെ ഇടപെടലായിരുന്നു. ഇതിനുള്ള പ്രത്യുപകാരമാണ് ജയിക്കാത്തെ ആളിനെ കൗൺസിലറാക്കിയത്. കാട്ടക്കടയിലെ സിപിഎം വിഭാഗിയതയും സത്യം പുറത്തു വരാൻ കാരണമായി എന്നാണ് സൂചന. തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി ജയിച്ച് എംഎൽഎയായ വ്യക്തിയുടെ വിശ്വസ്തനാണ് വിശാഖ്. ഈ എംഎൽഎയ്ക്ക് ഈ തട്ടിപ്പിൽ പങ്കുണ്ടെന്നതിന് തെളിവൊന്നും പുറത്തു വന്നിട്ടില്ല.

കേരളാ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനാകാനായിരുന്നു വിശാഖ് ഇതെല്ലാം ചെയ്തത്. എന്നാൽ ആറ്റിങ്ങലിൽ നിന്നുള്ള നേതാവിനെ യൂണിയൻ കൗൺസിലറാക്കാനായിരുന്നു എസ് എഫ് ഐയിലെ പ്രബല വിഭാഗം നീക്കം നടത്തിയത്. ഇതിനിടെയാണ് വിശാഖ് വീണ്ടും നീക്കം നടത്തിയത്. ഇതോടെ ആറ്റിങ്ങലിലെ ചിലരിലേക്ക് ഇയാൾ കൗൺസിലർ അല്ലെന്ന വസ്തുത എത്തി. ഇതോടെ അവർ പരിശോധനകൾ നടത്തി. അങ്ങനെയാണ് കേരളത്തെ ഞെട്ടിച്ച ആൾമാറാട്ടം പുറത്തു വന്നത്. സംസ്‌കൃത കോളേജിനുള്ളിൽ ഡാൻസ് കളിച്ച് വിവാദത്തിലായ എസ് എഫ് ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിന്റെ വിശ്വസ്തനായിരുന്നു വിശാഖ്. ഈ പിന്തുണയിലാണ് എല്ലാ കള്ളക്കളിയും നടന്നത്. കട്ടാക്കടയിലെ ഉന്നതനും ഈ നീക്കത്തിന് പക്ഷം നിന്നു. അങ്ങനെയാണ് ആരേയും അമ്പരപ്പിക്കും വിധം വിശാഖ് കേരളാ യൂണിവേഴ്‌സിറ്റിയിലെ മത്സരത്തിനൊരുങ്ങിയത്. വിശാഖ് കാട്ടക്കടയിലെ ആമച്ചൽ സ്വദേശിയാണ്.

സംസ്‌കൃത കോളജ് പരിസരത്ത് രാത്രി മദ്യപിച്ച് നൃത്തം ചവിട്ടി വിവാദത്തിലായ എസ്എഫ്‌ഐ മുൻ ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനെ സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയിരുന്നു. പാർട്ടിയുടെ നെയ്യാർ ഡാം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു ജോബിൻ. കാട്ടക്കടയ്ക്ക് തൊട്ടടുത്തുള്ള പ്രദേശമാണ് നെയ്യാർ ഡാം. നവംബർ 11നായിരുന്നു ഡാൻസ് കളി സംഭവം. അന്ന് ജില്ലയിൽ നടന്ന ലഹരി വിരുദ്ധ പരിപാടിക്കുശേഷമാണ് ജോബിനും കൂട്ടരും മദ്യപിച്ചു നൃത്തം ചെയ്തത്. ഇതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ ജോബിനെ എസ്എഫ്‌ഐ ജില്ലാപ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കുകയായിരുന്നു. ഇങ്ങനെ വിവാദത്തിലായ ജോബിന്റെ അതിവിശ്വസ്തനായിരുന്നു വിശാഖ്. ജോബിനാണ് വിശാഖിന് ഈ ആൾമാറാട്ട ബുദ്ധി പറഞ്ഞു കൊടുത്തതെന്നാണ് സൂചന.

എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട വിവാദത്തിലാണ് വിശാഖിനെതിരെ എസ്.എഫ്.ഐ. നടപടിയെടുത്തത്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. ഡിസംബർ 12-ന് നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്.എഫ്.ഐ. പാനലിൽ നിന്ന് ജയിച്ച അനഘ എന്ന വിദ്യാർത്ഥിക്ക് പകരം കോളേജിലെ ഒന്നാം വർഷ ബി.എസ്.സി. വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ് സർവകലാശാലയിലേക്ക് നൽകിയ യു.യു.സിമാരുടെ ലിസ്റ്റിലുള്ളത്. അനഘ, ആരോമൽ എന്നിവരാണ് യു.യു.സികളായി ജയിച്ചത്. അനഘയ്ക്ക് പകരമായി പേര് ചേർത്തിരിക്കുന്ന വിശാഖ് എസ്.എഫ്.ഐ. കാട്ടാക്കട ഏരിയാ സെക്രട്ടറിയാണെന്നാണ് വിവരം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിട്ടില്ല.

ലിങ്‌ദോ കമ്മറ്റി ശുപാർശകൾ അനുസരിച്ചാണ് കോളേജ് തെരഞ്ഞെടുപ്പ്. യു.യു,സിയായി മത്സരിക്കുന്നതിന് 25 ശതമാനം ഹാജർ ആവശ്യമാണ്. ഇതില്ലാത്തതു കൊണ്ടാണ് വിശാഖിന് മത്സരിക്കാൻ കഴിയാത്തത്. ഇത് മറികടക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. അങ്ങനെ മത്സരിക്കാതെ തന്നെ യൂണിവേഴ്‌സിറ്റി കൗൺസിലറായി വിശാഖ്. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിച്ചതെന്നാണ് ആരോപണം. 26-ന് ആണ് സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്. കോളേജുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു.യു.സികളിൽ നിന്നാണ് സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ഡോ.ഷൈജു രംഗത്തു വന്നിരുന്നു. യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദ്ദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ പ്രത്യേക കമ്മീഷന്റെ മേൽനോട്ടത്തിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. ഡിസംബർ 12നാണ് കോളജിൽ തെരഞ്ഞെടുപ്പ് നടന്നത്. ഐക്യകണ്ഠേനെയാണ് ഇവിടെ സ്ഥാനാർത്ഥികൾ ജയിച്ചത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയും വിജയിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആഴ്ചകൾക്കകം യുയുസിയായി ജയിച്ച പെൺകുട്ടി തനിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്ന് അറിയിച്ച് രാജിക്കത്ത് നൽകിയെന്ന് പ്രിൻസിപ്പൾ പറയുന്നു.

യുയുസിയായി രണ്ട് വിദ്യാർത്ഥികളുടെ പേരുകൾ അയക്കുകയുണ്ടായി. ഇതിൽ ഒരു വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് മനസ്സിലാക്കി, ഇയാളെ ലിസ്റ്റിൽനിന്ന് നീക്കം ചെയ്യണമെന്ന് യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെടുകയും ചെയ്‌തെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ എസ്എഫ്‌ഐ ആൾമാറാട്ടം നടത്തിയെന്ന പരാതിയുമായി കെഎസ് .യു ആണ് രംഗത്തുവന്നത്. പേര് മാറ്റി നൽകിയതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് കെഎസ് യു ആരോപിക്കുന്നത്. സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിനെ തുടർന്നാണ് ഈ തിരിമറി നടന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും കേരള യൂണിവേഴ്സിറ്റിക്കും ആൾമാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട്.

അതിനിടെ വിഷയം തണുപ്പിക്കാൻ നടപടിയുമായി എസ്എഫ്ഐ സംസ്ഥാന നേതൃത്വം രംഗത്തെത്തി. ആരോപണ വിധേയനായ എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കിയതായി നേതൃത്വം പ്രസ്താവനയിലൂടെ അറിയിച്ചു. ആരോപണങ്ങളെ ഗൗരവമായി തന്നെയാണ് കാണുന്നതെന്നും കൃത്യമായ നടപടികൾ സ്വീകരിക്കപ്പെടുമെന്നും പ്രസ്താവനയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP