Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

കണ്ണൂരിൽ വീണ്ടും കരുവന്നൂർ മോഡൽ തട്ടിപ്പ്; അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ വായ്പ ക്രമക്കേട്; ഭീമമായ കുടിശികയും സ്വർണപ്പണയ വായ്പാ തിരിമറിയും; ഡയറക്ടറുടെയും ഭാര്യയുടെയും പേരിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച് സഹകരണ വകുപ്പ്

കണ്ണൂരിൽ വീണ്ടും കരുവന്നൂർ മോഡൽ തട്ടിപ്പ്; അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ  കോടികളുടെ വായ്പ ക്രമക്കേട്;  ഭീമമായ കുടിശികയും സ്വർണപ്പണയ വായ്പാ തിരിമറിയും; ഡയറക്ടറുടെയും ഭാര്യയുടെയും പേരിൽ കോടികളുടെ തട്ടിപ്പ് കണ്ടെത്തിയിട്ടും കണ്ടില്ലെന്ന് നടിച്ച് സഹകരണ വകുപ്പ്

അനീഷ് കുമാർ

 കണ്ണൂർ: കണ്ണൂരിലും കരുവന്നൂർ മോഡൽ വൻ തട്ടിപ്പ് പുറത്തു വന്നു. അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ ഡയറക്റ്ററുടെയും ഭാര്യയുടെയും പേരിൽ കോടികളുടെ വായ്പാ ക്രമക്കേട് നടത്തിയെന്ന വിവരമാണ് പുറത്തുവന്നത്. ഡയറക്റ്ററായ മുണ്ടച്ചാലിൽ നരീക്കുട്ടി രവീന്ദ്രൻ, ബാങ്കിൽ മുതലും പലിശയും കൂട്ടുപലിശയുമായി നൽകാനുള്ളത് 49,67,610 രൂപയാണെന്ന വിവരാവകാശ രേഖകൾ ലഭിച്ചിട്ടുണ്ട്.

ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലെടുത്ത 50,00000 രൂപ വായ്പയിൽ പലിശയുൾപ്പടെ ഇപ്പോൾ തിരിച്ചടയ്ക്കാനുള്ളത് 93,95,065 രൂപയാണ്. മറ്റൊരു ഡയറക്റ്ററായ ഗോകുലേശൻ നൽകാനുള്ളത് 29,86,168 രൂപയാണ്. ഇത്തരത്തിൽ ചെറുതും വലുതുമായി ലക്ഷക്കണക്കിന് രൂപയാണ് ബാങ്കിന്റെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന ഡയറക്റ്റർമാർ തന്നെ കൈപ്പറ്റിയിരിക്കുന്നത്. രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള ലോൺ ഈടാക്കുന്നതിന് ജാമ്യമായി നൽകിയ ഭൂമി ലേലത്തിന് വെക്കുന്നതിന് 16.06.2023 ന് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ ഈ ഭൂമിക്ക് പമാവധി ഇരുപത് ലക്ഷം രൂപ മാത്രമേ മതിപ്പ് വിലയുള്ളു എന്ന ആക്ഷേപവുമുണ്ട്.

ബാങ്കിന്റെ അറ്റ നഷ്ടം 17,18,39,720 രൂപയാണെന്ന് 2018-19 വർഷത്തെ ഓഡിറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രവർത്തന മൂലധനത്തിന്റെ 7.38 ശതമാനവും പിരിച്ചെടുത്ത ഓഹരി മൂലധനത്തിന്റെ ആറിരട്ടിയിലധികവുമാണ് അറ്റ നഷ്ടം. ഓഹരി മൂലധനവും കഴിഞ്ഞ് പൊതു ജനങ്ങളിൽ നിന്ന് സ്വീകരിച്ച 14. 43 കോടി രൂപയാണ് നഷ്ടമായത്. 2019-20 സാമ്പത്തിക വർഷത്തിൽ അറ്റ നഷ്ടം 21,55,44,743 യായി വർദ്ധിച്ചു. 2020-21 സാമ്പത്തിക വർഷത്തിൽ നഷ്ടം 18.96 കോടി രൂപയായി കുറഞ്ഞെങ്കിലും 2021-22 ൽ 24.56 കോടി രൂപയായി വർദ്ധിച്ചു.

ഓഹരി മൂലധനത്തിന്റെ എട്ടിരട്ടിയോളമാണ് നഷ്ടം. പ്രവർത്തന മൂലധനം കൃത്യമായി ആസൂത്രണം ചെയ്ത് വിനിയോഗിക്കാത്തതും ഉയർന്ന വായ്പാ കുടിശ്ശികയുമാണ് നഷ്ടത്തിന് കാരണം. സ്വർണ്ണ പണയ വായ്പകൾ സംബന്ധിച്ച് നിരവധി ക്രമക്കേടുകൾ നടന്നതായും റിപ്പോർട്ടിലുണ്ട്. 2016 ൽ കാലാവധിയായ മൂന്ന് സ്വർണ്ണപ്പണയ വായ്പകളിൽ പലിശ, പിഴപ്പലിശ, നോട്ടീസ് ചാർജ്ജ് എന്നീ ഇനങ്ങളിലുള്ള തുകകൾ ഈടാക്കിയിട്ടില്ല.

സ്വർണ്ണവിലയുടെ 96 ശതമാനം വരെയാണ് വായ്പ നൽകിയത്. ആകെ 2,20,000 രൂപ വായ്പ നൽകിയ ഇനത്തിൽ സ്വർണം ലേലത്തിന് വെച്ചപ്പോൾ 2,26,000 രൂപമാത്രമാണ് ലഭിച്ചത്. ഇതിൽ സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് 2,00000 രൂപ മുതലിലും 6000 രൂപ പലിശയിനത്തിലുമാണ് കാണിച്ചത്. ലേലം ചെയ്ത ഉരുപ്പടികൾ വായ്‌പ്പക്കാർ തന്നെ ഒപ്പിട്ട് വാങ്ങിയതായി ബോണ്ടിൽ കാണിക്കുമ്പോഴും ഇത് വ്യാജമാണെന്ന വിലയിരുത്തലുമുണ്ട്. ഈ ഇടപാടിൽ മാത്രം ബാങ്കിന് 1,28,825 രൂപയുടെ നഷ്ടമുണ്ടായി. മേൽതുക പിന്നീട് ഈടാക്കിയെങ്കിലും ഇതിൽ ഇടപെട്ട ജീവനക്കാർക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല.

ബജറ്റ് വിഹിതം വകയിരുത്തിയ 61 ഇനങ്ങളിൽ 15 ഇനങ്ങളിലും വിഹിതം വകയിരുത്താതെ 13 ഇനങ്ങളിലുമായി 18. 11 കോടി രൂപ അധികമായി ചെലവഴിച്ചതായും റിപ്പോർട്ടിലുണ്ട്. വായ്പയെടുക്കുന്നവരുടെ തിരിച്ചടവ് ശേഷി പരിഗണിക്കാതെയാണ് മോർട്ട്ഗേജ് വായ്പകൾ അനുവദിച്ചത്. വായ്പാകുടിശ്ശിക ഭീമമായ നിലയിൽ വർദ്ധിക്കാൻ ഇതാണ് കാരണം. വ്യക്തിഗത വായ്പാ പരിധി 50,000 രൂപായാണെന്ന വ്യവസ്ഥയുണ്ടായിട്ടും രണ്ട് ആൾ ജാമ്യത്തിൽ 1,0000 രൂപവരെ വായ്പ അനുവദിച്ചിട്ടുണ്ട്. കുടുശ്ശിക കുറച്ച് കാണിക്കുന്നതിന് വായ്പകൾ മുതലും പലിശയും ഉൾപ്പടെ അതിൽ കൂടുതൽ തുകയ്ക്ക് പുതുക്കി നൽകുകയാണ് ചെയ്യുന്നത്.

വായ്പക്കാരുടെ ബാധ്യതാ രജിസ്റ്റർ കൃത്യമായി പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താതെയാണ് ബ്രാഞ്ചുകളൽ നിന്ന് വായ്പാ അപേക്ഷകൾ ഹെഡ് ഓഫീസുകളിലേക്ക് അയച്ച് അനുമതി വാങ്ങുന്നത്. കുടിശ്ശികക്കാർക്ക് തന്നെ തുടർ വായ്പ നൽകുകയോ ജാമ്യം നിൽക്കാനോ അനുമതി നൽകിയിട്ടുണ്ട്. ഇത്തരത്തിൽ വായ്പയനുവദിക്കുന്നതിലും തിരിച്ചടപ്പിക്കുന്നതിലും ഉദാസീനമായ നടപടിയാണ് ഭരണസമിതി സ്വീകരിച്ചിരിക്കുന്നത്.

ബാങ്കിന്റെ ദൈനംദിന പ്രവർത്തനങ്ങളിലിടപെട്ട് സ്ഥാപനത്തെ കൃത്യമായി മുന്നോട്ട കൊണ്ട് പോകുന്നതിന് പകരം കറവപ്പശുവായി ഭരണ സമിതി ബാങ്കിനെ കണ്ടു. ഓഡിറ്റ് റിപ്പോർട്ടുകളിൽ കൃത്യമായി നഷ്ടക്കണക്കുകൾ വ്യക്തമാക്കിയിട്ടും പൊതുജനങ്ങളുടെ നിക്ഷേപം സുരക്ഷിതമാക്കാൻ സഹകരണ വകുപ്പോ സംസ്ഥാന സർക്കാരോ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. എന്നാൽ ബാങ്കിനെ വിശ്വസിച്ച് ലക്ഷങ്ങൾ നിക്ഷേപിച്ച സാധാരണക്കാരാണ് ഇതിൽ ബലിയാടാവുന്നത്. കോൺഗ്രസ് നിയന്ത്രിത സഹകരണ ബാങ്കിനെതിരെയാണ് വ്യാപക പരാതി ഉയർന്നിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP