Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല

കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല

എം റിജു

കോഴിക്കോട്: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന 300 കോടിയിലേറെ രൂപയുടെ തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത് സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്കുകളെയും സാരമായി ബാധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ നിക്ഷേപണം പിൻവലിക്കുന്നവരുടെ തിരക്കാണ്. ലോക്കർ സൗകര്യം ഉപേക്ഷിക്കുന്നവരും നിരവധിയാണ്.

ഇവിടെ യാതൊരു പ്രശ്നവുമില്ലെന്നും, നിക്ഷേപങ്ങളും ലോക്കറുമൊക്കെ സുരക്ഷിതമാണെന്ന് അധികൃതർ ആവർത്തിക്കുമ്പോളും ജനങ്ങളുടെ ഭീതി അകലുന്നില്ല. ഇതുകാരണം ശരിക്കും കോളടിച്ചിരിക്കുന്നത്, എസ്‌ബിഐ അടക്കമുള്ള ദേശസാത്കൃത ബാങ്കുകൾക്കാണ്. അസാധാരണമായ തിരക്കാണ് ഇവിടങ്ങളിൽ അക്കൗണ്ട് തുടങ്ങുന്നതിനും ലോക്കർ തുറക്കുന്നതിനുമായി ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

മുൻ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റ വീട്ടിലടക്കം ഇ ഡി റെയ്ഡ് നടത്തിയതും, ഓരോ ദിവസമെന്നോണം കരുവന്നൂർ ബാങ്കിനെക്കുറിച്ച് വരുന്ന നിറം പിടിപ്പിച്ച വാർത്തകളും, സാധാരണക്കാരെ വല്ലാതെ ഭയപ്പെടുത്തിയിരിക്കയാണ്. ഒരുകാര്യമില്ലെങ്കിലും തങ്ങളുടെ നിക്ഷേപങ്ങളുടെ അവസ്ഥ എന്താണെന്ന് അറിയാൻ സഹകരണ ബാങ്കുകളിലേക്ക് ആളുകൾ എത്തിക്കൊണ്ടിരിക്കയാണെന്നാണ് ജീവനക്കാർ പറയുന്നത്. എന്നാൽ ഇത്തരം പരിശോധനകൾ ബാങ്കുകളിൽ സാധാരണമാണെന്നും ആശങ്ക വേണ്ടെന്നും സഹകരണ ബാങ്കുകൾ പൊളിയുന്നുവെന്ന കുപ്രചാരണത്തിൽ ഇടപാടുകാർ വീഴരുതെന്നും അധികൃതർ പറയുന്നുണ്ടെങ്കിലും പലരും ഇത് വിശ്വാസത്തിലെടുക്കുന്നില്ല.

കരുവന്നൂരിന്റെ വെളിച്ചത്തിൽ 'ഞങ്ങളുടെ പണം നിങ്ങൾ കൊള്ളയടിക്കില്ല എന്നതിന് എന്താണ് ഉറപ്പ്' എന്നാണ് പലരും ചോദിക്കുന്നത്. തൃശുർ ജില്ലയിലെ ഒരു നിക്ഷേപകൻ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. '' നമുക്കാകെയുള്ള സമ്പാദ്യമാണ് ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. അത് നമ്മുടെ ആവശ്യത്തിന്, ആവശ്യമുള്ള സമയത്ത് പിൻവലിക്കാനുള്ളതാണ്. കരുവന്നൂരിൽ ആളുകൾ ഇട്ട നിക്ഷേപം പിൻവലിക്കാൻ ടോക്കണെടുത്ത് ബാങ്കുകാർ പറയുന്ന സമയം നോക്കി കാത്തിരിക്കുന്ന സ്ഥിതി നമ്മൾ കണ്ടതാണ്. അതുണ്ടാകാതിരിക്കാനാണ് ഞങ്ങൾ നിക്ഷേപം പിൻവലിക്കുന്നത്. ബാങ്ക് പൊളിയരുതെന്നു തന്നെയാണ് ഞങ്ങളുടേയും ആഗ്രഹം. പക്ഷേ ഞങ്ങളുടെ നിക്ഷേപം വച്ച് കളിക്കാൻ തയാറല്ല.''- ഇതേ അവസ്ഥയാണ് മറ്റുള്ളവർക്ക്.

ഈ ബാങ്ക് പൊളിയില്ലെന്ന് ഞങ്ങൾക്കറിയാം പക്ഷേ റിസ്‌ക്ക് എടുക്കാനില്ലെന്ന്. ''മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ കണ്ടാണ് പലരും നിക്ഷേപം പിൻവലിക്കാനാണ് എത്തുന്നത്. ഞങ്ങൾ എത്ര പറഞ്ഞിട്ടും ആളുകൾ വിശ്വസിക്കാത്ത സ്ഥിതിയുണ്ട്.''- ഒരു സഹകരണ ബാങ്ക് ജീവനക്കാരൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഭീതി വർധിപ്പിച്ച് കൂടുതൽ ബാങ്കുകൾ പൊളിയുന്നു

കരുവന്നൂർ ബാങ്കിലെ നിക്ഷേപകരായ കർഷകരും ചെറുകിട വ്യാപാരികളും വീട്ടമ്മമാരും ഒക്കെ നിക്ഷേപിച്ച പണം, വൻതോതിൽ വ്യാജരേഖ ചമച്ചും വ്യാജ വായ്പ നൽകിയും സിപിഎം നേതാക്കളും, ബിനാമികളും, ജീവനക്കാരും ചേർന്ന് കൊള്ളയടിക്കുകയായിരുന്നു. മാസങ്ങളോളം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എ സി മൊയ്തീനെ ചോദ്യം ചെയ്തത്. കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നവർ പെൺമക്കളുടെ വിവാഹം നടത്താനും, ചികിത്സ നടത്താനും കഴിയാതെ വന്നതോടെ ദുരിതത്തിലായ കഥ ഓരോ ദിവസവും മാധ്യമങ്ങൾ പുറത്തുവിടുന്നുണ്ട്. ഇതാണ് മാസ് ഹിസ്റ്റീരിയക്ക് സമാനമായ ഭീതി ഉണ്ടാക്കുന്നത്.

അതിനിടെ കരുവന്നൂരിന് പിന്നാലെ മറ്റ് അഞ്ചാറ് ബാങ്കുകളും പ്രതിസന്ധിയിലായത് നിക്ഷേപകരിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്. പത്തനംതിട്ട മൈലപ്ര സർവീസ് സഹകരണ ബാങ്കാണ് ഇതിലൊന്ന്. ഇവിടെ ക്രമക്കേട് നടത്തി കീശയിലാക്കിയ കോടികൾ എന്തു ചെയ്തുവെന്ന് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷിക്കയാണ്. തട്ടിയെടുത്ത പണം കേരളത്തിൽ ബിനാമി നിക്ഷേപം നടത്തിയെന്ന സൂചനയെ തുടർന്ന് നിലവിൽ കസ്റ്റഡിയിലുള്ള മുൻ സെക്രട്ടറി ജോഷ്വാ മാത്യുവുമായി തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു.

കരുവന്നൂരിന് പിന്നാലെ അയ്യന്തോളിലേക്കും സഹകരണ ഫണ്ടു തട്ടിപ്പ് അന്വേഷണ നടക്കുകയാണ്. കരുവന്നൂർ കള്ളപ്പണക്കേസിലെ മുഖ്യപ്രതി പി.സതീഷ്‌കുമാർ സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണം. തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽനിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചെന്ന കേസിലാണു പി. സതീഷ്‌കുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അയ്യന്തോളിലും അതെല്ലാം സംഭവിച്ചു. സിപിഎം നിയന്ത്രണത്തിലാണ് അയ്യന്തോൾ ബാങ്കും. അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം.

അതിനിടെ കണ്ണൂരിലും കരുവന്നൂർ മോഡൽ വൻ തട്ടിപ്പ് പുറത്തു വന്നു. അഴീക്കോട് സർവ്വീസ് സഹകരണ ബാങ്കിൽ ഡയറക്റ്ററുടെയും ഭാര്യയുടെയും പേരിൽ കോടികളുടെ വായ്പാ ക്രമക്കേട് നടത്തിയെന്ന വിവരമാണ് പുറത്തുവന്നത്. ഡയറക്റ്ററായ മുണ്ടച്ചാലിൽ നരീക്കുട്ടി രവീന്ദ്രൻ, ബാങ്കിൽ മുതലും പലിശയും കൂട്ടുപലിശയുമായി നൽകാനുള്ളത് 49,67,610 രൂപയാണെന്ന വിവരാവകാശ രേഖകൾ ലഭിച്ചിട്ടുണ്ട്. ഇങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്, സഹകരണ ബാങ്കുകളിലെ ക്രമക്കേടിന്റെ വാർത്തകൾ പുറത്തുവന്നതും നിക്ഷേപകരെ ഭീതിയിലാഴ്‌ത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP