Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202203Saturday

'സർ അങ്ങയെ ഞാൻ സ്വന്തം അച്ഛനെപ്പോലെയാണ് കാണുന്നത്; അങ്ങയുടെ മുഖത്തുനോക്കി ഞാൻ കള്ളം പറയില്ല'; ജയറാം പടിക്കൽ വികാരാധീനനായി പറഞ്ഞത് കരുണാകരൻ പൂർണ്ണമായും വിശ്വസിച്ചു; രാജൻ കേസിൽ ലീഡർക്ക് യാതൊരു പങ്കുമില്ല; കെ കരുണാകരന്റെ നിരപരാധിത്വം വെളിപ്പെടുത്തി മുൻ കലക്ടർ പ്രേമചന്ദ്രക്കുറിപ്പിന്റെ സർവീസ് സ്റ്റോറി

'സർ അങ്ങയെ ഞാൻ സ്വന്തം അച്ഛനെപ്പോലെയാണ് കാണുന്നത്; അങ്ങയുടെ മുഖത്തുനോക്കി ഞാൻ കള്ളം പറയില്ല'; ജയറാം പടിക്കൽ വികാരാധീനനായി പറഞ്ഞത് കരുണാകരൻ പൂർണ്ണമായും വിശ്വസിച്ചു; രാജൻ കേസിൽ ലീഡർക്ക് യാതൊരു പങ്കുമില്ല; കെ കരുണാകരന്റെ നിരപരാധിത്വം വെളിപ്പെടുത്തി മുൻ കലക്ടർ പ്രേമചന്ദ്രക്കുറിപ്പിന്റെ സർവീസ് സ്റ്റോറി

എം റിജു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലീഡർ കെ കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന വിവാദ വെളിപ്പെടുത്തലുമായി, മൂന്നരപതിറ്റാണ്ട് അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫിൽ പ്രധാനിയായി പ്രവർത്തിച്ച മൂൻ ജില്ലാകല്കടർ കൂടിയായ കെ.എസ് പ്രേമചന്ദ്രക്കുറുപ്പ് ഐ.എ.എസിന്റെ സർവീസ് സ്റ്റോറി. 'ലീഡറോടൊപ്പം മൂന്നരപ്പതിറ്റാണ്ട്'- എന്ന സർവീസ് സ്റ്റോറിയിലാണ് രാജൻ കേസ് അടക്കമുള്ള കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ സംഭവ വികാസങ്ങൾ കടന്നുവരുന്നത്. ഇതിൽ രാജൻ കേസിൽ കരുണാകരൻ പൂർണ്ണമായും നിരപരാധിയാണെന്ന് പ്രേമചന്ദ്രക്കുറുപ്പ് തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടുന്നു. അടിയന്തരാവസ്ഥക്കാലത്ത് പൊലീസിന് കിട്ടിയ അമിതമായ അധികാരം, അവർ ദുരുപയോഗം ചെയ്തെന്നും, ഉദ്യോഗ്ഥർ പറയുന്നത് കണ്ണുമടച്ച് വിശ്വസിച്ചതാണ് കരുണാകരന് വിനയായതെന്നും പുസ്തകം പറയുന്നു.

രാജന് എന്താണ് സംഭവിച്ചത് എന്ന് കരുണാകരന് നേരിട്ട് അറിയില്ലായിരുന്നു. ഇതിനായി അന്നത്തെ ക്രൈംബ്രാഞ്ച് ഡി.ഐ.ജി ജയാറം പടിക്കലിനെ കരുണാകരൻ നേരിട്ട് വിളിച്ചുവരുത്തി ചോദിച്ചതിന് താൻ സാക്ഷിയാണെന്ന് പ്രേമചന്ദ്രക്കുറുപ്പ് എഴുതുന്നു. എന്നാൽ വികാരധീനനായാണ് പടിക്കൽ മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിച്ചത്.''സർ കണ്ണിനു കാഴ്ച കുറവുണ്ടായിരുന്ന എന്റെ രണ്ട് കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാത്രം അങ്ങ് എനിക്ക് സ്‌കോട്ട്ലാന്റ് യാർഡിൽ ഒരു വർഷത്തെ പരിശീലനം ശരിയാക്കിത്തന്നു. അവരുടെ കാഴ്ച കുറേയൊക്കെ ശരിയായി കിട്ടി. ആ കടപ്പാട് ഒരിക്കലും അവസാനി ക്കുകയില്ല. അങ്ങയെ ഞാൻ സ്വന്തം അച്ഛനെപ്പോലെയാണ് കാണുന്നത്, അങ്ങയുടെ മുഖത്തുനോക്കി ഞാൻ കള്ളം പറയുമെന്ന് അങ്ങ് കരുതുന്നുണ്ടോ, രാജൻ എന്ന വിദ്യാർത്ഥിയെ ഒരു കാലത്തും കസ്റ്റ ഡിയിൽ എടുത്തിട്ടേയില്ല.''- പടിക്കൽ ഇങ്ങനെയാണ് പറഞ്ഞത്.

ഇതോടെ ലീഡർക്ക് പൂർണ്ണ വിശ്വാസമായി. ഒപ്പം ആശ്വാസവും. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രാജനെ കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്ന പ്രസ്താവന അദ്ദേഹം നടത്തുന്നത്. ഉദ്യോഗസ്ഥർ ചെയ്ത തെറ്റിന് മുഴുവൻ പഴികേട്ടത് കരുണാകരൻ മാത്രമായിരുന്നു. പിന്നീട് രാജൻ കേസിൽ അദ്ദേഹത്തിന് രാജിവെക്കേണ്ടിവന്നു. കോൺഗ്രസിന് അകത്തെ ഗ്രൂപ്പുവഴക്കും ഇതിൽ നിർണ്ണായകമായി. ലാവ്ലിൻ കേസിൽ പിണറായി വിജയന് സിപിഎമ്മിൽനിന്ന് കിട്ടിയ പിന്തുണ, രാജൻകേസിൽ കരുണാകരന് കോൺഗ്രസിന് അകത്തുനിന്ന് കിട്ടിയില്ലെന്നും പുസ്തകം ചൂണ്ടിക്കാട്ടുന്നു. അതുപോലെ പാമോയിൽ കേസും, ചാരക്കഥയും അടക്കം കരുണാകരനുനേരെ വന്ന ആരോപണങ്ങളും സ്വന്തം പാർട്ടിയിലെ ചിലരുടെ പിന്തുണയോടെ കെട്ടിച്ചമക്കപ്പെട്ടതാണെന്നും പ്രേമചന്ദ്രക്കുറുപ്പ് തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു.

മൂന്നരപതിറ്റാണ്ട് കെ. കരുണാകരന്റെ പേഴ്സണൽ സ്റ്റാഫിൽ പ്രവർത്തിച്ച പ്രേമചന്ദ്രക്കുറുപ്പ് സംസ്ഥാന ലേബർ കമീഷണർ, തൃശൂർ, മലപ്പുറം ജില്ലകളിലെ കളക്ടർ തുടങ്ങിയ നിരവധി പദവികൾ അലങ്കരിച്ച വ്യക്തിയാണ്. സർവീസിലിരിക്കെ അഴിമതിരഹിതനെന്ന ഖ്യാതിയുള്ള പ്രേമചന്ദ്രക്കുറുപ്പിന്റെ പുസ്തകരം രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയാവുകയാണ്.

'പിണറായിക്ക് കിട്ടിയ ആനുകൂല്യം ലീഡർക്ക് കിട്ടിയില്ല'

പ്രേമചന്ദ്രക്കുറുപ്പിന്റെ ആത്മകഥയിലെ 'കോടതി വ്യവഹാരങ്ങൾ' എന്ന അധ്യായത്തിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെലാണ്. 'ഒട്ടേറെ കോടതി വ്യവഹാരങ്ങൾ നേരിട്ട ഒരു നേതാവ് കൂടിയാണ് ലീഡർ. പ്രതിപക്ഷകക്ഷി നേതാക്കൾ മാത്രമല്ല, സ്വന്തം കക്ഷിയുടെ നേതാക്കളും അവസരം മുതലെടുത്ത് ലീഡർക്കെതിരെ അണിനിരന്ന കാഴ്ച രാഷ്ട്രീയ കേരളം കണ്ടതാണ്.

കോടതി വ്യവഹാരങ്ങൾക്ക് ആസ്പദമായ സംഭവ പരമ്പരകളെക്കു റിച്ച് ഒരു ന്യായന്യായ വ്യാഖ്യാനം മലയാളിക്ക് ആവശ്യമില്ല. എന്നാൽ പലപ്പോഴും സാമാന്യനീതിയിലും സാമാന്യയുക്തിയിലും വ്യക്തിയെന്ന നിലയിലുള്ള അദ്ദേഹത്തിനുള്ള അവകാശങ്ങൾ പലപ്പോഴും ലീഡർക്ക് നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. ലാവ്ലിൻ കേസിൽ പിണറായി വിജയന് കിട്ടിയ സാമാന്യ നീതി പോലും ലീഡർക്ക് ലഭിച്ചില്ല. പിണറായി വിജയന് സാങ്കേതികമായ ആനുകൂല്യം മാത്രമാണ് ലഭിച്ചതെന്നും മനസ്സിലാക്കേണ്ടതുണ്ട്.

ലീഡർക്കെതിരായ വ്യവഹാരങ്ങളുടെ പശ്ചാത്തലവും ആർക്കും ഇതുവരെ അറിയാത്തതുമായ ഒട്ടേറെ സംഭവങ്ങൾക്ക് ഞാൻ സാക്ഷിയാണ്. ആ സംഭവങ്ങളിൽ ചിലത് ഞാനിവിടെ പകർത്താൻ ശ്രമിക്കു കയാണ്. ചരിത്രത്തിന്റെ വിടവുകൾ മനസ്സിലാക്കാനും ചരിത്രത്തിന്റെ പുനർവായനയ്ക്കും വേണ്ടി മാത്രമാണ് ഞാനിത് കുറിക്കുന്നത്.

രാജൻ കേസ്

''1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മുഖ്യമന്ത്രി സ്ഥാനം അച്യുതമേനോനു നൽകുവാനാണ് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചത്. കെ. കരുണാകരൻ ആഭ്യ ന്തരമന്ത്രിയായി ചുമതല ഏറ്റെടുത്തു.
1971 കാലഘട്ടം. കേരളം കണ്ട ഏറ്റവും വലിയ അസ്വാസ്ഥങ്ങളുടെതായിരുന്നു. തികച്ചും പ്രതികൂലമായ സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥയുടെ നടുവിലാണ് ലീഡർ എത്തിപ്പെട്ടത്. ഒട്ടേറെ അക്രമ പരമ്പരകൾ, കത്തിക്കുത്തുകൾ, ലാത്തിച്ചാർജുകൾ, വെടിവയ്‌പ്പുകൾ, ആസിഡ് ബൾബ് ആക്രമണങ്ങൾ, നക്സലൈറ്റ് ആക്രമണങ്ങൾ, തല ശ്ശേരിയിലെ വർഗ്ഗീയ കലാപം, പൊലീസ് ബലപ്രയോഗങ്ങൾ.... അങ്ങനെ ആഭ്യന്തരവകുപ്പു മുൾമുനയിൽ നിൽക്കുന്ന കാലം. ഇവയുടെയൊക്കെ പാപഭാരം ആഭ്യന്തരമന്ത്രി കെ. കരുണാകരന്റെ തലയിലും. പഴി മുഴുവൻ ലീഡർക്ക്.

1975 ജൂൺ 25 അന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതോടെ പ്രാധാന്യം ആഭ്യന്തരവകുപ്പിനും ആഭ്യന്തര വകുപ്പു മന്ത്രിക്കുമായി. അച്യുതമേനോൻ മുഖ്യമന്ത്രിയായി തുടർന്നെങ്കിലും ഭരണസാരഥ്യം മുഴുവൻ ലീഡർക്കായി മാറി. അടിയന്തരാവസ്ഥ ഒരു ഇരുതല വാളായി മാറുകയായിരുന്നു. സിവിൽ സർവ്വീസ് എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു. എല്ലാ സർക്കാർ ജീവനക്കാരനും കർത്തവ്യ നിരതരായി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ജാഗ്രതയോടെ വർത്തിച്ചു. കള്ളക്കടത്തും പൂഴ്‌ത്തിവയ്‌പ്പും ഇല്ലാതായി സേവനങ്ങൾ പൗരസമൂഹത്തിന് സത്വരം ലഭ്യമായി. അനാവശ്യസമരങ്ങളും പ്രതിഷേധങ്ങളും എങ്ങോ പോയ്മറഞ്ഞു. ജന ങ്ങൾക്കു ഭരണസംവിധാനത്തോടു മതിപ്പു വന്നു.

എന്നാൽ മാധ്യമങ്ങൾക്കുമേൽ വന്ന വിലക്കുകൾ എല്ലാത്തിനെയും നിഷ്ഫലമാക്കി. വാർത്തകളൊന്നും പുറത്തുവന്നില്ല. അതുകൊണ്ടു തന്നെ ഭരണത്തിനെതിരായ പ്രതിഷേധങ്ങളെല്ലാം അവിടെ തന്നെ വിലയം പ്രാപിക്കുകയാണുണ്ടായത്. ജനാധിപത്യത്തിൽ അറിയാനുള്ള അവകാശം മൗലികമാണല്ലോ?

ഇതിന്റെ മറ്റൊരുവശം ക്രമസമാധാന ചുതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അമിതാധികാര പ്രവണതയായിരുന്നു. വിവരങ്ങൾ പുറത്തുവരില്ലെന്ന ധൈര്യത്തിൽ ഉന്നത ഉദ്യോഗസ്ഥർ അവരുടെ മാനസിക വൈകല്യങ്ങളും ക്രൗര്യവും പുറത്തെടുത്തു. ഫലമോ മനുഷ്യാ വകാശലംഘനങ്ങളുടെ പരമ്പരതന്നെ അരങ്ങേറി. യജമാനന്മാരുടെ മുന്നിൽ മിടുക്കരാകാൻ സ്ഥാനത്തും അസ്ഥാനത്തും അവർ പലതും കാട്ടിക്കൂട്ടി. മിക്കപ്പോഴും ബന്ധപ്പെട്ട മന്ത്രിമാരുടെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ പൊലീസ് അവരുടെ നായാട്ട് തുടർന്നു. ഇതിന് അപവാദങ്ങളുണ്ടാകാം. എന്നാൽ രാജ്യത്ത് നടന്ന പൊലീസ് അതിക്രമങ്ങളിൽ ഏറിയകൂറും പൊലീസ് തന്നെ സൃഷ്ടിച്ചതാണെന്നു കാണാം.

പിന്നീട് സൗകര്യപൂർവ്വം ഈ പാപഭാരം മുഴുവൻ മന്ത്രിമാരുടെ തോളിൽ കയറ്റി രക്ഷപ്പെടാനും പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു എന്നതാണ് നേര്. മാധ്യമങ്ങൾക്കും കോടതികൾക്കും മേലുള്ള നിയന്ത്രണം കൊണ്ടുണ്ടായ ഏറ്റവും വലിയ തിരിച്ചടി തന്നെയാണിത്. കേരളത്തിലും ഇതൊക്കെതന്നെയാണ് അരങ്ങേറിയത്.

അടിയന്തരാവസ്ഥയുടെ ഗുണഫലങ്ങളെല്ലാം ഏറ്റെടുക്കാൻ ഒട്ടേറെ മാന്യന്മാരുണ്ടായിരുന്നു. എന്നാൽ എല്ലാ തിന്മകളും കരുണാകരൻ എന്ന നേതാവിൽ ചാർത്തിക്കൊടുക്കുവാൻ എല്ലാവരും മത്സരിച്ചു. അത് ഭാഗികമായി വിജയിക്കുകയും ചെയ്തു. 1971 കാലത്ത് സംസ്ഥാനം മുഴുവൻ നടന്ന എല്ലാ അക്രമപരമ്പരകളുടെയും മൊത്തം പകർപ്പവകാശം ആഭ്യന്തരമന്ത്രിയിൽ കെട്ടി വക്കുന്നതിൽ വിജയം വരിച്ച പ്രതി പക്ഷം കരുണാകരന് ഒരു വില്ലന്റെ പരിവേഷം നൽകുവാൻ സദാ ഉൽസുകരായി. അതിന്റെ തുടർച്ചയായി അടിയന്തരാവസ്ഥയിലെ പൊലീസ് അതിക്രമങ്ങളും കരുണാകരന്റെ തലയിൽ കെട്ടിവെക്കാൻ എളുപ്പവുമായിരുന്നു.

1977ൽ കരുണാകരന്റെ നേതൃത്തിലുള്ള യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നു. നൂറ്റിപ്പതിനാലു സീറ്റു നേടി. ഏതാനും ദിവസം കഴിഞ്ഞപ്പോൾ രാജൻ കേസ് പൊന്തി വന്നു. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ വിദ്യാർത്ഥിയായിരുന്ന രാജനെ പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നീട് ആ വിദ്യാർത്ഥിയെക്കുറിച്ച് ഒരു വിവര വുമില്ല. മാധ്യമങ്ങളിൽ വലിയ വാർത്തയായി, വിവാദമായി. ഇന്നത്തേ തുപോലെ പെട്ടിക്കടകൾ പോലെ എഞ്ചിനീയറിങ് കോളേജുകൾ ഇല്ലാത്ത കാലത്ത് പ്രശസ്തമായ നിലയിൽ വിജയം നേടി കോഴി ക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ എത്തിയ വിദ്യാർത്ഥിയായ രാജനെ ഒരു ദിവസം അറസ്റ്റ് ചെയ്ത ലോക്കപ്പിലിട്ട് പീഡി പ്പിച്ച് കൊന്നത് മനുഷ്യാധമൻന്മാർക്കു മാത്രമേ ചെയ്യാനാകു. അതി ലൊട്ടും സംശയമില്ല. കുറ്റവാളികൾ മാപ്പർഹിക്കുന്നുമില്ല. പ്രത്യേകിച്ച് ഭാവിയുടെ വാഗ്ദാനമായ ഒരു ചെറുപ്പക്കാരന്റെ. ഒരച്ഛനും ഒരമ്മയ്ക്കും മറക്കാനും പൊറുക്കാനും കഴിയുന്നതല്ല. രാജന്റെ അച്ഛൻ ഈച്ച് രവാര്യർ മകനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി കെ. കരുണാക രനെ കണ്ടു. അന്നത്തെ കോഴിക്കോട് എസ്‌പി. ലക്ഷ്മണയും, ഡി.ഐ.ജി, റ്റി.വി. മധുസൂദനനും ക്രൈംബ്രാഞ്ച് ഐ.ജി. ജയറാം പടിക്കലും ആണ്. കരുണാകരന് സംഭവത്തെക്കുറിച്ച് വ്യക്തമായി അറി യാമെന്ന് എല്ലാവരും കരുതി. രാജന്റെ അച്ഛൻ ഈച്ചരവാര്യർ മകനെ രാജനെ കോടതിയിൽ നേരിട്ട് ഹാജരാക്കുവാനാണ് വിധി. സത്യവാങ്മൂലം സമർപ്പിക്കാനും ആവശ്യപ്പെട്ടു. അന്നത്തെ ഐ.ജി. നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതിയിൽ സമർപ്പിക്കു വാനുള്ള സത്യവാങ്മൂലം തയ്യാറാക്കിയത് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ടി.സി.എസ്. മേനോനും, എബ്രഹാം ഫിലിപ്പും ചേർന്നാ ണ്. ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ പ്രതിനിധിയാകുവാൻ യോഗ്യതയുള്ള വ്യക്തിയെന്നാണ് എബ്രഹാം ഫിലിപ്പിനെക്കുറിച്ച് യു.പി.എസ്.എസി. ചെയർമാനായിരുന്ന കെ.പി.എസ്. മേനോൻ പണ്ടൊരിക്കൽ പറഞ്ഞത്. അത് പ്രഗത്ഭനായിരുന്നു എബ്രഹാം ഫിലിപ്പ്.

മുഖ്യമന്ത്രിയും, കരുണാകരനും ഇരുപക്ഷമെന്ന അവസ്ഥയായിരുന്നു. രാജൻ കേസ് സംബന്ധിച്ച് അന്ന് കേരളത്തിൽ പ്രചരിച്ചിരുന്ന കഥകൾ നിരവധിയായിരുന്നു. കോഴിക്കോട് എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി രാജനെ നക്സൽ ബന്ധം സംശയിച്ച് പൊലീസ് കസ്റ്റഡി യിലെടുത്തു. കുരമായ ചോദ്യം ചെയ്യലിനിടെ മരണപ്പെട്ടു. മൃതശരീരം ആഭ്യന്തരമന്ത്രി കരുണാകരന്റെ നിർദ്ദേശപ്രകാരം ഒന്നുകിൽ പഞ്ച സാര ചേർത്ത് ഭസ്മമാക്കി അല്ലെങ്കിൽ വലിയ കല്ലിനോട് ചേർത്തു കെട്ടി അണക്കെട്ടിലെ താഴ്ന്ന സ്ഥലത്ത് മുക്കിക്കളഞ്ഞു ഇത്തരം കഥ കൾ കേട്ട് കരുണാകരൻ അതീവ ദുഃഖിതനായിരുന്നു. ജൂലിയസ് സീസറിലെ ബ്രൂട്ടസേ നീയും എന്നു പറഞ്ഞതുപോലെ ഇന്നലെ വരെ വളരെ അടുപ്പമുള്ളവരായി ഭാവിച്ചു നിന്നവർ പോലും ഇത്തരം കഥ കൾ പാടി നടക്കുന്നത് അദ്ദേഹത്തിന് ഞെട്ടലുണ്ടാക്കി. അദ്ദേഹത്തിന്റെ അന്നത്തെ അവസ്ഥ നേരിട്ടു കാണാനിടയായ ചുരുക്കം ചിലരിൽ ക ണ്ണപ്പനും ഞാനുമുണ്ട്. ''

'പടിക്കൽ എന്റെ മുന്നിൽ കളവ് പറയില്ല'

ജയറാം പടിക്കലിനെ വിശ്വസിച്ചതാണ് കരുണാകരന് പറ്റിയെ തെറ്റ് എന്നും പ്രേമചന്ദ്രക്കുറപ്പ് ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു- ''ഇതിനിടെ ഒരു പ്രധാന സംഭവം ഉണ്ടായി. രാജൻ കേസിൽ ജസ്റ്റീസ് സുബ്രഹ്മണ്യം പോറ്റിയുടെ ഉത്തരവനുസരിച്ച് കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുന്നതിനിടയിലാണ് രംഗം ആഭ്യന്തരമന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്മോഹൻ ബംഗ്ലാവ്. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാറുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു. മന്മോഹൻ ബംഗ്ലാവിൽ എന്നെ കൂടാതെ ഗൺമാൻ വേലായുധമേനോനും ഒന്ന് രണ്ട് ശിപായിമാരും, ഡ്രൈവർ കരു ണാകരൻനായരും മാത്രം.

മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ഡി.ഐ.ജി, ജയറാം പടിക്കലിനെ മന്മോഹൻ ബംഗ്ലാവിലേക്ക് വിളിച്ചു വരുത്തി. മേനോനും ഞാനും മുറിയിൽതന്നെ നിൽക്കുന്നു. ഒരു വരയൻ അരക്കയ്യൻ ഷർട്ടും പാന്റ് സും ധരിച്ച് പടിക്കൽ വന്നു. സാന്നിദ്ധ്യം അറിയിച്ച പടി ക്കലിനോട് മുഖ്യമന്ത്രി ചോദിച്ചു. ''പടിക്കലിനോട് ഒരു കാര്യം ഞാൻ ചോദിക്കട്ടെ? എന്നോട് സത്യം മാത്രമേ പറയാവു. നിങ്ങൾ ഈ കുട്ടിയെ (എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥി രാജൻ) കസ്റ്റഡിയിൽ എടുത്തിട്ടുണ്ടോ? വല്ലതും പറ്റി പ്പോയോ? ഈ കേൾക്കുന്നതിലൊക്കെ വല്ല വാസ്തവവുമുണ്ടോ? സത്യം എന്താണെന്നു വച്ചാൽ എന്നോട് പറയാൻ മടിക്കണ്ട.''

പടിക്കൽ വല്ലാതെ വികാരാധീനനായി തോന്നി, അദ്ദേഹം ഏതാണ്ട് പറഞ്ഞു. ''സർ കണ്ണിനു കാഴ്ച കുറവുണ്ടായിരുന്ന എന്റെ രണ്ട് കുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാത്രം അങ്ങ് എനിക്ക് സ്‌കോട്ട്ലാന്റ് യാർഡിൽ ഒരു വർഷത്തെ പരിശീലനം ശരിയാക്കിത്തന്നു. അവരുടെ കാഴ്ച കുറേയൊക്കെ ശരിയായി കിട്ടി. ആ കടപ്പാട് ഒരിക്കലും അവസാനി ക്കുകയില്ല. അങ്ങയെ ഞാൻ സ്വന്തം അച്ഛനെപ്പോലെയാണ് കാണുന്നത്, അങ്ങയുടെ മുഖത്തുനോക്കി ഞാൻ കള്ളം പറയുമെന്ന് അങ്ങ് കരുതുന്നുണ്ടോ, രാജൻ എന്ന വിദ്യാർത്ഥിയെ ഒരു കാലത്തും കസ്റ്റ ഡിയിൽ എടുത്തിട്ടേയില്ല.''

ലീഡർക്ക് പൂർണ്ണ വിശ്വാസമായി. ഒപ്പം ആശ്വാസവും. പടിക്കൽ മുറി വിട്ടുപോയി. മേനോൻ എന്റെ മുഖത്ത് നോക്കി. ആ നോട്ടത്തിന്റെ അർത്ഥം എനിക്കറിയാമായിരുന്നു. ഞാൻ സാവധാനം ലീഡറോട് പറഞ്ഞു. ഇവ രൊക്കെ പറയുന്നത് മുഴുവൻ ശരിയാകണമെന്നില്ല. മേനോൻ എന്നെ പിന്തുണച്ച് ബാക്കി പറഞ്ഞു. മുഖ്യമന്ത്രി ക്ഷഭിതനായി. അദ്ദേഹം ചോദിച്ചു.

പടിക്കലിനെപ്പറ്റി നിങ്ങൾക്ക് എന്തറിയാം. എന്റെ മുഖത്ത് നോക്കി അയാൾ അസത്യം പറയില്ല എന്നെനിക്ക് ഉറപ്പുണ്ട്. പടിക്കലിന്റെ വിശ്വാസ്യതയെ സംശയിച്ച് എന്നെയും മേനോനെ യും മുഖ്യമന്ത്രി വല്ലാതെ ശാസിച്ചു എന്നു പറയുന്നതാവും ശരി. പടിക്കൽ പറഞ്ഞത് നൂറ് ശതമാനവും സത്യവിരുദ്ധമായ കാര്യങ്ങ ളായിരുന്നു എന്ന് കരുണാകരൻ എന്ന ശുദ്ധാത്മാവിനു മനസ്സിലാ യത് വളരെ വൈകിയാണ്. ലീഡറുടെ നിഴലായി മൂന്നുപതിറ്റാണ്ടിലധികം ജീവിച്ചതിൽ നിന്നും ഞാൻ മനസിലാക്കിയ ഒരു കാര്യം ലീഡർ ഒപ്പം നിൽക്കുന്നവരെ വളരെയധികം സ്നേഹിക്കുകയും അവരെ നൂറ് ശതമാനവും വിശ്വസിക്കുകയും ചെയ്യുമെന്നതാണ്. ഈ ഒരു സംഭവം മാത്രം അദ്ദേഹത്തിന് ജീവിതത്തിൽ പല അവസരങ്ങളിലും വലിയ വിനയായിത്തീർന്നിട്ടുണ്ട്. അതിലൊന്നാണ് രാജൻ കേസ്, താൻ വി ശ്വസിക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള ധാരാളം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്വാർത്ഥ താല്പര്യത്തിനായി അദ്ദേഹത്തെ മ ന:പൂർവ്വം ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. ഇത്തരത്തിലുള്ള മറ്റൊരു ചതിയുടെയും വഞ്ചനയുടെ യും ഉദാഹരണമാണ് പിന്നീട് കുപ്രസിദ്ധി നേടിയ പാമോയിൽ കേസ്.

രാജൻ കേസിൽ കരുണാകരനെ മാധ്യമങ്ങൾ അക്ഷരാർത്ഥത്തിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തിനെതിരെയുള്ള വിമർ ശനങ്ങൾക്ക് അതിർവരമ്പുകളൊന്നുംതന്നെ ഇല്ലായിരുന്നു. ഒരു വ്യക്തി യെന്ന നിലയ്ക്കുള്ള പരിഗണനകളോ അവകാശങ്ങളോ വകവച്ചു കൊടുക്കാൻ ആരും തയ്യാറായില്ല. പ്രതിപക്ഷ കക്ഷികൾക്കും സ്വന്തം പാർട്ടിയിലുള്ളവർക്കും ഒരേ സ്വരമായിരുന്നു. അവർ ഒരുക്കിയ പത്മ വ്യൂഹങ്ങളെ ഭേദിക്കുന്നതും അജയ്യനായി ലീഡർ തിരിച്ചു വരുന്നതും കേരളം കണ്ടു''.

ജഡ്ജി കറകളഞ്ഞ ഇടതുപക്ഷക്കാരൻ

സർവീസ് സ്റ്റോറി ഇങ്ങനെ തുടരുന്നു. ''ഈച്ചരവാര്യരുടെ ഹേബിയൻ കോർപ്പസ് റിട്ട് പരിഗണിക്കേണ്ടത് ജസ്റ്റീസ് ഗോപാലൻ നമ്പ്യാരുടെ ബഞ്ചിലാണ്. അന്ന് അദ്ദേഹം അവ ധിയിലായിരുന്നു. പിന്നീടത് വരേണ്ടത് ജസ്റ്റീസ് ബാലകൃഷ്ണൻ ഏറാടി യുടെ ബഞ്ചിലാണ്. അദ്ദേഹവും അന്ന് അവധിയിലായിരുന്നു. അങ്ങനെയാണ് റിട്ട് സുബ്രഹ്മണ്യം പോറ്റിയുടെ ബഞ്ചിലെത്തുന്നത്.

ജസ്റ്റീസ് സുബ്രഹ്മണ്യം പോറ്റി തികച്ചും കറകളഞ്ഞ ഇടതുപക്ഷ ക്കാരനാണെന്ന് ആർക്കുമറിയാം. 1957ലെ ആദ്യത്തെ ഇ.എം.എസ്. മന്ത്രിസഭയുടെ കാലത്ത് അദ്ദേഹത്തെയാണ് സർക്കാർ അഡ്വക്കേറ്റ് ജനറലായി നിയമിച്ചത്. ജോലിയിൽ നിന്നും വിരമിച്ചതിനുശേഷം അദ്ദേഹം എറണാകുളത്ത് ഇടതുപക്ഷ സ്ഥാനാർത്ഥിയാകുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് രാജൻ കേസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ കടുത്ത നിരീക്ഷണങ്ങൾ വിലയിരുത്തപ്പെടേണ്ടത്.

ഈ നിരീക്ഷണങ്ങളുടെ പേരിൽ കരുണാകരൻ രാജി വയ്ക്കേണ്ട ഒരു സാഹചര്യവുമില്ലെന്നു നിയമവിദഗ്ദ്ധർ അന്നും ഇന്നും ചൂണ്ടി ക്കാട്ടുന്നുണ്ട്. എന്നാൽ ദേശീയ രംഗത്തെ കോൺഗ്രസിന്റെ നിലയും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും രാജിയിലേക്കു നയിക്കുകയായിരുന്നു.''- ഇങ്ങനെയാണ് പ്രേമചന്ദ്രക്കുറുപ്പ് രാജൻകേസുമായി ബന്ധപ്പെട്ട വിവാദങ്ങൾ വെളിപ്പെടുത്തുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP