Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവളത്ത് എത്തുമ്പോൾ വിദേശികളുടെ ഇഷ്ട വിനോദം സർഫിങ്; ഒരു ദിവസം മുന്നേ ദക്ഷിണാഫ്രിക്കൻ ടീം എത്തിയതും കടലിലെ സൗന്ദര്യം മതിയാവോളം ആസ്വദിക്കാൻ; ലീലാ ഹോട്ടലിലെ ബ്രഡും സാൻഡ് വിച്ചും കഴിച്ചിറങ്ങിയ താരങ്ങൾക്ക് വിനയായി തീരശോഷണം; കടൽ അതിക്ഷോഭത്തിൽ ആയതിനാൽ സമുദ്രത്തിലെ അർമാദിക്കൽ നടക്കില്ല; കാര്യവട്ടം ടി20യിൽ 'വിഴിഞ്ഞം' ചർച്ചയും

കോവളത്ത് എത്തുമ്പോൾ വിദേശികളുടെ ഇഷ്ട വിനോദം സർഫിങ്; ഒരു ദിവസം മുന്നേ ദക്ഷിണാഫ്രിക്കൻ ടീം എത്തിയതും കടലിലെ സൗന്ദര്യം മതിയാവോളം ആസ്വദിക്കാൻ; ലീലാ ഹോട്ടലിലെ ബ്രഡും സാൻഡ് വിച്ചും കഴിച്ചിറങ്ങിയ താരങ്ങൾക്ക് വിനയായി തീരശോഷണം; കടൽ അതിക്ഷോഭത്തിൽ ആയതിനാൽ സമുദ്രത്തിലെ അർമാദിക്കൽ നടക്കില്ല; കാര്യവട്ടം ടി20യിൽ 'വിഴിഞ്ഞം' ചർച്ചയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാര്യവട്ടം ടി20 ക്കായി തിരുവനന്തപുരത്തെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിന്റെ മനസ്സ് നിറയെ കോവളത്തെ സർഫിങ്ങായിരുന്നു. തിരുവനന്തപുരത്ത് ആദ്യമായാണ് ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. മുമ്പെത്തിയ വിദേശ ടീമുകളുടെ ഇഷ്ട വിനോദമായിരുന്നു കോവളത്തെ ചെറിയ തിരയിലെ സർഫിങ്. തിരമാലയുടെ വശ്യത നുകരാനുള്ള അവസരം. പക്ഷേ പ്രതീക്ഷയോടെ തിരുവനന്തപുരത്ത് എത്തിയ ടീമിന് ആ ഭാഗ്യം കിട്ടാക്കനിയാകും.

വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ പ്രതിഫലനം തിരുവനന്തപുരത്ത് തീരശോഷണമായി. കോവളത്തിന് അപ്പുറം കരയെല്ലാം കടലെടുത്തു. മഴ മാറി നിൽക്കുമ്പോഴും തിരമാലകൾക്ക് രൗദ്രഭാവമാണ്. അതുകൊണ്ട് കടലിൽ ആർക്കും ഇറങ്ങാൻ അനുവാദമില്ല. അങ്ങനെ കോവളത്തെ ലീലാ ഹോട്ടലിന് പുറത്ത് നിന്ന് കോവളത്തിന്റെ സമുദ്ര സൗന്ദര്യം ആസ്വദിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ടീം. പരിശീലനവും കരയിലെ തമാശകളുമായി ദക്ഷിണാഫ്രിക്കൻ ടീമിന് തിരുവനന്തപുരം വിടേണ്ടി വരും. അതിശക്തമായ സുരക്ഷയാണ് ടീമിന് ഒരുക്കിയിട്ടുള്ളത്. ആരേയും കടലിലേക്ക് വിടേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം.

എന്നാൽ കടൽക്ഷോഭത്തിന്റെ കാഠിന്യം കുറഞ്ഞാൽ തീരുമാനം മാറിയേക്കും. അപ്പോഴും വിഴിഞ്ഞത്തെ പ്രതിഷേധത്തിന്റെ അലയൊലികളുമുണ്ട്. കടലിൽ അടക്കം പ്രതിഷേധക്കാർ തമ്പടിക്കുന്നു. ഈ സാഹചര്യത്തിൽ ക്രിക്കറ്റ് കളിക്കാർ കടലിലേക്ക് ഇറങ്ങുന്നതിനെ സുരക്ഷാ ഉദ്യോഗസ്ഥർ അനുകൂലിക്കാൻ ഇടയില്ല. ദുബായിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ പുലർച്ചെ 3.10നാണ് ദക്ഷിണാഫ്രിക്കൻ ടീം തലസ്ഥാനത്തിത്തയത്.

വൈകീട്ട് അഞ്ചിന് കാര്യവട്ടം സ്റ്റേഡിയത്തിൽ ടീം പരിശീലനം നടത്തും. ഇന്ത്യൻ ടീം നാളെ വൈകീട്ട് നാലരയ്ക്ക് ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തെത്തും. ടീമുകളുടെ പരിശീലനത്തിനുള്ള വിക്കറ്റുകളും ഗ്രീൻഫീൽഡിൽ തയാറാണ്. 25നും 26നും വൈകിട്ട് അഞ്ചു മുതൽ രാത്രി എട്ടുവരെയാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലനം. 26ന് ഉച്ചയ്ക്ക് 12.30ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽവച്ച് ദക്ഷിണാഫ്രിക്കൻ ടീം മാധ്യമങ്ങളെ കാണും.

ഇരുടീമുകളേയും കാത്തിരിക്കുന്നത് ജൈവ പച്ചക്കറി വിഭവങ്ങളും നാടൻ മീൻകറിയും. കോവളം ലീലാ റാവിസിൽ നട്ടുവളർത്തിയ പച്ചക്കറി കൊണ്ടുള്ള വിഭവങ്ങൾക്കൊപ്പം ആവശ്യമെങ്കിൽ സദ്യ തന്നെ ഒരുക്കാൻ തയ്യാറാണ് പത്തനാപുരം സ്വദേശി സജി തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഷെഫ് സംഘം. ഇന്ന് രാവിലെ ബ്രെഡ്, സാൻഡവിച്ചും അടക്കമുള്ള ഭക്ഷണമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഒരുക്കിയത്. അതു കഴിച്ച ശേഷം വിശ്രമത്തിലേക്ക് താരങ്ങൾ മാറി. ടീം ക്യാപ്ടൻ അടക്കം ചിലർക്ക് ടിവി അഭിമുഖങ്ങളുണ്ടായിരുന്നു. ക്വിന്റൺ ഡീകോക്കിനും അഭിമുഖത്തിരക്കായിരുന്നു,

മത്സരം നടക്കുന്ന കാര്യവട്ടം ഗ്രീൻഫീൽഡ് സ്പോർട്സ് ഹബ്ബിൽ തയാറാക്കിയ വിക്കറ്റുകൾ ബിസിസിഐ ക്യൂറേറ്റർ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. കർണാടക ക്രിക്കറ്റ് അസോസിയേഷന്റെ ചീഫ് ക്യൂറേറ്ററും ബിസിസിഐ ക്യൂറേറ്റർമാരുടെ എലൈറ്റ് പാനൽ അംഗവുമായ പ്രശാന്ത് റാവുവാണ് പിച്ച് പരിശോധിക്കാനെത്തിയത്. ഗ്രീൻഫീൽഡിൽ തയാറാക്കിയിട്ടുള്ള വിക്കറ്റുകളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ ക്യൂറേറ്റർ ബിജു എ എമ്മിന്റെ നേതൃത്വത്തിൽ 10 വിക്കറ്റുകളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. വിക്കറ്റുകളും ഔട്ട് ഫീൽഡും മത്സരത്തിനു സജ്ജമാണ്. മറ്റു തയ്യാറെടുപ്പുകൾ അതിവേഗം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

മൂന്ന് ടി20 മത്സരങ്ങളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ വരിക. ശേഷം മൂന്ന് മത്സരങ്ങൾ അടങ്ങുന്ന ഏകദിന പരമ്പരയിലും ഇരു ടീമുകളും കളിക്കും. സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ ഒരുക്കുന്നത് ബാറ്റിങ് പിച്ചാണ്. സ്റ്റേഡിയത്തിലെ 10 പിച്ചുകളിൽ അഞ്ചാം പിച്ചാണ് മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതുവരെ ഇവിടെ നടന്ന മൂന്നു രാജ്യാന്തര മത്സരങ്ങളിലും ഉപയോഗിക്കാത്ത പിച്ചാണിത്. ദിവസവും നനച്ച് പുല്ല് വളർത്തിയ നിലയിലാണ് പിച്ചുകൾ. മത്സരത്തലേന്ന് പുല്ല് അരിഞ്ഞു മാറ്റി റോൾ ചെയ്താവും മത്സരത്തിനു സജ്ജമാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP