Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യാവിഷനെ നോട്ടമിട്ട് കാന്തപുരം രംഗത്ത്; എ പി അനുകൂല വ്യവസായികളെ ഉപയോഗിച്ച് ചാനലിനെ വിലക്കെടുക്കാൻ ശ്രമം; മുനീർ പച്ചക്കൊടി കാട്ടിയതോടെ ഗൾഫ് കേന്ദ്രീകരിച്ച് ചർച്ചകൾ സജീവം

സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഇന്ത്യാവിഷനെ നോട്ടമിട്ട് കാന്തപുരം രംഗത്ത്; എ പി അനുകൂല വ്യവസായികളെ ഉപയോഗിച്ച് ചാനലിനെ വിലക്കെടുക്കാൻ ശ്രമം; മുനീർ പച്ചക്കൊടി കാട്ടിയതോടെ ഗൾഫ് കേന്ദ്രീകരിച്ച് ചർച്ചകൾ സജീവം

എം പി റാഫി

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന ഇന്ത്യാവിഷൻ ചാനലിനെ ലക്ഷ്യമിട്ട് എ പി കാന്തപുര വിഭാഗം രംഗത്തെത്തി. ചാനലിൽ തൊഴിൽപ്രശ്‌നങ്ങൾ മൂർച്ഛിക്കുകയും ശമ്പളം പോലും നൽകാൻ കഴിയാത്ത വിധത്തിൽ പ്രതിസന്ധി രൂപപ്പെടുകയും ചെയ്തതോടെയാണ് ചാനലിനെ പുതിയ മാനേജ്‌മെന്റിന് കൈമാറാൻ നീക്കം സജീവമായിരിക്കുന്നത്. ചാനൽ റേറ്റിംങിൽ കുതിച്ചുയരുകയും മുഴുവൻ സമയ വാർത്താ ദൃശ്യമാദ്ധ്യമ രംഗത്ത് വൻ കുതിപ്പ് സൃഷ്ടിക്കുകയും ചെയ്ത ഇന്ത്യാവിഷനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നത് കാന്തപുരം അബൂബക്കർ മുസ്ല്യാരുമായി അടുപ്പം പുലർത്തുന്ന മുതലാളിമാരാണ്. മാസങ്ങളായി ശമ്പളം മുടങ്ങിയതിന്റെ പേരിൽ ജീവനക്കാർ ഇന്ത്യാവിഷനെതിരായി പരസ്യമായ സമര രംഗത്തേക്കിറങ്ങുന്ന സാഹചര്യത്തിലാണ് പുതിയ മാനേജ്‌മെന്റ് ചാനലിനെ വിലക്കെടുക്കാനുള്ള ചർച്ചകൾ ചൂടു പിടിച്ചത്.

കഴിഞ്ഞ ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ അനുയായികളും അടുപ്പക്കാരുമായ പ്രമുഖ വ്യവസായികൾ ഗൾഫ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് ചാനൽ ഏറ്റെടുക്കുന്ന കാര്യം ഇന്ത്യാവിഷൻ ഡയറക്‌ടേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയത്. ഇതിനെ തുടർന്ന് ചാനൽ ഏറ്റെടുക്കൽ സംബന്ധിച്ച് അണിയറയിൽ പ്രവർത്തനങ്ങളുമായി വ്യവസായികൾ ഏറെക്കുറെ മുന്നോട്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാവിഷനിൽ പ്രശ്‌നങ്ങൾ ഉടലെടുത്തയുടനെ മാസങ്ങൾക്ക് മുമ്പ് ചാനലിനെ വിലക്കുവാങ്ങാൻ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി വ്യവസായ പ്രമുഖർ രംഗത്ത് വന്നിരുന്നു. എന്നാൽ ചാനൽ കൈമാറ്റം നടത്തില്ലെന്ന നിലപാടിലായിരന്നു മാനേജ്‌മെന്റ് ഉണ്ടായിരുന്നത്. എന്നാൽ ഗൾഫ് കേന്ദ്രമായി വ്യവസായികൾ ഇന്ത്യാവിഷനെ ഏറ്റെടുക്കാനുള്ള ചർച്ചകൾ നടത്തിയതോടെ മന്ത്രി മുനീർ അടക്കമുള്ള ഡയറക്ടർ ബോർഡ് അംഗങ്ങളുടെ ഭാഗത്തുനിന്നും ചാനൽ വിൽക്കാൻ പച്ചക്കൊടി ലഭിക്കുകയായിരുന്നു.

അടുത്ത മാസം നടക്കാനിരിക്കുന്ന മർക്കസ് സമ്മേളനത്തോടുകൂടി ചാനൽ സ്വന്തമാക്കാനാണ് കാന്തപുരം സുന്നികൾ ലക്ഷ്യമിടുന്നത്. ഇതിനായി വ്യവസായ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള എക്‌സലെൻസി മീറ്റും മർക്കസ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സമസ്തയുടെയോ സുന്നി സംഘടനകൾക്ക് കീഴിലോ അല്ലാതെ കാന്തപുരവുമായി അടുത്ത ബന്ധമുള്ള വ്യവസായികളും, എസ്.എസ്.എഫ്, എസ്.വൈ.എസ് തുടങ്ങിയ സംഘടനകളുടെ നേതൃ നിരയിലുള്ള ചിലരുമായിരിക്കും ചാനലിന് മേൽനോട്ടം വഹിക്കുക. മസസ്തയുടെ കീഴിൽ ചാനൽ തുടങ്ങുക എന്നത് പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾക്ക് വിരുദ്ധമാകുമെന്നതാണ് ചാനലിന് സമസ്ത നേരിട്ട് മേൽനോട്ടം വഹിക്കാതിരിക്കാൻ കാരണം. അതേസമയം കാന്തപുരം ഉൾപ്പടെയുള്ള നേതാക്കളിൽ നിന്നും ചാനൽ തുടങ്ങാൻ സമ്മതം ലഭിച്ചിട്ടുമുണ്ട്.

അച്ചടി മാദ്ധ്യമ രംഗത്ത് വർഷങ്ങളായി സ്വന്തമായി ഒരിടം കണ്ടെത്തിയിരുന്ന കാന്തപുരം സുന്നികൾക്കിടയിൽ ഏറെ നാളായി ദൃശ്യമാദ്ധ്യമ രംഗത്തേക്കുള്ള ചർച്ചകൾ നടക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അനിസ്ലാമികമായ പരസ്യങ്ങളുൾപ്പടെയുള്ള പലകാര്യങ്ങളും ചാനലിലൂടെ പുറത്തുവിടേണ്ടി വരുമെന്നതിനാൽ സുന്നികൾ ഇതിൽ നിന്നും പിന്തിരിയുകയായിരുന്നു. അതേസയം കലഘട്ടത്തിന് അനുയോജ്യമായി സമൂഹത്തോട് സംവദിക്കാൻ ഒരു ചാനൽ വേണമെന്ന അഭിപ്രായം എ.പി വിഭാഗത്തിനുള്ളിൽ നിലനിന്നിരുന്നു. കൂടാതെ ഇ.കെ വിഭാഗം സുന്നികൾ സുപ്രഭാതം, ദർശന തുടങ്ങിയ അച്ചടി ദൃശ്യമാദ്ധ്യമങ്ങളിലൂടെ ഈയിടെ നടത്തിയ മുന്നേറ്റവും കാന്തപുരം വിഭാഗത്തെ ഇന്ത്യാവിഷൻ ഏറ്റെടുക്കുന്നതിലേക്ക് നിർബന്ധിക്കുകയായിരുന്നു.

നിരവധി വ്യവസായികൾ ഇന്ത്യാവിഷനെ വിലക്കെടുക്കാൻ തുനിഞ്ഞിരുന്നെങ്കിലും ഈ സാഹചര്യത്തിൽ ചാനൽ മറ്റാർക്കും വിട്ടു നൽകാതെ കാന്തപുരം വിഭാഗത്തിലെ ഏതാനും വ്യവസായികൾ തന്നെ വാങ്ങുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നും അറിയുന്നത്. അഡ്വ.ജയശങ്കർ ഉൾപ്പടെയുള്ളവർ ഇതിനായി മാനേജ്‌മെന്റുമായി ഇടപെട്ടിരുന്നു. ഇന്ത്യാവിഷന്റെ ആരംഭകാലം മുതൽ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗൾഫ് രാജ്യങ്ങളിൽ നിന്നുമാണ് പണം കണ്ടെത്തിയിരുന്നത്. ഇതിനാൽ തന്നെ ഇന്ത്യാവിഷന് പണം നൽകിയിരുന്ന പ്രമുഖ ഗൾഫ് മലയാളിലധികവും കാന്തപുരം വിഭാഗത്തിനായി ഇന്ത്യാവിഷൻ വിട്ടുനൽകുന്നതിൽ അനുഭാവമുള്ളവരാണ്.

ഇത് ഉപയോഗപ്പെടുത്തി ഇന്ത്യാവിഷൻ കാന്തപുരത്തിന്റെ അനുയായികളായ വ്യവസായ പ്രമുഖരുടെ കൈകളിൽ എത്തുമെന്നാണ് അറിയുന്നത്. ഇതിനായി മർക്കസ് കേന്ദ്രവുമായി ബന്ധമുള്ള യുവഅഭിഭാഷകന്റെ നേതൃത്വത്തിലാണ് ഇന്ത്യാവിഷൻ ഏറ്റെടുക്കൽ സംബന്ധിച്ച കോഡിനേഷൻ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ വച്ച് ഏതാനും ദിവസങ്ങൾക്ക് മുമ്പും ഇതുസംബന്ധിച്ച കൂടിക്കാഴ്ചകൾ നടന്നിരുന്നു. പുതിയ മാനേജ്‌മെന്റ് ചാനൽ ഏറ്റെടുക്കുന്നതോടെ ഏറെ കാലമായി ഇന്ത്യാവിഷൻ നേരിട്ടുകൊണ്ടിരിക്കുന്ന രൂക്ഷമായ തൊഴിൽ പ്രശ്‌നങ്ങൾക്കും പ്രതിസന്ധികൾക്കും ശാപമോക്ഷമാകുമെന്നാണ് ബന്ധപ്പെട്ടവർ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP