Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു പതിറ്റാണ്ട് മുൻപ് പണി തുടങ്ങിയിട്ടും കണ്ണൂർ എസ്എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയം പാതിവഴിയിൽ; യുജിസി ഫണ്ട് അനുവദിച്ച ഇൻഡോർ സ്റ്റേഡിയത്തിനു ഫണ്ട് തേടി പ്രിൻസിപ്പാളും സിൻഡിക്കേറ്റ് മെമ്പറും അടക്കുള്ളവർ ദുബായിലേക്ക്; ആദ്യ കരാറുകാരൻ എട്ടുലക്ഷവുമായി മുങ്ങി; കണക്കും നൽകിയില്ല; കണക്കുകൾ നൽകാത്തതിനാൽ യുജിസി പിടിച്ചുവച്ചിരിക്കുന്നത് 35 ലക്ഷം രൂപ; പിടിഎ ഫണ്ട് വകമാറ്റിയും കുത്തനെ ഉയർത്തിയും എട്ടുലക്ഷം സമാഹരിക്കാൻ ശ്രമം; എസ് എൻ ട്രസ്റ്റിനും അതൃപ്തി

ഒരു പതിറ്റാണ്ട് മുൻപ് പണി തുടങ്ങിയിട്ടും കണ്ണൂർ എസ്എൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയം പാതിവഴിയിൽ; യുജിസി ഫണ്ട് അനുവദിച്ച ഇൻഡോർ സ്റ്റേഡിയത്തിനു ഫണ്ട് തേടി പ്രിൻസിപ്പാളും സിൻഡിക്കേറ്റ് മെമ്പറും അടക്കുള്ളവർ ദുബായിലേക്ക്; ആദ്യ കരാറുകാരൻ എട്ടുലക്ഷവുമായി മുങ്ങി; കണക്കും നൽകിയില്ല; കണക്കുകൾ നൽകാത്തതിനാൽ യുജിസി പിടിച്ചുവച്ചിരിക്കുന്നത് 35 ലക്ഷം രൂപ; പിടിഎ ഫണ്ട് വകമാറ്റിയും കുത്തനെ ഉയർത്തിയും എട്ടുലക്ഷം സമാഹരിക്കാൻ ശ്രമം; എസ് എൻ ട്രസ്റ്റിനും അതൃപ്തി

എം മനോജ് കുമാർ

കണ്ണൂർ: യുജിസി ഫണ്ട് അനുവദിച്ച ഇൻഡോർ സ്റ്റേഡിയത്തിനു ഫണ്ട് തേടി കണ്ണൂർ എസ്എൻകോളേജ് പ്രിൻസിപ്പലും സിൻഡിക്കേറ്റ് മെമ്പറും ഗൾഫ് നാടുകളിൽ പര്യടനത്തിന്നൊരുങ്ങുന്നു. യുജിസി അനുവദിച്ച പകുതി ഫണ്ടായ 35 ലക്ഷം വാങ്ങി ബാക്കി തുകയായ 35 ലക്ഷം വാങ്ങാതെയാണ് പ്രിൻസിപ്പാളും സിൻഡിക്കേറ്റ് മെമ്പറും അടക്കമുള്ള മൂന്നംഗ സംഘം ഫണ്ട് തേടി ഗൾഫ് നാടുകളിലേക്ക് യാത്ര തിരിക്കുന്നത്. വരുന്ന ബുധനാഴ്ചയാണ് ഗൾഫ് പര്യടനം ആരംഭിക്കുന്നത്. 2009-ൽ പണി തുടങ്ങി പത്തു വർഷം കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ കഴിയാത്ത ഇൻഡോർ സ്റ്റേഡിയത്തിനു ഫണ്ട് തേടിയാണ് ഈ യാത്ര. ഫണ്ടില്ലാ എന്ന് പറഞ്ഞുള്ള ഈ യാത്ര.

ഇനിയും യുജിസിയിൽ നിന്ന് 35 ലക്ഷം വാങ്ങാനുണ്ടെന്ന കാര്യം ഇവർ ഗോപ്യമായി സൂക്ഷിക്കുന്നു.കാരണം 35 ലക്ഷം രൂപ ചിലവഴിച്ചു എന്ന് പറഞ്ഞു യുജിസിക്ക് യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകണം. അതിനുശേഷം മാത്രമാണ് യുജിസി അടുത്ത ഗഡുവായ 35 ലക്ഷം കൂടി അനുവദിക്കുക. പക്ഷെ ഇത്തരം ഒരു സർട്ടിഫിക്കറ്റ് നൽകാൻ വൈകിയതാണ് ഫണ്ട് അനുവദിക്കാൻ യുജിസി വൈകിയത്. സർട്ടിഫിക്കറ്റു നൽകാതിരിക്കാൻ കാരണം 35 ലക്ഷം പൊടിച്ചതിന് യഥാർത്ഥ കണക്കുകൾ കോളെജിനു കയ്യിലില്ല എന്നാണു സൂചന.

മുൻപ് ഒരു കോൺട്രാക്ടർ എട്ടു ലക്ഷത്തോളം രൂപ പറ്റിച്ച് രായ്ക്കുരാമാനം സ്ഥലം വിട്ടു. ഈ പണം കോളെജിനു തിരികെ പിടിക്കാൻ കഴിഞ്ഞിട്ടില്ല. കോൺട്രാക്റ്ററുമായി കരാർ ഒപ്പ് വയ്ക്കാത്തത് കാരണമാണ് പണം തിരികെ പിടിക്കാൻ കഴിയാത്തത്. അതിനു ശേഷം വേറെ കോൺട്രാക്റ്റർ വർക്ക് ഏൽപ്പിച്ച് നൽകി. എല്ലാ രീതിയിലും പണി ഇഴഞ്ഞു നീങ്ങി. അതിനിടയിൽ 70 ലക്ഷം രൂപ ബജറ്റ് ഉണ്ടായിരുന്ന ഇൻഡോർ സ്റ്റേഡിയം ബജറ്റ് ഒന്നേകാൽ കോടിയിലേക്ക് മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു പതിറ്റാണ്ട് ആണ് കഴിഞ്ഞുപോയത്. 2009 ലാണ് യുജിസി കണ്ണൂർ എസ്എൻ കോളെജിനു ഇൻഡോർ സ്റ്റേഡിയം അനുവദിച്ചത്. 70 ലക്ഷമാണ് അനുവദിച്ചത്. 2009-ൽ പദ്ധതി അനുവദിച്ചപ്പോൾ 2011-ൽ 35 ലക്ഷം അനുവദിച്ചു. ഈ 35 ലക്ഷം ചെലവാക്കിയതിന്റെ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകിയാൽ യുജിസി ബാക്കി തുക കൂടി അനുവദിക്കുകയും ഇൻഡോർ സ്റ്റേഡിയം നിലവിൽ വരുകയും ചെയ്യുമായിരുന്നു.ഇതിന്നിടയിലാണ് ഈ കാര്യത്തിൽ ഫണ്ട് വെട്ടിപ്പ് നടന്നോ എന്ന കാര്യം കൂടി കോളേജിൽ പുകയുന്നത്.

ഇൻഡോർ സ്റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട് ശരിയായ കണക്കുകൾ എസ്എൻ കോളേജിന്റെ കൈവശമില്ല. ഉണ്ടായിരുന്നെങ്കിൽ ആ കണക്കുകൾ ഹാജരാക്കി യുജിസിയിൽ നിന്ന് 35 ലക്ഷം രൂപ കൂടി കൈപ്പറ്റാമായിരുന്നു. യുജിസി ഫണ്ട് വന്നിട്ടില്ല എന്ന് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ശിവദാസൻ തിരുമംഗലത്തും മറുനാടൻ മലയാളിയോട് സമ്മതിച്ചു. യൂണിവേഴ്സിറ്റി വെരിഫിക്കേഷൻ റിപ്പോർട്ട് യുജിസി ആവശ്യപ്പെട്ടിരുന്നു. ഡിസംബറിൽ അത് നൽകുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഫണ്ട് പ്രശ്‌നമാണ്. അതിനാലാണ് ദുബായിലേക്ക് ആറിന് പോകുന്നത്. ബജറ്റ് 75 ലക്ഷം എന്നത് ഇപ്പോൾ ഒന്നേകാൽ കോടി രൂപയും ആയിട്ടുണ്ട്. എട്ടുലക്ഷത്തോളം രൂപ കരാറുകാരന് നൽകിയതിന്റെ കണക്കുകൾ ഇല്ല. പണം വാങ്ങിശേഷം കരാറുകാരൻ മുങ്ങിയെന്നും പ്രിൻസിപ്പാൾ പറഞ്ഞു. മഞ്ചേരിയിലുള്ള കരാറുകാരൻ ആണ് കോൺട്രാക്ട് എടുത്തത്. ടെൻഡർ വിളിച്ചപ്പോൾ ടെൻഡർ നൽകി കരാർ ഏറ്റെടുത്തതാണ്. പക്ഷെ ആ കണക്കുകൾ കരാറുകാരൻ നൽകിയില്ല. യുജിസിക്ക് വെരിഫിക്കേഷൻ റിപ്പോർട്ട് ഒന്നര വർഷം മുൻപ് തന്നെ നൽകിയിട്ടുണ്ട്. പക്ഷെ ഇനിയും പണം വന്നിട്ടില്ല-പ്രിൻസിപ്പാൾ പറയുന്നു.

കരാറുകാരനു നൽകിയ എട്ടുലക്ഷത്തോളം രൂപ മാനേജ് ചെയ്യുന്നതിനായി ഇപ്പോൾ പിടിഎ ഫണ്ട് കോളേജ് അധികൃതർ കുത്തനെ ഉയർത്തിയിട്ടുണ്ട്. 5000 രൂപയായി ഉയർത്തിയശേഷം അത് വീണ്ടും 5500 രൂപയാക്കി വർധിപ്പിച്ചപ്പോൾ കുട്ടികൾ സമരപ്രഖ്യാപനം നടത്തി. അതോടെ ഫണ്ട് 5000 രൂപ തനിയാക്കി. നിലവിലെ കാര്യങ്ങളിൽ കോളെജ് നിയന്ത്രിക്കുന്ന എസ്എൻ ട്രസ്റ്റിനും അതൃപ്തിയുണ്ടെന്നാണ് സൂചന. കണക്കുകളിൽ പ്രശ്‌നം വന്നു കോടതി കയറിയാൽ ഉത്തരം പറയേണ്ടി വരുക എസ്എൻട്രസ്റ്റിനെ നിയന്ത്രിക്കുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടിയാകും. വെള്ളാപ്പള്ളിയാണെങ്കിൽ കോടിക്കണക്കിനു രൂപ വരുന്ന മൈക്രോ ഫിനാൻസ് അഴിമതി കേസുകളിൽ പെട്ട് അതിജീവനം നഷ്ടമായ അവസ്ഥയിലാണ്. അയ്യപ്പനെ വരെ തള്ളിപ്പറഞ്ഞു വനിതാ മതിലെങ്കിൽ വനിതാ മതിൽ എന്ന രീതിയിലാണ് വെള്ളാപ്പള്ളി നടേശന്റെ കാര്യം. മൈക്രോ ഫിനാൻസ് കേസും കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ പിണറായി സർക്കാരിനെ പൊക്കിപ്പറയാൻ കഴിയുന്നതിലും അധികം വെള്ളാപ്പള്ളി പോക്കിപ്പറഞ്ഞു കഴിഞ്ഞു. ഇതിനിടയിൽ എസ്എൻ കോളെജ് പോലുള്ള ഒരു കേസും കൂടി വന്നാൽ വെള്ളാപ്പള്ളി പ്രതിസന്ധിയിൽ ആകും. ഇനി ഒരു അഴിമതിക്കേസ് കൂടി ഉത്ഭവിച്ചാൽ വെള്ളാപ്പള്ളിക്ക് ചുറ്റും പാരാവാരം പോലെ അഴിമതിയാണ് എന്ന് ശത്രുക്കൾ ആരോപിക്കുന്ന അവസ്ഥ വരും. ഇതൊക്കെക്കൊണ്ട് തന്നെയാണ് എസ്എൻട്രസ്റ്റിൽ ഇൻഡോർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട് അതൃപ്തി പുകയുന്നത്.

കണക്കുകളിലും നിർമ്മാണത്തിലും ശ്രദ്ധിച്ചിരുന്നുവെങ്കിൽ കോളെജ് അധികൃതർക്ക് ജോലികൾ നേരത്തെ പൂർത്തീകരിക്കാനും കഴിയുമായിരുന്നു. ഇപ്പോൾ കണക്കുകളിൽ വെട്ടിപ്പും കൃത്രിമവും വന്നതിനാൽ 35 ലക്ഷം കിട്ടാക്കനിയായി മാറുകയാണ്.ഇതിന്നിടയിൽ പിടിഎ ഫണ്ടിൽ നിന്നും 20 ലക്ഷത്തോളം തുക വകമാറ്റി ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിനായി ഉപയോഗിച്ചതായും സൂചനയുണ്ട്.യുജിസി ഫണ്ട് ഉള്ള ഒരു പ്രോജക്ടിന് പിടിഎ ഫണ്ട് ഉപയോഗിക്കുന്നത് ചട്ടവിരുദ്ധവുമാണ്. ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്നിടയിൽ നഷ്ടമായ എട്ടുലക്ഷത്തോളം രൂപ തിരികെ പിടിക്കാൻ കോളേജ് അധികൃതർക്ക് കഴിയാതെ നിൽക്കുന്ന അവസ്ഥയിൽ തന്നെയാണ് ചട്ടവിരുദ്ധമായി പിടിഎ ഫണ്ട് വകമാറ്റുകകൂടി ചെയ്തിരിക്കുന്നത്.

ഇപ്പോൾ ഫണ്ടുമില്ല. അതിനാണു ഗൾഫ് നാടുകൾ സന്ദർശിച്ച് ഫണ്ട് കണ്ടെത്താൻ നീക്കം നടക്കുന്നത്.യുജിസി പ്രകാരമുള്ള ഒരു പദ്ധതിക്ക് എങ്ങിനെയാണ് ഗൾഫ് നാടുകളിൽ പോയി പണം പിരിക്കുക എന്ന ചോദ്യവും ഒപ്പം ഉയരുന്നുണ്ട്. ഇങ്ങിനെ ഫണ്ട് കണ്ടെത്തിയാൽ തന്നെ എങ്ങിനെയാണ് ആ ഫണ്ടിന്റെ അവസ്ഥ എന്താകും എന്ന് കൂടി ചോദ്യം ഉയരുന്നുണ്ട്. യുജിസി അനുവദിച്ച ഫണ്ട് കൂടി വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തവരാണ് പിടിഎ ഫണ്ട് കൂടി വകമാറ്റിയത്. അതും പോരാഞ്ഞിട്ടാണ് ഗൾഫ് പര്യടനത്തിനു കൂടി ഇറങ്ങുന്നത്. കോളെജ് ക്യാമ്പസുകളിൽ നിലനിൽക്കുന്ന സർവ ചട്ടങ്ങളും കാറ്റിൽപ്പറത്തിയാണ് കണ്ണൂർ എസ്എൻ കോളേജിൽ കാര്യങ്ങൾ പുരോഗമിക്കുന്നത്. കോളേജ് പ്രവർത്തനങ്ങളിൽ ഒട്ടനവധി കാര്യങ്ങൾ ചീഞ്ഞുനാറുന്നതായും അറിയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP