Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് കിണറുമുക്കിൽ ഗതാഗതം തടസപ്പെടുത്തി; കാങ്കോൽ -ചീമേനി, വെളിച്ചംതോട് റോഡ്, ചെറുപുഴ റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലും കണ്ടത് സമാന രീതി; കാസർകോട്ടേക്കുള്ള അതിർത്തി അടച്ചില്ലെന്ന വിശദീകരണം പച്ചക്കള്ളം; തടസ്സങ്ങൾ നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടപ്പോൾ; യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം അടച്ചത് 11 റോഡുകൾ; തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു

കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് കിണറുമുക്കിൽ ഗതാഗതം തടസപ്പെടുത്തി; കാങ്കോൽ -ചീമേനി, വെളിച്ചംതോട് റോഡ്, ചെറുപുഴ റെഗുലേറ്റർ കം ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിലും കണ്ടത് സമാന രീതി; കാസർകോട്ടേക്കുള്ള അതിർത്തി അടച്ചില്ലെന്ന വിശദീകരണം പച്ചക്കള്ളം; തടസ്സങ്ങൾ നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടപ്പോൾ; യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം അടച്ചത് 11 റോഡുകൾ; തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു

ആർ പീയൂഷ്

കണ്ണൂർ: ജില്ലാ അതിർത്തികൾ അടച്ചില്ലെന്ന കണ്ണൂർ പൊലീസിന്റെ വിശദീകരണം പച്ചക്കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ണൂർ - കാസർഗോഡ് ജില്ലാ അതിർത്തികൾ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശ പ്രകാരം പൊലീസ് അടച്ചു എന്ന് വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ വാർത്ത വ്യാജമാണെന്ന് പൊലീസ് മേധാവിയുടെ ഒഫിഷ്യൽ ഫേസ്‌ബുക്കിൽ വിശദീകരണം നടത്തിയിരുന്നു. അതിർത്തി അടച്ചു എന്ന വാർത്ത നൽകിയ മറുനാടൻ മലയാളിക്കെതിരെ പയ്യന്നൂർ പൊലീസ് കേസുമെടുത്തു. ഈ സാഹചര്യത്തിലാണ് കണ്ണൂർ കാസർഗോഡ് അതിർത്തി അടക്കുന്ന പൊലീസിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും മറുനാടൻ പുറത്ത് വിടുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ യതീഷ് ചന്ദ്ര ജില്ലാ അതിർത്തികളിൽ സന്ദർശനം നടത്തുകയുണ്ടായി. രോഗ വ്യാപനം തടയാനായി എത്രയും വേഗം അതിർത്തികൾ പൂർണ്ണമായി അടച്ചിടണമെന്ന് എസ്‌പി നിർദ്ദേശിച്ചു. എസ്‌പിയുടെ നിർദ്ദേശ പ്രകാരം അന്ന് വൈകുന്നേരം തന്നെ പെരിങ്ങോം, ചെറുപുഴ പൊലീസിന്റെ നേതൃത്വത്തിൽ അതിർത്തികൾ അടച്ചു. അതിർത്തിയിലെ 11 റോഡുകളാണ് അടച്ചത്. ദേശീയപാതയിലൂടെ കാലിക്കടവ് വഴിയും മലയോര ഹൈവേയിലെ ചെറുപുഴ പാലം വഴിയും കടുത്ത നിയന്ത്രണങ്ങളോടെയാണ് പിന്നീട് വാഹനങ്ങൾ കടത്തിവിട്ടത്. ഇടറോഡുകളിലെല്ലാം നേരത്തേ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.

കരിങ്കല്ലുകളും ഉപയോഗ ശൂന്യമായ ഇലക്ട്രിക് പോസ്റ്റുകളും കമ്പിയും വീപ്പകളും തടിക്കഷ്ണങ്ങളും മറ്റും ഉപയോഗിച്ച് ഒരു വാഹനവും കടന്ന് പോകാൻ കഴിയാത്ത വിധമാണ് ജില്ലാ അതിർത്തിയായ കിണറുമുക്കിൽ പെരിങ്ങോം പൊലീസ് ഗതാഗതം തടസപ്പെടുത്തിയത്. കാങ്കോൽ -ചീമേനി, വെളിച്ചംതോട് റോഡ്, ഒളവറ, കാരതലിച്ചാലം, തട്ടാർക്കടവ്, പുളിങ്ങോം - പാലാവയൽ പാലം, ചെറുപുഴ റെഗുലേറ്റർ കം ബ്രിഡ്ജ്, കൊല്ലാട് പാലം, പെരിങ്ങോം - നെടുംകല്ല് പാലം, പൊന്നംവയൽ -ചീമേനി, പൊത്താംകണ്ടം ചീമേനി എന്നീ റോഡുകളാണ് എസ്‌പിയുടെ നിർദ്ദേശ പ്രകാരം പൊലീസ് അടച്ചു പൂട്ടിയത്. മാതൃഭൂമിയും മനോരമയും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ മറുനാടനും ഈ വാർത്ത പ്രസിദ്ധീകരിച്ചു. സംഭവം വിവാദമായതോടെ യതീഷ് ചന്ദ്ര എത്രയും വേഗം റോഡിലെ തടസങ്ങൾ മാറ്റാൻ നിർദ്ദേശം നൽകി. ഇതോടെ അടച്ചിട്ട റോഡുകൾ ഭാഗീകമായി തുറന്നു.

റോഡുകൾ തുറന്നതോടെ മാധ്യമങ്ങളിൽ വാർത്ത വന്നത് എസ്‌പിക്ക് വലിയ ക്ഷീണമായി. ഇതിനെ പ്രതിരോധിക്കാനായി റോഡുകൾ ഒന്നും അടച്ചില്ലെന്നും ഭാഗീകമായി വാഹനങ്ങൾ കടത്തിവിടാൻ നിർദ്ദേശം നൽകിയതു മാത്രമേ ചെയ്തുള്ളൂ എന്നും എസ്‌പി വിശദീകരണവുമായി ഫെയ്സ് ബുക്കിലെത്തി. പിന്നാലെ വാർത്ത നൽകിയ മറുനാടൻ മലയാളിക്കെതിരെ വ്യാജ വാർത്ത നൽകി എന്ന പേരിൽ കേസെടുക്കാൻ പയ്യന്നൂർ പൊലീസിന് എസ്‌പി നിർദ്ദേശം നൽകി. എന്നാൽ ഇന്ന് രാവിലെ മനോരമ എസ്‌പിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സഹിതം വാർത്ത നൽകുകയും ചെയ്തു. ഇതോടെ യതീഷ് ചന്ദ്ര കൂടുതൽ കുരുക്കിലേക്ക് വീഴുകയാണ്.

രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ അതിർത്തി അടച്ച് കാസർകോടിനെ അകറ്റി നിർത്തിയെന്ന വാർത്ത മറുനാടനിൽ എത്തിയത്. കണ്ണൂരിന് പോലും കാസർകോടിനെ പേടി; പിന്നെ എങ്ങനെ കർണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസർകോടുമായുള്ള അതിർത്തികൾ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിർത്തിയിൽ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാൻ നിർദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സർവ്വീസുകാരും ആരോഗ്യ പ്രവർത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസർകോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോൾ-എന്ന തലവാചകത്തിൽ പ്രത്യക്ഷപ്പെട്ട വാർത്തയ്ക്കുള്ളിൽ ഇത് റിപ്പോർട്ട് ചെയ്തത് മാതൃഭൂമിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്.

ഓൺലൈനിലെ മാതൃഭൂമിയിലെ വാർത്തയുടെ സ്‌ക്രീൻ ഷോട്ടുമുണ്ട്. മാതൃഭൂമിയുടെ വാർത്തയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രസിദ്ധീകരിക്കുക മാത്രമാണ് മറുനാടൻ ചെയ്തതെന്നും വാർത്തയ്ക്കുള്ളിൽ വ്യക്തമാണ്. അതായത് ഉറവിടം കൃത്യമായി പറഞ്ഞുള്ള വാർത്ത. ഏപ്രിൽ അഞ്ചിന് തന്നെ സമാനമായ വാർത്ത മനോരമയിലും എത്തി. എന്നാൽ വ്യാജ പ്രചണരണത്തിന് കള്ളക്കേസ് മറുനാടൻ മലയാളിക്ക് എതിരെ മാത്രവും. ഇതാണ് ഇപ്പോൾ കണ്ണൂർ എസ്‌പി തിരുത്തിയത്. മാതൃഭൂമി വാർത്ത നൽകിയെന്ന പേരിലുള്ള വാർത്തയാണ് എന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് കണ്ണൂർ എസ്‌പി പറഞ്ഞത്. ഇതു സംബന്ധിച്ച് കണ്ണൂർ പൊലീസ് ഫേസ്‌ബുക്കിൽ ഒരു പോസ്റ്റിട്ടു. കണ്ണൂർ ജില്ലയിൽ ജില്ലാ അതിർത്തി റോഡുകൾ പൊലീസ് അടച്ചു എന്ന വാർത്ത വ്യാജമെന്ന തലവചാകത്തോടെയാണ് ആണ് അത്. ഈ പോസ്റ്റ് തെറ്റാണെന്നാണ് പുറത്തു വരുന്ന ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ പൊലീസ് അടച്ചിട്ടു എന്ന വ്യാജവർത്തക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു എന്നായിരുന്നു പോസ്റ്റ്. സർക്കാരും പൊലീസും അനുശാസിക്കുന്ന അത്യാവശ്യ സർവ്വീസുകൾ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് മേധാവി ശ്രീ യതിഷ് ചന്ദ്ര കജട എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നല്കിയിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു.

ഏപ്രിൽ അഞ്ചിനാണ് മാതൃഭൂമി കണ്ണൂരിലെ റോഡ് അടയ്ക്കൽ വാർത്ത നൽകുന്നത്. കണ്ണൂർ എസ്‌പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച വൈകുന്നേരം സന്ദർശിച്ചിരുന്നു. ജില്ല അതിർത്തിയിൽ കാവൽ നിൽക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ കാസർകോട് ജില്ലയിലെ ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാൻ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സർവീസ് ജീവനക്കാരായ ട്രഷറി, സിവിൽ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോൾ റോഡിൽ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തത്. കല്ലും മണ്ണുമിട്ട് ഒരു റോഡും കേരളം അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയിലെ വാർത്ത മറുനാടനും നൽകിയത്. മറുനാടൻ വാർത്ത വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്നത്തിൽ ഇടപെട്ടു. ഇതോടെ തടസ്സങ്ങൾ മാറ്റിയെന്നാണ് സൂചന.

ഏപ്രിൽ അഞ്ചിന് വന്ന വാർത്തയിൽ കണ്ണൂർ പൊലീസ് അന്ന് മൗനത്തിലായിരുന്നു. ഫെയ്സ് ബുക്ക് പേജിൽ പോലും വ്യാജ വാർത്തയെന്ന പ്രതികരണം നടത്തിയില്ല. ഏപ്രിൽ അഞ്ചിന് തന്നെ മനോരമയിലും വാർത്ത എത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് മനോരമ വാർത്തയിൽ ഉണ്ടായിരുന്നത്. കണ്ണൂർ- കാസർകോട് അതിർത്തികളിൽ കൂടുതൽ റോഡുകൾ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂർ- കാസർകോട് അതിർത്തി കിണർമുക്കിൽ കല്ലും ടാർ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂർ പൊലീസ് റോഡ് പൂർണമായും അടച്ചത്. പുളിങ്ങോം പാലാവയൽ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.-ഇങ്ങനെയാണ് മനോരമ റിപ്പോർട്ട് ചെയ്തത്.

കിലോമീറ്ററുകൾ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലെത്താൻ. പാലാവയലിൽനിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങൾ പുളിങ്ങോം പിഎച്ച്സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാർ ചികിത്സയ്ക്കായി ആശുപത്രിയിലെത്താൻ-ഇങ്ങനെയാണ് വാർത്ത അവസാനിക്കുന്നത്. അതായത് ആരോഗ്യ പ്രവർത്തകരേയും ആംബുലിൻസിനും പോലും പൊലീസ് വഴി നൽകിയില്ലെന്ന് വ്യക്തമാക്കുന്ന വാർത്തയായി മനോരമയിലേതും മാറി. പക്ഷെ കേസ് വന്നത് മറുനാടന് നേരെ മാത്രമാണ്.

മംഗലാപുരത്തേക്കുള്ള ദേശീയ പാത കർണ്ണാടക അടച്ചത് കേരളത്തിൽ വലിയ പ്രതിഷേധമായി മാറിയിരുന്നു. റോഡ് കല്ലും മണ്ണും ഇട്ട് അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വാദം കേരളം ഉയർത്തി. റോഡുകളിലൂടെ ചുറ്റിക്കറങ്ങേണ്ടി വന്നതു കൊണ്ട് 10ഓളം ജീവനുകളാണ് കേരളത്തിൽ പൊലിഞ്ഞത്. ഇതിന് സമാനമായ സാഹചര്യമാണ് കാസർകോടുമായുള്ള അതിർത്തിയിൽ കണ്ണൂർ പൊലീസും ഉണ്ടാക്കിയതെന്ന് മനോരമയുടെ വാർത്തയിലും വ്യക്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP