Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

രാഷ്ട്രീയ തടവുകാർ പരോളിൽ; ടിപിയെ കൊന്നവർ പുറത്ത് സുഖിക്കുമ്പോൾ അകത്ത് അരങ്ങു വാഴുന്നത് ഗുണ്ടാ നേതാക്കൾ; പെരിയാ കേസിലെ പ്രതിയായ സിപിഎമ്മുകാരനെ ആക്രമിച്ചതുകൊച്ചിയിലെ ഡോൺ മണ്ണുത്തി അസീസ്; കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതി സഫോടനാത്മകം

രാഷ്ട്രീയ തടവുകാർ പരോളിൽ; ടിപിയെ കൊന്നവർ പുറത്ത് സുഖിക്കുമ്പോൾ അകത്ത് അരങ്ങു വാഴുന്നത് ഗുണ്ടാ നേതാക്കൾ; പെരിയാ കേസിലെ പ്രതിയായ സിപിഎമ്മുകാരനെ ആക്രമിച്ചതുകൊച്ചിയിലെ ഡോൺ മണ്ണുത്തി അസീസ്; കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതി സഫോടനാത്മകം

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിലെ ജയിലുകളിൽ രാഷ്ട്രീയ തടവുകാർ പരോൾ നേടി പുറത്തുപോയതോടെ ഗുണ്ടാ-കഞ്ചാവ് മാഫിയ സംഘം പിടിമുറുക്കിയതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിക്ക് മർദ്ദനത്തിൽ കൊച്ചിയിലെ ഒരു ഗുണ്ടാനേതാവിന്റെ മർദ്ദനമേറ്റതോടെയാണ ഗുണ്ടാവിളയാട്ടത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്.

കോവിഡ് ലോക് ഡൗണിനെ തുടർന്ന് ജയിലിൽ വരുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇവിടെ കഴിയുന്ന ഭൂരിഭാഗം രാഷ്ട്രീയ തടവുകാരും പരോൾ ലഭിച്ചു പുറത്തിറങ്ങിയിരുന്നു. മയക്കുമരുന്ന്-ഗുണ്ടാക്വട്ടേഷൻ സംഘങ്ങളിലുള്ളവർ മാത്രമാണ് ഇപ്പോൾ ജയിലിൽ ഭൂരിഭാഗവുമുള്ളത്. ഇതോടെയാണ് ഇവർ പത്തിപൊക്കി തുടങ്ങിയത്. സഹതടവുകാരെ മാത്രമല്ല ജയിൽ വാർഡർമാരെയും അടിച്ചൊതുക്കുകയാണെന്ന ഞെട്ടിച്ച വിവരവും പുറത്തുവന്നിട്ടുണ്ട്.

കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്നുള്ള സബ് ജയിലിൽ കഴിഞ്ഞ ദിവസം രണ്ടു ജീവനക്കാർക്കും തടവുകാരുടെ മർദ്ദനമേറ്റതായി ജയിൽ ഡി. ഐ.ജിക്ക് റിപ്പോർട്ടു നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയിലിൽ സി.പി. എം പ്രവർത്തകനെ മർദ്ദിച്ചതുൾപ്പെടെയുള്ള സംഭവവികാസങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു സമർപ്പിക്കാൻ ഡി. ഐ.ജി സൂപ്രണ്ടിന് നിർദ്ദേശം നൽകിയതയാണ് സൂചന. കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതി സ്ഫോടനാത്മകമാണെന്നാണ് ജയിൽഡി. ഐ.ജിക്ക് ലഭിച്ച പ്രാഥമിക റിപ്പോർട്ട്.

അതുകൊണ്ടു തന്നെ ജയിൽ സുരക്ഷ കൂട്ടാനുള്ള നടപടി സ്വീകരിച്ചേക്കും. ഇതിനായി കൂടുതൽ ജീവനക്കാരെ ജയിലിൽ നിയോഗിച്ചേക്കുമെന്നും വിവരമുണ്ട്. കഴിഞ്ഞ ദിവസം കാസർകോട് സബ് ജയിലിൽ നിന്നും കഞ്ചാവ്- അബ്കാരി കേസുകളിൽ പ്രതികളായ മുപ്പതു തടവുകാരെയാണ് കണ്ണൂർ സെൻട്രൽ ജയിലിനോട് ചേർന്ന സ്പെഷ്യൽ ജയിലിലേക്ക് മാറ്റിയത്.

കാസർകോട് സബ് ജയിലിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ ഡി. ഐ.ജി നൽകിയ ഉത്തരവിനെ തുടർന്നായിരുന്നു ജയിൽ മാറ്റം. ഇതിൽ കഞ്ചാവ് കേസിലെ പ്രതികളാണ് സ്പെഷ്യൽ ജയിലിലേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചത്. തങ്ങളെ സെൻട്രൽ ജയിലേക്കാണെന്നു പറഞ്ഞാണ് കാസർകോട്ടു നിന്നും കൊണ്ടുവന്നതെന്നും അവിടെ തന്നെ പാർപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

അന്നു നടന്ന ദേഹപരിശോധനയിൽ ഇവരിൽ പലരിൽ നിന്നും കഞ്ചാവ്, േസാപ്പ്്, മൊബൈൽ സിംകാർഡ് എന്നിവ പിടിച്ചെടുത്തിരുന്നു. ഇവരെ സൂപ്രണ്ടെത്തി അനുനയിപ്പിച്ചാണ് സ്പെഷ്യൽ ജയിലിനകത്താക്കിയത്. എന്നാൽ പിന്നീട് കഞ്ചാവ് കേസിലെ പ്രതികളിൽ ചിലർ അക്രമാസക്തരാവുകയും വ്യാപകമായ അക്രമമഴിച്ചുവിടുകയുമായിരുന്നുവെന്ന് ജയിൽ വാർഡന്മാർ പറയുന്നു.

ഇവരുടെ വാർഡുകളിലേക്ക് പൂട്ടാനും തുറക്കാനും പോകുന്ന വാർഡന്മാരെ കൈയേറ്റം ചെയ്യുകയും ഭക്ഷണം കഴിക്കാൻ നൽകിയ പ്ലേറ്റുകൾ അടിച്ചു തകർക്കുകയും ജയിലിൽ ഹാളിലുണ്ടായിരുന്ന ടി.വി അടിച്ചു തകർത്തതായും ജീവനക്കാർ പറയുന്നു. കഴിഞ്ഞ ജൂലൈ 16ന് ജയിലിൽ പ്രവേശിക്കപ്പെട്ട ഇവർ ഒരാഴ്ചക്കാലമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കുകയാണ്.

ജയിൽ ഭക്ഷണം ബഹിഷ്‌കരിച്ചുകൊണ്ടാണ് ഇവർ ബോധപൂർവ്വം പ്രശ്നങ്ങളുണ്ടാക്കുന്നത്. മാത്രമല്ല മറ്റുതടവുകാരോട് ഭക്ഷണം കഴിക്കരുതെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇതനുസരിക്കാതിരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.സ്ഥിതി രൂക്ഷമായതിനെ തുടർന്ന് ഇവരെ വീണ്ടും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഡി. ഐ.ജിയുടെ അനുമതിയോടെ കഴിഞ്ഞ തിങ്കളാഴ്‌ച്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കഞ്ചാവ് കേസിലെ പ്രതികൾ ഉദ്യോഗസ്ഥന്മാർക്കു നേരെ തിരിഞ്ഞത്.

സെൻട്രൽ ജയിലേക്കാണെന്നു പറഞ്ഞ് തങ്ങളെ വീണ്ടും മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കുകയാണെന്നായിരുന്നു ഇവരുടെ ആരോപണം. വാർഡന്മാർ ബലം പ്രയോഗിച്ചിട്ടും ഇവർ വാഹനത്തിൽ കയറാൻ തയ്യാറായില്ല. തുടർന്ന് നടന്ന ഉന്തും തള്ളിലിനുമിടെ രണ്ടു വാർഡന്മാരെ കഞ്ചാവ് കേസിലെ പ്രതികൾ പൊതിരെ തല്ലുകയായിരുന്നു.രണ്ടു അസിസ്റ്റന്റ് പ്രിസണർമാർക്കാണ് മർദ്ദനമേറ്റത്. കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽ ഭൂരിപക്ഷമുണ്ടായിരുന്ന രാഷ്ട്രീയ തടവുകാർ ഇടക്കാല ജാമ്യത്തിലും പരോളിലുമിറങ്ങിയതുകാരണമാണ് കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടകളും കഞ്ചാവ് മാഫിയ നേതാക്കളും ആധിപത്യം നേടാൻ കാരണം.

തെറ്റിയാൽ ആരുടെ ദേഹത്തും കൈവയ്ക്കാനുള്ള അംഗബലം ഇവർക്കുണ്ട്. പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതിയും സി.പി. എം പ്രവർത്തകനുമായ കെ. എം സുരേഷിനെ കൊച്ചിയിലെ ഗുണ്ടാത്തലവനും മണ്ണൂത്തി സ്വദേശിയുമായ അസീസാണ് മാരകമായി അക്രമിച്ചു പരുക്കേൽപ്പിച്ചത്. തലയ്ക്കു വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ചുള്ള അടിയേറ്റ സുരേഷിന് തലയ്ക്കു എട്ടു തുന്നലുകളുണ്ട്. ഇയാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എന്നാൽ സുരേഷ് അക്രമിച്ചുവെന്നാരോപിച്ചു അസീസും പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

നെഞ്ചുവേദനയെ തുടർന്നാണ് ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ കണ്ണൂർ സെൻട്രൽ ജയിലിലെ സ്ഥിതി സ്ഫോടനാത്മകമായി മാറിയിട്ടുണ്ടെന്നാണ് ജയിൽ അധികൃതരുടെ വിലയിരുത്തൽ. രാഷ്ട്രീയ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് വിറകുകൊള്ളികൊണ്ട് തലയ്ക്കടിച്ചു ഒരു സി.പി. എം പ്രവർത്തകൻ വർഷങ്ങൾക്കു മുൻപ് ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP