Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കോടികൾ മുടക്കി നിർമ്മിച്ചതും നഷ്ടപരിഹാരം നൽകിയതും സർക്കാർ; ലോകം ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ആരും അറിയാതെ സ്വകാര്യ ലോബിക്ക് കൈമാറാൻ തിരക്കിട്ട നീക്കം; ഓഹരി മൂല്യം 1500 കോടിയിൽ നിന്നും 3500 കോടിയാക്കി ഉയർത്തുന്നത് ഭൂരിപക്ഷം ഓഹരി മുതലാളിമാർക്ക് കൈമാറാൻ; നടപടിയാരംഭിക്കും മുമ്പേ സ്വകാര്യ കമ്പനിയെന്നവകാശപ്പെട്ട് വിവരാവകാശ നിയമത്തിന് വിലക്കേർപ്പെടുത്തി കിയാൽ; നമ്മൾ അഭിമാനപൂർവ്വം കണ്ടിരുന്ന നമ്മുടെ കണ്ണൂർ എയർപോർട്ട് ചിലർ അടിച്ചു മാറ്റാൻ ശ്രമിക്കുന്നത് ഇങ്ങനെ

കോടികൾ മുടക്കി നിർമ്മിച്ചതും നഷ്ടപരിഹാരം നൽകിയതും സർക്കാർ; ലോകം ശ്രദ്ധിച്ചു തുടങ്ങിയപ്പോൾ ആരും അറിയാതെ സ്വകാര്യ ലോബിക്ക് കൈമാറാൻ തിരക്കിട്ട നീക്കം; ഓഹരി മൂല്യം 1500 കോടിയിൽ നിന്നും 3500 കോടിയാക്കി ഉയർത്തുന്നത് ഭൂരിപക്ഷം ഓഹരി മുതലാളിമാർക്ക് കൈമാറാൻ; നടപടിയാരംഭിക്കും മുമ്പേ സ്വകാര്യ കമ്പനിയെന്നവകാശപ്പെട്ട് വിവരാവകാശ നിയമത്തിന് വിലക്കേർപ്പെടുത്തി കിയാൽ; നമ്മൾ അഭിമാനപൂർവ്വം കണ്ടിരുന്ന നമ്മുടെ കണ്ണൂർ എയർപോർട്ട് ചിലർ അടിച്ചു മാറ്റാൻ ശ്രമിക്കുന്നത് ഇങ്ങനെ

ഷാജി കുര്യാക്കോസ്‌

കണ്ണൂർ; മലയാളിയുടെ അഭിമാനമുയർത്തിയാണ് മൂർഖൻ പറമ്പിൽ നിന്ന് വിമാനം പറന്നുയർന്നത്. ഉത്തര മലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതുമാനം നൽകി കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി. ഇതിന് ഏറെ സാധ്യതകളുണ്ട്. ഇത് മനസിലാക്കി ചില മുതലാളിമാർ കേരളത്തിന്റെ സ്വന്തം വിമാനത്താവളത്തെ തട്ടിയെടുക്കാൻ കള്ളക്കളി നടത്തുകയാണ്. കൊച്ചി വിമാനത്താവളത്തേയും ഇങ്ങനെ കൈക്കലാക്കാൻ ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് കള്ളക്കണ്ണുകൾ കണ്ണൂരിലേക്ക് വീഴുന്നത്. അങ്ങനെ കണ്ണൂർ എയർപോർട്ട് സ്വകാര്യവൽകരിക്കാൻ നീക്കം അണിയറയിൽ സജീവമാകുകയാണ്.

കണ്ണൂരിൽ വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള നീക്കം തുടങിയത് 2016ൽ യു ഡി എഫ് -ന്റെ കാലത്ത് ആണങ്കിലും പ്രയോജനം ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി ഇ.പി.ജയരാജനുമാണ്. എൽ ഡി എഫ് അധികാരത്തിലെത്തിയപ്പോൾ എല്ലാം ശരിയാക്കാനായി വിവാദ പരിവേഷമുള്ള എംഡി തുളസിദാസും ചുമതലയേറ്റു. ചുമതലയേറ്റ ഉടൻ തുളസിദാസ് ആദ്യം ചെയ്തത് വിവരാവകാശം നിർത്തലാക്കൽ തന്നെ ആയിരുന്നു. രഹസ്യങ്ങൾ പുറത്തു പോകാതിരിക്കാനായിരുന്നു ഇത്. അതോടെ ഇരുമ്പറക്കുള്ളിൽ എന്തും ചെയ്യാമെന്നായി.

ഏറ്റവും അവസാനമായി ഷെയർ പങ്കാളിത്തം വർദ്ദിപ്പിക്കാൻ ഡയറക്ടർ ബോർഡ് തീരുമാനവുമായപ്പോൾ വിമാനത്താവളം പൂർണമായും സ്വകാര്യവൽകരിക്കുമെന്ന് ഉറപ്പായി. ഇത് ചില കുത്തക മുതലാളിമാർക്ക് വേണ്ടിയാണെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. വിവാരവകാശത്തെ തകർത്തതും ഇതിന് വേണ്ടിയായിരുന്നു. കണ്ണൂർ വിമാനത്താവളം നിർമ്മിക്കുന്നതിനായി ഭൂമി ലഭ്യമാക്കിയത് ഗവൺമെന്റ് ഫ്‌ളാഗ്ഷിപ് പ്രോജക്ട് എന്ന നിലക്കാണ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്പനി അഫയേർസിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും വ്യോമയാന മന്ത്രാലയത്തിന്റെയും ദേശീയ സംസ്ഥാന സർക്കാരുകളുടെയും അനുമതി ലഭ്യമാക്കിയതും സർക്കാർ ഉടമസ്ഥതയിലുള്ള വിമാനത്താവളം എന്ന നിലക്കാണ്.

തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്ഥലം വാങ്ങുവാൻ പണം നൽകിയത് പൊതുഖജനാവിൽ നിന്നുമാണ്. തികയാതെ വന്ന പണം ലഭ്യമാക്കിയത് സർക്കാർ ഗ്യാരണ്ടിയിൽ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യമാണ്. ഇവ ആകെ 1300 കോടിയോളം വരും. ഈ തുക പലിശയടക്കം അടച്ച് തീർത്തതും പൊതു ഖജനാവിൽ നിന്നുമാണ്. ടെണ്ടർ വിളിച്ചതും അവാർഡ് ചെയ്തതും സർക്കാരാണ്. കിയാൽ എന്ന കമ്പനി രൂപീകരിച്ചതും പ്രവർത്തന മൂലധനം നൽകിയതും സർക്കാരാണ്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത് എയർപോർട്ട് അഥോറിറ്റി ജീവനക്കാർ.

നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും പ്രാദേശീക പ്രശ്‌നങ്ങൾ പരിഹരിച്ചതും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുമാണ്. ബ്ലാസ്റ്റിംഗിന് അനുമതി നൽകിയത് ഗവൺമെന്റ് പ്രോജക്ട് എന്ന നിലയിൽ. നിർമ്മാണ പ്രവർത്തനങ്ങൾക്ക് കല്ലും ചെങ്കല്ലുമടക്കം അസംസ്‌കൃത പദാർത്ഥങ്ങൾ കരാറുകാർക്ക് സൗജന്യമായി നൽകിയത് സർക്കാർ പദ്ധതി എന്ന നിലയിലും. സ്‌ഫോടനത്തിൽ 843 വീടുകൾക്ക് കേടുപാടുകൾ പറ്റിയപ്പോൾ നഷ്ടപരിഹാരം നൽകിയത് പൊതുഖജനാവിൽ നിന്നും. അങ്ങനെ എല്ലാ അർത്ഥത്തിലും സർക്കാരായിരുന്നു കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ മുന്നിൽ നിന്നത്. 2016ൽ സി ആൻഡ് എജിയുടെ റിപ്പോർട്ട് പ്രകാരം കണ്ണൂർ എയർപോർട്ട് പൊതുമേഖലയിലാണ്. കേരള സർക്കാരിന് 35% ഷെയറും കേന്ദ്ര ഗവ: പൊതുമേഖലാ കമ്പനികൾക്ക് 35% ഷെയറും ഉണ്ട് എന്ന് വ്യക്തമാക്കുന്നു.

ഗവ: കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാൻ പാടില്ല എന്ന കമ്പനി നിയമം മറികടന്ന് പിണറായി വിജയന്റെ നവകേരളയാത്രയ്ക്കും. ഇ.പി.ജയരാജൻ എം എൽ എ യുടെ മണ്ഡലവികസന സപ്ലിമെന്റും ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചത് ചോദ്യം ചെയ്തുകൊണ്ടാണ് സി ആൻഡ് എജി സംശയലേശമെന്യേ കണ്ണൂർ എയർപോർട്ട് സർക്കാർ കമ്പനി എന്ന് അടിവരയിട്ട് ഉറപ്പിച്ചത്. എന്നാൽ സി ആൻഡ് എജി യുടെ ചോദ്യത്തിന് കണ്ണൂർ എയർപോർട്ട് അധികൃതർ മറുപടി നൽകിയത് കിയാൽ സർക്കാർ കമ്പനി അല്ല എന്നാണ്. എന്നാൽ സർക്കാർ മെക്കാനിസം വേണ്ടുവോളം ആസ്വദിച്ച് കണ്ണൂർ എയർപോർട്ട് (കിയാൽ ) പ്രവർത്തിക്കുന്നത് സ്വകാര്യ കമ്പനിയെ പോലും അമ്പരപ്പിക്കുന്ന വിധത്തിലാണ്. കിയാലിൽ നടത്തിയ നിയമനങ്ങൾ എല്ലാം പൊതുമേഖലയെ നാണിപ്പിക്കുന്ന വിധത്തിലും.

കിയാലിൽ നിയമിക്കപ്പെട്ടവരിൽ ഭൂരിഭാഗവും സ്ഥാപനവുമായി അടുപ്പമുള്ളവരും വ്യക്തമായ രാഷ്ടീയ സ്വാദീനമുള്ളവരും.കേരള ജനതയെ അക്ഷരാർത്ഥത്തിൽ ലജ്ജിപ്പിക്കുന്ന വിധത്തിലാണ് നിയമനങ്ങൾ ഏറെയും നടത്തിയത്. കിയാൽ എന്ന ഗവ: കമ്പനി പ്രവർത്തിക്കുന്നത് ശക്തമായ ഇരുമ്പ് മറയ്ക്കുള്ളിലാണ്.ഈ ഇരുമ്പ് മറയ്ക്കായി ആദ്യം തന്നെ വിവരാവകാശം നിർത്തലാക്കി. അതോടെ കിയാലിൽ നടക്കുന്ന അഴിമതിയും നിയമവിരുദ്ധ നിയമനങ്ങളും പൊതുജനങ്ങളിൽ നിന്നും മറച്ച് വെക്കാൻ സാധിച്ചു. വിവരാവകാശം നൽകേണ്ടതില്ലന്ന് തീരുമാനിച്ചതും കിയാൽ സ്വകാര്യ കമ്പനി എന്ന സ്വയം ധാരണയിൽ. ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന ചെയ്താണ് വിവരാവകാശത്തിന് മറുപടി നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് എന്ന് കാണിച്ച് നൽകിയ പരാതി സംസ്ഥാന വിവരാവകാശ കമ്മീഷൻ പരിഗണിച്ച് വരുന്നതായും വിവരമുണ്ട്. 10 രൂപയുടെ ബാങ്ക് ഡിഡി വിവരാവകാശത്തിന് നിർബന്ധമാക്കിയതും ബോധപൂർവ്വമാണ്. 90 രൂപ അധികം കൊടുത്താലേ 10 രൂപയ്ക്ക് ഡിഡി എടുക്കാനാകൂ. ഇതിനൊപ്പം ബാങ്കിൽ വരിയും മറ്റും നിൽക്കേണ്ട മറ്റ് പ്രശ്‌നങ്ങളും. അങ്ങനെ ബോധപൂർവ്വം വിവരാവകാശത്തെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും അകറ്റി നിർത്തി.

ഇതെല്ലാം സ്വകാര്യ വത്കരണത്തിന് കളമൊരുക്കാനുള്ള രഹസ്യ നീക്കമായിരുന്നു. ഏറ്റവും അവസാനമായി കിയാലിന്റെ ഷെയർ ഉയർത്താൻ ഡയറക്ടർ ബോർഡിൽ തീരുമാനമായി. 1500 കോടിയിൽ നിന്നും 3500 കോടിയിലേക്ക് ഉയർത്താൻ നിലവിലെ ഷെയർ ഉടമകളോട് അഭിപ്രായമാരാഞ്ഞ വിവരങ്ങളാണ് പുറത്ത് വന്നത്. നിലവിലെ ഷെയർ ഉടമകൾ എതിർപ്പ് പ്രകടിപ്പിച്ചില്ലങ്കിൽ സ്വകാര്യ മേഖലയിൽ നിന്നും കമ്പനി ഷെയർ ഉടമകളെ കണ്ടെത്തും. അതോടെ സർക്കാർ ഷെയറിനെക്കാൾ കൂടുതൽ ഷെയർ സ്വകാര്യ മേഖല കൈവരിക്കുകയും വിമാനത്താവളം പൂർണമായും വൻകിട സ്വകാര്യ വ്യക്തികളുടെ കൈകളിൽ എത്തുകയും ചെയ്യും. നിലവിലെ ഡയറക്ടർമാർ തന്നെ ഓഹരി എടുക്കാനും സാധ്യതയുണ്ട്.

യു ഡി എഫ് ഭരണകാലത്ത് സ്വകാര്യ ഷെയർ പങ്കാളിത്തത്തിൽ സാധാരണക്കാർക്ക് പ്രാതിനിധ്യം ലഭിക്കത്തക്ക വിധത്തിലാണ് ക്രമീകരിച്ചിരുന്നത്.എന്നാൽ അതിനെ അട്ടിമറിച്ച് വൻകിട മുതലാളിമാർക്ക് ഷെയർനൽകിയത് വിമാനത്താവളത്തിന്റെ പ്രവർത്തനം വൻകിട സ്വകാര്യ മുതലാളിമാരുടെ കൈകളിൽ എത്തും എന്ന് ഏതാണ്ട് ഉറപ്പായി. കിയാൽ ഇത്തരത്തിൽ സ്വകാര്യവൽകരിച്ച് വരുമ്പോൾ കിൻഫ്ര ഭൂമി ഏറ്റെടുക്കാൻ മുടക്കിയ 1200 കോടിയോളം രൂപയിൽ ഷെയറായി വരവ് വെച്ച 350 കോടി കഴിച്ചുള്ള തുകയെ പറ്റി സർക്കാരിന് മിണ്ടാട്ടമില്ല. കിയാലിന്റെ ചെയർമാൻ മുഖ്യമന്ത്രി ആവുമ്പോൾ സർക്കാരിന്റെ മൗനത്തിന് പല അർത്ഥതലങ്ങളുമുണ്ട് എന്നും വിമർശനമുയരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP