Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202226Monday

പ്രസിലെ പണിക്കാരൻ കോൺഗ്രസുകാരനായത് കൂടുതൽ പ്രിന്റിങ് വർക്ക് കിട്ടാൻ; ക്ഷീരയെ അവതരിപ്പിച്ച് സഹകാരിയായ ശേഷം ബാങ്ക് പിടിച്ചെടുത്ത് ഇഷ്ടക്കാർ ജോലിയും വായ്പയും നൽകി കോടീശ്വരനായി; സിപിഐയിലൂടെ ഇടതുപക്ഷമായ നേതാവിന് രക്ഷയൊരുക്കി പഴുതുകളുള്ള അന്വേഷണം; കണ്ടലയിൽ ഭരണം തുടർന്ന് ഭാസുരാംഗൻ; ഇത് കരുവന്നൂരിനെ വെട്ടും സഹകരണകൊള്ള

പ്രസിലെ പണിക്കാരൻ കോൺഗ്രസുകാരനായത് കൂടുതൽ പ്രിന്റിങ് വർക്ക് കിട്ടാൻ; ക്ഷീരയെ അവതരിപ്പിച്ച് സഹകാരിയായ ശേഷം ബാങ്ക് പിടിച്ചെടുത്ത് ഇഷ്ടക്കാർ ജോലിയും വായ്പയും നൽകി കോടീശ്വരനായി; സിപിഐയിലൂടെ ഇടതുപക്ഷമായ നേതാവിന് രക്ഷയൊരുക്കി പഴുതുകളുള്ള അന്വേഷണം; കണ്ടലയിൽ ഭരണം തുടർന്ന് ഭാസുരാംഗൻ; ഇത് കരുവന്നൂരിനെ വെട്ടും സഹകരണകൊള്ള

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം. 100കോടി ആവിയായ കരവന്നൂർ മോഡൽ തട്ടിപ്പു നടന്ന തിരുവനന്തപുരത്തെ കണ്ടല സഹകരണ സഹകരണ ബാങ്ക് പ്രസിഡന്റ് എൻ, ഭാസുരാംഗനും കൂട്ടാളികൾക്കും രക്ഷപ്പെടാൻ സർക്കാർ നല്കിയ പഴുതുകൾ നിരവധി. സഹകരണ ചട്ടം 65 പ്രകാരം അന്വേഷണം പ്രഖ്യാപിച്ചിട്ട് റിപ്പോർട്ട് നല്കാൻ മാത്രം എടുത്തത് 7 മാസത്തിലധികം സമയം. പിന്നീട് ഈ റിപ്പോർട്ടിന്മേൽ സർക്കാർ അടയിരുന്നത് 6മാസം. അങ്ങനെ ഒരു വർഷത്തോളമാണ് അന്വേഷണം എന്ന മാമാങ്കത്തിൽപ്പെടുത്തി ഭാസുരാംഗനും കൂട്ടാളികൾക്കും കോടതിയിൽ പോകാനും രക്ഷപ്പെടാനുമായി സർക്കാർ അവസരമൊരുക്കിയത്.

കണ്ടല ബാങ്കിന്റെ കാര്യത്തിൽ പ്രസിഡന്റ് എൻ. ഭാസുരാംഗൻ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയെന്നാണ് പറയപ്പെടുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം തന്നെ വാർത്താകുറിപ്പ് ഇറക്കുകയും ചെയ്തു. നിക്ഷേപത്തിന്റെ പേരിൽ തങ്ങളുടെ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങളാണ് ഇവിടെ ഉള്ളത്. ചിട്ടി പിടിച്ചിട്ടു കിട്ടാത്ത ഹതഭാഗ്യർ വേറെ. സർക്കാരോ സഹകരണ വകുപ്പോ ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ തട്ടിപ്പുകാർക്ക് രക്ഷപ്പെടാൻ അവസരം ലഭിക്കില്ലയായിരുന്നു. ഇനി കേസും നൂലാമാലകളുമായി വ്യവഹാരം തുടരുക തന്നെ ചെയ്യും. പണം പോയവർക്ക് പോയത്് തന്നെ. 2011ൽ ലും കണ്ടല ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തന്റെ സ്വാധീനത്താൽ ഭാസുരാംഗൻ അന്ന് അന്വേഷണം തന്നെ അട്ടിമറിച്ചു.

കരുവന്നൂരിനെക്കാൾ വലിയ തട്ടിപ്പുകളാണ് കണ്ട്ല ബാങ്ക് കേന്ദ്രീകരിച്ചു നടന്നതെന്ന് ഉദ്യോഗസ്ഥർക്കും അറിയാം. ഓരെ വർഷം ഓഡിറ്റ് കഴിയുമ്പോൾ തന്നെ തട്ടിപ്പിന്റെ വ്യാപ്തി ബോധ്യവുമാണ്. എന്നിട്ടും അന്വേഷണം എന്ന പ്രസഹനം നടത്തി ഇത്രയും നാൾ ഇത് നീട്ടി കൊണ്ട പോയത് എന്തിനെന്ന ചോദ്യത്തിന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കും വ്യക്തമായ ഉത്തരമില്ല. കരുവന്നൂർ തട്ടിപ്പ് പുറത്തു വന്നശേഷമണ് കണ്ടല ബാങ്കിലും തട്ടിപ്പുകൾ നടക്കുന്നുവെന്ന വാർത്ത ആദ്യമായി മറുനാടൻ പുറത്തു വിടുന്നത്. ആ സമയം തന്നെ വിജിലൻസിനെ ഉപയോഗിച്ച് പരിശോധന നടത്തി എല്ലാ തട്ടിപ്പിനും അന്ത്യം കുറിക്കാമായിരുന്നു.

ഇത് തട്ടിപ്പു നടത്തിയവർക്ക് രക്ഷപ്പെടാൻ തന്നെ സർക്കാർ സമയം അനുവദിച്ചു നല്കുകയായിരുന്നു. അതിനായി അന്വേഷണം ഇഴച്ചു. ഇത്രയും വലിയ തട്ടിപ്പ്് നടന്ന ബാങ്കിലെ ക്രമക്കേട് അനേഷിച്ചിത് കാട്ടാക്കട അസിസ്റ്റന്റ് രജിസ്ട്രാർ ഒറ്റയ്ക്ക്. രജിസ്റ്ററുകളും രേഖകളും പരിശോധിക്കാൻ മാത്രം അദ്ദേഹത്തിന് വേണ്ടി വന്നത് നാലു മാസത്തിലധികം സമയം.

പ്രസുകാരനിൽ നിന്നും കോടീശ്വരനിലേയ്ക്ക്

35 വർഷം മുൻപ് പ്രസു ജീവനക്കാരനായാണ് ഭാസുരാംഗൻ മാറനല്ലൂർ എത്തിയത്. ചെറിയ അച്ചടി ജോലികൾ തുച്ഛമായ ശമ്പളം. ഇങ്ങനെ പോയി ജീവിതം. പിന്നീട് ചെറിയൊരു പ്രസ് തുടങ്ങി. മാറനല്ലൂരിൽ കട വാടകയ്ക്ക് എടുത്തായരുന്നു അച്ചടി ശാലയുടെ പ്രവർത്തനം. പലപ്പോഴും കട വാടക കൊടുക്കാത്തതിന്റെ പേരിൽ ആഴ്ചകളോളം പ്രസ് അടച്ചിടേണ്ടതായും വന്നിട്ടുണ്ട്. പ്രസ് നടത്തിപ്പിന് പുറമെ ചെറിയ രാഷ്ട്രീയ പ്രവർത്തനം കൂടി നടതതി തുടങ്ങി ഭാസുരാംഗൻ. പൊതു പ്രവർത്തകനായാൽ പ്രസിൽ കൂടുതൽ പണി കിട്ടും എന്ന ചിന്തയിലാണ് പ്രാദേശികമായി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്.

കോൺഗ്രസിനോടൊപ്പം നിന്ന് അവിടെത്തെ പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങി. ഇതോടെ ഭാസുരംഗൻ അവിടെത്തെ കോൺഗ്രസ് നേതാവായി. ചെറിയ ചെറിയ ബന്ധങ്ങളും ആയി. ഇതോടെ പ്രസ് ബിസിനസ് വിട്ട് ക്ഷീര കർഷകന്റെ കുപ്പായം ഭാസുരാംഗൻ ഇട്ടു. മിൽമയ്ക്ക് ബദൽ എന്ന നിലിയൽ ക്ഷീര അവതരിപ്പിച്ചു. കവർ പാൽ, സിപ്പപ്പ്, തൈര്, വെണ്ണ, നെയ്യ് ഇങ്ങനെ പുതിയ പ്രോഡക്ടുകൾ ഇറക്കി ഭാസുരാംഗൻ മാറനല്ലൂർകാരെ ഞെട്ടിച്ചു. ക്ഷീര കർഷകൻ സഹകാരി തുടങ്ങിയ കുപ്പായങ്ങൾ തയ്ച്ചായി പിന്നീടുള്ള പ്രവർത്തനം. ഇതിനിടെ കണ്ടല ബാങ്കിന്റെ ഭാരണ സമിതിയിൽ എത്തി തുടർന്ന് പ്രസിഡന്റും ആയി.

പീന്നീട് നാട്ടിൽ സ്ഥലം വാങ്ങി ബഹു നില മന്ദിരം പണിതു. കാറും വീടുമൊക്കെ ആയതോടെ ഭാസുരംഗന്റെ സ്വഭാവത്തിലും മാറ്റം വന്നതായി പഴയ ആൾക്കാർ ഓർക്കുന്നു. പേരു പത്രാസും ആയെങ്കിലും കോൺഗ്രസുകാരനായതിനാൽ സിപി എമ്മുമായി എന്നും ഏറ്റുമുട്ടലിലായിരുന്നു ഭാസുരാംഗൻ. സി പി എം പ്രാദേശിക നേതാവും പാർട്ടി പത്രത്തിന്റെ ലേഖനുമായ നേതാവായിരുന്നു പ്രധാന ശത്രു. ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരന് സഹകരണ ബാങ്കിൽ ജോലി നല്കി സി പി എമ്മുകാരെയും ഭാസുരാംഗൻ പാട്ടിലാക്കി. ഇതിനിടെ ദുർവ്യയം കാരണം ക്ഷീര പൊളിഞ്ഞു. കോടികളുടെ നഷടമായി. ക്ഷീര പൊളിഞ്ഞപ്പോൾ കണ്ടല ബാങ്കിന്റെ ലേബലിൽ ഭാസുരാംഗൻ സഹകരണ ആശുപത്രിയും മാറനല്ലൂരിൽ തുടങ്ങി.

ഒപ്പം നിലനിൽപ്പിനായി രാഷ്ട്രീയവും മാറി. അങ്ങനെ ഇടത്തോട്ടു ചാഞ്ഞ ഭാസുരംഗൻ ഇന്ന് സിപിഐ ജില്ലാ കൗൺസിൽ അംഗമാണ്. അടുത്തിടെ നടന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ കണ്ടല ബാങ്കിലെ തട്ടിപ്പു സംബന്ധിച്ച് ആരും ഒരക്ഷരം മിണ്ടിയില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം സമ്മേളനം നടത്താൻ സാമ്പത്തിക പിന്തുണ നൽകിയവരിൽ പ്രധാനി ഭാസുരാംഗൻ തന്നെ. സിപിഐയിൽ എത്തിയതോടെ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാകാൻ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും നടന്നില്ല. ഒടുവിൽ കാനം രാജേന്ദ്രനും പ്രകാശ് ബാബുവും കനിഞ്ഞതു കൊണ്ട് മിൽമ മേഖല യൂണിയൻ അഡ്‌മിനസ്ട്രേറ്ററായി.

കണ്ടല ബാങ്കിൽ പ്രതി കൂട്ടിൽ നിൽക്കുന്ന ആൾ മിൽമ ഭാരവാഹി ആയിരിക്കുന്നത് ശരിയാണോ എന്ന ചോദ്യത്തിന് സിപിഐ യ്ക്കും സി പി എം നും ഉത്തരമില്ല.

കണ്ടല ബാങ്കിനെ സംബന്ധിച്ച സഹ വകുപ്പ് റിപ്പോർട്ട്

കേരളത്തെ പിടിച്ചുകുലുക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് പോലെ ആഴമുള്ളതാണ് കണ്ടല ബാങ്കിലെ കോടികളുടെ ക്രമക്കേട്. സഹകരണവകുപ്പ് വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എസ് ജയചന്ദ്രൻ അന്വേഷിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കയ്യിൽ ആറുമാസത്തിലേറെയായി സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച റിപ്പോർട്ടിന്റെ ഉള്ളടക്കമെന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

നിരവധി പേർക്ക് ബാങ്കിൽ അനധികൃമായി നിയമനം നൽകി. ചട്ടംലംഘിച്ച സ്ഥാനക്കയറ്റം നൽകി. നിക്ഷേപത്തിൽ നിന്ന് കോടികൾ വകമാറ്റി ദൈനം ദിന ചെലവും ജീവനക്കാർക്ക് ശമ്പളവും നൽകി. വായ്പ സംഘങ്ങളുടെ ക്ലാസ് 5 ൽ പ്രവർത്തിക്കാൻ മാത്രം യോഗ്യതയുള്ള ബാങ്കാണ് കണ്ടല സർവീസ് സഹകരണ ബാങ്ക്. എന്നാൽ റീക്ലാസിഫിക്കേഷൻ ചെയ്യാതെ വർഷങ്ങൾക്ക് മുമ്പ് കിട്ടിയ ക്ലാസ് 1 ൽ തന്നെ പ്രവർത്തിച്ച് ജീവനക്കാരുടെ ശമ്പളത്തിലടക്കം കോടികളുടെ നഷ്ടമുണ്ടാക്കി. എൻ ഭാസുരാംഗൻ തന്നെ പ്രസിഡണ്ടായ മാറനെല്ലൂർ ക്ഷീര വ്യവസായ സംഘത്തിന് ക്രമരഹിതമായി വൻ തുക വായ്പ അനുവദിച്ചും കോടികൾ കുടിശ്ശികയാക്കി.

വഴിവിട്ട് വ്യപകമായി വായ്പകൾ നൽകി. നിക്ഷേപത്തിൽ നിന്ന് കോടികൾ ചിട്ടിയിലേക്ക് മറിച്ച് നിക്ഷേപചോർച്ചയുണ്ടാക്കി. അനുവാദമില്ലാതെ ആഡംബര കാർ വാങ്ങി പിന്നെ വിറ്റു. പിന്നീട് 23 ലക്ഷം രൂപ വിലയുള്ള പുതിയ വാഹനം വീണ്ടും വകുപ്പിന്റെ അനുവാദമില്ലാതെ വാങ്ങി. ഓഡിറ്റ് പൂർത്തീകരിക്കാൻ സ്റ്റേറ്റ്മെന്റുകൾ കൊടുക്കാൻ ഭരണസമിതി തയ്യാറായില്ല.. 101 കോടി രൂപയുടെ ആസ്തിയിൽ കുറവുണ്ടായ ബാങ്കിലേക്ക് നിക്ഷേപം പിൻവലിക്കാൻ വരുന്നവരെ കഴിഞ്ഞ കുറേ നാളുകളായി മടക്കി അയക്കുകയാണ്. ഇത് ഭരണ സമിതിയുടെ കെടുകാര്യസ്ഥതയും ബോധപൂർവവുമായ വീഴ്ചയുമാണ്.

ഒരു ലക്ഷം ഒന്നിച്ച് പിൻലിക്കാൻ പോയാൽ പോലും പല ബ്രാഞ്ചുകളിൽ നിന്നും പിന്നെ വരാൻ പറയാൻ തുടങ്ങി ഇപ്പോൾ തന്നെ. ഇത്ര വലിയ ക്രമക്കേട് നടന്നതിന്റെ അന്വേഷണ റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടും സിപിഐ നേതാവ് പ്രസിഡണ്ടായ ഭരണസമിതിക്കെതിരെ ഒന്നും ചെയ്യാതെ കോടികളുടെ നഷ്ടം കൂടിക്കൂടി വരുന്നതും നോക്കി സഹകരണ വകുപ്പ് കൈയും കെട്ടി ഇരിക്കുകയാണ്.

സഹകരണ വകുപ്പ് അന്വേഷണത്തിൽ 100 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും താൽക്കാലിക ജീവനക്കാരടക്കം 75 പേരെ അനധികൃതമായി നിയമിച്ചെന്ന് കണ്ടെത്തി. 25 കൊല്ലമായി പ്രസിഡന്റായി തുടരുന്ന ഭാസുരാംഗന്റെ മൂന്ന് അടുത്ത ബന്ധുക്കളെയും ജീവനക്കാരാക്കി. 15 വർഷത്തിനിടെ 22 കോടി രൂപ ജീവനക്കാർക്ക് അനർഹമായി ശമ്പളവും ആനുകൂല്യവും കൊടുക്കാൻ വിനിയോഗിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കണ്ടല സഹകരണ ബാങ്കിലും കണ്ടല സഹകരണ ആശുപത്രിയിലുമായി നിരവധി അനധികൃത നിയമനങ്ങളാണ് സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത്. സഹകരണ ബാങ്കിൽ മാത്രം രണ്ട് സ്ഥിര നിയമനം അടക്കം 31 പേരെയാണ് നിയമവും ചട്ടവും ലംഘിച്ച് നിയമിച്ചത്. കണ്ടല സഹകരണ ആശുപത്രിയിൽ തസ്തികയ്ക്ക് അനുമതി കിട്ടുന്നതിന് മുമ്പ് തന്നെ നിയമനം നടന്നു കഴിഞ്ഞു. താൽക്കാലികക്കാർ അടക്കം 45 പേരെയാണ് കണ്ടല സഹകരണ ആശുപത്രിയിൽ അനധികൃതമായി നിയമിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പിന്നെ പ്രൊമോഷനും സ്ഥിരപ്പെടുത്തലും പലതും മാനദണ്ഡമൊന്നും പാലിക്കാതെയാണെന്നും റിപ്പോർട്ട് പറയുന്നു.

ഇതിനിടയിൽ പ്രസിഡണ്ട് ഭാസുരാംഗന്റെ ജ്യേഷഠന്റെ മകൻ അഖിലേഷും അഖിലേഷിന്റെ ജ്യേഷഠന്റെ ഭാര്യയും ഭാസുരാംഗന്റെ അളിയന്റെ ഭാര്യയും നിയമനം നേടി. സമീപകാലത്ത് സെക്രട്ടറിയായി വിരമിച്ച രണ്ട് പേരുടെയും മക്കൾക്കും ബാങ്കിൽ ജോലിയുണ്ട്. എന്നാൽ നിയമനത്തിനായി രജിസ്ട്രാർക്ക് അപേക്ഷിച്ചാൽ അനുമതി കിട്ടാത്തതുകൊണ്ടാണ് നിയമിക്കേണ്ടി വന്നതെന്ന വിചിത്ര വാദമാണ് ഭാസുരാംഗൻ മുന്നോട്ട് വെക്കുന്നത്.

വർഷങ്ങളായി ബാങ്ക് റീ ക്ലാസിഫൈ ചെയ്യാത്തുകൊണ്ട് ഇപ്പോഴും ക്ലാസ് ഒന്നായാണ് പ്രവർത്തിക്കുന്നത്. യഥാർത്ഥത്തിൽ ബാങ്ക് ക്ലാസ് അഞ്ചിൽ ആവേണ്ടതാണ്. പക്ഷേ ക്ലാസ് ഒന്നിലുള്ള കൂടിയ ശമ്പളമാണ് ജീവനക്കാർക്ക് കൊടുത്തുവരുന്നത്. ഇങ്ങനെ കൊടുക്കുന്ന ശമ്പളവും ചട്ടം ലംഘിച്ച് നിയമിച്ചവർക്കും അടക്കം ഇതുവരെ 22 കോടി രൂപ അധികമായി ശമ്പളയിനത്തിൽ ബാങ്കിന് കൊടുക്കേണ്ടി വന്നെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

വേലി തന്നെ വിളവു തിന്നു

നൂറ് കോടിയുടെ ക്രമക്കേട് നടന്ന തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പും നടന്നു. ഇതുവരെ കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുക്കാത്തവർക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടി. കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയവർ പറയുന്നു. അതേസമയം ബാങ്കിലെ വായ്പകളിൽ 37 കോടി രൂപയുടേത് അനധികൃതമോ കൃത്രിമമോ ആണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുമുണ്ട്.

മാറനെല്ലൂർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയുള്ള കണ്ടല ബാങ്കിന് മലയൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് എന്ന സ്ഥലം വായ്പ കൊടുക്കാൻ കഴിയാത്ത പ്രദേശമാണ്. എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയും നോട്ടീസ് ലഭിച്ചവരുണ്ട്. പത്തുമുതൽ 20 പേർ വരെയുള്ള സ്വാശ്രയ സംഘങ്ങൾക്ക് നൽകുന്ന വായ്പയുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് സംശയം. ജീവിത്തിൽ ഇന്നേവരെ ലോൺ എടുക്കാത്ത ആളുമുണ്ട് ഈ കുട്ടത്തിൽ. നൂറുകണക്കിന് പേർക്കാണ് തോന്നുംപോലെ കണ്ടല ബാങ്കിൽ നിന്ന് വായ്പ നൽകിയത്. കണ്ടല ബാങ്കിൽ നടത്തിയ അന്വേഷണ റിപ്പോർട്ട് പ്രകാരം ഇങ്ങനെ പറയുന്നു. ബാങ്ക് ആകെ 102 കോടി രൂപയുടെ വായ്പ നൽകി. ഇതിൽ 37 കോടി രൂപ തികച്ചും അനധികൃതവും നിയമവിരുദ്ധവും ആണ്. അനധികൃത വായ്പകൾ ബാങ്ക് നിയമാവലിക്ക് വിരുദ്ധമായും സഹകരണ ചട്ടവും നിയമവും സഹകരണ രജിസ്ട്രാറുടെ സർക്കുലറുകളും ലംഘിച്ചാണെന്നും കാണുന്നു. അനധികൃതമായി നൽകിയ വായ്പകളിൽ പലതും തിരിച്ചുപിടിക്കുക സാധ്യമല്ലെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്.

നൂറ് കോടിയുടെ ക്രമക്കേട് നടന്ന് കടുത്ത പ്രതിന്ധിയിലായ തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ട് എൻ ഭാസുരാംഗൻ ഭാര്യയും മകനും അടക്കമുള്ള സ്വന്തക്കാർക്ക് മാനദണ്ഡം കാറ്റിൽപ്പറത്തി തോന്നിയ പോലെ വായ്പ നൽകിയതായി പുറത്തുവന്നു. ഭാസുരാംഗന്റെ കുടുംബം ബാങ്കിന് വരുത്തിയ കുടിശ്ശിക വരുത്തിയത് 90 ലക്ഷം രൂപയാണ്. ഭാസുരാംഗൻ പാർട്ടിക്കാർക്കും കുടുംബങ്ങൾക്കും വാരിക്കോരി നൽകിയ വായ്പകളും കിട്ടാക്കടമാണ്.

കാൽനൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയാണ് എൻ ഭാസുരാംഗൻ. ഇദ്ദേഹം ബന്ധുക്കൾക്കും സ്വന്തക്കാർക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നൽകിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ഈ കൊടുത്തതിൽ മിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല. ബാങ്ക് പ്രസിഡണ്ട് എൻ ഭാസുരാംഗന്റെ മകൻ അഖിൽ ജിത്ത് പേരിൽ ഇക്കഴിഞ്ഞ ഡിസംബർ 31 വരെ ബാങ്കിന് കൊടുക്കാനുള്ളത് 59,43,500 രൂപ. വായ്പയിലും ചിട്ടിയിലുമാണ് കുടിശ്ശിക. അഖിൽ ജിത്തിന്റെ ഭാര്യ മാളവിക അനിൽകുമാർ 9,60,000 രൂപയും എൻ ഭാസുരാംഗന്റെ ഭാര്യ ജയകുമാരി 18.5 ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കാനുള്ളത്. ഇത് രണ്ടും ചിട്ടിക്കുടിശ്ശികയാണ്.

ബാങ്കിന് അരക്കോടിയിലേറെ കുടിശ്ശിക നൽകാനുള്ള ഭാസുരാംഗന്റെ മകൻ അഖിൽ ജിത്ത് തിരുവനന്തപുരം നഗരത്തിൽ അടുത്തിടെ പുതിയൊരു കൂറ്റൻ റെസ്റ്റോറന്റ് തുടങ്ങി. ആഡംബര വാഹനമുള്ള മകന് സൂപ്പർമാർക്കറ്റും മറ്റൊരു ഹോട്ടലും സ്വന്തമായുണ്ട്. പ്രസിഡണ്ടിന്റെ മകൻ എടുത്ത പണം ബാങ്കിലേക്ക് തിരിച്ചടക്കുന്നില്ലെന്നാണ് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. കുടുംബത്തിന് മാത്രമല്ല, ഭാസുരാംഗന്റെ പാർട്ടിയായ സിപിഐക്കാർക്കും ബന്ധുക്കൾക്കും അടുപ്പക്കാർക്കുമെല്ലാം മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി നൽകിയതും വൻ വായ്പകളെന്നാണ് അന്വേഷണ റിപ്പോർട്ട്. സിപിഐ മുൻ പ്രാദേശിക നേതാവും

മാറനെല്ലൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടുമായ ഗോപകുമാറിന്റെ കുടിശ്ശിക 2.22 കോടി രൂപ. മുപ്പത് ചിട്ടികളിൽ മാത്രം 43 ലക്ഷം രൂപയാണ് ഗോപകുമാർ കണ്ടല ബാങ്കിലടക്കാനുള്ളത്. റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയായ ഗോപകുമാറിന്റെ ഭാര്യ കുമാരി ചിത്ര ബാങ്കിൽ അടയ്ക്കാനുള്ളത് 68,74,000 രൂപ. ഭാസുരാംഗന്റെ സന്തത സഹചാരിയും ഭാസുരാംഗൻ പ്രസിഡന്റായ ക്ഷീരയുടെ എംഡിയുമായ സോജിൻ ജെ ചന്ദൻ ബാങ്കിന് കുടിശ്ശികയാക്കിയത് 85 ലക്ഷം രൂപയാണ്. ഭാസുരാംഗൻ മിൽമയുടെ അഡ്‌മിനിസ്ട്രേറ്റർ ആയ ശേഷം മിൽമയിലും സോജിന് ജോലി കൊടുത്തു.

പക്ഷേ ഒരു രൂപ ഭാസുരാംഗൻ സോജിനെ കൊണ്ട് തിരിച്ചടപ്പിച്ചില്ല. ഒരുവശത്ത് വാരിക്കോരി ഇഷ്ടക്കാർക്കെല്ലാം വായ്പ നൽകുക. തിരിച്ചുപിടിക്കാൻ ഒരു നടപടിയും എടുക്കാതിരിക്കുക.101 കോടിരൂപയുടെ വൻ ക്രമക്കേട് നടന്നെന്ന് അഞ്ചുമാസം മുമ്പ് റിപ്പോർട്ട് കിട്ടിയിട്ടും പ്രസിഡണ്ട് ഭാസുരാംഗനും ഭരണസമിതിയും ക്രമക്കേട് യഥേഷ്ടം തുടരുകയാണ്.

ഭാസുരാംഗൻ പറയുന്നത്

കണ്ടല സർവീസ് സഹകരണ ബാങ്കിനെതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണ്. എം.ഡി.എസ് ചിട്ടി നടത്തിപ്പിലൂടെ ബാങ്കിന് ലഭിക്കുന്ന കമ്മീഷനാണ് ജീവനക്കാരുടെ ശമ്പളത്തിനും മറ്റു ചെലവുകൾക്കുമായി വിനിയോഗിക്കുന്നത്. എല്ലാവർഷവും ബാങ്കിന്റെ പൊതുയോഗത്തിൽ പ്രവർത്തനങ്ങളും കണക്കുകളും കൃത്യമായും വിലയിരുത്തുന്നുണ്ട്. 2022 മാർച്ച് 31ലെ കണക്കുപ്രകാരം ബാങ്കിന്റെ പ്രവർത്തനമൂലധനം 270.84 കോടി രൂപയാണ്.

ബാങ്കിന് താത്കാലിക പ്രതിസന്ധി സൃഷ്ടിച്ചത് കേരള ബാങ്കാണ്. വർഷങ്ങളായി കണ്ടല ബാങ്കിന്റെ പ്രസിഡന്റായിരുന്ന തന്നെ മിൽമ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയന്റെ അഡ്‌മിനിസ്ട്രേറ്റീവ് കൺവീനറായി സർക്കാർ നോമിനേറ്റ് ചെയ്തശേഷമാണ് രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്.

അനുമതിയില്ലാതെ നിയമനം നടത്തിയെന്നതും അടിസ്ഥാനരഹിതമാണ്. 12വർഷം മുമ്പ് ബാങ്ക് ആരംഭിച്ച സഹകരണ ആശുപത്രി ഇപ്പോൾ നാട്ടുകാരുടെ ആശ്രയകേന്ദ്രമാണ്. 40 കിടക്കകളുള്ള ആശുപത്രിയിൽ 150ഓളം പേരെ കിടത്തേണ്ട പ്രത്യേക സാഹചമുണ്ടായപ്പോഴാണ് താത്കാലിക നിർമ്മാണം നടത്തേണ്ടിവന്നത്. ഇതിനെയാണ് അനുമതിയില്ലാതെ നിർമ്മാണം നടത്തിയെന്ന പേരിൽ അന്വേഷണ റിപ്പോർട്ടിലുള്ളതെന്നും ഭാസുരാംഗൻ വിശദീകരിച്ചു. ഇല്ലാക്കഥകൾ കെട്ടിച്ചമച്ച് ബാങ്കിനെയും കണ്ടല സഹകരണ ആശുപത്രിയെയും നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP