Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാലഭാസ്‌കറിന്റെ കാർ അപകടം മനഃപൂർവം സൃഷ്ടിച്ചത്; ബാലുവിന്റെ കുടുംബം തന്നെ കാണിച്ച ഫോട്ടോകളിൽ ആ മൂന്നുപേരെയും കണ്ടു; സ്റ്റാർട്ടാക്കിയ ബൈക്കുമായി ഉന്തിനീങ്ങിയവനും ഓടിപ്പോകുന്നവനും ഫോട്ടോകളിലുണ്ട്; ഇവർ ആരൊക്കെയെന്ന് കുടുംബത്തിന് അറിയാം; സംശയങ്ങൾ ദൂരീകരിക്കാൻ ലക്ഷ്മി രംഗത്ത് വരണം; കലാഭവൻ സോബിന്റെ വെളിപ്പെടുത്തൽ മറുനാടനോട്; തിരിച്ചറിഞ്ഞത് ആരെയെന്ന് വെളിപ്പെടുത്താൻ മടിച്ച് ബാലുവിന്റെ അച്ഛൻ; സാധാരണ അപകടമാക്കിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സി ഉണ്ണി

ബാലഭാസ്‌കറിന്റെ കാർ അപകടം മനഃപൂർവം സൃഷ്ടിച്ചത്; ബാലുവിന്റെ കുടുംബം തന്നെ കാണിച്ച ഫോട്ടോകളിൽ ആ മൂന്നുപേരെയും കണ്ടു; സ്റ്റാർട്ടാക്കിയ ബൈക്കുമായി ഉന്തിനീങ്ങിയവനും ഓടിപ്പോകുന്നവനും ഫോട്ടോകളിലുണ്ട്; ഇവർ ആരൊക്കെയെന്ന് കുടുംബത്തിന് അറിയാം; സംശയങ്ങൾ ദൂരീകരിക്കാൻ ലക്ഷ്മി രംഗത്ത് വരണം; കലാഭവൻ സോബിന്റെ വെളിപ്പെടുത്തൽ മറുനാടനോട്; തിരിച്ചറിഞ്ഞത് ആരെയെന്ന് വെളിപ്പെടുത്താൻ മടിച്ച് ബാലുവിന്റെ അച്ഛൻ; സാധാരണ അപകടമാക്കിയാൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും കെ സി ഉണ്ണി

എം മനോജ് കുമാർ

തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുമ്പോൾ സംശയാസ്പദമായി കണ്ട മൂന്നുപേരെയും തിരിച്ചറിഞ്ഞതായി കലാഭവൻ സോബിൻ മറുനാടൻ മലയാളിയോട് പറഞ്ഞു. അപകടം നടന്ന സമയത്ത് സ്റ്റാർട്ടാക്കിയ ബൈക്ക് ഉന്തിത്തള്ളിക്കൊണ്ടുപോയ ആളെയും സംഭവസമയത്ത് നിന്ന് ഓടിപ്പോയ ആളെയും അപകടം നടന്ന സ്ഥലത്ത് സംശയാസ്പദമായ കണ്ട ആളെയുമാണ് തിരിച്ചറിഞ്ഞത്. ബാലഭാസ്‌ക്കറിന്റെ കുടുംബം തന്നെ വിളിച്ചു വരുത്തി കാണിച്ച ഫോട്ടോയിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. ആരൊക്കെയാണ് സംഭവസ്ഥലത്ത് സംശയാസ്പദമായി നിലകൊണ്ടവർ എന്നതിന് തെളിവ് ആയിക്കഴിഞ്ഞു.

ആരൊക്കെയാണ് കാർ അപകടം നടക്കുമ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതെന്ന് ഇപ്പോൾ തനിക്കും ബാലഭാസ്‌കറിന്റെ കുടുംബത്തിനും അറിയാം. നാല്പതോളം ഫോട്ടോകൾ ആണ് അവർ എനിക്ക് കാണിച്ചു തന്നത്. ഞാൻ സംശയത്തോടെ കണ്ടവർ അവർ മൂന്നുപേരെയും ബാലഭാസ്‌കറിന്റെ കുടുംബം കാണിച്ച ഫോട്ടോയിൽ ഉണ്ട്. ഇവരെ ബാലഭാസ്‌കറിന്റെ കുടുംബത്തിന് അറിയാം. ഇവർ ആരെന്നു എനിക്ക് അറിയില്ല. ഈ ഫോട്ടോകൾ ബാലഭാസ്‌കറിന്റെ കുടുംബത്തിന് എങ്ങിനെ ലഭിച്ചെന്നു എനിക്ക് അറിയില്ല പക്ഷെ താൻ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ പോയപ്പോൾ ഇത്തരം ആളുകളെ കുറിച്ച് പറഞ്ഞപ്പോൾ ക്രൈംബ്രാഞ്ച് ഒരു ഫോട്ടോയും തന്നെ കാണിച്ചില്ല. ആരാണ് അവരെന്നും ചോദിച്ചില്ല. താൻ പറഞ്ഞത് എഴുതി എടുക്കുക മാത്രമാണ് ചെയ്തത്. അന്ന് കണ്ട ആളുകളെ പിന്നീട് തിരിച്ചറിയാൻ കഴിയുമോ എന്ന് ചോദിച്ചപ്പോൾ തിരിച്ചറിയും എന്ന് ഞാൻ പറഞ്ഞു.

ആരെന്നു എനിക്കറിയില്ലെന്നു ക്രൈം ബ്രാഞ്ചിനോട് ഞാൻ പറഞ്ഞ ആളുകളെയാണ് ബാലഭാസ്‌ക്കറിന്റെ കുടുംബം കാണിച്ച ഫോട്ടോയിൽ നിന്ന് ഞാൻ തിരിച്ചറിഞ്ഞത്. എന്തായാലും ബാലഭാസ്‌കറിന്റെ കാർ അപകടം അപ്രതീക്ഷിതമായി സംഭവിച്ചതല്ല എന്ന് എനിക്ക് ഉറപ്പാണ്. അതൊരു മനഃപൂർവം വരുത്തിയ അപകടമാണ്. ക്രൈംബ്രാഞ്ച് അത് വെറുമൊരു അപകടം എന്ന് പറഞ്ഞാൽ എന്നെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ ഞാൻകോടതിയോട് ആവശ്യപ്പെടും. നമ്മൾ കണ്ടകാര്യം ഇല്ലാ എന്ന് ക്രൈംബ്രാഞ്ച് പറഞ്ഞാൽ അതെങ്ങിനെ ശരിയാകും. ഒരിന്ത്യൻ പൗരൻ എന്ന നിലയിൽ എനിക്ക് കണ്ട കാര്യം പറയാം. അതാണ് ഞാൻ പറഞ്ഞത്. പോളീഗ്രാഫ് ടെസ്റ്റിന് വിധേയനാകാൻ ഞാൻ തയ്യാറാണ്. ഈ ആവശ്യം തന്നെയാണ് ഞാൻ കോടതിക്ക് മുന്നിലും ആവശ്യപ്പെടുക. കാർ അപകടം വെറുമൊരു അപകടം ആയേക്കില്ല എന്ന് പറഞ്ഞ ക്രൈംബ്രാഞ്ച് ഇപ്പോൾ ചുവട് മാറ്റിയിട്ടുണ്ട്. എന്നെ പിടിച്ച് ജയിലിൽ ഇട്ടാലും ഞാൻ പറയും, അത് ഒരു അപകടമരണമല്ലെന്ന്. അതുകൊണ്ട് തന്നെയാണ് പോളീഗ്രാഫ് ടെസ്റ്റിന്റെ കാര്യം ഞാൻ എടുത്തിടുന്നത്.

ഞാൻ മൊഴി നൽകാൻ എത്തുമ്പോൾ എന്റെ മൊബൈൽ ടവർ റേഞ്ച് വരെ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. അതിനുശേഷമാണ് അവർ എന്നെ ചോദ്യം ചെയ്യാൻ വിളിച്ചത്. സ്വർണം കടത്ത് പ്രശ്‌നം വന്നപ്പോൾ ഞാൻ ആരോപിച്ച കാര്യമല്ല ഇത്. അപകടം നടന്നപ്പോൾ ഞാൻ വിളിച്ചു പറഞ്ഞ കാര്യമാണ്. ബാലു മരിച്ചപ്പോൾ പറഞ്ഞ കാര്യമാണ്. മധു ബാലകൃഷ്ണനോട് പറഞ്ഞപ്പോൾ പ്രകാശ് തമ്പിയെ വിളിച്ചു പറയാനാണ് പറഞ്ഞത്. അതുപ്രകാരം പ്രകാശ് തമ്പിയെ വിളിച്ചു പറഞ്ഞിരുന്ന കാര്യവുമാണ്. പ്രകാശ് തമ്പിയെക്കുറിച്ച് ഒരു സംശയവും അപ്പോൾ ഒരു മാധ്യമങ്ങളിൽ നിന്നും വന്നിരുന്നില്ല. വീട്ടുകാർ പോലും ആ ഘട്ടത്തിൽ അങ്ങിനെ ഒരാക്ഷേപം ഉന്നയിച്ചിരുന്നില്ല. അല്ലെങ്കിൽ ഞാൻ കേട്ടിരുന്നില്ല. പ്രകാശൻ തമ്പിയെ അറസ്റ്റ് ചെയ്ത്കഴിഞ്ഞപ്പോൾ മാത്രമാണ് എല്ലാം ഒന്നുകൂടി പൊന്തിവന്നത്. ക്രൈംബ്രാഞ്ചിനോട് ഞാൻ വിശദീകരിച്ച കാര്യമാണ്. എന്തുകൊണ്ട് എനിക്ക് സംശയം വന്നു എന്ന കാര്യവും ക്രൈംബ്രാഞ്ചിനു മുന്നിൽ ഞാൻ വിശദമാക്കിയിട്ടുണ്ട്.

ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഒരാൾ സംസാരിച്ചാൽ മതി. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സംസാരിക്കണം. എന്തുകൊണ്ടാണ് ലക്ഷ്മി സംസാരിക്കാത്തത്. എനിക്കും നിങ്ങൾക്കുമെല്ലാം ബാലഭാസ്‌കർ ഒരു കലാകാരൻ മാത്രമാണ്. .ലക്ഷ്മിക്ക് അങ്ങിനെയല്ല. ലക്ഷ്മിയുടെ ഭർത്താവാണ്. സ്വന്തം ഭർത്താവ് മരിച്ച ഒരു കാർ അപകടത്തിലെ വസ്തുതകൾ വിശദമാക്കേണ്ടതും സംശയങ്ങൾ ദുരീകരിക്കേണ്ടതും ഭാര്യ എന്ന നിലയിൽ ലക്ഷ്മിയുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ തുറന്നു പറയാൻ ലക്ഷ്മി തയ്യാറാകണം-സോബിൻ പറയുന്നു.

എന്നാൽ സോബിൻ തിരിച്ചറിഞ്ഞവർ ആരെന്നു വെളിപ്പെടുത്താൻ ബാലഭാസ്‌കറിന്റെ പിതാവ് കെ.സി.ഉണ്ണി തയ്യാറായില്ല. ഞങ്ങൾ നോക്കുന്നത് ക്രൈംബ്രാഞ്ച് അന്വേഷണം ഏതുവഴി പോകും എന്നാണ്-മറുനാടനോട് കെ.സി.ഉണ്ണി പറഞ്ഞു. കാർ അപകടം ഒരു അപകടമായിരിക്കാൻ ഇടയില്ലെന്ന രീതിയിൽ ആദ്യം നീങ്ങിയ ക്രൈംബ്രാഞ്ച് ഇപ്പോൾ കാർ അപകടം ഒരു സാധാരണ അപകടം എന്ന രീതിയിൽ, ആ നിഗമനത്തിലേക്ക് നീങ്ങുകയാണ്. എന്തായാലും ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകട്ടെ. ബാലഭാസ്‌കറിന്റെ മരണം വന്ന ആ അപകടം ഒരു സാധാരണ അപകടം എന്ന രീതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയാൽ ഞങ്ങൾ കോടതിയെ സമീപിക്കും. പിന്നെ സിബിഐ അന്വേഷണം മാത്രമാണ് പോംവഴി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഞങ്ങൾ കോടതിയെ സമീപിക്കും. എന്തായാലും ഇതേവരെ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടില്ല. അത് ഒരു ആസൂത്രിത അപകടം എന്ന രീതിയിൽ ഞങ്ങളുടെ കുടുംബം ഉറച്ചു നിൽക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പ്രഹസനമാകും എന്ന സംശയം ഞങ്ങൾക്കുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിനു ഇടയാക്കിയ അപകടം സാധാരണ രീതിയിലുള്ള അപകടം അല്ലാ എന്നാണ് എല്ലാവരും ഞങ്ങളോട് പറഞ്ഞത്. ഞങ്ങളും ഈ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ്-കെ.സി.ഉണ്ണി പറയുന്നു.

അതേസമയം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാർ കാർ അമിത വേഗത്തിലായിരുന്നെന്ന് മോട്ടോർ വാഹനവകുപ്പും ഇന്നോവ കാർ കമ്പനിയും നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കാർ മരത്തിലിടിച്ചത് മണിക്കൂറിൽ 100 കി.മീ. വേഗത്തിലായിരുന്നു. അപകടത്തിനു തൊട്ടുമുമ്പ് വാഹനം ഓടിയത് മണിക്കൂറിൽ 100-120 കി.മീ. വേഗത്തിലും. അമിത വേഗം അപകട കാരണമായെന്നാണ് ശാസ്ത്രീയ നിഗമനം. അപകടത്തിൽ നിലച്ച കാറിന്റെ സ്പീഡോമീറ്ററിൽ രേഖപ്പെടുത്തിയത് 100 കിലോമീറ്റർ വേഗമായിരുന്നു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് മോട്ടോർ വാഹനവകുപ്പും കാർ കമ്പനിയും സാങ്കേതികറിപ്പോർട്ട് നൽകി. എന്നാൽ അന്തിമറിപ്പോർട്ട് ഫൊറൻസിക് പരിശോധനാഫലം ലഭിച്ചതിനു ശേഷം മാത്രമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ താൻ അല്ല വണ്ടി ഓടിച്ചതെന്ന് ഡ്രൈവർ അർജുൻ എന്തിന് പറഞ്ഞു എന്ന കാര്യം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. ബാലഭാസ്‌കറിന്റേത് അപകട മരണം തന്നെയാണെന്ന് സ്വർണക്കടത്ത് കേസിൽ ജയിലിൽ കഴിയുന്ന പ്രകാശൻ തമ്പിയും പറയുന്നുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വർണക്കടത്തുമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലെന്നാണ് തമ്പി നൽകിയ മൊഴി. എന്നാൽ അപകടത്തിന് മുമ്പ് ബാലഭാസ്‌കറും കുടുംബവും ജ്യൂസ് കുടിച്ച കൊല്ലത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി എടുത്തുകൊണ്ടുപോയെന്ന കടയുടമയുടെ മൊഴി വലിയ ദുരൂഹതയ്ക്ക് കാരണമായിരുന്നു. അതേ തുടർന്നാണ് പ്രകാശ് തമ്പിയിൽ നിന്ന് മൊഴിയെടുക്കാൻ തീരുമാനിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെന്ന് തമ്പി മൊഴി നൽകിട്ടുണ്ട്. പക്ഷെ . വണ്ടി ഓടിച്ചത് താനാണെന്ന് അർജുൻ പറഞ്ഞപ്പോഴാണ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചത് എന്നാണ് തമ്പി മൊഴി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP