Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത അണ്ടർ ഗ്രൗണ്ട് നീക്കങ്ങളുടെ ചാലക ശക്തി; തിരുവഞ്ചൂരിന്റെ ഭാര്യ സഹോദരി ഭർത്താവ് കൈമനം പ്രഭാകരന്റെ അനുജൻ; തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പഠനം ശേഷം എബിവിപിയിലൂടെ എത്തിയത് പ്രചാരക പദവിയിൽ; പരിവാറുകാരുടെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാൻ ഭാരതിയുടെ എല്ലാമെല്ലാം; മോദിയുമായി ആത്മ ബന്ധമുള്ള തിരുവനന്തപുരത്തുകാരൻ; സുരേന്ദ്രനെയും സുരേഷ് ഗോപിയേയും വെട്ടി ആർഎസ്എസ് നേതാവ് ജയകുമാർ ബിജെപി പ്രസിഡന്റാകുമോ?

നേമത്ത് രാജഗോപാലിനെ ജയിപ്പിച്ചെടുത്ത അണ്ടർ ഗ്രൗണ്ട് നീക്കങ്ങളുടെ ചാലക ശക്തി; തിരുവഞ്ചൂരിന്റെ ഭാര്യ സഹോദരി ഭർത്താവ് കൈമനം പ്രഭാകരന്റെ അനുജൻ; തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ പഠനം ശേഷം എബിവിപിയിലൂടെ എത്തിയത് പ്രചാരക പദവിയിൽ; പരിവാറുകാരുടെ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാൻ ഭാരതിയുടെ എല്ലാമെല്ലാം; മോദിയുമായി ആത്മ ബന്ധമുള്ള തിരുവനന്തപുരത്തുകാരൻ; സുരേന്ദ്രനെയും സുരേഷ് ഗോപിയേയും വെട്ടി ആർഎസ്എസ് നേതാവ് ജയകുമാർ ബിജെപി പ്രസിഡന്റാകുമോ?

എം മനോജ് കുമാർ

തിരുവനന്തപുരം: സുരേഷ് ഗോപിക്കൊപ്പം മറ്റാരെങ്കിലും ബിജെപിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കെട്ടിയിറക്കാൻ ദേശീയ നേതൃത്വം ശ്രമിക്കുമെന്ന ആശങ്ക കേരളത്തിലെ ബിജെപി നേതാക്കൾക്കുണ്ട്. മുമ്പ് ആർ എസ് എസിന്റെ താത്വിക മുഖമായി അറിയപ്പെടുന്ന ബാലശങ്കറിനെ പ്രസിഡന്റാക്കാൻ നീക്കമുണ്ടായിരുന്നു. അത്തവണ പ്രസിഡന്റായി എത്തിയത് കുമ്മനം രാജശേഖരനും. അതിന് മുമ്പ് കുമ്മനത്തിന് ബിജെപിയിൽ അംഗത്വം പോലുമില്ലായിരുന്നു. ഹിന്ദു ഐക്യവേദി നേതാവായിരുന്നു കുമ്മനം. ഈ മാതൃകയിൽ ഇത്തവണ മറ്റൊരു പ്രചാരകൻ കുമ്മനത്തിനെ പോലെ ബിജെപിയുടെ അധ്യക്ഷനാകുമെന്നാണ് സൂചന. കെജി മാരാറിനും കുമ്മനത്തിനും ശേഷമെത്തുന്ന പ്രചാരകനെ കുറിച്ച് ചില സൂചനകൾ കേരളത്തിലെ ബിജെപി നേതാക്കൾക്ക് കിട്ടിക്കഴിഞ്ഞു. തിരുവനന്തപുരത്ത് വേരുകളുള്ള എ ജയകുമാർ.

തിരുവനന്തപുരത്ത് കൈമനത്ത് ജനിച്ച് വളർന്ന തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ജയകുമാർ. പഠനത്തിൽ മിടുക്കനായ ജയകുമാർ എഞ്ചിനിയറിങ് കോളേജിൽ വച്ച് എബിവിപിയിൽ സജീവമായി. തുടർന്ന് പ്രചാരകനായി. കേരളത്തിൽ ശാസ്ത്ര കൂട്ടയായ സ്വദേശി സയൻസ് മൂവ് മെന്റിന് തുടക്കമിട്ടു. പിന്നീട് തട്ടകം ബാഗളുരുവിലേക്ക് മാറ്റി. ഇതോടെ ആർഎസ്എസ് ശാസ്ത്ര സാങ്കേതിക വിഭാഗമായ വിജ്ഞാൻ ഭാരതിയുടെ ജനറൽ സെക്രട്ടറി പദത്തിലുമെത്തി. പതിയെ പ്രവർത്തന കേന്ദ്രം നാഗ്പൂരിലേക്കും. ആർ എസ് എസിന്റെ ഉന്നത നേതൃത്വവുമായി ഇതോടെ കൂടുതൽ അടുത്തു. പിന്നെ ഡൽഹിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവരുമായി അടുത്ത സൗഹൃദം. ബിജെപി ഭരണത്തിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ ആർഎസ്എസ് നയങ്ങൾ രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും ജയകുമാറാണ്.

ജയകുമാറിന് രണ്ട് സഹോദരങ്ങളുണ്ട്. അറിയപ്പെടുന്ന കോൺഗ്രസ് നേതാവാണ് കൈമനം പ്രഭാകരൻ. രണ്ടാമത്തെയാൾ പ്രകാശൻ. ഇദ്ദേഹം പരിവാർ ബന്ധമുള്ള വ്യക്തിയാണ്. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഭാര്യയുടെ സഹോദരീ ഭർത്താവാണ് കൈമനം പ്രഭാകരനെന്നതും ശ്രദ്ധേയമാണ്. ഇങ്ങനെ രാഷ്ട്രീയം മാത്രം നിറഞ്ഞ കുടുംബത്തിലെ അംഗമാണ് ജയകുമാർ. ബിജെപിയുടെ നേമം വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന ഘടകങ്ങളിൽ ഒന്നും ജയകുമാറാണ്. അന്ന് കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ദൗത്യം അമിത് ഷാ നേരിട്ട് ജയകുമാറിനെ ഏൽപ്പിക്കകയായിരുന്നു. ഒ രാജഗോപാലിന്റെ വിജയത്തിന് വേണ്ടി ചില രഹസ്യ യോഗങ്ങൾ അന്ന് നടന്നിരുന്നു. ഇതാണ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് കുറച്ചതെന്ന ആരോപണം ചില കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നിലെ പ്രധാനി ജയകുമാറാണെന്ന സംശയം കോൺഗ്രസ് നേതാക്കളിൽ ചിലർ ഉന്നയിച്ചിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും കോൺഗ്രസിനെ നേമം മോഡൽ പിടിച്ചുലച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് തിരുവനന്തപുരത്തെ നേതാക്കൾ മാറി നിൽക്കുന്നുവെന്ന് ശശി തരൂർ തന്നെ തുറന്നടിച്ചതും. വോട്ട് മറിക്കൽ സാധ്യത പൂർണ്ണമായും അടച്ചതും. അങ്ങനെ നേമത്തെ രാജഗോപാലിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച രഹസ്യ കരങ്ങളിൽ പ്രധാനിയാണ് ജയകുമാർ. ജയകുമാറിന്റെ സഹോദരൻ കൈമനം പ്രഭാകരൻ തിരുവനന്തപുരം കോർപ്പറേഷനിലെ ജീവനക്കാരനായിരുന്നു. വിആർഎസ് വാങ്ങി പിന്നീട് മുഴുവൻ സമയ കോൺഗ്രസ് നേതാവായി. തിരുവഞ്ചൂർ മന്ത്രിയായിരുന്ന സമയത്ത് ഭരണതലത്തിലും പ്രഭാകരന് സ്വാധീനം ഏറെയായിരുന്നു.

കുറച്ചു കാലമായി കേരളത്തിലും തമിഴ്‌നാട്ടിലും പരിവാർ പ്രസ്ഥാനങ്ങൾ ശക്തമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി നിയോഗിക്കപ്പെട്ട പ്രത്യേക സമ്പർക് പ്രമുഖാണ് ജയകുമാർ. കേരളത്തിലും തമിഴ്‌നാട്ടിലും ആർ എസ് എസിന് വേരോട്ടമുണ്ടാക്കുകയെന്നതാണ് ദൗത്യം. ബിജെപിയിലേക്ക് വോട്ടുകൾ അടുപ്പിക്കാനുള്ള ഈ ദൗത്യവുമായി ജയകുമാർ നിറയുന്നതും മോദിയുടേയും അമിത് ഷായുടേയും അറിവോടെയാണ്. ആർഎസ്എസ് ദേശീയ നേതൃത്വത്തോട് ചേർന്ന് നിൽക്കുന്ന ജയകുമാറിനെ കേരളത്തിലെ ബിജെപിയിലേക്ക് പരിഗണിക്കുന്നതിന് പിന്നിലും അമിത് ഷായ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്. കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന് വഴങ്ങാത്തൊരു തീരുമാനം എടുക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കെ സുരേന്ദ്രന് വേണ്ടി കേരളത്തിലെ പരിവാർ പ്രസ്ഥാനങ്ങൾ നിലയുറപ്പിക്കുമ്പോഴാണ് ഈ നീക്കം. എന്നാൽ കേരളത്തിലെ പാർട്ടി അധ്യക്ഷനാകാൻ ജയകുമാർ ഇനിയും സമ്മതം മൂളിയിട്ടില്ല.

ആർ എസ് എസുമായി ചേർന്ന് നിൽക്കാനാണ് തനിക്ക് താൽപ്പര്യമെന്ന് ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. സംഘ നേതൃത്വം നിർദ്ദേശിച്ചാൽ ഏത് ചുമതലയും ഏറ്റെടുക്കുമെന്നും നിലപാടെടുത്തു കഴിഞ്ഞു. എന്നാൽ ജയകുമാറിനെ പോലൊരു വ്യക്തിയെ ബിജെപിക്ക് വിട്ടു കൊടുക്കാൻ ആർഎസ്എസ് നേതൃത്വത്തിന് താൽപ്പര്യക്കുറവുണ്ട്. കേരളത്തിലെ നേതൃത്വത്തിന്റെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം. ഇതിനിടെയാണ് ബിജെപിയിലെ കേരള നേതാക്കൾ പുറത്തു നിന്ന് അധ്യക്ഷൻ വേണ്ടെന്ന നിലപാട് എടുത്തത്. ആർ എസ് എസുമായി സഹകരിച്ചില്ലെങ്കിൽ വോട്ട് കുറയുമെന്ന പാഠം അമിത് ഷാ മനസ്സിലാക്കിയിട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥി എസ് സുരേഷ് വട്ടിയൂർകാവിലെ പിന്നോട്ട് പോയത് ആർ എസ് എസിന്റെ താൽപ്പര്യ കുറവ് കൊണ്ട് മാത്രമാണ്. ഇതെല്ലാം പരിഗണിച്ചാണ് കേരളത്തിൽ ആർഎസ്എസ് മുഖത്തെ അധ്യക്ഷനാക്കാൻ നീക്കം നടത്തുന്നത്.

കേരളത്തിലെ ഒരു ഗ്രൂപ്പുകളുടെയും ഭാഗമല്ല ജയകുമാർ. മറിച്ച് ബിജെപി ദേശീയ നേതൃത്വവുമായി അടുത്ത ബന്ധവും. ഈ ബന്ധമാണ് ജയകുമാറിന്റെ സാധ്യത വർധിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ, ജാതി സമവാക്യവും ജയകുമാറിന് ഗുണകരമാണ്. കേരളത്തിലെ പ്രവർത്തകർക്ക് അത്ര സുപരിചിതനല്ല ജയകുമാർ എന്നത് നേതൃത്വത്തെ ആശങ്കയിലാക്കുന്നുമുണ്ട്. പരിചിതനല്ലാത്ത ഒരാൾ സംഘടനയുടെ തലപ്പത്തെത്തുന്നത് പ്രതികൂലമാവുമോ എന്നതാണ് ഇവരെ അലട്ടുന്നത്. നേതൃത്വത്തിലേക്ക് ജയകുമാർ വരുമെന്ന ചർച്ച ഇതാദ്യമായല്ല ഉയരുന്നത്. ഇതാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്. ജയകുമാർ വിസമ്മതം അറിയിച്ചാൽ സുരേഷ് ഗോപിയേയും സുരേന്ദ്രനേയും അധ്യക്ഷനായി പരിഗണിക്കും.

ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരിയെ ബിജെപിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാക്കുന്നതും പരിഗണനയിലാണ്. എന്നാൽ പ്രസിഡന്റ് ഒഴികെയുള്ള ഭാരവാഹിത്വങ്ങൾ കേരളത്തിലെ ആർഎസ്എസ് നേതൃത്വത്തിന്റെ നേതൃത്വത്തിലാകും നിശ്ചയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP