Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ഥാപന ഉടമ നേരിട്ടെത്തി യുവതിയുടെ മൊബൈൽ ഫോൺ കൈമാറിയെന്ന് പൊലീസ്; മഹസറിൽ സ്ഥാപന ഉടമയുടെ ഒപ്പില്ല; പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു എന്ന കേസിൽ കടയ്ക്കാവൂർ പൊലീസ് നടത്തുന്നത് വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള പെടാപ്പാട്

സ്ഥാപന ഉടമ നേരിട്ടെത്തി യുവതിയുടെ മൊബൈൽ ഫോൺ കൈമാറിയെന്ന് പൊലീസ്; മഹസറിൽ സ്ഥാപന ഉടമയുടെ ഒപ്പില്ല; പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു എന്ന കേസിൽ കടയ്ക്കാവൂർ പൊലീസ് നടത്തുന്നത് വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള പെടാപ്പാട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ അമ്മ ലൈം​ഗികമായി ദുരുപയോ​ഗം ചെയ്തു എന്ന കേസിൽ പൊലീസ് ആദ്യം മുതൽ നടത്തിയ അട്ടിമറികൾ ഇപ്പോഴും തുടരുകയാണ്. ഈ കേസിൽ പൊലീസ് ആദ്യമെടുത്ത നിലപാട് ഉറപ്പിക്കുന്നതിന് വേണ്ടി വീണ്ടും വീണ്ടും കള്ളക്കഥകൾ മെനയുകയും തട്ടിപ്പ് നടത്തുകയുമാണ്. ഇത് സംബന്ധിച്ച സൂചനകളാണ് മറുനാടൻ പുറത്ത് വിടുന്നത്. വീട്ടമ്മയെ പ്രതിയായി ചിത്രീകരിക്കുന്നതിന് പൊലീസ് നടത്തുന്ന ബോധപൂർവമായ നീക്കങ്ങളുടെ തെളിവുകളാണ് മറുനാടൻ പുറത്ത് വിടുന്നത്.

വീട്ടമ്മ ജേലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുമായി ബന്ധപ്പെട്ട മഹസറാണ് പൊലീസിന്റെ ​ഗൂഡലക്ഷ്യങ്ങളുടെ ഒന്നാം തെളിവ്. ഈ മഹസറിൽ വ്യക്തമായി സൂചിപ്പിക്കുന്ന ഒരു കാര്യം, പൊലീസ് ഈ പെൺകുട്ടിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് അവർ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥാപനത്തിൽ നിന്നാണ്. യുവതിയെ അറസ്റ്റ് ചെയ്തുകൊണ്ട് പോയതിന് ശേഷം സ്ഥാപന ഉടമ പൊലീസ് സ്റ്റേഷനിൽ ഹാജരായി പെൺകുട്ടി ഉപയോ​ഗിച്ച മൊബൈൽ ഫോൺ കൊടുത്തു എന്നാണ് മഹസറിൽ പറയുന്നത്. എന്നാൽ, അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേ ഇല്ല എന്ന് സ്ഥാപന ഉടമ പറയുന്നു. ഇതൊരു കള്ള സാക്ഷിയാണെന്നാണ് സ്ഥാപന ഉടമ പറയുന്നത്. ഈ സമയത്ത് അദ്ദേഹത്തിന് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത ഒരു സാഹചര്യം ഉണ്ടായിരുന്നു എന്ന് സ്ഥാപന ഉടമ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളെല്ലാം നിലവിൽ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥയായ ഹർഷിത അട്ടല്ലൂരിയെ ഇദ്ദേഹം അറിയിച്ചുണ്ട്.

വീട്ടിൽ നിന്ന് പുറത്തു പോലും ഇറങ്ങാത്ത ഒരാൾ ഫോൺ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്ന് നൽകി എന്നാണ് പൊലീസിന്റെ മഹസറിൽ പറയുന്നത്. ഇതിന് സാക്ഷികളായി മൂന്ന് പേരെയും പൊലീസ് ചേർത്തിട്ടുണ്ട്. ഒന്നാമൻ അബ്ദുൾ വാഹീദ്, രണ്ടാമത്തെ സാക്ഷി രണ്ടാമത്തെ സാക്ഷി കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ജു​ഗൻ എന്ന് പറയുന്ന പൊലീസുകാരനാണ്. മൂന്നാമത്തെ സാക്ഷി എസ്ഐ തന്നെയാണ്. എല്ലാവരുടെയും ഒപ്പ് ഉണ്ടെങ്കിലും മൊബൈൽ ഫോൺ ​ഹാജരാക്കി എന്ന് പറയുന്ന സ്ഥാപന ഉടമയുടെ ഒപ്പ് മഹസറിൽ ഇല്ല. ഇദ്ദേഹം ഹാജരുണ്ട് എന്നാണ് മഹസറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സാക്ഷികളും പൊലീസുകാരനും എസ്ഐ തന്നെയും ഒപ്പുവെച്ച ഒരു സുപ്രധാന രേഖയിൽ, ഫോൺ കൊണ്ടെത്തിച്ചു എന്നു പറയുന്ന സ്ഥാപന ഉടമയുടെ ഒപ്പ് എന്തുകൊണ്ടില്ല എന്നതാണ് ന്യായമായും ഉയരുന്ന ചോദ്യം. ഇതിന് ഉത്തരം പറയാൻ കടയ്ക്കാവൂർ പൊലീസിന് ബാധ്യതയുണ്ട്. സ്ഥാപന ഉടമ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊബൈൽ ഫോൺ സമർപ്പിച്ചു എന്നത് പച്ചക്കള്ളമാണ് എന്ന് പ്രഥമാദൃഷ്ട്യാ തന്നെ ബോധ്യമാകുന്ന കാര്യമാണ്.

ആരോപണ വിധേയയായ യുവതി ഒരു കുഴപ്പക്കാരിയാണ് എന്ന് വരുത്തിത്തീർക്കുന്നതിന് വേണ്ടി പൊലീസ് കൊണ്ടുവന്നതാകാം ഈ മൊബൈൽ ഫോൺ. യുവതിയെ പൊലീസ് പിടിച്ച് കൊണ്ടു പോകുമ്പോൾ അവർ ഉപയോ​ഗിച്ചിരുന്ന ഫോണും പൊലീസ് കൊണ്ടുപോയി എന്ന് സ്ഥാപന ഉടമ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ എന്തിനാണ് ഇങ്ങനെയൊരു കള്ള മഹസർ പൊലീസ് തയ്യാറാക്കിയത് എന്ന ചോദ്യത്തിനും പൊലീസ് ഉത്തരം പറയേണ്ടിവരും.

ഇതിനിടയിൽ കടയ്ക്കാവൂർ സ്റ്റേഷനിലെ എസ്ഐ വിനോദ് സ്ഥാപന ഉടമയെ ഫോണിൽ വിളിച്ച് വലിയരീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഭീഷണിയുടെ സ്വരത്തിലാണ് എസ്ഐ സ്ഥാപന ഉടമയോട് സംസാരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് വനിതാ സാക്ഷികളെയും സ്ഥാപന ഉടമയേയും പൊക്കും എന്ന നിലയിലാണ് എസ്ഐ സംസാരിക്കുന്നത്. ഇപ്പോൽ ജയിലിൽ കിടക്കുന്ന ആരോപണ വിധേയയായ യുവതിയുടെ കോൾ ഡീറ്റയിൽസും പൊലീസ് ശേഖരിച്ചിട്ടുണ്ട്. .യുവതി ആരോടൊക്കെ ഫോണിൽ സംസാരിച്ചിട്ടുണ്ടോ അവരെയെല്ലാം പൊലീസ് വിളിച്ച് വിരട്ടുന്നുമുണ്ട്. എസ്ഐ തന്ന നേരിട്ട് വ്യക്തമാക്കുന്നത് താൻ നാലഞ്ച് പേരെ വിളിച്ചുവരുത്തി എന്നാണ്.

എന്നാൽ, പീഡനക്കേസുമായി നേരിട്ട് ബന്ധമില്ലാത്തവരെ ഇത്തരത്തിൽ വിളിച്ച് വരുത്തുന്നതും സമ്മർദ്ദം ചെലുത്തുന്നതും നിയമവാഴ്‌ച്ച നിലവിലുള്ള ഒരു രാജ്യത്ത് സാധാരണ സംഭവമല്ല എന്നാണ് നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രണ്ടു പേർ തമ്മിൽ പ്രേമിക്കരുതെന്നോ ഫോൺ ചെയ്യരുതെന്നോ ഈ രാജ്യത്ത് നിയമമൊന്നും ഇല്ല. ആർക്കെങ്കിലും ഈ പീഡനക്കേസുമായി വിദൂര ബന്ധമെങ്കിലും ഉണ്ടെങ്കിൽ മാത്രമേ അവരുടെ കോൾ ഡീറ്റയിൽസും മറ്റ് വിവരങ്ങളും വെളിപ്പെടുത്താവൂ എന്നും നിയമ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൽ നടക്കുന്നത് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവും വ്യാജ തെളിവുകൾ സൃഷ്ടിക്കാനുള്ള പൊലീസിന്റെ വ്യ​ഗ്രതയുമാണെന്നും നിയമവിദ​ഗ്ധർ പറയുന്നു.

വ്യാജ കേസ് ആരോപണം അന്വേഷിക്കാൻ ഹർഷിത അട്ടല്ലൂരി

കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്മയെ അറസ്റ്റു ചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകയതകോടെയാണ് വിവാദം അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. കള്ളക്കേസാണെന്ന ആരോപണമാണ് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷിക്കുക. നിരവധി കുടുംബപ്രശ്‌നങ്ങൾ നിലനിൽക്കവേ ഇത്തരമൊരു കേസ് കടയ്ക്കാവൂർ പൊലീസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആക്ഷൻ കൗൺസിലും നാട്ടുകാരും പൊലീസിന് എതിരായ നിലപാടിലാണ്. ബന്ധുക്കളും പൊലീസ് ഏകപക്ഷീയമായി കേസിനെ സമീപിച്ചെന്ന ആരോപണം ഉയർത്തിയ പശ്ചാത്തലത്തിലാണ് ഐജിയുടെ അന്വേഷണം വരുന്നത്. പൊലീസ് വീഴ്‌ച്ചയെ കുറിച്ചും കേസിന്റെ സാഹചര്യവും പരിശോധിക്കും.

അതേസമയം എഫ്‌ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് പേരു ചേർത്ത സംഭവത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് ബാലക്ഷേമ സമിതി. ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും പരാതി നൽകാനാണ് നീക്കം. കൗൺസിലിങ് നൽകാൻ ആവശ്യപ്പെട്ട് പൊലീസ് നൽകിയ കത്തും പരാതിക്കൊപ്പം നൽകും. പൊലീസിനോടും വിശദീകരണം ആവശ്യപ്പെടും. എഫ്‌ഐആറിൽ പരാതിക്കാരന്റെ സ്ഥാനത്ത് ശിശുക്ഷേമ സമിതി ചെയർ പേഴ്സന്റെ പേരു ചേർത്തത് നേരത്തെ വിവാദമായിരുന്നു.

ഇതിനെതിരെ ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ രംഗത്തെത്തിയിരുന്നു. കുട്ടി ലൈംഗികപീഡനത്തിന് ഇരയായെന്ന വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമസമിതിയല്ലെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. എൻ സുനന്ദ വ്യക്തമാക്കിയത്. പൊലീസ് ശിശുക്ഷേമസമിതിയോട് കുട്ടിക്ക് കൗൺസിലിങ് കൊടുത്ത് റിപ്പോർട്ട് നൽകാൻ മാത്രമാണ് പറഞ്ഞത്. അത് ചെയ്തിട്ടുണ്ടെന്നും പൊലീസ് എഫ്‌ഐആറിൽ വിവരമറിയിച്ചത് സിഡബ്ല്യുസി ആണെന്ന് എഴുതിയത് തെറ്റാണെന്നും ശിശുക്ഷേമസമിതി അധ്യക്ഷ വ്യക്തമാക്കിയിരുന്നു. ഇതും കേസിലെ കള്ളക്കളിയെന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്.

കൈക്കൂലി ആരോപണവും

ആറ്റിങ്ങൽ ഡി.വൈ.എസ്‌പി എസ്.വൈ സുരേഷ് 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ അറസ്റ്റ് ചെയ്യിപ്പിച്ചതെന്ന് ആരോപണമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുമ്പാകെ ലഭിച്ചിട്ടുണ്ട്. തട്ടത്തുമലയിലുള്ള ഒരു അഭിഭാഷകൻ ഇടനിലക്കാരനായാണ് പണം ഡി.വൈ.എസ് പി കൈമാറിയതെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കാവൂർ സിഐക്ക് മേൽ ഡി.വൈ.എസ്‌പി യുവതിയെ അറസ്റ്റ് ചെയ്യാൻ സമ്മർദ്ദം ചെലുത്തി. എന്നാൽ സിഐ ഇത് വിസമ്മതിക്കുകയും അവധിയിൽ പോകുകയും ചെയ്തു. തുടർന്ന് കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ ഡി.വൈ.എസ്‌പിയുടെ നിർദ്ദേശം അനുസരിച്ച് ഡിസംബർ 28 ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നായിരുന്നു ആരോപണം.

യുവതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇക്കാര്യങ്ങൾ മാധ്യമങ്ങൾ വഴി പുറം ലോകത്തെ അറിയിച്ചതിന് 1 ലക്ഷം രൂപ കൂടി ഡി.വൈ.എസ്‌പിക്ക് യുവതിയുടെ മുൻ ഭർത്താവ് കൈമാറി എന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ലഭിച്ചതിനെ തുടർന്ന് ഡി.ജി.പി സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അസി.കമ്മീഷ്ണർ പദവിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായാണ് വിവരം. ഇതോടെ യുവതിയെ മനഃപൂർവ്വം കുടുക്കി ജയിലിലടക്കാൻ പൊലീസ് ഒത്താശ ചെയ്തു എന്ന വിവരമാണ് പുറത്ത് വരുന്നത്. ഈ പശ്ചാത്തലത്തിലാണ് ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണ നടത്തുന്നത്.

അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ കുടുംബം ആറ്റിങ്ങൽ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ബന്ധുക്കൾ പറയുന്നു. യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്‌സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.

യുവതി ഇപ്പോൾ റിമാൻഡിലാണ്. സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി കേസ് അന്വേഷിക്കണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. അതിനിടെ കടയ്ക്കാവൂരിൽ അമ്മയ്ക്ക് എതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ ദുരൂഹതയേറുകയാണ്. കേസ് കെട്ടിച്ചമച്ചതാണോ എന്ന സംശയമാണ് പലയിടത്തുനിന്നും ഉയരുന്നത്.

കേസ് ജനിച്ചത് ഭർത്താവിന്റെ പകയിൽ നിന്നെന്നും ആരോപണം

യുവതിയും ഭർത്താവും തമ്മിൽ കുടുംബകോടതിയിൽ വിവാഹബന്ധം, കുട്ടികളുടെ അവകാശം, സ്വത്ത് സംബന്ധമായ വിഷയങ്ങളിൽ കേസുകൾ നിലവിലുണ്ട്. വ്യക്തിയെ ഇല്ലാതാക്കി കേസുകളിൽ നിന്നും രക്ഷപ്പെടുന്നത് ഗൂഢാലോചന നടത്തി രൂപപ്പെടുത്തിയതാണ് പോക്‌സോ പരാതി എന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആക്ഷേപം.

ബി.എസ്.സി വിദ്യാർത്ഥിനി ആയിരിക്കവെയാണ് ടെമ്പോ ക്ലീനർ ആയ വ്യക്തി യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇതിൽ നാല് മക്കളുണ്ട്. യുവതിയുടെ ബന്ധുക്കളുടെ സഹായത്തോടെ വിദേശത്ത് പോവുകയും ബിസിനസ് ആരംഭിക്കുകയും ചെയ്ത ഭർത്താവ് മറ്റൊരാളുടെ ഭാര്യയും രണ്ടു മക്കളുടെ മാതാവായ സ്ത്രീയുമായി വേറെ താമസമാക്കി. ഇതോടെയാണ് യുവതിയും ഭർത്താവും തമ്മിൽ നിയമപ്രശ്‌നങ്ങൾ ആരംഭിച്ചത്. ഇതിനു മുമ്പ് തന്നെ ഭർത്താവ് സാമ്പത്തികം ആവശ്യപ്പെട്ടു യുവതിയെയും മക്കളെയും മർദ്ദിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. നിലവിൽ മൂന്ന് മക്കളും പിതാവിനൊപ്പം വിദേശത്താണ്.

2019 ഡിസംബറിൽ പിതാവിനൊപ്പം വിദേശത്ത് എത്തിയ രണ്ടാമത്തെ മകനാണ് ഒരുവർഷത്തിനുശേഷം ചൈൽഡ് ലൈൻ മുന്നിൽ മാതാവിനെതിരെ മൊഴി നൽകിയത്. നിലവിൽ 13 വയസ്സുള്ള കുട്ടിയോട് അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ മോശമായ രീതിയിൽ മാതാവ് പെരുമാറുന്നതായി മൊഴിയിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസും അറസ്റ്റും ഉണ്ടായത്. ഈ മൊഴി പിതാവ് പറഞ്ഞു പഠിപ്പിച്ച് പറയിച്ചത് ആണെന്നാണ് ബന്ധുക്കളുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP