Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വഖഫ് ട്രിബ്യൂണൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ സമസ്തയുടെ പ്രതിഷേധം; നിലവിളക്ക് കൊളുത്തുന്നത് പ്രാകൃത ആചാരമെന്ന് നാസർ ഫൈസി കൂടത്തായി; വഖഫ് സ്വത്തിന്റെ ഉടമസ്ഥൻ അല്ലാഹു, അതിന്റെ തർക്കത്തിൽ വിധി പറയുന്നതാണ് വഖഫ് ട്രിബ്യൂണൽ; എം കെ മുനീറും കെ എം ഷാജിയും നിലവിളക്ക് കൊളുത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഫൈസിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിയോജിപ്പ്; ജാറങ്ങളിൽ നിലവിളക്ക് കൊളുത്തുന്നത് അവസാനിപ്പിക്കുമോ എന്നും ചോദ്യം; നിലവിളക്കിനെ ചൊല്ലി വീണ്ടും പോര്

വഖഫ് ട്രിബ്യൂണൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത മന്ത്രി കെ ടി ജലീലിനെതിരെ സമസ്തയുടെ പ്രതിഷേധം; നിലവിളക്ക് കൊളുത്തുന്നത് പ്രാകൃത ആചാരമെന്ന് നാസർ ഫൈസി കൂടത്തായി; വഖഫ് സ്വത്തിന്റെ ഉടമസ്ഥൻ അല്ലാഹു, അതിന്റെ തർക്കത്തിൽ വിധി പറയുന്നതാണ് വഖഫ് ട്രിബ്യൂണൽ; എം കെ മുനീറും കെ എം ഷാജിയും നിലവിളക്ക് കൊളുത്തുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഫൈസിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വിയോജിപ്പ്; ജാറങ്ങളിൽ നിലവിളക്ക് കൊളുത്തുന്നത് അവസാനിപ്പിക്കുമോ എന്നും ചോദ്യം; നിലവിളക്കിനെ ചൊല്ലി വീണ്ടും പോര്

കെ വി നിരഞ്ജൻ

കോഴിക്കോട്: കേരളത്തിലെ ഇസ്ലാമിക ലോകത്ത് എന്നും കീറാമുട്ടിയാണ് നിലവിളക്ക്. കുഞ്ഞാലിക്കൂട്ടിയും മുനീറും അടക്കമുള്ള പല മുസ്ലീലീഗ് നേതാക്കളും വിളക്ക് കൊളുത്തിയതിന്റെ പേരിലും കൊളുത്താത്തതിന്റെപേരിലും പല തവണ വിവാദത്തിൽപെട്ടിട്ടുണ്ട്. എന്നാൽ മന്ത്രി കെടി ജലീൽ പെട്ടത് സമാനതകളില്ലാത്ത വിവാദത്തിലാണ്. സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും കേസുകളും തീർപ്പാക്കുന്നതിനുള്ള കോഴിക്കോട്ടെ വഖഫ് ട്രിബ്യൂണലിന്റെ ഉദ്ഘാടനം നിലവിളക്ക് കൊളുത്തി നിർവഹിച്ച അദ്ദേഹത്തിനെതിരെ സമസ്ത കേരള ജംയ്യത്തുൽ ഉലമ ഇകെ വിഭാഗം രംഗത്ത് എത്തിയരിക്കയാണ്.

'വഖഫ് സ്വത്തിന്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അതിന്റെ കൈകാര്യ തർക്കത്തിൽ വിധി പറയുന്നതാണ് വഖഫ് ട്രിബ്യൂണൽ. ജഡ്ജിമാരുടെ നിയമന ഉദ്ഘാടനത്തിൽ മറ്റൊരു മതത്തിന്റെ ആചാരമായ നിലവിളക്ക് തെളിച്ചത് മന്ത്രിയുടെ സർവ്വമത സത്യവാദം തെളിച്ചം കാണിക്കാനാണെങ്കിൽ സംഭവം വൈരുദ്ധ്യാധിഷ്ടിതമാണ്'- ഈ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി രംഗത്തെത്തിയതോടെയാണ് വിവാദം കൊഴുത്തത്. ഹൈന്ദവ ദേവസ്വം ബോർഡിന്റെ ചടങ്ങിന് ഫാതിഹ ചൊല്ലി തുടക്കം ആയിക്കൂടാത്ത പോലെ ഇസ്ലാമിക വഖഫ് ബോർഡിന്റെ ചടങ്ങിനും നിലവിളക്ക് കൊളുത്തൽ ശരിയല്ല. നിലവിളക്ക് വെളിച്ചം തെളിക്കലല്ലേ എന്ന് ചോദിക്കേണ്ടതില്ല, ഫാതിഹ നേർമാർഗ പ്രവേശനം ദൈവത്തോടർത്ഥിക്കലല്ലേ എന്ന ചോദ്യം ദേവസ്വം ബോർഡിൽ സ്വീകര്യമല്ലല്ലോ?

നവോത്ഥാനത്തിന്റെ പേരിൽ ആചാരലംഘനത്തിന് മുറവിളി കൂട്ടുന്നവർ പുരോഗമന കാലത്തും പട്ടാപകൽ നിലവിളക്ക് കൊളുത്തുന്ന പ്രാകൃത ആചാരം അതും മറ്റൊരു മതത്തിന് മാത്രം വിധി നിർണ്ണയിക്കുന്ന ചടങ്ങിന് വലിച്ചു കേറ്റുന്നതിന്റെ യുക്തി എന്താണ്? ഈ ആചാരം ലംഘിക്കപ്പെടാതെ തന്നെ തുടരണമോ?ഉദ്ഘാടനത്തിന് വേറെ പൊതു സമ്മതമായ എന്തെല്ലാം വഴികളുണ്ടെന്നും അദ്ദേഹം ഫേസ് ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ഇതിനെ എതിർത്തും അനുകൂലിച്ചും പ്രതികരണങ്ങൾ ഉണ്ടാവുന്നുണ്ട്. തന്റെ നാട്ടിൻ പുറത്തെ ജാറത്തിൽ ജലീൽ കത്തിച്ച അതേ പോലുള്ള നിലവിളക്ക് ഇന്നും കത്തിക്കുന്നുണ്ട്. ചുറ്റും നല്ല ഇലക്ട്രിക് ട്യൂബും ഉണ്ട്. ട്യൂബ് ഉള്ളപ്പോൾ നിലവിളക്ക് കത്തിക്കുന്നത് വിളക്കാണോ. നിലവിളക്ക് ജാറങ്ങളിൽ കൊളുത്തിയാലും തെറ്റാണെന്ന് തുറന്നു പറയൂ ഉസ്താദേ എന്നാണ് ഒരാളുടെ മറുപടി. ഏകദൈവ വിശ്വാസിക്ക് നിലവിളക്ക് കത്തിക്കുന്ന ആചാരം തൗഹീദിന് വിരുദ്ധമാണ്. എന്നാൽ നിങ്ങളുടെ സംഘടനയുടെ കീഴിലുള്ള പല മഖാമുകളിലും നിലവിളക്ക് കത്തിച്ച് വെക്കുന്നുണ്ട്. ഇതിനെതിരെ ഫൈസി ശക്തമായ നിലപാട് എടുക്കാത്തത് എന്താണ് എന്നാണ് ചോദ്യം. മുസ്ലീലീഗുമായി ചേർന്ന് നിൽക്കുന്ന സമസ്തക്ക് ലീഗുകാർ നിലവിളക്ക് കൊളുത്തിയാൽ അത് പ്രശ്മാകില്ലെ എന്നും അവർ ചോദിക്കുന്നു.

എം കെ മുനീറും കെ എം ഷാജിയും വിവിധ പരിപാടികളിൽ നിലവിളക്ക് തെളിയിക്കുന്ന ചിതങ്ങൾക്കൊപ്പം, പലരും ഇങ്ങനെ പ്രതികരിക്കുന്നു. 'ലീഗുകാർ കത്തിച്ചാൽ ആ വിളക്ക് നിലവിളക്കല്ല, ജലീൽ കത്തിക്കുന്ന വിളക്ക് ഹറാം തന്നെ എന്ന് പറയുന്ന താങ്കൾ വെറുമൊരു അവസരവാദി മതപണ്ഡിതനാണ്. ഇസ്ലാമിനെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരേക്കാൾ വലിയ നാശം ഇന്ന് ലോകത്തിലില്ലെന്നും' ചിലർ പ്രതികരിക്കുന്നു.

നിലിവിളക്കിലെ ഓരോ ഘടകവും ബഹുദൈവ ആരാധനയുമായി ബന്ധപ്പെട്ടതാണെന്ന് ഫൈസി പറയുന്നു. ആ ആരാധനയുടെ തന്നെ പകർപ്പാണ് സർക്കാർ പൊതുവേദിയിൽ തെളിയിക്കുന്ന നിലവിളക്ക്. അത് ഏകദൈവ വിശ്വാസികൾക്ക് സ്വീകാര്യമല്ല. നിലവിളക്കിന്റെ അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മീ ദേവിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവ്വതിയെയും പ്രതിനിധീകരിക്കുന്നുവെന്നും ഫൈസി വ്യക്തമാക്കുന്നുണ്ട്. മുൻ കാലങ്ങളിൽ വൈദ്യുതി ഇല്ലാത്ത കാലത്ത് ഉപയോഗിച്ചുവന്ന തിരി കത്തിച്ച വിളക്കുകൾ മാറ്റാതെ വെച്ചിട്ടുണ്ടാവും. അവകളൊന്നും ഇപ്രകാരമുള്ള നിലവിളക്കല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതിന് മറുപടിയായി മമ്പുറത്തെയും പൊന്നാനിയിലെയും പള്ളിയിലെ വിളക്കിനും അടിയും തണ്ടും മുകൾ ഭാഗവും ഉണ്ടല്ലോ. അതെല്ലാം എന്തിനെയാണ് പ്രതിനിധീകരിക്കുന്നത് എന്ന് പറഞ്ഞു തരാമോ എന്നും പലരും ചോദിക്കുന്നു. ഇത്് ബ്രാഹ്മാവിനെയോ വിഷ്ണുവിനേയോ ശിവനേയോ അല്ല പ്രതിനിധീകരിക്കുന്നതെന്ന് ഫൈസി വ്യക്തമാക്കണം. അതല്ല മറ്റു വല്ല മതപരമായ അടിസ്ഥാനവും ആ നിലവിളക്കുകൾക്കുണ്ടോ. വെളിച്ചത്തിന് പല മാർഗങ്ങൾ വന്ന ആധുനിക കാലത്ത് എന്തിനാണ് ആ പഴയ വിളക്ക് ഇപ്പോഴും കത്തിക്കുന്നതെന്നും ചോദ്യങ്ങൾ ഉയരുന്നു.

ചില മറുപടികൾ ഇങ്ങനെയാണ്:
'കെ എം ഷാജി നിലവിളക്ക് കൊളുത്തുന്നു. എം കെ മുനീർ കൊളുത്തുന്നു. കെ ടി ജലീൽ ചെയ്താൽ മാത്രമാണോ നിലവിളക്ക് കൊളുത്തുന്നത് അനിസ്ലാമികമാകുന്നത്. വഖഫ് ട്രിബ്യൂണൽ എന്ന സംവിധാനം കിത്താബുകളിൽ ഒന്നും പരാമർശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഇത് മതപരമായ സംവിധാനമല്ല. കൂടത്തായിയുടെ കൂട്ടുകാർ ഉണ്ടാക്കിയ കുണ്ടാമണ്ടികൾ പറഞ്ഞു തീർക്കാനുള്ള വേദിയാണ്. അതുകൊണ്ട് തന്നെ ഇതൊരു മതപരമായ ചടങ്ങല്ല'. 'ആദ്യം ജാറത്തിലെ നിലവിളക്ക് ഊതിക്കെടുത്താം. അവിടെ ബ്രാഹ്മാവിനെയും വിഷ്ണുവിനെയും ശിവനെയും കുടിയിരുത്തിയത് എടുത്ത് കളയാം. എന്നിട്ട് നല്ല സി എഫ് എൾ ബൾബ് ഉപയോഗിക്കാം' എന്നും പലരും നാസർ ഫൈസിയോട് മറുപടി പറയുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP