Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുരളീധരനെ വിശ്വസിച്ച് ജനപ്രിയയ്ക്ക് കാശ് മുടക്കിയ നിക്ഷേപകരെ വഞ്ചിക്കാൻ മുരളീധരനൊപ്പം ശ്രീകണ്ഠൻ നായരും ഗോകുലം ഗോപാലനും കൂട്ടു നിന്നോ? 20 കോടി ശേഖരിച്ച ജനപ്രിയയുടെ ആകെയുള്ള ആസ്തി ഫ്‌ളവേഴ്‌സിന്റെ പുതിയ ന്യൂസ് ചാനലിന് വിറ്റത് നിക്ഷേപകർ അറിയാതെയെന്ന് ആക്ഷേപം; കാശ് മുടക്കിയവർ നെട്ടോട്ടമോടിയപ്പോൾ മൂന്ന് പ്രമുഖർ പുതിയ ചാനലിന്റെ മുതലാളിമാരായി; ലൈസൻസ് കൈമാറ്റത്തിലെ നിർണ്ണായക തെളിവുകൾ മറുനാടന്; ജനപ്രിയയെ ഒഴിവാക്കിയ മുരളീയുടെ ചതിയുടെ കഥ

മുരളീധരനെ വിശ്വസിച്ച് ജനപ്രിയയ്ക്ക് കാശ് മുടക്കിയ നിക്ഷേപകരെ വഞ്ചിക്കാൻ മുരളീധരനൊപ്പം ശ്രീകണ്ഠൻ നായരും ഗോകുലം ഗോപാലനും കൂട്ടു നിന്നോ? 20 കോടി ശേഖരിച്ച ജനപ്രിയയുടെ ആകെയുള്ള ആസ്തി ഫ്‌ളവേഴ്‌സിന്റെ പുതിയ ന്യൂസ് ചാനലിന് വിറ്റത് നിക്ഷേപകർ അറിയാതെയെന്ന് ആക്ഷേപം; കാശ് മുടക്കിയവർ നെട്ടോട്ടമോടിയപ്പോൾ മൂന്ന് പ്രമുഖർ പുതിയ ചാനലിന്റെ മുതലാളിമാരായി; ലൈസൻസ് കൈമാറ്റത്തിലെ നിർണ്ണായക തെളിവുകൾ മറുനാടന്; ജനപ്രിയയെ ഒഴിവാക്കിയ മുരളീയുടെ ചതിയുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ഫ്ളവേഴ്സ് ചാനലിന്റെ ഭാഗമായ 24 കേരള ന്യൂസ് മലയാള മാധ്യമരംഗത്ത് വൻ ചലനങ്ങൾ ഉണ്ടാക്കി ഇപ്പോൾ സംപ്രേഷണം തുടങ്ങിയെങ്കിലും ഈ ചാനലിന്റെ ലൈസൻസ് കൈമാറ്റത്തിന് പിന്നിൽ നടന്നത് വൻ ചതിയും തട്ടിപ്പുമെന്ന് ആക്ഷേപം. കെ.മുരളീധരന്റെ നേതൃത്വത്തിൽ മുൻപ് തുടങ്ങിയ ജനപ്രിയ ചാനലിന്റെ പാവപ്പെട്ട എഴുന്നൂറിലേറെ നിക്ഷേപകരെ വഞ്ചിക്കാൻ കെ.മുരളീധരനും ജനപ്രിയയുടെ മുഖ്യഷെയർ ഹോൾഡർമാരായ ഗോകുലം ഗോപാലനും ആർ.ശ്രീകണ്ഠൻനായരുമൊക്കെ കൂട്ടുനിന്നു എന്നതാണ് ആരോപണം.

24 കേരള ന്യൂസിന്റെ ലൈസൻസ് ജനപ്രിയ ടിവിയുടെ ലൈസൻസ് ആണ്. 20 കോടിയിലേറെ രൂപ നിക്ഷേപകരിൽ നിന്ന് സമാഹരിച്ച ശേഷമാണ് ന്യൂസ് ചാനൽ സംപ്രേഷണം ചെയ്യാനുള്ള ലൈസൻസ് ജനപ്രിയ കമ്യൂണിക്കേഷൻ മുൻപ് കരസ്ഥമാക്കിയത്. എൺപത് ലക്ഷത്തിലേറെ ഷെയറുകളുള്ള, എഴുനൂറിലേറെ ഓഹരിയുടമകൾ ഉള്ള ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ഷെയർ ഉടമകൾ ആരും അറിയാതെ തന്നെയാണ് കെ.മുരളീധരൻ ഉൾപ്പെട്ട മൂന്നംഗ സംഘം ലൈസൻസ് മറിച്ചു വിറ്റത്. ജനപ്രിയ കമ്യൂണിക്കേഷൻ ലിമിറ്റഡിന്റെ ആകെയുള്ള സ്വത്തും ആസ്തിയും ചാനൽ ലൈസൻസ് ആയിരിക്കെയാണ് ഈ ചാനൽ ലൈസൻസ് നൽകാതെ കെ.മുരളീധരൻ ആർ.ശ്രീകണ്ഠൻ നായരുടെ അധീനതയിലുള്ള ഇൻസൈറ്റ് മീഡിയാ സിറ്റിക്ക് കൈമാറിയത്.

ജനപ്രിയ ചാനലിന്റെ പണവും ആസ്തികളും കെ.മുരളീധരൻ കരസ്ഥമാക്കിയപ്പോൾ ജനപ്രിയയുടെ മുഖ്യഷെയർ ഉടമകളായ ആർ.ശ്രീകണ്ഠൻ നായരും ഗോകുലം ഗോപാലനും ജനപ്രിയയുടെ ലൈസൻസ് സ്വന്തമാക്കി 24 കേരള ന്യൂസ് ആരംഭിക്കുകയും ചാനൽ സംപ്രേഷണം ചെയ്യുകയും ചെയ്തു. പണം മുടക്കിയ ഓഹരിയുടമകൾ ഈ കാര്യം അറിയുകയോ ഓഹരി ഉടമകളെ മുരളീധരൻ അടക്കമുള്ള ജനപ്രിയ ഉന്നതർ ഈ കാര്യം അറിയിക്കുകയോ ചെയ്തിട്ടില്ല. ഓഹരിയുടമകളോട് ഇപ്പോഴും ചാനൽ ഉടൻ ആരംഭിക്കും. അതിന്റെ ജോലികൾ നടക്കുന്നുണ്ട് എന്നാണ് അറിയിപ്പ് നൽകിയത്. അതേസമയം ചാനലിനായി പണം മുടക്കിയവരുടെ ഓഹരികൾ ഗോകുലം ഗോപാലൻ നേരിട്ടു വാങ്ങിയെന്നും. നിലവിൽ ജനപ്രിയയുടെ ഓഹരി സമാഹരിച്ചവർ 24 ന്യൂസ് ചാനലിന്റെ ഓഹരി ഉടമകളായി മാറിയെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. വിദേശ രാജ്യങ്ങളിൽ ഉള്ളവർ അടക്കം ചാനലിന് വേണ്ടി പണം മുടക്കിയിരുന്നു. ഇവരിൽ പലരും അറിയാതെയാണ് ഷെയർമാറ്റമെന്നാണ് ആക്ഷേപം.

വിറ്റത് ജനപ്രിയയുടെ ഏക സ്വത്ത്

ജനപ്രിയ ചാനലിന്റെ ആകെയുള്ള സ്വത്ത് ഈ ലൈസൻസ് ആണ്. ഇവർ ആരംഭിക്കാൻ പോകുന്നത് ഒരു ന്യൂസ് ചാനൽ ആണ്. ആ ചാനലിന്റെ ലൈസൻസ് ആണ് ഓഹരിയുമകൾക്ക് ഒരറിയിപ്പും നൽകാതെ മുൻപ് തന്നെ ശ്രീകണ്ഠൻ നായർക്ക് മറിച്ച് വിറ്റത്. ഒരു ലൈസൻസ് പോലുമില്ലാതെ ചാനൽ എങ്ങിനെ ആരംഭിക്കും. ചാനൽ ലൈസൻസ് മറിച്ച് വിറ്റത് തന്നെ ചാനൽ സംരംഭം ഒഴിവാക്കുന്നതിന്റെ ഭാഗമാണ്. പക്ഷെ ഈ കാര്യം മറച്ചുവെച്ച് തട്ടിപ്പ് നടത്തുകയാണ് കെ.മുരളീധരൻ ചെയ്തത്. ലൈസൻസ് മറിച്ച് വിറ്റ കാര്യം കേന്ദ്ര ബ്രോഡ്കാസ്റ്റിങ് മിനിസ്റ്ററിക്ക് അറിയാവുന്ന കാര്യവുമാണ്. അവർ ഈ കാര്യം ജനപ്രിയ കമ്യൂണിക്കേഷൻസുമായുള്ള കത്തിടപാടുകളിൽ സ്ഥിരീകരിച്ചിട്ടുമുണ്ട്.

പക്ഷെ എല്ലാ കാര്യവും ഓഹരിയുടമകളിൽ നിന്ന് കെ.മുരളീധരൻ വിദഗ്ധമായി മറച്ചു വയ്ക്കുകയും തട്ടിപ്പ് നടത്തുകയുമായിരുന്നു. കെ.മുരളീധരന് ജനപ്രിയ കമ്യൂണിക്കേഷൻസിൽ 33,90,000 ഷെയറുകളുണ്ട്. ഈ ഷെയർ വച്ചാണ് മുരളീധരൻ ജനപ്രിയയുടെ ആസ്തികൾ സ്വന്തമാക്കിയത്. പിഎംജിയിലുള്ള ജനപ്രിയയുടെ ആസ്ഥാനത്തിനു വർഷം 17 ലക്ഷം രൂപയുടെ വാടകയുണ്ട്. ആസ്ഥാനം മുരളീധരന്റെ പേരിലായതിനാൽ വാടകയിനത്തിലേ വരുമാനം മുരളീധരനാണ് വാങ്ങുന്നത്. ഇതും കൂടാതെ ഒന്നേമുക്കാൽ കോടി രൂപ ജനപ്രിയ ജനപ്രിയ കമ്യൂണിക്കേഷൻസിന്റെ എംഡി എന്ന നിലയിൽ ഇതേ കമ്പനിയിൽ നിന്ന് മുരളീധരൻ ലോൺ എടുത്തിട്ടുണ്ട്.

ഒരു ലിമിറ്റഡ് കമ്പനിയിൽ നിന്ന് അതിന്റെ എംഡിയായി മുരളീധരന് ലോൺ എടുക്കാൻ അവകാശമില്ല. എന്നിട്ടും നിയമവിരുദ്ധമായാണ് മുരളീധരൻ കമ്പനിയിൽ നിന്ന് ലോൺ എടുത്തത്. അതിൽ നിന്ന് ഒരു പൈസപോലും മുരളീധരൻ തിരിച്ചടയ്ക്കുകയോ ചെയ്തിട്ടില്ല. ഇങ്ങിനെ ആസ്തികൾ വഴിയും ലോൺ വഴിയും മുരളീധരന് നേട്ടമുണ്ടാക്കി.

കുമ്മനത്തിന്റെ ഇടപെടലിൽ അന്വേഷണം

ഇതിന്റെ മുഖ്യ ഷെയർ ഹോൾഡേഴ്‌സ് ആയ ഗോകുലം ഗോപാലന്റെയും ശ്രീകണ്ഠൻ നായരുടെയും മാഹിറ മുഹമ്മദിന്റെയും കാര്യമോ? ഇവർ മൂവരും 24 കേരള ന്യൂസിന്റെ മാതൃകമ്പനിയായ ഇൻസൈറ്റ് മീഡിയയുടെ ഡയറക്ടർമാരുമാണ്. ഗോകുലം ഗോപാലനും മാഹീറാ മുഹമ്മദിനും പത്ത് ലക്ഷം വീതവും ശ്രീകണ്ഠൻ നായരുടെ ഇൻസൈറ്റ് മീഡിയക്ക് 6,92,400 ഷെയറുകളും ജനപ്രിയ കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൽ ഉണ്ടായിരുന്നത്. ഇങ്ങിനെ ജനപ്രിയയുടെ മുഖ്യഷെയർ ഹോൾഡർമാരാണ് മറ്റുള്ള ഷെയർ ഉടമകളെ വഞ്ചിച്ച് ഇൻസൈറ്റ് മീഡിയയിലേക്ക് പോയി അവിടെ ഡയറക്ടർമാർ ആയിരിക്കുന്നത്. മുരളീധരന്റെ നേതൃത്വത്തിൽ ആരംഭിച്ച ജനപ്രിയ കമ്യൂണിക്കേഷൻസ് മുരളീധരനും അതിന്റെ മുഖ്യ ഓഹരി ഉടമകൾക്കും വൻ സാമ്പത്തിക ലാഭം സൃഷ്ടിച്ചു നൽകിയപ്പോൾ ഓഹരിയുടമകൾ പൂർണമായും വഞ്ചിക്കപ്പെട്ട അവസ്ഥയിലായി.

ഓഹരിയുടമകളിൽ നിന്ന് പിരിച്ച പണത്തിന്റെ മുഖ്യ പങ്കും ലൈസൻസിനും ട്രാൻസ്‌പോണ്ടറിനും മുടക്കി എന്നാണ് ഓഹരിയുടമകളെ ജനപ്രിയ അറിയിച്ചിരുന്നത്. ആ ലൈസൻസ് ഇപ്പോൾ ജനപ്രിയയിലില്ല. മുരളീധരൻ ഒന്നേമുക്കാൽ കോടി രൂപ ലോൺ എടുത്ത കാര്യം വിവാദമായപ്പോൾ ഒരു ഓഹരിയുടമ കമ്പനി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്. അതിന്റെ കോപ്പി മറുനാടൻ ഇപ്പോൾ പുറത്തു വിടുന്നു. ജനപ്രിയയുടെ ഷെയർ ഹോൾഡർ ആയിരുന്ന ബാലുശേരിയിലെ മുഹമ്മദ് സിദ്ദിഖ് ആണ് കമ്പനി രജിസ്ട്രാർക്ക് പരാതി നൽകിയത്.

ഈ വർഷം മാർച്ച് മാസം നൽകിയ പരാതി ഇപ്പോഴും കമ്പനി രജിസ്റ്ററുടെ മുന്നിലുണ്ട്. അന്ന് ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആയിരുന്ന കുമ്മനം രാജശേഖരനാണു ഈ പരാതി കമ്പനി രജിസ്റ്റ്രാർക്ക് ഫോർവേഡ് ചെയ്തത്. കമ്പനി രജിസ്ട്രാർ വിശദീകരണം തേടിയപ്പോൾ നോൺ ഓപ്പറേഷൻ ആണെങ്കിലും കമ്പനി മുന്നോട്ടു പോകുന്നു എന്നാണ് ജനപ്രിയ കമ്യൂണിക്കേഷൻ അറിയിച്ചത്. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്നും കമ്പനി രജിസ്ട്രാറെ ഇവർ അറിയിക്കുകയും ചെയ്തു. പക്ഷെ ആർക്കും ഒരു രൂപ പോലും ജനപ്രിയ തിരികെ നൽകിയില്ല.

ജനപ്രിയയെ ഒഴിവാക്കിയത് ജയ്ഹിന്ദിന് വേണ്ടി

മുരളീധരൻ കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ചതിന് ശേഷമാണ് ചാനൽ മോഹം കെ മുരളീധരന്വന്നത്. . ഇതോടെ സാമ്പത്തിക സമാഹരണം നടത്താനായി രംഗത്തിറങ്ങി. നാട്ടിലും മറുനാട്ടിലുമെല്ലാം ചെന്ന് പാട്ട കുലുക്കി ഇരുപത് കോടിയോളം രൂപ മലയാളികളിൽ നിന്ന് സമാഹരിക്കുകയും ചെയ്തു. തിരുവനന്തപുരം പിഎംജി ജംഗ്ഷനിലായിരുന്നു ഡി ഐ സി യുടെ സംസ്ഥാന കമ്മിറ്റി ഓഫീസ്. ഡി ഐ സി സ്വന്തം പാർട്ടിയെന്നത് പോലെ ഇത് മുരളീധരന്റെ സ്വന്തം കെട്ടിടമായിരുന്നു. ഈ കെട്ടിടത്തിന്റെ ഒരു ഭാഗം ചാനൽ ആസ്ഥാനമായി മാറ്റുകയും ചെയ്തു. മറ്റു ജില്ലകളിലും കൊട്ടിഘോഷിച്ച് ഉഗ്രൻ ഓഫീസുകളും ആരംഭിച്ചു. മുരളീധരൻ പിന്നെ എൻ സി പിയിലേക്ക് പോയപ്പോഴും ചാനലിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി.

ഡി ഐ സിയുടെ ചാനൽ എൻ സി പി യുടെ ചാനലായി എന്നു മാത്രം. ഇതിനിടയിലാണ് കോൺഗ്രസിലേക്ക് തന്നെ തിരിച്ചുപോയാലെ എന്നൊരു ആലോചന നടക്കുന്നത്. ഉടൻ ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പക്ഷെ അപ്പോഴും മുരളീധരൻ ചാനലിനായുള്ള പണപ്പിരിവ് മുടക്കിയില്ല. കോൺഗ്രസിന് നിലവിൽ ജയ്ഹിന്ദ് ചാനലുണ്ട്. മുരളി കോൺഗ്രസിലത്തെിയാൽ ഈ ചാനൽ പിന്നെ തുടങ്ങുമോ എന്ന് പലർക്കും സംശയം ഉണ്ടായിരുന്നു. താൻ കോൺഗ്രസിൽ പോയാലും ചാനൽ ആരംഭിക്കുക തന്നെ ചെയ്യം. സംശയങ്ങൾ ഉന്നയിച്ചവരോടെല്ലാം അദ്ദഹത്തേിന്റെ മറുപടി ഇതായിരുന്നു. ചാനലിന് കോൺഗ്രസുമായി ബന്ധമൊന്നുമില്ല. തമിഴ്‌നാട്ടിൽ പോയ് നോക്കൂ മൂന്ന് കോൺഗ്രസ് നേതാക്കൾ അവിടെ ചാനൽ നടത്തുന്നുണ്ട്. പക്ഷെ കാര്യങ്ങൾ മാറി മറഞ്ഞു. മുരളീധരൻ കോൺഗ്രസിലത്തെിയതോടെ സ്ഥിതിയാകെ വെള്ളത്തിലായി. ചാനലിനെതിരെ കോൺഗ്രസിൽ പലർക്കും എതിർപ്പ്.

കോൺഗ്രസിന് ജയ്ഹിന്ദ് ചാനലുണ്ടല്ലോ അതുകൊണ്ട് മുരളീധരൻ ജനപ്രിയ ചാനലുമായി മുന്നോട്ട് പോകാൻ പാടില്ലന്നെ് ചില പാർട്ടി നേതാക്കൾ താക്കീത് നൽകി. പക്ഷെ മുരളീധരനുണ്ടോ പിന്മാറുന്നു. ജനപ്രിയയെ കോൺഗ്രസിന്റെ ദേശീയ ചാനലാക്കി മാറ്റിയാലോ എന്നദ്ദഹേം ആലോചിച്ചു. കോൺഗ്രസിന് ദേശീയ തലത്തിൽ ചാനലൊന്നുമില്ല. ജനപ്രിയയുടെ പ്രവർത്തനം ദേശീയ തലത്തിൽ വ്യാപിപ്പിച്ച് ഹിന്ദിയിലോ ഇംഗ്ളീഷിലോ ജനപ്രിയ ചാനൽ ആരംഭിക്കാനുള്ള നീക്കമായിരുന്നു പിന്നീട്. പിന്നീട് മുരളീധരൻ കോൺഗ്രസിൽ കൂടുതൽ സജീവമാകുകയും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാന് സീറ്റ് ലഭിക്കുക കൂടി ചെയ്തതോടെ പാർട്ടിയിൽ പിടിച്ച് നിൽക്കാൻ ചാനൽ മോഹം പൂർണ്ണമായി ഉപേക്ഷിക്കാൻ മുരളീധരൻ തീരുമാനിച്ചു.

നാമനിർദ്ദേശ പത്രികയിലും എല്ലാം രഹസ്യമാക്കി

ഡി ഐ സിയുടെ വിദേശമലയാളികളുടെ കൂട്ടായമയുടെ നേതൃത്വത്തിലായിരുന്നു ജനപ്രിയയ്ക്ക് വേണ്ടി ധനസമാഹാരണം നടത്തിയിരുന്നത്. ഈ സംഘടന ഉൾപ്പെടെ പിന്നീട് പിരിച്ചുവിടുകയും ചെയ്തു. കുമ്മനം വട്ടിയൂർക്കാവിൽ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ കെ.മുരളീധരന്റെ തിരഞ്ഞെടുപ്പ് നോമിനേഷൻ അസാധുവാക്കാൻ ഈ കാര്യം ചൂണ്ടിക്കാട്ടി കുമ്മനം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

നാമനിർദ്ദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലത്തിൽ ജനപ്രിയയുടെ ചില കണക്കുകൾ മറച്ചുവച്ചെന്നും,അതിനാൽ വട്ടിയൂർക്കാവിൽ നിന്നുള്ള കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എതിർസ്ഥാനാർത്ഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഹൈക്കോടതിയിൽ ഹരജി നൽകി. ജനപ്രിയയുടെ യഥാർഥ വരവ് ബാധ്യതകൾ മറച്ചുവച്ചുവെന്നും പരാതിയുണ്ടായിട്ടും വരണാധികാരി പത്രിക സ്വീകരിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഈ ഹർജി ഓപ്പൺ കോർട്ടിൽ പരിഗണിച്ച ഹൈക്കോടതി ജഡ്ജി അന്ന് പറഞ്ഞത് ഇങ്ങിനെ ലോൺ എടുത്ത കാര്യവും വാടകയിനത്തിൽ വർഷാവർഷം 17 ലക്ഷം രൂപ കെ.മുരളീധരൻ കൈപ്പറ്റുന്ന കാര്യവും തെളിയിക്കപ്പെട്ടാൽ മുരളീധരന്റെ നോമിനേഷൻ തന്നെ അസാധുവാകും എന്നാണ്. കാരണം ഇതൊന്നും തന്നെ കെ.മുരളീധരൻ വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചിരുന്നില്ല.

ഹൈക്കോടതി ജഡ്ജിയുടെ പരാമർശങ്ങളിൽ അടങ്ങിയ അപകടം തിരിച്ചറിഞ്ഞ മുരളീധരൻ ഹൈക്കോടതിയിലെ ഈ ഹർജിയിൽ നടപടി വരും മുൻപ് തന്നെ സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങി. മുരളീധരനെതിരെ തിരഞ്ഞെടുപ്പ് കേസുമായി മുന്നോട്ടു പോകാൻ കുമ്മനം പദ്ധതി തയ്യാറാക്കി മുന്നോട്ട് പോകുമ്പോഴാണ് ബിജെപി കേന്ദ്ര നേതൃത്വം കുമ്മനത്തെ മിസോറാം ഗവർണർ ആയി നിയമിക്കുന്നത്.അതോടെ ഈ കേസിൽ മുരളീധരൻ രക്ഷപ്പെട്ടു. കാരണം നോമിനേഷൻ അസാധുവാക്കപെട്ടാൽ രണ്ടാം സ്ഥാനത്തുള്ള കുമ്മനത്തെ വട്ടിയൂർകാവിൽ നിന്ന് വിജയിയായി പ്രഖ്യാപിക്കുമായിരുന്നു. ഈ കാര്യത്തിൽ പക്ഷെ മുരളീധരൻ രക്ഷപെടുകയായിരുന്നു. പക്ഷെ ഇപ്പോൾ മുരളീധന്റെ ചതി മനസിലാക്കിയ ജനപ്രിയ നിക്ഷേപകർ ശക്തമായ നിയമ നടപടിപടികൾക്ക് ഒരുങ്ങുകയാണ്. ഈ നടപടികൾ ഇനി മുരളീധരന് നേരിടേണ്ടി വന്നേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP