Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ

എന്തു വിലകൊടുത്തും കെ മുരളീധരനെ ബിജെപിയിൽ എത്തിക്കാൻ സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി അമിത് ഷാ; കണ്ണൂരിൽ സിപിഎമ്മിനെ നേരിടാൻ കെ സുധാകരനെ കൊണ്ടു വരാനും ആക്ഷൻ ഹീറോ തന്നെ മധ്യസ്ഥം വഹിക്കും; തമ്മിൽ തല്ലുന്ന നേതാക്കളും ദുർബ്ബലമായ പ്രസിഡന്റുമായി ഒരു എംപിയെ പോലും വിജയിപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ അമിത് ഷാ നീങ്ങുന്നത് പിളർപ്പിന്റെ രാഷ്ട്രീയം പരീക്ഷിക്കാൻ

ബി രഘുരാജ്‌

തിരുവനന്തപുരം: മെഡിക്കൽ കോഴ അഴിമതിയിൽ കേരളത്തിലെ ബിജെപി തകർന്നുവെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ തിരിച്ചറിയുന്നു. പ്രസിഡന്റായ കുമ്മനം രാജശേഖരന് പാർട്ടിക്ക് ദിശാബോധം നൽകാനായില്ല. മെഡിക്കൽ കോഴയിൽ എംടി രമേശും പ്രതിസ്ഥാനത്താണ്. റിപ്പോർട്ട് ചോർച്ചയിൽ വിവി രാജേഷിനെ പുറത്താക്കിയത് ഗ്രൂപ്പിസത്തിന്റെ പുതിയ തലമായി. അഴിമതിക്കാരെ കർശനമായി നേരിടാൻ അമിത് ഷാ നിർദ്ദേശം നൽകിയപ്പോൾ സൈനിക കോഴയിലെ ചെറു മീനിനെ മാറ്റി നർത്തിയ തന്ത്രമാണ് കുമ്മനം കാട്ടിയത്. ജൻ ഔഷധിയിലെ ആരോപണ വിധേയരെ തൊടാൻ പോലും കഴിയുന്നില്ല. മെഡിക്കൽ കോഴയിലെ വിജിലൻസിന് മുമ്പിലെ കുമ്മനത്തിന്റെ മൊഴിയും പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. ലോകം മുഴക്കെ അറിഞ്ഞ അന്വേഷണ റിപ്പോർട്ട് വായിച്ചു പോലും നോക്കിയില്ലെന്ന് കുമ്മനം പറഞ്ഞു. ഇത് വിശ്വാസ തകർച്ചയ്ക്കും കാരണമായി.

മെഡിക്കൽ കോഴയിലെ ഇടനിലക്കാരൻ സതീഷ് നായർ വഴി അയ്യപ്പ സേവാ സമാജത്തിനായി കുമ്മനം പണം സ്വരൂപിച്ചെന്ന സൂചനയും അമിത് ഷായ്ക്ക് കിട്ടി. അങ്ങനെ കേരളത്തിലെ പാർട്ടിയെ പ്രതിസന്ധി അതിരൂക്ഷമാണെന്ന് അമിത് ഷാ തിരിച്ചറിഞ്ഞു. കേരളത്തിലെ മനസാക്ഷി സൂക്ഷിപ്പുകാരനായ പ്രതീഷ് വിശ്വനാഥ് കുറച്ചു ദിവസങ്ങളായി ഡൽഹിയിലുണ്ട്. പ്രതീഷും ഗുരുതരമായ സ്ഥിതി വിശേഷം അമിത് ഷായെ അറിയിച്ചു. കുമ്മനത്തിന്റെ നേതൃത്വം പൂർണ്ണ പരാജയമാണെന്ന് ആർ എസ് എസും തിരിച്ചറിയുന്നു. പകരം നയിക്കാൻ ആളില്ലാത്തതു കൊണ്ട് മാത്രം ഇങ്ങനെ പോകുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ തിരുവനന്തപരം ലോക്‌സഭയിൽ പോലും ജയിക്കില്ല. പാർട്ടിക്കുള്ളിൽ നല്ലൊരു മുഖവുമില്ല. ഈ സാഹചര്യത്തിൽ ആക്ഷൻ ഹീറോ സുരേഷ് ഗോപിയെ സജീവമാക്കി പുതിയ കളികൾക്ക് രൂപം കൊടുക്കുകയാണ് അമിത് ഷാ. നോർത്ത് ഈസ്റ്റിലും മറ്റും പരീക്ഷിച്ച് വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണ് തീരുമാനം. കോൺഗ്രസ് മുക്ത ഭാരതത്തിന് കോൺഗ്രസിനെ കേരളത്തിലും പിളർത്താനാണ് നീക്കം.

അതിന് രണ്ട് വമ്പൻ നേതാക്കളെയാണ് അമിത് ഷാ കണ്ടു വച്ചിരിക്കുന്നത്. കെ മുരളീധരനും കെ സുധാകരനും. കെ കരുണാകരന്റെ മകനായ കെ മുരളീധരന് കേരളത്തിൽ ഉടനീളം വലിയ സ്വാധീനമുണ്ട്. കോൺഗ്രസിൽ നിന്ന് തെറ്റിപിരിഞ്ഞ് ഡിഐസിയുണ്ടാക്കി സമയത്ത് മുരളിയെ ബിജെപിക്കാരനാക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ എൻസിപിയിലടെ ഇടതു പക്ഷത്ത് എത്താൻ മോഹിച്ച മുരളി പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി. ബിജെപിയുടെ ഉറച്ച പ്രതീക്ഷകളിലൊന്നായ വട്ടിയൂർക്കാവിലാണ് മുരളിയുടെ തട്ടകം. ഇവിടെ സാക്ഷാൽ കുമ്മനത്തെയാണ് മുരളി തോൽപ്പിച്ചത്. ഹൈന്ദവ രാഷ്ട്രീയത്തിന് കേരളത്തിൽ യോജിച്ച മുഖമാണ് മുരളി. അതുകൊണ്ട് തന്നെ ആരേയും പ്രസംഗത്തിലൂടെ സ്വാധീനിക്കാൻ കൂടി കഴിവുള്ള മുരളിയിലേക്കാണ് അമിത് ഷായുടെ പ്രധാന കണ്ണ്. മുരളിയെ പോലൊരു നേതാവിനെ എത്തിക്കാനായൽ പിറകെ കോൺഗ്രസുകാരുടെ പടയെത്തും. അതുകൊണ്ട് തന്നെ മുരളിയെ അടർത്തിയെടുക്കുകയാണ് അമിത് ഷായുടെ പ്രധാന ലക്ഷ്യം.

കരുണാകരന്റെ കുടുംബവുമായി ഏറെ അടുപ്പം എംപി കൂടിയായ സുരേഷ് ഗോപിക്കുണ്ട്. ഈ ആത്മബന്ധത്തിലൂടെ മുരളിയെ ബിജെപിയിൽ എത്തിക്കാനാണ് നീക്കം. ചോദിക്കുന്നത് എന്തും നൽകും. കേന്ദ്ര മന്ത്രിയാക്കാം. രാജ്യസഭയിലൂടെ പാർലമെന്റിലെത്തിക്കാം. ഇങ്ങനെ പല വാഗ്ദാനങ്ങളും മുരളിക്ക് മുന്നിൽ വയ്ക്കും. ബിജെപിയുടെ കേരള നേതൃത്വം ഏൽപ്പിക്കാൻ മുരളിയാണ് യോജിച്ചതെന്ന് അമിത് ഷാ വിലയിരുത്തുന്നു. സുരേഷ് ഗോപിയെ ഇക്കാര്യത്തിൽ സഹായിക്കാനുള്ള ചുമതല പ്രതീഷ് വിശ്വനാഥനാണ്. കേരളത്തിലെ നേതാക്കൾ ഇതിന് പാരവയ്ക്കുമെന്ന് അമിത് ഷാ മനസ്സിലാക്കുന്നു. അതുകൊണ്ട് തന്നെ പാർട്ടിയിൽ എത്തേണ്ടത് വെഞ്ഞാറമൂട് ശശിമാരല്ലെന്ന സന്ദേശം കുമ്മനത്തിന് അമിത് ഷാ നൽകി കഴിഞ്ഞു. മാസങ്ങൾക്ക് മുമ്പ് അമിത് ഷാ കേരളത്തിൽ എത്തുമ്പോൾ വമ്പൻ സ്രാവിനെ പാർട്ടിയിലെത്തിക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശം നൽകി. അങ്ങനെ അമിത് ഷാ എത്തിയപ്പോൾ അവതരിപ്പിച്ചത് വെഞ്ഞാറമൂട് ശശിയെയാണ്. ഈ സാഹചര്യത്തിലാണ് അടുത്ത കേരള സന്ദർശനത്തിൽ മികവുള്ള ആളുകളെ ബിജെപിയിലെത്തിക്കാൻ സുരേഷ് ഗോപിയുടെ സഹായത്തോടെ അമിത് ഷാ ശ്രമം തുടങ്ങിയത്.

എന്നാൽ ഈ ഫോർമുലകളെ മുരളീധരൻ അംഗീകരിക്കാൻ ഇടയില്ല. ഭൂരിപക്ഷ വർഗ്ഗീയതയെ കടന്നാക്രമിച്ച താൻ ഇത്തരത്തിലൊരു തീരുമാനം എടുക്കില്ലെന്ന നിലപാടിലാണ് മുരളീധരൻ. ഇത് അമിത് ഷായും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ സമ്മർദ്ദം ശക്തമാക്കും. കോൺഗ്രസ് നേതൃത്വം മുരളീധരന് അർഹമായ പ്രാധാന്യം നൽകുന്നില്ല. ഈ സാഹചര്യത്തിൽ നേതൃത്വുമായി മുരളി പൊട്ടിത്തെറിയുടെ വക്കിലെത്തും. കെപിസിസി പുനഃസംഘടന ഇതിന് യോജിച്ച അവസരമായി മാറുമെന്നാണ് അമിത് ഷായുടെ കണക്ക് കൂട്ടൽ. ഇത് മുന്നിൽ കണ്ടാണ് മുരളിയെ പിടിക്കാൻ സുരേഷ് ഗോപിയെ നിയോഗിക്കുന്നത്. ഇതിനൊപ്പം ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസിലെ കൊമ്പനായ കെ സുധാകരനിലേക്കും കണ്ണുണ്ട്. കെപിസിസി അധ്യക്ഷനാകണമെന്ന മോഹം സുധാകരനുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും ഇതിന് എതിരു നിൽക്കുന്നു. ഇതിൽ ഖിന്നനാണ് സുധാകരൻ. കണ്ണൂർ രാഷ്ട്രീയത്തെ ബിജെപി പക്ഷത്തേക്ക് മാറ്റാൻ സുധാകരന് കഴിയുമെന്ന് അമിത് ഷാ വിലയിരുത്തുന്നു. സുധാകരനോടും പാർട്ടി മാറ്റത്തെ കുറിച്ച് സുരേഷ് ഗോപി തന്നെ സംസാരിക്കും. അർഹമായ സ്ഥാനം നൽകാമെന്ന് സുധാകരനേയും അറിയിക്കും.

ദക്ഷിണേന്ത്യ പിടിക്കാൻ കേരളത്തിൽ കോൺഗ്രസിനെയും തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്)യെയും പിളർക്കാനുള്ള മാസ്റ്റർ പ്ലാൻ മോദിയേയും അമിത് ഷാ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ മുരളിയേയും സുധാകരനേയും ബിജെപി പാളയത്തിലെത്തിച്ചാൽ കേരള രാഷ്ട്രീയത്തിൽ വൻ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് അമിത് ഷാ നടത്തിയ രഹസ്യ സർവേയിലെ റിപ്പോർട്ട്. തമിഴ്‌നാട്ടിൽ എഐഡിഎംകെ വിഭാഗങ്ങളെ ലയിപ്പിക്കുകയെന്ന ബിജെപി പദ്ധതിയുടെ വിജയത്തോടെ കേരളത്തിലേക്കും തെലങ്കാനയിലേക്കും പാർട്ടി ശ്രദ്ധ തിരിക്കും. കേരളത്തിലെ പദ്ധതി നടപ്പാക്കൽ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുമ്പോൾ തെലങ്കാനയിൽ പാർട്ടി ജനറൽ സെക്രട്ടറി റാം മാധവാകും ചുക്കാൻ പിടിക്കുക. ദക്ഷിണേന്ത്യയിലെ ബിജെപിയുടെ പദ്ധതികൾക്കു മേൽനോട്ടം വഹിക്കാൻ ജനറൽ സെക്രട്ടറി മുരളീധർ റാവുവിന്റെ പ്രവർത്തനകേന്ദ്രം ബെംഗളൂരുവിലേക്കു മാറ്റുകയും ചെയ്തു.

കേരളത്തിലെ എല്ലാ പഞ്ചായത്തിലും അനുയായികളുള്ള നേതാവാണ് കെ മുരളീധരൻ. അതുകൊണ്ട് തന്നെ ബിജെപിയെ നയിക്കാൻ ഇതിന് സമാനമായ നേതാവിനെയാണ് വേണ്ടതെന്ന് അമിത് ഷാ തിരിച്ചറിയുന്നു. കേരളത്തിൽ നടത്തിയ സർവ്വേയിലും തെളിഞ്ഞത് മുരളീധരന്റെ സ്വാധീന ചിത്രമാണ്. വട്ടിയൂർക്കാവിൽ അടുത്ത തെരഞ്ഞെടുപ്പിൽ മുരളിയെ സ്ഥാനാർത്ഥിയാക്കിയാൽ ജയം ഉറപ്പാണെന്നും വിലയിരുത്തുന്നു. കെ സുധാകരന് കണ്ണൂരിലും കാസർകോട്ടും സ്വാധീനമുണ്ട്. കാസർകോട്ടെ മഞ്ചേശ്വരത്ത് ബിജെപി വിജയത്തിൽ സുധാകരന് സ്വാധീനം ചെലുത്താനുമാകും. ഇതിനൊപ്പം ഈ രണ്ട് ജില്ലയിലും കോൺഗ്രസ് തളരുകയും ചെയ്യും. മുത്തലാഖ് പോലുള്ള വിഷയങ്ങൾ മുസ്ലിം സ്ത്രീകളേയും ബിജെപിയിലേക്ക് അടുപ്പിക്കുമെന്നാണ് വിലയിരുത്തൽ. ഇത് മുതലെടുക്കാൻ സുധാകരനെ പോലൊരു നേതാവിന്റെ അനിവാര്യതയുണ്ടെന്നും അമിത് ഷാ മനസ്സിലാക്കുന്നു.

കേരളത്തിൽ ബിജെപിയുടെയും എൻഡിഎയുടെയും വിപുലീകരണത്തിനു സംസ്ഥാന ആർഎസ്എസ് നേതൃത്വത്തിന്റെ സങ്കുചിത നിലപാടുകളാണു തടസ്സമെന്നാണ് അമിത് ഷായുടെ നിഗമനം. കേന്ദ്ര നേതൃത്വം മുൻപു നിയോഗിച്ചിരുന്ന നേതാക്കളുമായി ആർഎസ്എസ് സഹകരിക്കാതിരുന്ന പശ്ചാത്തലത്തിലാണ് അമിത് ഷാ നേരിട്ട് ഇടപെടുന്നത്. ബിജെപി ജനറൽ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവരും കേരളത്തിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. അമിത് ഷായുടെ അടുത്ത കേരള യാത്ര നിർണ്ണായകമാകും. ഏതായാലും ബിജെപിയുടെ നിലവിലെ നേതൃത്വത്തിന് കാര്യപ്രാപ്തിയില്ലെന്ന് അമിത് ഷാ തിരിച്ചറിഞ്ഞിട്ടുണ്ട്. മുരളിയും സുധാകരനും നീക്കത്തോട് യോജിച്ചില്ലെങ്കിൽ പ്ലാൻ ബി നടപ്പാക്കും. സുരേഷ് ഗോപിയെ പാർട്ടി നേതൃത്വം ഏൽപ്പിക്കുന്നത് പോലും പരിഗണനയിലുണ്ട്. സംസ്ഥാന ആർഎസ്എസ് നിർദ്ദേശ പ്രകാരമാണ് കുമ്മനത്തെ പ്രസിഡന്റാക്കിയത്. ഇത് പാളിയ സാഹചര്യത്തിലാണ് സർവ്വ സമ്മതനായ സുരേഷ് ഗോപിയിൽ നേതാവിനെ കണ്ടെത്താൻ ശ്രമിക്കുന്നത്.

തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ സുരേഷ് ഗോപി മത്സരിക്കാനും താൽപ്പര്യമുണ്ട്. കുമ്മനത്തേയും നേരത്തെ പരിഗണിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യത കുറവാണ്. സുരേഷ് ഗോപിയേയും വി മുരളീധരനുമാണ് ഇപ്പോൾ പരിഗണനാ പട്ടികയിൽ ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP