Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202130Tuesday

'പിണറായിയെ വിമർശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ല; അദ്ദേഹം പക്കാ പൊളിറ്റിക്കലാണ്; മോഹൻലാൽ രാഷ്ട്രീയം പറയില്ല; എന്നാൽ നമ്മൾ പറയുന്നതൊക്കെ കേൾക്കും; സിനിമാക്കാരിൽ എറെയും പത്രം പോലും വായിക്കാത്തവർ; അവസരം കുറയും എന്നുകരുതി സാമൂഹിക വിമർശനം നിർത്തില്ല'; ഷൂട്ട് അറ്റ് സൈറ്റിൽ തുറന്നടിച്ച് നടൻ ജോയ് മാത്യു

'പിണറായിയെ വിമർശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ല; അദ്ദേഹം പക്കാ പൊളിറ്റിക്കലാണ്; മോഹൻലാൽ രാഷ്ട്രീയം പറയില്ല; എന്നാൽ നമ്മൾ പറയുന്നതൊക്കെ കേൾക്കും; സിനിമാക്കാരിൽ എറെയും പത്രം പോലും വായിക്കാത്തവർ; അവസരം കുറയും എന്നുകരുതി സാമൂഹിക വിമർശനം നിർത്തില്ല'; ഷൂട്ട് അറ്റ് സൈറ്റിൽ തുറന്നടിച്ച് നടൻ ജോയ് മാത്യു

മറുനാടൻ ഡെസ്‌ക്‌

സാമൂഹിക വിഷയങ്ങളിൽ യാതൊരു അഭിപ്രായവും പറയാത്ത നമ്മുടെ മുഖ്യധാരാ സിനിമാക്കാരിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് നടനും സംവിധായകനുമായ ജോയ് മാത്യു. രാഷ്ട്രീയ പ്രശ്‌നങ്ങളിലും സാമൂഹിക പ്രശ്നങ്ങളിലുമെല്ലാം ശക്തമായ ഇടപെടുന്ന അദ്ദേഹം, അതിന്റെ പേരിൽ തനിക്ക് അവസരങ്ങൾ കുറയുമെന്നതിനെയൊന്നും ഭയക്കുന്നില്ല. അഭിനയിക്കുന്നത് പണത്തിനോ പ്രശസ്തിക്കോ വേണ്ടി അല്ലെന്നും ജനങ്ങളുടെ സ്നേഹം കിട്ടാൻ വേണ്ടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒപ്പം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മലയാളത്തിലെ സൂപ്പർ താരങ്ങളെയും അദ്ദേഹം വിലയിരുത്തുന്നു. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയ ജോയ്മാത്യുവുമായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം.

ഷാജൻ സ്‌കറിയ: സിനിമ ഒരു പ്രത്യേക ലോകമാണെല്ലോ. ഇതിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ എങ്ങനെയാണ് സാധാരണ നടന്മാരിൽനിന്ന് വ്യത്യസ്തമായ നിങ്ങൾക്ക് സാമൂഹിക വിമർശനം നടത്താൻ കഴിയുന്നത്?

ജോയ് മാത്യു; ബേസിക്കലി, ഞാൻ ഒരു സമൂഹിക വിമർശകൻ ആയിട്ടാണെല്ലോ തുടങ്ങുന്നത്. ഒരു നാടകം എടുക്കുകയാണെങ്കിലും, ഒരു കവിത ചൊല്ലുകയാണെങ്കിലും, അതിലൊക്കെ തന്നെ ഒരു സോഷ്യൽ എലമെന്റ് ഉണ്ടാവും. പിന്നെ, ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്ന ആളുമാണ്. ജനകീയസാംസ്കാരിക വേദി, വിപ്ലവവിദ്യാർത്ഥി സംഘടന, തുടങ്ങിയ സംഘടനകളുമൊക്കെയായി പ്രവർത്തിച്ച് പൊലീസ് കേസും, ചെറിയ ജയിൽവാസവും, ഒക്കെ നേരിട്ടു. വലിയ പീഡനങ്ങളും രക്തസാക്ഷി പരിവേഷവും ഒന്നുമില്ലെങ്കിലും, എന്റെ ചെറുപ്രായത്തിൽ 17 വയസ്സിൽതന്നെ ജയിലിൽ പോയ വ്യക്തിയാണ്. അങ്ങനെ ഒരു രാഷട്രീയ പാരമ്പര്യം എനിക്കുണ്ട്. ഇത് പല സിനമാക്കാർക്കും അറിയില്ല.

ഞാൻ ആദ്യമൊക്കെ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുമ്പോൾ എന്നോട് പല സീനിയർ ആയ സിനിമാക്കാരും പറയുമായിരുന്നു നിങ്ങളെന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ പോകുന്നതെന്ന്. അവർ തമ്മിൽ പറയും. ഇയാൾ എന്തിനാണ് ഇതിൽ ഇടപെടുന്നത്. ഇക്കാര്യത്തിൽ ഇയാൾക്ക് വല്ല വിവരവും ഉണ്ടോ എന്നൊക്കെ. ഇപ്പോൾ കാര്യങ്ങൾ അവർക്ക് മനസ്സിലായി തുടങ്ങി. പക്ഷേ എനിക്ക് എന്റെ സിനിമാ ജീവിതം നഷ്ടപ്പെടും, നടൻ എന്ന രീതിയിൽ ഞാൻ ഒതുക്കപ്പെടും, അതുകൊണ്ട് ഞാൻ മിണ്ടാതിരിക്കണം എന്ന് ഒരിക്കലും, തോന്നിയിട്ടില്ല. എന്റെ വീട്ടുകാരും അങ്ങനെ പറഞ്ഞിട്ടില്ല. എന്റെ മക്കളോട് ഞാൻ ഒരിക്കൽ ചോദിച്ചു. ഈ കൊല്ലം കുറച്ച് പടങ്ങൾ ഒക്കെ നഷ്ടമായിട്ടുണ്ട്. ചില വിഷയങ്ങളിൽ ഞാൻ ഇടപെട്ടതുകൊണ്ട്. അതുകൊണ്ട്, ഇനി ഞാൻ സാമൂഹിക പ്രശ്നങ്ങളിലൊന്നും ഇടപെടണ്ട അല്ലേ എന്ന്. പക്ഷേ മക്കളുടെ മറുപടി ഇങ്ങനെയായിരുന്നു. 'പിന്നെ നിങ്ങൾ എന്ത് അച്ഛനാണ്. ഞങ്ങൾക്ക് ഇങ്ങനെയുള്ള ഒരു അച്ഛൻ മതി. ഞങ്ങൾ എവിടെപ്പോയാലും ആളുകൾ ജോയ് മാത്യുവിന്റെ മക്കൾ അല്ലേ എന്ന് ചോദിക്കുന്നത്, അച്ഛന്റെ അഭിനയം കണ്ടിട്ട് മാത്രമല്ല. നിലപാടുകൾ കണ്ടിട്ട് കൂടിയാണ്.'- ഇത് തരുന്ന ഒരു കരുത്ത് വലുതാണ്.

ചോദ്യം: സിനിമയിൽ ചില ഗ്രൂപ്പുകൾ ഉണ്ടല്ലോ. നായകന്മാരുടെതൊക്കെ. അവർക്കെതിരെയും 'അമ്മ'ക്കെതിയുമൊക്കെ വിമർശനം ഉയർത്തുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ടോ.

എനിക്ക് ബുദ്ധിമുട്ട് നേരിട്ട് ഉണ്ടായിട്ടില്ല. അമ്മയിൽ ഞാൻ ഉന്നയിച്ച വിമർശനങ്ങൾ, വളരെ സഹിഷ്ണുതയോടെയാണ് മോഹൻലാൽ എടുത്തത്. അദ്ദേഹത്തിന് ഒരു പിണക്കവും ഉണ്ടായിരുന്നില്ല. മാത്രമല്ല, അദ്ദേഹം അറിഞ്ഞു, ഞാൻ സ്ട്രയിറ്റ് ഫോർവേഡ് ആയ ഒരാൾ ആണെന്ന്. അല്ലാതെ ഞാൻ എനിക്കെന്തെങ്കിലും സ്വകാര്യ ലാഭത്തിനോ, ഒരു ഗ്രൂപ്പിന്റെ ഭാഗമായി മോഹൻലാലിനെ ഒതുക്കാനോ ഒന്നുമല്ലല്ലോ. ഞാൻ പറയുന്നതിൽ കാര്യമുണ്ടെന്ന് അറിഞ്ഞതുകൊണ്ടാണ് അദ്ദേഹം എന്നെ വിളിച്ചത്. അടുത്ത എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ എന്റെ അതിഥിയായി നിങ്ങൾ വരണം. അങ്ങനെ ഞാൻ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പോയി. പലർക്കും സംഘടനാപരമായ, പരിചയങ്ങൾ ഒന്നുമില്ല. നേരിട്ട് സിനിമയിൽ അഭിനയിക്കാൻ വന്നു എന്നല്ലാതെ, പത്രംപോലും വായിക്കാത്ത ആളുകൾ ആണ് സിനിമാക്കാർ. ചുരുക്കം ചിലർ വായിക്കുന്നവരുമുണ്ട്. അവർക്ക് ഞാൻ പറയുന്ന കാര്യങ്ങൾ പെട്ടെന്ന് ദഹിച്ചില്ല. പക്ഷേ ഞാൻ കുറേ നിർദേശങ്ങൾ വെച്ചു. അത് പരിഗണിക്കാമെന്ന് മോഹൻലാലും എക്സിക്യൂട്ടീവ് കമ്മറ്റിയും ഉറപ്പുതന്നു. ഭരണഘടന പുതുക്കിപ്പണിയുന്നതിന്റെ ആവശ്യകത അവർക്ക് മനസ്സിലായി. ഒരു വെൽഫെയർ ഓർഗനൈസേഷൻ ഉണ്ടാക്കുമ്പോൾ പെട്ടന്ന് നാം തട്ടിക്കൂട്ടുന്ന കാര്യങ്ങളേ ഇപ്പോൾ അമ്മയുടെ ഭരണഘടനയിൽ ഉള്ളൂ. പക്ഷേ പിന്നീടാണ് സങ്കീർണ്ണതകൾ വരിക. നമ്മൾ പ്രതീക്ഷിക്കാത്ത സംഭവങ്ങൾ വരുന്നു.

ചോദ്യം: പ്രത്യേകിച്ച് ദിലീപിന്റെ വിഷയമൊക്കെ വരുമ്പോൾ?

അതെ. അത്തരം ഒരു സമയത്ത് എന്ത് നിലപാട് എടുക്കണമെന്ന് സംഘടനക്ക് അറിയില്ല. ഭരണഘടനയിൽ ഒന്നും പറയുന്നുമില്ല. പക്ഷേ ധാർമ്മികമായി നിലപാട് എടുക്കേണ്ടതുമുണ്ട്. ഇങ്ങനെയൊക്കെയുള്ള വൈരുധ്യങ്ങൾ വരുന്ന സമയത്താണ്, ഭരണഘടന പുതുക്കിപണിയണം എന്ന് തീരുമാനിക്കുന്നത്. ആ കമ്മിറ്റിയിൽ എന്നെക്കൂടി ഉൾപ്പെടുത്തി. ഇതൊക്കെ ഞാൻ നേടിയെടുത്തതാണ്. ആളുകൾ പറയും, ദിലീപിന്റെ പ്രശ്നം വന്നപ്പോൾ ഇയാൾ എന്താണ് വായിൽ പഴം തിരുകി ഇരിക്കയാണോ എന്നൊക്കെ. അതൊക്കെ വിവരമില്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്. ഒരു സംഘടനയിൽ നമ്മൾ നിൽക്കുമ്പോൾ ഉടൻ രാജിവെച്ചുപോവുകയല്ല ചെയ്യേണ്ടത്. നമ്മൾ അവിടെ നിന്ന് ഫൈറ്റ് ചെയ്തിട്ട്, നമ്മൾ പുറത്താക്കപ്പെടണം. ഞാൻ അമൃതയിലൊക്കെ ചെയ്തതും അതാണ്. കോവിഡ് കാരണം ഇപ്പോൾ അമ്മയുടെ ജനറൽ ബോഡി നീണ്ടുപോവുകയാണ്. ജനറൽ ബോഡി നടന്നാൽ, ഈ ഭേദഗതികൾ വോട്ടിനിട്ട് പാസാക്കണം.

ചോദ്യം: ലാലേട്ടനെക്കുറിച്ച് എന്താണ് അഭിപ്രായം. ഒരു മനുഷ്യൻ എന്ന നിലയിലും അഭിനേതാവെന്ന നിലയിലും മോഹൻലാലിനെ എങ്ങനെ നോക്കിക്കാണുന്നു?

അഭിനേതാവ് എന്ന നിലയിൽ എന്റെ അത്രപോര.( ചിരിക്കുന്നു) നമുക്ക് ഒരു അഭിപ്രായത്തിന്റെ ചതുരക്കള്ളിയിൽ ഒരാളെ ഒതുക്കനാവില്ല. അയാൾ ഭയങ്കര നല്ലവനാണ്, മോശക്കാരനാണ്... അങ്ങനെയൊന്നും പറയാൻ കഴിയില്ല. അതൊക്കെ മുൻവിധിയാണ്. ഇതുവരെയുള്ള എന്റെ അനുഭവത്തിൽ ഒരു കൂൾ ആയ മനുഷ്യനാണ്. അമിത ആവേശവും അമിതവികാര പ്രകടനവും ഒന്നുമില്ല. അദ്ദേഹം, മലയാളിക്ക് കിട്ടിയ ഒരു വരദാനമാണ്. ഇത് അദ്ദേഹം ഇടിച്ചുകയറി സ്ഥാപിച്ച് എടുത്തതല്ല. അദ്ദേഹത്തിന്റെ ഉള്ളിലോരു കഴിവ്. ഇതൊക്കെ ബ്രയിൻ ആണ് തീരുമാനിക്കുന്നത്. ജന്മവാസന എന്നൊക്കെ പറയും. ഞാൻ എതിരാണ് അത്തരം പ്രയോഗങ്ങൾക്ക്. ജന്മവാസന ഉള്ളിൽനിന്ന് വരിക എന്നൊന്നും പറയുന്നതിൽ കഥയില്ല. എല്ലാം തലച്ചോറിൽ നിന്നാണ് വരുന്നത്. ആ അർഥത്തിൽ അദ്ദേഹം ഭയങ്കര ബുദ്ധിമാനാണ്. ആ ബുദ്ധിതന്നെയാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിലും, അഭിനയ വൈചിത്രങ്ങളിലും മനുഷ്യന്മാരുമായുള്ള ഇടപെടലിലുമൊക്കെ നിറഞ്ഞു നിൽക്കുന്നത്.

മോഹൻലാൽ ഒരാളുമായിട്ട് ഉടക്ക് ഉണ്ടാക്കുന്ന പ്രശനമില്ല. ഒരാളുമായി എടാ പോടാന്ന് വിളിക്കുന്നതുപോലും ഞാൻ കേട്ടിട്ടില്ല. പിന്നെ ആൾക്കാരെ കേൾക്കാൻ മനസ്സുള്ള ഒരാളാണ്. ഒരു ഉദാഹരണം പറയാം. കാനഡയിലുള്ള എന്റെ ഒരു സുഹൃത്ത്, റെജി ഒരിക്കൽ എന്നോട് ഒരു കാര്യം പറഞ്ഞു. അവിടെ ഒരു ഇരുപതുവയസ്സുള്ള കുട്ടി, പഠിക്കാനൊക്കെ വളരെ ബ്രില്ല്യന്റ് ആണ്. അവളുടെ ഹാർട്ടിന് ഒരു പ്രശ്‌നം വന്നിട്ട് സിങ്കിങ്് സ്റ്റേജിലാണ്. ഞങ്ങൾ ചെയ്യാവുന്നതൊക്കെ ചെയ്യുന്നുണ്ട്. നിങ്ങൾ ഒരു വീഡിയോ, അയക്കണം. അവൾക്ക് ഒരു സപ്പോർട്ട് കൊടുക്കണം. അപ്പോൾ ഞാൻ പറഞ്ഞു, ഞാനൊക്കെ കൊടുത്തിട്ട് എന്തുകാര്യം. പക്ഷേ അവർ നിർബന്ധിച്ചു. 'ഞാൻ മോളേ നീ പേടിക്കരുത്. ഞാൻ ഇതുപോലത്തെ അവസ്ഥ കഴിഞ്ഞ് വന്നതാണ്' എന്നൊക്കെ പറഞ്ഞ് ഒരു ഇൻസ്പയറിങ്ങ് വീഡിയോ ചെയ്തു. ആ കുട്ടി കരഞ്ഞുകൊണ്ട് എനിക്ക് ഒരു മറുപടി വീഡിയോയും ഇട്ടു. ഞാൻ ആകെ അപ്സെറ്റായിപോയി.

ദൃശ്യം 2 വിന്റെ സമയത്താണ് ഇത്. അപ്പോൾ ഞാൻ ചിന്തിച്ചു. എന്നേക്കാൾ നല്ലത് മോഹൻലാലിനെപ്പോലെ ഒരാൾ പറയുന്നത് അല്ലേ. അങ്ങനെ ഞാൻ മോഹൻലാലിന് മെസേജ് അയച്ചു. ലാൽജി ഇങ്ങനെ ഒരു സംഭവുമുണ്ട്. ഒരു വീഡിയോ കൊടുക്കാൻ കഴിയുമോ എന്ന് ചോദിച്ച്. അതിനെന്താ എന്ന് ചോദിച്ച് ലാൽ ഉടനെ ഒരു വീഡിയോ അയച്ചുകൊടുത്തു. ആ കുട്ടിക്ക് വലിയ സന്തോഷമായി. എനിക്ക് ഒരു വർഷം പിടിച്ച് നിൽക്കാനുള്ള ഇൻസ്പിരേഷനായി എന്നാണ് ആ കുട്ടി പറയുന്നത്.അതുകഴിഞ്ഞ് ഞാൻ നിവിൻ പോളി, വിനയ് ഫോർട്ട് തുടങ്ങിയവരെയൊക്കെകൊണ്ട് മെസ്സേജ് അയപ്പിച്ചു. കുട്ടി അത്ഭുതപ്പെട്ടു. എന്നെ ഇത്രയധികം ആളുകൾ സ്നേഹിക്കുന്നുണ്ടോ. മമ്മൂട്ടിയോട് പറഞ്ഞാലും ഇതേ വീഡിയോ കിട്ടും.

പിന്നെ ഏത് കമ്പനിയിലും കൂടുന്ന മനുഷ്യനാണ് മോഹൻലാൽ. ഒരു ജാഡയുമില്ല. മാത്രമല്ല നല്ല തമാശക്കാരനുമാണ്. എനിക്ക് ഹ്യൂമർ ഉള്ള ആളുകളെ ഭയങ്കര ഇഷ്ടമാണ്. ചാപ്ലിന്റെ സിനിമ കണ്ടാൽ പോലും ചിരിക്കാത്ത ബുദ്ധിജീവികൾ ഉണ്ട്. പക്ഷേ ലാൽ ഭയങ്കര ഹ്യൂമറസ് ആണ്. പിന്നെ വായിക്കാൻ താൽപ്പര്യമുള്ള ആളാണ്. ഓഷോയുടെ പുസ്‌കങ്ങൾ ഒക്കെ നന്നായി വായിക്കും. താൽപ്പര്യമുള്ള ആളുകളെ തേടിപ്പിടിച്ച് കോണ്ടാക്റ്റ് ചെയ്യാനും സൗഹൃദങ്ങൾ പുതുക്കാനുമൊക്കെ ലാലിന് ഇഷ്ടമാണ്. എന്നെ ജോയിച്ചേട്ടാ എന്ന് വിളിക്കുമ്പോൾ തന്നെ ബഹുമാനം കലർന്ന സ്നേഹമാണ് അദ്ദേഹം പ്രകടിപ്പിക്കാറ്.

ചോദ്യം: മമ്മൂട്ടിയുമായി ഒരുമിച്ച് 'അങ്കിൾ' സിനിമ ചെയ്തില്ലേ. എങ്ങനെയാണ് മമ്മൂട്ടിയുമായുള്ള ബന്ധം. മമ്മൂട്ടി എങ്ങനെയാണ് അങ്കിളിലേക്ക് എത്തപ്പെട്ടത്?

മമ്മൂക്കയും ഞാനും തമ്മിലുള്ളത് വേറൊരു തരത്തിലുള്ള ബന്ധമാണ്.

ചോദ്യം: ഭയങ്കര ചൂടനാണെന്നാണ് എല്ലാവരും പറയുന്നത്?

ഞാൻ ചൂടനല്ലെ, (ചിരിക്കുന്നു) പൊതുവെ അങ്ങനെ പറയും. മേക്കപ്പ്മാന്മാർ ഒക്കെ പറയും, അയാൾ ചൂടനാണെന്ന്. പിന്നെ പറയും, ഞങ്ങളൊക്കെ വിചാരിച്ചത് ജോയ് സാർ ഭയങ്കര ചൂടനാണെന്നാണ്. നിങ്ങൾ എഴുതുന്നതൊക്കെ വായിച്ചാൽ തോന്നും ഞങ്ങളെയൊക്കെ കടിച്ചുകീറുമെന്ന്. അതൊക്കെ വെറും തോന്നലാണ്.

മമ്മൂട്ടിയെപ്പോലെ ഒരാള് ചൂടനായില്ലെങ്കിലെ അത്ഭുതമുള്ളു. കാരണം അത്രമാത്രം ആളുകൾ ശല്യം ചെയ്തു കളയും. കാസർകോടോ മറ്റോ, ഷൂട്ടിങ്ങിന് പോയപ്പോൾ ഒരാൾക്ക് സെൽഫി എടുത്തുകൊടുക്കാൻ വേണ്ടി ഇറങ്ങി നിന്നതാ കാരവാനിൽ നിന്ന്. ഒരു കിലോമീറ്റർ നീളത്തിൽ ക്യൂ നിൽക്കുവാ സെൽഫി എടുക്കാൻ വേണ്ടി,. പകുതിക്ക് വച്ച് നിർത്തി പോകാൻ പറ്റുമോ? അപ്പോൾ അവരുടെ പേഴ്‌സണൽ ലൈഫ് ജനങ്ങൾ കെയർ ചെയ്യുന്നില്ല. അപ്പോഴൊക്കെ ഇയാൾ ചൂടാകും. ഇങ്ങനത്തെ ചൂടുകളെ ഉള്ളു. പിന്നെ നമ്മൾ ഒരു കാര്യം പറഞ്ഞു കഴിഞ്ഞാല് അത് പൊളിറ്റിക്കലായി മനസിലാക്കുന്ന ആളാണ്. അദ്ദേഹം നല്ലൊരു രാഷ്ട്രീയ നിരീക്ഷകനും രാഷ്ട്രീയ പാർട്ടിയുടെ ആളുമാണ്. ഞാനും അദ്ദേഹവും തമ്മിൽ കൂടുതലും ഉടക്കാണ് ഉണ്ടാകുന്നത്. ഞങ്ങൾ തമ്മിൽ സ്‌നേഹ സംഭാഷണം കുറവാണ്. അദ്ദേഹത്തിന്റെ സെറ്റിലൊക്കെ ഞാൻ ചെല്ലുമ്പോൾ പറയും വന്നല്ലോ, നിങ്ങൾക്കൊന്ന് അടങ്ങി ഇരുന്നുകൂടെ, നിങ്ങൾ വെറുതെ ആ സി എമ്മിനെ അത് പറയേണ്ട കാര്യമുണ്ടോ ?

ചോദ്യം: സിദ്ദിഖും പറയാറുണ്ട് പൊളിറ്റിക്‌സ് പറഞ്ഞാൽ പുള്ളി ഉടക്കാണെന്ന്?

അപ്പോൾ ഞാൻ പറയും അത് എന്റെ ഇഷ്ടമല്ലെ അങ്ങനെ പറയുന്നത്. ഞാൻ നികുതി ദായകനല്ലെ എന്ന്. നിങ്ങളൊരു നികുതി ദായകൻ, വേറെ നികുതി ദായകന്മാരൊന്നുമില്ലെ ഇവിടെ എന്ന് മമ്മൂട്ടി ചോദിക്കും. തെറ്റും. പിന്നെ പോയി പിണങ്ങി ഇരിക്കും. കുറച്ചു കഴിഞ്ഞിട്ട് വിളിക്കും. നമ്മൾ ഒരുമിച്ച് ഊണുകഴിക്കാറുണ്ട്. എന്നേട് ചോദിക്കും ഇന്ന് ഇവിടെ ഇഷ്ടമുള്ള എന്താണ് ഉണ്ടാക്കേണ്ടത് എന്ന്. മൂപ്പർക്ക് ഒരു കുക്കുണ്ടല്ലോ. ഞാൻ പറയും ഞാൻ എന്തിനാണ് നിങ്ങളുടെ ഭക്ഷണം കഴിക്കുന്നത്. നിങ്ങൾ ഈ മുഖ്യമന്ത്രിയെ സപ്പോർട്ട് ചെയ്യുന്ന ആള്, ഞാൻ കഴിക്കൂല്ല എന്ന് പറയും. പുട്ടും കറിയുമുണ്ട് കഴിച്ചിട്ട് പോ എന്ന് പറയും. ആ വീട്ടിൽ എനിക്ക് ഭയങ്കര സ്വാതന്ത്ര്യം ഉള്ളതാണ്. അതാണ് മമ്മുക്ക.

എന്റെ മകന്റെ കല്യാണത്തിന്റെ സമയത്ത് ഞാൻ പറഞ്ഞു, മമ്മൂട്ടി വരേണ്ട ആവശ്യമില്ല എന്ന്. നിങ്ങൾ അഞ്ച് മണിക്കൂർ ട്രാവൽ ചെയ്ത് കോഴിക്കോട് വരും. പിന്നെ അഞ്ച് മണിക്കൂർ ട്രാവൽ ചെയ്ത് തിരിച്ചുപോവും. എന്തിനാണ്. എനിക്ക് ആൾക്കാരെ കാണിക്കാനാണോ? മമ്മൂട്ടിയെ എനിക്ക് അറിയാമെന്ന് കാണിക്കാനാണോ? നിങ്ങള് ഈ റോഡ് മുഴുവൻ യാത്ര ചെയ്യുകയും ചെയ്യും എന്നെ ശപിക്കുകയും ചെയ്യും.അപ്പോൾ മമ്മൂട്ടി പറയുവാണ്, ശരിയാണ്. എല്ലാ വിധ ആശംസകളും അറിയിച്ചാൽ മതി എന്ന് .ഞാൻ അങ്ങനെയെ ചെയ്യാറുള്ളു. വെറുതെ ആളുകളെ കാണിക്കാൻ വേണ്ടീട്ട് ഒന്നും ചെയ്യാറില്ല.

ഷട്ടറ് കഴിഞ്ഞിട്ട് ഞാൻ മൂന്നാർ എന്നൊരു സബ്ജക്ട് എഴുതിയിരുന്നു. ഞാൻ ഡയറക്ട് ചെയ്യാൻ വേണ്ടീട്ട്. അത് ചെയ്തില്ല. ഞാൻ അത് വേറൊരാൾക്ക് കൊടുക്കാൻ വേണ്ടി നിൽക്കുകയാണ്. ഒരു സ്‌ക്രിപ്റ്റ് എഴുതുക എന്ന് പറഞ്ഞാൽ ആറ് മാസത്തെ പണിയാണ്. അത് എഴുതി തിരുത്തിയെഴുതി. തിരുത്തി വായിക്കാൻ കൊടുത്തു. അങ്ങനെ വേണ്ടാന്ന് വച്ച തിരക്കഥകളുമുണ്ട് എനിക്ക്. എന്റെ കൂടെയുള്ളവരുടെതൊക്കെ അഭിപ്രായം കേൾക്കുമ്പോൾ വേണ്ടാ എന്നുവെക്കും.

അങ്ങനെയിരിക്കെ എന്റെ കൂടെ അസോസിയേറ്റായിട്ട് ഗിരീഷ് ദാമോദർ എന്ന് പറഞ്ഞ ഒരു അസിസ്റ്റൻ ഡയറക്ടർ വരുന്നത്. നാട്ടുകാരനാണ് എന്റെ പഴയ സുഹൃത്താണ്. ഇദ്ദേഹത്തിന് ഒരു സിനിമയ്ക്ക് കഥ കൊടുക്കണമെന്ന് പറഞ്ഞിട്ട് പത്മകുമാർ വന്നു പറഞ്ഞു. ജോസഫ് എന്ന സിനിമയുടെ പത്മകുമാർ. പത്മകുമാറിന്റെ കൂടെ ഇയാൾ കുറെക്കൊല്ലമായി. ഇയാൾ ഒന്ന് രക്ഷപെടട്ടെ എന്ന് പറഞ്ഞു. നിങ്ങൾ എനിക്കൊരു കഥ തരാമെന്ന് പറഞ്ഞിട്ട് തന്നിട്ടില്ല ചേട്ടാ അത് ഇയാൾക്ക് കൊടുത്തേക്ക് എന്ന് പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, ഗിരീഷിന് ഞാൻ മുമ്പെ കൊടുക്കാമെന്ന് പറഞ്ഞതാണ് എന്ന് പറഞ്ഞു. അപ്പോൾ ഗിരീഷ് പറഞ്ഞു ഞാൻ ഇനി കഥകിട്ടിയിട്ടേ പോകുവുള്ളു എന്ന്.

അങ്ങനെ ഗിരീഷ് എന്റെ കൂടെയായി. ഞാൻ ഷൂട്ടിങ്ങിന് പോകുന്നിടത്തൊക്കെ ഗിരീഷ് വരും. വെരി നൈസ് മാൻ., എനിക്ക് സ്വന്തം അനിയനെപ്പോലെയാണ് കേട്ടൊ. അങ്ങനെ ഇവനൊരു കഥ കൊടുക്കേണ്ടെ, ഞാൻ പറഞ്ഞു എടാ നിനക്ക് ഒരു കഥ കിട്ടുന്നില്ലല്ലോ എന്ന്. അന്ന് ഞാൻ മൂന്നാർ എഴുതിക്കൊണ്ടിരിക്കുന്ന സമയമാണ്. ഇവൻ കോപ്പിയെഴുതാനൊക്കെ സഹായിച്ചു. അഭിപ്രായം പറഞ്ഞു. ഷൂട്ടിങ് തുടങ്ങാനൊക്കെ തീരുമാനിച്ചു. അപ്പോൾ ഞാൻ പറഞ്ഞു ഈ പടം നീ എടുത്തോ എന്ന്. അപ്പോൾ അവന്റെയൊരു സിൻസിയോരിറ്റി നോക്കണം. അവൻ പറഞ്ഞു. അയ്യോ ചേട്ടാ ഇത് വേണ്ട, ഇത് ഹെവിയാണ് എനിക്ക് ഇത് പറ്റില്ല എന്ന്. എനിക്ക് അത് ഭയങ്കര ഇഷ്ടമായി. വേറെ ആരെങ്കിലുമാണെങ്കിൽ അതുമായിട്ട് ഓടിപ്പോകും. എന്നിട്ട് അത് കുളമാക്കും.

ഞാൻ പിന്നീട് ആലോചിച്ചു ഒരു യാത്രയിൽ ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചുവരുകയാണ്. അപ്പോൾ എനിക്കൊരു സ്പാർക്ക് കിട്ടി. ഇങ്ങനെ വീണുകിട്ടുന്ന സംഭവമാണ്. ഒരു സബ്ജക്ട് വന്നിട്ടുണ്ട്,. നമുക്കത് ചെയ്താലോ എന്ന് ഞാൻ ചോദിച്ചു. അത് മതി നമുക്ക് അത് ചെയ്യാം എന്ന് പറഞ്ഞു. പിന്നെ അതിന്റെ മുകളിൽ വർക്ക് ചെയ്തു.

പ്രായപൂർത്തിയായ ഒരു മകൾ, കോളേജ് വെക്കേഷന് നാട്ടിലേക്ക് മടങ്ങുന്നത്, അച്ഛന്റെ സുഹൃത്തിനൊപ്പമുള്ള യാത്ര. മഹാ തല്ലിപ്പൊളിയാണ് സുഹൃത്ത് എന്ന് അച്ഛനറിയാം. അയാൾ മകൾക്ക് ലിഫ്റ്റ് കൊടുക്കുന്നു. ആ യാത്രയിലുണ്ടാകുന്ന സംഭവങ്ങൾ . ഇത് അറിയുന്ന അച്ഛന്റെ വേവലാതി. അത് അമ്മയോട് പറയാനും വയ്യ, സുഹൃത്താണല്ലോ. എന്റെ ഫ്രണ്ട് മഹാതല്ലിപ്പൊളിയാണ് ആള് സ്ത്രീലമ്പടനാണ് എന്ന് പറയാൻ പറ്റില്ലല്ലോ. ഇയാളുടെ ആധി, ഇതാണ് മെയിൻ സംഭവം. പിന്നെ അത് വന്നിട്ട് നമ്മുടെ നാട്ടിലെ സാമൂഹിക, സദാചാര വിഷയങ്ങളിലേക്ക് വരും. അങ്ങനെ ഞാൻ ഈ കഥ എഴുതിക്കൊണ്ടിരിക്കുമ്പോൾ ഞാൻ രഞ്ജിത്തിന്റെ പുത്തൻ പണത്തിൽ അഭിനയിക്കാൻ വന്നു. അപ്പോൾ ഇതുപോലെ മുടിയൊക്കെ ഉണ്ടായിരുന്നു. മമ്മൂക്ക പറഞ്ഞു. ഇയാൾ കുറെ പടത്തിലായി മുടിയും താടിയും ഒക്കെ വച്ച്, ഈ പടത്തിൽ അത് ചെയ്ഞ്ച് ചെയ്യാം. മമ്മൂക്ക ബാർബറെ വരുത്തി, മമ്മൂക്കയുടെ അടുത്തിരുത്തി, അവിടെ വെട്ട് ഇവിടെ വെട്ട് എന്നെല്ലാം പറഞ്ഞ് എന്റെ മുടിയും താടിയും വെട്ടി വേറൊരു രൂപമാക്കി. നന്നായി നല്ല രസമുള്ള ഗറ്റപ്പാണ്.

അത് കഴിഞ്ഞ് രഞ്ജിത്ത് മമ്മൂട്ടിയോട് പറഞ്ഞു, ഇവനൊരു കഥ എഴുതിയിട്ടുണ്ട് കേട്ടോ, അത് വേണമെങ്കിൽ നോക്കിക്കോ എന്ന്. മമ്മൂട്ടി കഥ പറയാൻ പറഞ്ഞു. . പല പടങ്ങളിൽ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ചോദിക്കാറുണ്ട്. നമുക്ക് പറ്റിയതൊന്നുമില്ലെ വേഷം എന്ന്. അദ്ദേഹം അങ്ങനെ ചോദിക്കുന്നതിന് മടിയില്ലാത്ത ഒരാളാണ്. ജോണി ലൂക്കോസിന്റെ ഒരു ഇന്റർവ്യൂവിൽ ഞാൻ കണ്ടിട്ടുണ്ട്. മമ്മൂട്ടി പറയുന്നത്. ഞാൻ അടൂർ ഗോപാലകൃഷ്ണനോടും എംടിയോടുമൊക്കെ ഞാൻ ചോദിക്കും. എനിക്ക് വേഷമില്ലെ എന്ന്. കാരണം അഭിനയിക്കേണ്ടത് എന്റെ ആവശ്യമാണ് എന്ന്. അടൂർ ഗോപാലകൃഷ്ണന്റെ ആവശ്യമല്ല മമ്മൂട്ടിയെ അഭിനയിപ്പിക്കുക എന്നുള്ളത്.

അത് ഭയങ്കര തിരിച്ചറിവാണ്. ഞാൻ ഒക്കെ തെറ്റിദ്ധരിച്ച്് അഹങ്കാരത്തിന് എന്നെ വന്ന് വിളിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദേഹം വളരെ ക്ലവറാണ്. അപ്പോൾ എന്നോട് ഇടക്കിടെ ചോദിക്കുമ്പോൾ ഞാൻ ഓരോ തണ്ടൊക്കെ പറയും അത് പ്രായംകൊണ്ട് നിങ്ങൾക്ക് ശരിയാകില്ല എന്നൊക്കെ. എന്നെ നിങ്ങളെന്താ ഷട്ടറിൽ വിളിക്കാഞ്ഞെ എന്ന് എന്നോട് ചോദിച്ചതാ. ആദ്യം കണ്ടപ്പോൾ അതാണ് ചോദിച്ചത്. അപ്പോൾ ഞാൻ പറഞ്ഞു ഷട്ടറ് നിങ്ങൾ വന്നാൽ പോലും കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ല. നിങ്ങൾ ഒരു ഓട്ടോറിക്ഷയിൽ കയറിയിട്ട് ഒരു ലോക്കൽ ലൈംഗിക തൊഴിലാളിയുമായിട്ട് പോകുക എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാത്രമല്ല നിങ്ങൾ ആ ഷട്ടറ് പൊളിച്ച് എങ്ങനെയും പുറത്ത് കടക്കും എന്നും ജനത്തിന് അറിയാം. അപ്പോൾ ഒന്നും മിണ്ടിയില്ല. ഞാൻ കണ്ടു നന്നായിട്ടുണ്ട് പടം എന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, നിങ്ങൾ കണ്ടോ ആ പടം, വെറുതെ പറയരുത് എന്ന്. ലാപ്‌ടോപ് തുറന്ന് കാണിച്ചു. ഷട്ടറ് ഞാൻ കണ്ടോണ്ട് ഇരിക്കുന്നത് എന്ന് മമ്മൂക്ക കാണിച്ച് തന്നു. അപ്പോൾ ഞാൻ പറഞ്ഞു ഒരു ഫോട്ടോ എടുക്കട്ടെ എന്ന്. ഫോട്ടോ എടുത്ത് ഞാൻ ഫേസ്‌ബുക്കിൽ ഇട്ടു. മമ്മൂട്ടി സ്റ്റിൽ വാച്ചിങ് ഷട്ടർ എന്ന്. അങ്ങനെ മമ്മൂട്ടിക്ക് വേണ്ടി ഒരു കഥ ഉണ്ടാക്കണമെന്ന് എനിക്ക് ഒരു ആഗ്രഹം ഉണ്ടായിരുന്നു.

അങ്കിൾ ലോ ബഡ്ജറ്റ് പടമായിരുന്നു. ഞാനും സുരാജ് വെഞ്ഞാറമൂടും അഭിനയിക്കാം എന്ന് കരുതി എഴുതിയതാണ്. ചെറിയ സബ്ജക്ട്. പിന്നെ ഞാനും ബിജു മേനോനും ചെയ്യാമെന്ന് വിചാരിച്ചു. അങ്ങനെയൊക്കെ പലരീതിയിൽ ആലോചിച്ചു. ബിജുവിന്റെ അടുത്ത് കഥയൊക്കെ ഞാൻ പറഞ്ഞു. ബിജു ഒകെ എന്നൊക്കെ പറഞ്ഞതാണ്. പിന്നെ ബിജു പറഞ്ഞു, അല്ലെ വേണ്ട ചേട്ടാ ആ പ്രൊഡ്യൂസറുമായിട്ട് മുമ്പ് ചെറിയ പ്രശ്‌നമുണ്ടായിരുന്നതാണ് അതുകൊണ്ട് വേണ്ട നമുക്ക് വേറൊരു സബ്ജക്ട് ചെയ്യാം എന്ന്. അങ്ങനെ പുത്തൻപണത്തിന്റെ സെറ്റിൽ സബ്ജക്ട് പറഞ്ഞപ്പോൾ എന്റെകൂടെ സുരേഷ് കൃഷ്ണയും ഉണ്ടായിരുന്നു. എടാ മുറുക്കിപ്പിടിച്ചോ മമ്മൂക്ക ഡേറ്റ് തന്നാൽ പിന്നെ നീ ഒന്നും നോക്കണ്ട എന്ന്. ഞാൻ പറഞ്ഞു മമ്മൂക്ക എന്റെ വേഷം തട്ടിയെടുക്കുമോ എന്ന്. ഞാൻ അഭിനയിക്കാമെന്ന് വിചാരിച്ച വേഷമാണ് അത്. കാരണം എനിക്കാണല്ലോ കള്ളസ്വഭാവം കൂടുതലുള്ളത്. അതുകൊണ്ട് ഞാൻ ആ ക്യാരക്ടർ ചെയ്യുകയാണെങ്കിൽ ചിലപ്പോൾ ആൾക്കാർ വിശ്വസിച്ചേക്കും. ഇയാൾ മമ്മൂട്ടിയെ ചതിക്കും എന്ന്. ഞാൻ കുറെ പടത്തിൽ ചതിച്ചിട്ടുണ്ട്. പല പെൺകുട്ടികളേയും.

പക്ഷേ മമ്മൂക്ക വിജയസാധ്യതയാണ് നോക്കിയത്. ഞാൻ വിജയസാധ്യതയല്ല നോക്കിയത്. അത് എനിക്കറിയാം. ഞാൻ ബോക്‌സ് ഓഫീസിൽ ഹിറ്റുണ്ടാക്കുന്ന ആളൊന്നുമല്ല. പടം ചെയ്താൽ ചിലപ്പോൾ വേറെ രീതിയിലൊക്കെ ആയിരിക്കും,. പക്ഷേ മമ്മൂട്ടി വന്നാൽ ഷുവർ ഹിറ്റാണ്. അങ്ങനെ മമ്മൂട്ടിയോട് കഥ പറയാൻ പോയി.

ഗോവയിലെ ഒരു ഹോട്ടലിൽ. ഭക്ഷണം വാങ്ങിത്തരാൻ പറഞ്ഞു. അവിടുന്ന് ഞാൻ ഡ്രിങ്ക് കഴിക്കുമല്ലോ. മൂപ്പര് കഴിക്കില്ല. അങ്ങനെ കഥയൊക്കെ പറഞ്ഞു. ആരൊക്കെയാ അഭിനയിക്കുന്നത് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു, മറ്റേ ക്യാരക്ടർ ഞാൻ ആണ്. ഞാൻ അഭിനയിക്കാം എന്നാലേ ആൾക്കാർക്ക് വിശ്വാസം ആകുകയുള്ളു എന്ന് കാരണം നിങ്ങൾ ഒരു മോറൽ അമ്പാസിഡറാണ് എന്ന് ഞാൻ പറഞ്ഞു. നിങ്ങൾ ഒരു പെൺകുട്ടിയെ വഴി പിഴപ്പിക്കുമെന്നോ ബലാത്സംഗം ചെയ്യുമെന്നോ ആരും വിശ്വസിക്കില്ല.

വിശ്വസിപ്പിക്കണമല്ലോ, അതല്ലെ ഡയറക്ടറുടെ കഴിവ് എന്ന് മമ്മൂട്ടി. അങ്ങനെയാണ് മൂപ്പരുടെ ന്യായം. ഡയറക്ടറുടെ കഴിവല്ലെ. ഞാൻ ആക്ടറാണ്. ആ രീതിയിൽ മോൾഡ് ചെയ്ത് എടുക്കണം, നിങ്ങൾ അങ്ങനെ ചെയ്യു എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു സംവിധാനം പുതിയൊരു ആളാണ് എന്ന്. അതാരാണ് എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഗിരീഷ് ദാമോദർ നല്ല കക്ഷിയാണ് എന്ന്. പാവമാണ്, നിങ്ങൾ ഒരുപാട് പുതിയ ആളുകൾക്ക് ഡേറ്റ് കൊടുക്കുന്നതല്ലെ. അങ്ങനെ, മറ്റേ വേഷമൊക്കെ ആരാ ചെയ്യുന്നത് എന്ന് ചോദിച്ചു. പല ആൾക്കാരുടേയും പേര് ഞാൻ പറഞ്ഞു, അപ്പോൾ അത് നിങ്ങള് ചെയ്യു എന്ന് എന്നോട് പറഞ്ഞു. നമുക്ക് രണ്ടാൾക്കും കൂടി ചെയ്യാം എന്ന് പറഞ്ഞു. ഞാൻ ഒരു നിസഹായനായ അച്ഛൻ എന്ന് പറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോ എന്ന് ചോദിച്ചു. അത് നിങ്ങളുടെ ചലഞ്ചാണ് എന്ന് മമ്മൂക്ക പറഞ്ഞു. അത് നിങ്ങൾ ഏറ്റെടുക്ക് എന്ന് പറഞ്ഞു. പുത്തൻപണത്തിന്റെ പാക്കപ്പ് ഡേയുടെ അന്ന് അങ്ങനെയാക്കാം എന്ന് പറഞ്ഞു. അങ്ങനെയാണ് സിനിമ തീരുമാനിച്ചത്.

ചോദ്യം: എത്ര ദിവസമായിരുന്നു ഷൂട്ടിങ്ങ്?

42 ദിവസം. ഭയങ്കര കോഓപ്പറേഷനായിരുന്നു. എല്ലാവരും പറയും മമ്മൂട്ടി ഭയങ്കര ചൂടനാണ് എന്നൊക്കെ. ഞങ്ങൾക്ക് ഭയങ്കര കംഫർട്ട് ആയിരുന്നു. ഒറ്റ കുഴുപ്പമേയുള്ളു എന്നും രാത്രി ഇദ്ദേഹത്തോട് സംസാരിക്കാൻ വേണ്ടി ഞാൻ പോകണം. ലോകകാര്യങ്ങൾ രാഷ്ട്രീയം തമാശ,

ചോദ്യം: പൊളിറ്റിക്‌സാണ് കൂടുതൽ അല്ലേ

അതേ, പിന്നെ ഒരുമിച്ച് ഭക്ഷണം കഴിക്കണം.

ചോദ്യം:എങ്ങനെയാണ് അദ്ദേഹം ഇത്രയും വലിയ ഇടത് സഹയാത്രികനാകുന്നത്?

അദ്ദേഹം പഠിക്കുമ്പോഴെ മഹാരാജാസിൽ എസ്എഫ്‌ഐക്കാരനായിരുന്നു. അതങ്ങ് തുടരുന്നു.

ചോദ്യം: പിണറായി ഭക്തനാണോ?

പിണറായി ഭക്തനാണോ എന്ന് ചോദിച്ചാൽ അല്ലെന്ന് പറയും. പക്ഷേ പിണറായിയുടെ അത്രയും വേണ്ടപ്പെട്ട ആളാണ്.സനമ്മൾ പിണറായി വിജയനെ വിമർശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. പക്ഷേ നമ്മുടെ മനസ്സ് ലെഫ്റ്റാണെന്നും നമ്മൾ വിമർശിക്കുന്നത് വ്യക്തപരമല്ല എന്നും അദ്ദേഹത്തിന് അറിയാം.

അങ്കിളിൽ സദാചാരത്തിന്റെ പേരിൽ കുട്ടിയെ തടഞ്ഞുവെയ്ക്കുന്ന ഒരു രംഗത്തിൽ കുട്ടിയുടെ അമ്മ ഇപ്രകാരം പറയുന്നുണ്ട്, 'വേണ്ടിവന്നാൽ ഞാൻ വിജയേട്ടൻ വിളിക്കുമെന്ന്'. സിനിമയിൽ എന്റെ കഥാപാത്രത്തിന്റെ പേര് വിജയൻ എന്നായിരുന്നു. അപ്പോൾ എല്ലാവവും എന്നെ നോക്കുമ്പോൾ അല്ല, സാക്ഷാൽ മുഖ്യമന്ത്രിയെ കാണണോ എന്നാണ് അടുത്ത ഡയലോഗ്. ആ കഥാപാത്രം തലശ്ശേരിക്കാരിയാണ്. തിയറ്ററിൽ ഈ സംഭാഷണം കേട്ട് എല്ലാരും കയ്യടിച്ചു. ഞാൻ ഭയങ്കരമായി വിമർശിക്കുന്ന ആളാണെല്ലോ. അതുകൊണ്ട് കയ്യടിക്കുന്നവർ അപ്പോൾ തന്നെ നിർത്തി. കഥാപാത്രത്തെയല്ല അവർ കണ്ടത്.

എന്നാൽ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ഈ സംഭാഷണം ഞാൻ വെട്ടാൻ ശ്രമിച്ചു. എന്നാൽ മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെ പറ്റി ഒരു സിനിമയിൽ പറയുന്നത് ശരിയല്ല അത് സിനിമയുടെ ബാലൻസ് പോക്കും എന്ന് ഞാൻ പറഞ്ഞു. എന്നാൽ ആ സംഭാഷണം ശരിയാണെന്നും അത് തിരുത്തേണ്ട ആവശ്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. കഠിനമായ സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാൽ മമ്മൂട്ടി അപ്പോൾ തന്നെ വിളിക്കും. കൊറോണ സമയത്ത് സഹായം എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. വീഡിയോ കോൾ വിളിച്ച് മമ്മുക്ക അന്വേഷിച്ചിരുന്നു.

ചോദ്യം: മോഹൻലാൽ  പക്ഷേ ഇത്തരം പൊളിറ്റിക്കൽ കാര്യത്തിലൊന്നും അഭിപ്രായം പറയില്ല.

മോഹൻലാൽ രാഷ്ട്രീയം പറയില്ല. എന്നാൽ നമ്മൾ പറയുന്നതൊക്കെ കേൾക്കും. വല്യ വെളവനാണ്. ( ചിരിക്കുന്നു) അഭിപ്രായം പറയില്ല.

ചോദ്യം: സംവിധായകൻ എന്ന നിലയിൽ ഷട്ടർ, നല്ല സിനിമയെ സ്നേഹിക്കുന്നവർക്ക് വലിയ പ്രതീക്ഷയായിരുന്നു. പിന്നെ എന്താണ് സംവിധാനത്തിലേക്ക് ഫോക്കസ് ചെയ്യാത്തത്?

സംവിധാനം ഇഷ്ടമാണ്. നമ്മൾ ഈ ലോകത്ത് ജീവിക്കുന്നത് മറ്റുള്ളവരാൽ സ്നേഹിക്കപ്പെടാണാണ്. പണം ഒക്കെ പിന്നെയാണ്. ഞാൻ അങ്ങനെയാണ് കരുതുന്നത്്. ഒരാൾ എനിക്ക് നിങ്ങളെ ഇഷ്ടമാണ് എന്ന് പറഞ്ഞാൽ എനിക്ക് അന്ന് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. ഈ എഴുത്തുകാർ എഴുതുന്നത് എന്തിനാണ്. എവിടെനിന്നൊക്കെയാണ് കത്തുവരിക എന്ന് അറിയുമോ.

എനിക്ക് നടനായതിനുശേഷം അവശ്വസനീയമായ സ്നേഹമാണ് നാട്ടുകാരിൽനിന്ന് കിട്ടുന്നത്. ഒരു ചായക്കടയിൽ പോയായും ഒരു ഓട്ടോയിൽ കയറിയാലും ഒരു പൊലീസുകാന്റെ അടുത്ത് പോയാലും, ബഹുമാനവും സ്നേഹവും നടന് കിട്ടും. അത് ഒരു സംവിധായകന് ലഭിക്കുമെന്ന് തോന്നിയിട്ടില്ല. പക്ഷേ സംവിധാനത്തെക്കുറിച്ചും പുതിയ തിരക്കഥയെക്കുറിച്ചുമൊക്കെ ആലോചിക്കാറുണ്ട്. പക്ഷെ അപ്പോഴായിരിക്കും ഏതെങ്കിലും ചിത്രത്തിന്റെ ഭാഗമാകാൻ വിളിക്കുക. പെട്ടന്ന് പൈസയും കിട്ടും. അപ്പോൾ പണത്തിന്റെ ആവശ്യവും ഉണ്ടാവും.
അപ്പോൾ സംവിധാനം എന്ന ചിന്ത അവിടെ അവസാനിക്കും. നാളുകളായി നടന്നുവരുന്നത് ഇതാണ്. ലാക്കേഷനിലെത്തിയാൽ പിന്നെ സുഹൃത്തുക്കളും കഥാപാത്രവുമൊക്കെയായി പുതിയ ആളാവും. ടെൻഷനില്ല.

മാത്രമല്ല തന്നെ സംബന്ധിച്ച് ഒരു നല്ല സിനിമ സംവിധാനം ചെയ്യുക എന്നത് ടെൻഷൻ പിടിച്ച പണിയാണ്. എന്നാൽ അഭിനയം അത്രകണ്ട് ബുദ്ധിമുട്ടല്ല .എങ്കിലും എന്റെ രണ്ടാം ചിത്രം ഉടൻ സംഭവിക്കും. തിരക്കഥ പുരോഗമിക്കുകയാണ്. രാഷ്ട്രീയം അടിസ്ഥാനമാക്കിയുള്ള സിനിമ നിർമ്മിക്കുന്നത് ദുൽഖർ ആണ്. ഇപ്പോൾ വേറെ ഒരു ആൾക്ക് തിരക്കഥയും എഴുതിക്കൊടുത്തിട്ടുണ്ട്.

ചോദ്യം: ഈ സിനിമാ ലോകം ആസ്വദിക്കുന്നുണ്ട്, നന്നായിട്ട്..

തീർച്ചയായും ഞാൻ ആസ്വദിക്കുന്നുണ്ട്. കാരണം 20 ഓളം നാടകം എഴുതിയ ആളാണ് താൻ. പക്ഷെ അന്ന് എന്നെ ആരും അറിഞ്ഞില്ല. പക്ഷെ ഇപ്പോൾ നിങ്ങൾ പോലും അഭിമുഖത്തിനായി എന്നെ ക്ഷണിച്ചത് സിനിമാക്കാരനായതുകൊണ്ടാണ്. അതുകൊണ്ട് തന്നെ തീർച്ചയായും ഞാൻ സിനിമാ മേഖല ആസ്വദിക്കുന്നുണ്ട്.

ചോദ്യം: നാടകം എന്ന കലാരൂപത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സങ്കടമുണ്ടോ?

നാടകത്തിന്റെ ഇന്നത്തെ അവസ്ഥയിൽ അതീവ ദുഃഖിതനാണ്. പരിതാപകരമാണ് നാടകത്തിന്റെ അവസ്ഥ. സിനിമയിൽ ടെക്കനോളജിയാണ് പ്രധാനം. എന്നാൽ നാടകത്തിൽ അങ്ങനെയല്ല. നിങ്ങൾക്ക് ഇവിടെയിരുന്ന് സിനിമയെടുക്കുന്നത് ന്യൂസിലാൻഡിലും കാണാം, അമേരിക്കയിലും കാണാം, ലോകത്തിന്റെ എവിടെ നിന്നും കാണാം.
നാടകം നിങ്ങൾക്ക് ആ സ്ഥലത്തേ കാണാൻ കഴിയൂ. എന്ത് ടെക്ക്നോളജി ഉപയോഗിച്ചും നിങ്ങൾ വിഷ്വൽ മീഡിയയിലേക്ക് മാറ്റിയാൽ അത് നാടകം ആവില്ല. പലരും നാടകം ഷൂട്ട് ചെയ്ത് കാണിക്കുന്നുണ്ട്. പക്ഷേ അത് നാടകം അല്ല.

പിന്നെ ഓരോ കാലത്തിനനുസരിച്ച് കലാരൂപങ്ങൾ മാറും. ഓട്ടൻ തുള്ളൽലും കഥകളിയുമൊക്കെ പണ്ട് ക്ഷേത്രങ്ങളിൽ ജനം തിങ്ങിക്കൂടിയിരുന്ന് കണ്ടതാണ്. അതുപോലെ കഥാപ്രസംഗം. ഒരു ഗ്രാമത്തിൽ ഉൽസവംപോലെയാണ് നാടകം ആഘോഷിക്കപ്പെട്ടത്. ഗ്രാമങ്ങളായിരുന്നു നാടകത്തെ പിടിച്ചുനിർത്തിയത്. ഇപ്പോൾ ഗ്രാമങ്ങൾ ഇല്ലാതായി. മൊബൈലിലാണ് ഗ്രാമങ്ങൾ. മൊബൈൽ വന്നതോടെ ആളുകളുടെ നട്ടെല്ല് വളഞ്ഞു. എല്ലാവർക്കം കുനിഞ്ഞിരിക്കൽ ശീലമായി. നാടകം എന്നത് നട്ടെല്ല് നിവർത്തി കാണേണ്ട കലയാണ്.

ചോദ്യം: എത്രകാലം നാടകത്തിൽ പ്രവർത്തിച്ചു?

ഞാൻ മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യം നാടകത്തിൽ അഭിനയിച്ചത്. തുടർന്ന് ഒരു 32വയസ്സുവരെ നാടകത്തിൽ സജീവമായി ഉണ്ടായിരുന്നു. 22ഓളം നാടകങ്ങൾ എഴുതി. ആറെണ്ണം പുസ്തകം ആക്കിയിട്ടുമുണ്ട്. ഒരുപാട് നാടകങ്ങൾ സംവിധാനവും ചെയ്തു.

മറക്കാനാകാത്ത അനുഭവം നൽകിയത് സക്കറിയ എഴുതിയ കഥയെ ആസ്പദമാക്കി, സുവീരന്റെ 'ഭാസ്‌കര പട്ടേലറും തൊമ്മിയുടെ ജീവിതവും' എന്ന നാടകമാണ്. ഇതിലെ എന്റെ അഭിനയം കണ്ട് എഴുത്തുകാൻ സക്കറിയ ഒരു കഥയെഴുതി എനിക്ക് സമർപ്പിച്ചിരുന്നു. വിധേയൻ സിനിമ വന്നിട്ടാണ് നാടകം ഉണ്ടാവുന്നത്. അതാണെല്ലോ നമ്മുടെ ചലഞ്ച്. സാംസ്കാരിക വേദി രൂപീകരിക്കാൻ കാരണമായ മാകിസിം ഗോർക്കിയുടെ അമ്മ നാടകം ചെയ്യുന്നത് എന്റെ 17 വയസ്സിലാണ്. അത് കേരളത്തിലെ നൂറിലധികം സ്റ്റേജുകളിൽ പ്രദർശിപ്പിച്ചു. പിന്നെ സ്പാർട്ടാക്കസ്, ജൂലിയസ് സീസർ, തുടങ്ങിയ നാടകങ്ങൾ

ചോദ്യം: അപ്പോൾ അതായിരുന്നു ജീവിതം എന്നാണ് കരുതിയിരുന്നത്

അല്ല. അതും ചെയ്തത് സ്നേഹം കിട്ടാൻ വേണ്ടിയാണ്. നാടകക്കാരോട് ആളുകൾക്ക് ഭയങ്കര സ്നേഹമാണ്. ആലപ്പുഴയിൽനിന്ന് ജനം ഒരുകുലപ്പഴമാണ് ഞങ്ങൾക്ക് നൽകിയത്. നാടക്കാരനും ജനങ്ങളുടെ സ്നേഹം നന്നായികിട്ടും.

( തുടരും)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP