Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രസ് ക്ലബ് ബാറിനെതിരെ വിവരം തേടിയ പത്രപ്രവർത്തകനെ തൂപ്പുകാരിയെ അപമാനിച്ചെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു; വീട് റെയ്ഡ് ചെയ്ത് വിജിലൻസ് കേസിലും ക്രൈംബ്രാഞ്ച് കേസിലും പ്രതിയാക്കി: തലസ്ഥാനത്തെ ഒരു വിഭാഗം പത്രക്കാർ ഗുണ്ടകളായി നാട് ഭരിക്കുന്ന വിധം

പ്രസ് ക്ലബ് ബാറിനെതിരെ വിവരം തേടിയ പത്രപ്രവർത്തകനെ തൂപ്പുകാരിയെ അപമാനിച്ചെന്ന് പറഞ്ഞ് അറസ്റ്റ് ചെയ്തു; വീട് റെയ്ഡ് ചെയ്ത് വിജിലൻസ് കേസിലും ക്രൈംബ്രാഞ്ച് കേസിലും പ്രതിയാക്കി: തലസ്ഥാനത്തെ ഒരു വിഭാഗം പത്രക്കാർ ഗുണ്ടകളായി നാട് ഭരിക്കുന്ന വിധം

ഷാജൻ സ്‌കറിയ

റാത്തിയിലെ പ്രമുഖ പത്രമായ സക്കാളിന്റെ കേരള ലേഖകൻ അജയകുമാറുമായി സംസാരിച്ചപ്പോൾ കൈവിറയ്ക്കുകയായിരുന്നു. നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഏറ്റവും അധികം സ്വാധീനമുള്ള ഒരു അക്രഡിറ്റഡ് ജേർണലിസ്റ്റിന് നീതി നിഷേധിക്കപ്പെട്ട് അലഞ്ഞു നടന്ന അനുഭവം കേട്ടപ്പോൾ ഇവിടുത്തെ സാധാരണക്കാരുടെ അവസ്ഥ ഓർത്തായിരുന്നു ആദ്യം സങ്കടം തോന്നിയത്. നാഴികയ്ക്ക് നാല്പത് വട്ടം അഴിമതിയ്‌ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന മാദ്ധ്യമപ്രവർത്തകരാണ് ഈ അനീതിയുടെ ചുക്കാൻ പിടിച്ചത് എന്നോർത്തപ്പോൾ ധാർമ്മികരോഷം ഇരട്ടിച്ചു. അക്രഡിറ്റേഷനും പ്രസ് ക്ലബ്ബ് അംഗത്വവും ഒക്കെയുള്ള ഒരു മാദ്ധ്യമ പ്രവർത്തകന് ഇത് സംഭവിച്ചു എന്നറിഞ്ഞപ്പോൾ ഇതൊന്നുമില്ലാത്ത ഈ ലേഖകനേയും കാത്തിരിക്കുന്നത് ഇതേ അനുഭവം ആകുമല്ലോ എന്നോർക്കുമ്പോൾ അത് വിറയലായി മാറി. പക്ഷേ, ഇത്തരം ഭീതികളെ അതിജീവിക്കാൻ സാധിച്ചില്ലെങ്കിൽ എങ്ങനെ സ്വയം ഒരു മാദ്ധ്യമപ്രവർത്തകൻ എന്നു വിളിക്കാൻ സാധിക്കും എന്ന മനസാക്ഷിയുടെ ചോദ്യത്തിന് മുമ്പിൽ കീഴടങ്ങുകയാണ്.

അജയൻ ഇപ്പോഴും അക്രഡിറ്റേഷൻ ഉള്ള പത്രക്കാരൻ ആണ്. തലസ്ഥാനത്തെ മാദ്ധ്യമ പുലികളുടെ താവളമായ ജേർണലിസ്റ്റ് കോളനിയിൽ തന്നെയാണ് താമസം. എന്നാൽ തലസ്ഥാനത്തെ പത്രക്കാരുടെ പ്രധാന താവളമായ പ്രസ് ക്ലബ്ബിൽ അജയന് അംഗത്വം ഇല്ല. അംഗത്വം സ്വയം രാജിവച്ചതല്ല. അനീതിക്കെതിരെ ശബ്ദമുയർത്തിയപ്പോൾ പുറത്താക്കിയതാണ്. ആ അനീതിക്കെതിരെ ഉയർത്തിയ ശബ്ദം അജയൻ എന്ന സാധാരണക്കാരനായ മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. കോടതി കയറിയിറങ്ങിയും ന്യായാധിപന്മാർക്ക് മുമ്പിൽ കുറ്റവാളിയെപ്പോലെ നിന്നും അജയൻ തള്ളി നീക്കിയത് നീണ്ട ആറ് വർഷമാണ്. എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ട ആരോടും പരിഭവമില്ലാതെ സ്വതന്ത്രമായി കഴിഞ്ഞ് കൂടുമ്പോഴായിരുന്നു സുനിത ദേവദാസ് എന്ന മാദ്ധ്യമപ്രവർത്തകയും തുടർന്ന് മറുനാടൻ മലയാളിയും അജയന്റെ ഉറക്കം കെടുത്തിയത്. പ്രസ് ക്ലബ്ബ് എന്ന ഗുണ്ടാ സംഘത്തിനെതിരെ മിണ്ടാതിരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് ഒരു വെളിപ്പെടുത്തലിന് തയ്യാറായി അജയൻ എത്തിയത്.

അജയന്റെ ജീവിതത്തിലെ പീഡന പർവ്വങ്ങളുടെ ഒക്കെ തുടക്കം ഇപ്പോൾ വിവാദമായിരിക്കുന്ന പ്രസ് ക്ലബ്ബ് ബാറാണ്. അനേകം കഴിവുള്ള പത്രപ്രവർത്തകർ ഈ ബാറ് മൂലം ജീവിതം നശിച്ച അവസ്ഥയോടുള്ള ധാർമ്മിക രോഷം എന്ന നിലയിൽ ആയിരുന്നു തുടക്കം. രാവിലെ 11 മണിക്ക് ബാർ തുറക്കുമ്പോൾ മുതൽ അവിടെയെത്തി മദ്യപാനം ആരംഭിച്ച് ലിവർസിറോസിസ് ബാധിച്ച് മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായി അനേകം പേരെ കണ്ട് മനം നൊന്ത് ആദ്യം അജയൻ ചെയ്തത് പ്രസ് ക്ലബ് മീറ്റിങ്ങുകളിൽ തന്നെ ശബ്ദം ഉയർത്തുകയായിരുന്നു. അന്ന് പക്ഷേ, അജയന്റെ ശബ്ദത്തിന് ചെവികൊടുക്കാൻ ആരും ഉണ്ടായിരുന്നില്ല. തുടർന്നായിരുന്നു നിയമ നടപടി എടുക്കാൻ ആലോചിച്ച് അരയും തലയും മുറുക്കി അജയൻ രംഗത്ത് ഇറങ്ങിയത്. എക്‌സൈസ് കമ്മീഷണറുടെ ഓഫീസിൽ ചെന്ന് വിവരാവകാശ നിയമ പ്രകാരം ഒരു അപേക്ഷ നൽകുകയായിരുന്നു ആദ്യം ചെയ്തത്.

അപേക്ഷ നൽകിയ അന്നു തന്നെ പ്രസ് ക്ലബ്ബിൽ നിന്നും അജയന് വിളികൾ വന്നു. അനാവശ്യ പരിപാടിക്ക് പോകരുത് എന്ന മുന്നറിയിപ്പുകൾ നൽകി. എന്നാൽ വച്ചകാല് പുറകോട്ടില്ല എന്നു തീരുമാനിച്ച് അജയൻ എക്‌സൈസ് ഓഫീസിൽ മറുപടി കാത്ത് പലതവണ ചെന്നു. ഒടുവിൽ എക്‌സൈസുകാർ തുറന്ന് പറഞ്ഞു. ഇത് സംബന്ധിച്ചാണ് അന്വേഷണം നടത്തരുത് എന്ന് ഉന്നത ഉദ്യോഗസ്ഥരുടെ ശക്തമായ നിർദ്ദേശമുണ്ട്. പ്രസ് ക്ലബ്ബിൽ ചെന്നു വിവരം തിരക്കി അവിടെ അനധികൃത ബാറില്ലെന്നു മറുപടി നൽകാനേ പറ്റൂ. ബാർ നടത്താൻ ലൈസൻസ് നൽകിയിട്ടില്ലെന്നും നിയമപരമായ മറ്റ് ക്ലബ്ബുകൾക്ക് നൽകുന്നതുപോലെ പ്രസ് ക്ലബ്ബിന് ലൈസൻസ് നൽകാൻ അനുമതിയില്ല എന്നും രേഖാമൂലം അതിനിടെ അറിയിപ്പ് ലഭിച്ചു.

ഇത്രയും ആയപ്പോൾ ഇനി പരാതി കൊടുത്തിട്ടും കാര്യമില്ല എന്നു അജയനു ബോധ്യമായി. പരിശോധന നടത്തി അങ്ങനെ ബാർ ഇല്ല എന്ന എക്‌സൈസുകാർ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെയാണ് വീണ്ടും പരാതി നൽകുക. ഇങ്ങനെ പറയുമ്പോഴും സങ്കേതത്തിൽ മദ്യവിതരണം തകൃതിയായി നടക്കുന്നുണ്ടായിരുന്നു. ഇതോടെ അജയന്റെ ആവേശം കെട്ടടങ്ങി പോവേണ്ടതായിരുന്നു. എന്നാൽ അക്കാലത്ത് എസിവിക്ക് വേണ്ടി ഒരു പ്രത്യേക പരിപാടി അജയൻ ചെയ്യുന്നുണ്ടായിരുന്നു. അജയൻ സങ്കേതത്തിന്റെ വീഡിയോ പകർത്തിക്കാണുമെന്നും അത് എസിവിയിൽ സംപ്രേഷണം ചെയ്യാൻ ഇടയുണ്ടെന്നും ഭയന്ന പ്രസ് ക്ലബ്ബ് ഭാരവാഹികൾ അജയനോട് പ്രതികാരം ചെയ്യാൻ തീരുമാനിച്ചു. അവിടം മുതൽ ഈ മാദ്ധ്യമ പ്രവർത്തകന്റെ ജീവിതം വഴി മാറുകയാണ്. യാതൊരുബന്ധങ്ങളും ഇല്ലാത്ത സാധാരണക്കാരന് പോലും സംഭവിക്കാൻ സാധ്യതയില്ലാത്ത ദുരിതങ്ങളായിരുന്നു തുടർന്ന്.

പ്രസ് ക്ലബ്ബിലെ പ്രസ് റൂമിൽ ഇരിക്കുമ്പോൾ കന്റോൺമെന്റ് സ്‌റ്റേഷനിലെ ഒരു പൊലീസുകാരനും കാണാൻ എത്തി. 'അജയൻ എത്രയും വേഗം ഒളിവിൽ പോകണം. നിങ്ങൾക്കെതിരെ ഒരു പരാതിയുണ്ട.് ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചു എന്നാണ്. അറസ്റ്റിന് സാധ്യതയുള്ളതിനാൽ മുങ്ങുന്നതാണ് നല്ലത്' ഇത്രയുമായിരുന്നു പൊലീസുകാരന്റെ സന്ദേശം. പരാതിയുടെ മറ്റ് വിശദാംശങ്ങൾ ഒന്നും അജയനോട് പൊലീസുകാരൻ പറഞ്ഞില്ല. എന്നാൽ അറസ്റ്റ് ഭയന്ന് ഒളിവിൽ പോകാൻ മനസ്സില്ല എന്നതായിരുന്നു അജയന്റെ ധീരമായ നിലപാട്. രണ്ട് മൂന്നു ദിവസം ഈ പൊലീസുകാരൻ അജയനെ കാണാൻ എത്തി. പോകില്ല എന്നുറപ്പായപ്പോൾ ഒരു ദിവസം ഇയാൾ പറഞ്ഞു-പ്രശ്‌നങ്ങൾ എല്ലാം തീർന്നിട്ടുണ്ട്. സർ സിഐയെ പോയി ഒന്നു കാണണം. എങ്കിൽ ആയിക്കോട്ടെ എന്നു കരുതിയ കന്റോൺമെന്റ് സ്‌റ്റേഷനിൽ സിഐയെ ചെന്നു കാണാനായി അജയൻ പുറപ്പെട്ടു. അവിടെ ചെന്നപ്പോഴാണ് കേസിന്റെ വിശദാംശങ്ങൾ അറിയുന്നത്.

സങ്കേതത്തിന്റെ വീഡിയോ പകർത്താൻ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന തൂപ്പുകാരിയെ അപമാനിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രസ് ക്ലബ്ബ് സെക്രട്ടറിയുടെ പരാതി. വിവരങ്ങൾ ഒക്കെ പഠിച്ച സിഐയ്ക്ക് പക്ഷേ, കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി. എന്നാൽ സിറ്റി പൊലീസ് കമ്മീഷണറുടെ കർക്കശ നിർദ്ദേശം മൂലം ആണെന്നും അറസ്റ്റ് ചെയ്യാൻ ഉത്തരവ് ലഭിച്ചിരിക്കയാണെന്നും ചൂണ്ടിക്കാട്ടി സിഐ അറസ്റ്റ് ചെയ്യാതെ മറ്റൊരു വഴിയും ഇല്ലെന്ന് പറയുകയായിരുന്നു. അറസ്റ്റ് ചെയ്ത് 14 ദിവസം റിമാൻഡ് ചെയ്യാനും ജാമ്യം കൊടുക്കാതിരിക്കാനും ആയിരുന്നു അന്നത്തെ പ്രസ് ക്ലബ്ബ് ഭാരവാഹികൾ കെണിയൊരുക്കിയിരുന്നത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുമ്പോൾ ഫോട്ടോ എടുത്ത് പത്രത്തിൽ കൊടുക്കാൻ ഫോട്ടോഗ്രാഫർമാരുടെ ഒരു നിര കാത്ത് നില്പുണ്ടായിരുന്നു. വർഷങ്ങളോളം തലസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകനായി പ്രവർത്തിച്ച പരിചയം ഉള്ളതുകൊണ്ട് ആഭ്യന്തരമന്ത്രി ആയിരുന്ന കോടിയേരി ബാലകൃഷ്ണനെ വിളിച്ച് റിമാൻഡ് ഒഴിവാക്കാൻ അജയന് കഴിഞ്ഞു.

എന്നാൽ പിന്നീട് ഏഴ് വർഷം ദുരിതങ്ങളുടെ തീരാക്കഥകളാണ് അജയന്റെ ജീവിതത്തിൽ സംഭവിച്ചത്. പിറ്റേ ദിവസം തന്നെ അജയന്റെ വീട്ടിൽ പൊലീസ് റെയ്ഡിനെത്തി. സങ്കേതത്തിൽ നിന്നു അജയൻ പകർത്തിയെന്നു പ്രസ് ക്ലബ്ബ് ഭാരവാഹികൾ വിശ്വസിക്കുന്ന വീഡിയോ ദൃശ്യത്തിന് വേണ്ടിയായിരുന്നു ആ റെയ്ഡ്. അത്തരം ഒരു വീഡിയോ കണ്ടെത്തിയാൽ തൂപ്പുകാരിയെ അപമാനിച്ചു എന്ന കേസിന് ബലമാകും എന്ന പൊലീസ് ബുദ്ധിയായിരുന്നു ഇതിന് പിന്നിൽ. എന്നാൽ അത് പ്രസ് ക്ലബ്ബ് ജീവനക്കാരുടെ ആശങ്ക മാത്രമായിരുന്നതിനാൽ ഒന്നും ലഭിച്ചില്ല. റെയ്ഡ് വിവരം പല പത്രങ്ങളുടെയും പ്രാദേശിക പേജിൽ വാർത്ത ആക്കാനും സങ്കേതത്തിന്റെ കാവൽക്കാർ മറന്നില്ല.

പക്ഷേ, അതുകൊണ്ടൊന്നും അജയൻ തളർന്നില്ല. പോരാടാൻ ഉറച്ച് കേസുമായി മുമ്പോട്ട് പോയി. അതിനിടയിൽ വേറൊരു ക്രിമിനൽ കേസ് കൂടി അജയന്റെ പേരിൽ ചുമത്തപ്പെട്ടു. മന്ത്രി പി കെ ശ്രീമതിയുടെ ഒരു അഴിമതി ഇടപാടിനെക്കുറിച്ച് പത്രസമ്മേളനത്തിൽ വച്ച് ചോദ്യം ചോദിച്ചതിനായിരുന്നു ആ കേസ്. വ്യാജരേഖ ചമച്ചു എന്ന പേരിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മന്ത്രിയുടെ ഓഫീസിനെക്കാൾ താത്പര്യം പ്രസ് ക്ലബ്ബിലെ മാഫിയക്കാർക്കാണ് എന്നു അജയൻ പറയുന്നു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മാന്യനായിരുന്നതിനാൽ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തി തള്ളി. എന്നിട്ടും മാദ്ധ്യമമാഫിയാ തലവന്മാർക്ക് കലിപ്പു തീർന്നില്ല. ഇതേവിഷയത്തിൽ പിന്നീട് അജയന്റെ പേരിൽ ഉണ്ടാകുന്നത് ഒരു വിജിലൻസ് കേസായിരുന്നു. ഈ രണ്ട് കേസുകൾക്കും മൊഴികൊടുക്കാനും രേഖകൾ തയ്യാറാക്കാനും വേണ്ടി കുറഞ്ഞത് ആറ് മാസം എങ്കിലും കളഞ്ഞതായി അജയൻ പറയുന്നു. തൂപ്പുകാരിയെ അപമാനിച്ച കേസിന് വേണ്ടി അനേകം തവണ കോടതിയിൽ പോകേണ്ടി വരുന്നതിനിടയിൽ ആയിരുന്നു ഇത്.

വക്കീലന്മാരും പ്രസ് ക്ലബ്ബ് മാഫിയയുടെ പിടിയിൽ വീണപ്പോൾ സ്വയം കേസ് വാദിക്കേണ്ട സാഹചര്യത്തിൽ ആയിരുന്നു അജയൻ. പ്രസ് ക്ലബ്ബിൽ നിന്നും പുറത്താക്കിയതിനെതിരെ അജയൻ കൊടുത്ത പരാതി കോടതി തള്ളിയതിന്റെ കാരണം ഇപ്പോഴും അജയന് വ്യക്തമല്ല. തൂപ്പുകാരിയെ അപമാനിച്ച കേസിൽ നിന്നും തൂപ്പുകാരി പോലും പിൻവാങ്ങിയതോടെ കേസിൽ തീർപ്പ് കല്പിക്കേണ്ട മജിസ്‌ട്രേറ്റ് വിചിത്രമായ ഒരു നിർദ്ദേശം മുന്നോട്ട് വച്ചു. പ്രസ് ക്ലബ്ബ് ഭാരവാഹികൾ കോടതിയിൽ എത്തി ക്ഷമാപണം നടത്തും, പകരം പരാതിയിൽ നിന്നും അജയനും പിന്മാറണം. മറ്റൊരു നിവൃത്തിയും ഇല്ലാതെ വന്നപ്പോൾ ആ ക്ഷമാപണം സ്വീകരിച്ച് അജയൻ പിന്മാറുകയായിരുന്നു. ഇത്രയധികം ക്രൂരതകൾ ചെയ്തിട്ടും എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിന് അജയന് ന്യായങ്ങൾ പറയാനുണ്ട്.

'തുടർച്ചയായി ആറ് വർഷമാണ് ഞാൻ ഇതിന്റെ പിറകേ നടന്നത്. ഒട്ടേറെ സാമ്പത്തിക നഷ്ടം ഉണ്ടായി. എസിവിയുടെ പരിപാടി അടക്കം പല ജോലികളും നഷ്ടമായി. കുടുംബത്തെ നോക്കാൻ പോലും നേരമില്ലാതായി. ഉപജീവനമാർഗ്ഗമായ സ്വന്തം ജോലി പോലും വേണ്ടത് പോലെ ചെയ്യാൻ കഴിയാതെയായി. പൊലീസും നീതി പീഠങ്ങളും വരെ ഒരു പരിധി വരെ ഒപ്പം നിൽക്കുന്നത് ഈ മാഫിയക്കൊപ്പം ആണെന്ന് ബോധ്യമായി. എനിക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട് ഞാൻ സ്വയം പിന്മാറുകയായിരുന്നു'അജയ് കുമാർ പറഞ്ഞ് അവസാനിപ്പിച്ചു.

അന്ന് പ്രസ്‌ക്ലബ്ബിലെ അനധികൃത ബാറിന്റെ പേരിൽ അജയനെ വേട്ടയാടാൻ നേതൃത്വം നൽകിയ സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് പൊലീസിന്റെ ഉന്നത സ്ഥാനത്ത് ഉണ്ട്. അന്ന് അജയനെതിരെ പോരാടിയ പ്രസ് ക്ലബ്ബ് സെക്രട്ടറി ഇന്നു സ്വന്തം സ്ഥാപനത്തിൽ അച്ചടക്ക നടപടി നേരിട്ട് പ്രധാന തസ്തികയിൽ കഴിയുന്നു. ഇവരുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയമ തടസ്സം വല്ലതും ഉണ്ടോ എന്ന അന്വേഷണത്തിലാണ് ഞങ്ങൾ. അനുകൂല ഉപദേശം ലഭിച്ചാൽ വരും ദിവസങ്ങളിൽ ഇത് പ്രസിദ്ധീകരിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP