Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്താക്കി കഴിഞ്ഞപ്പോൾ; കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി; എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസ്; പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും സൂചനകൾ; ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിന് വേണ്ടി ഇടതും വലതും സജീവം

ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്താക്കി കഴിഞ്ഞപ്പോൾ; കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി; എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസ്; പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും സൂചനകൾ; ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണി; കേരളാ കോൺഗ്രസിന് വേണ്ടി ഇടതും വലതും സജീവം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതിൽ കോൺഗ്രസ് ഹൈക്കമാണ്ടിന് നീരസം. യുപിഎയിൽ അംഗമായ പാർട്ടിയെ പുറത്താക്കിയതാണ് പ്രശ്‌നമാകുന്നത്. ഇക്കാര്യം കെപിസിസിയെ ഹൈക്കമാണ്ട് അറിയിച്ചിട്ടുണ്ട്. ഇതോടെ ജോസ് കെ മാണിയെ മുന്നണിയിൽ മടക്കിക്കൊണ്ടുവരാൻ യു.ഡി.എഫ്. ശ്രമം തുടങ്ങി. ഒരു താക്കീത് എന്നതിനപ്പുറം പൂർണമായ പുറത്താക്കലിന് മുന്നണി ഉദ്ദേശിച്ചിട്ടില്ലെന്ന സന്ദേശമാണ് യു.ഡി.എഫ്. നേതൃത്വം നൽകുന്നത്. ഇടതുമുന്നണിയെ വിശ്വസിച്ച കെ. കരുണാകരനുണ്ടായ അനുഭവം ഉയർത്തിയാണ് ജോസ് കെ മാണിയെ അനുനയിപ്പിക്കുന്നത്. യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാന്റെ വാക്കുകളിലെ പിഴവാണ് ഇതിന് കാരണമെന്നും കോൺഗ്രസ് തന്നെ വിശദീകരിക്കുന്നു.

ജോസ് കെ മാണിയുടെ സ്വാധീനം യുഡിഎഫ് അറിഞ്ഞത് പുറത്തായി കഴിഞ്ഞപ്പോൾ എന്നതാണ് വാസ്തവം. കേരളാ കോൺഗ്രസിനെ പിണക്കിയതിൽ കോൺഗ്രസ് നേതാക്കന്മാർ പരസ്പരം പഴിചാരിക്കൊണ്ട് അനുനയ നീക്കം തുടങ്ങി. എല്ലാ കുറ്റങ്ങളും ബെന്നി ബെഹന്നാന്റെ തലയിൽ വച്ചുകെട്ടി കോൺഗ്രസിലെ വിവധ നേതാക്കൾ സജീവമാണ്. ജോസ് കെ മാണിയെ പുറത്താക്കാൻ ഐ ഗ്രൂപ്പും ബെന്നിയും ഗൂഢാലോചന നടത്തിയെന്നാണ് ചില സംസ്ഥാന നേതാക്കൾ പറയുന്നത്. ജോസ് കെ മാണിയെ പുറത്താക്കിയതോടെ ജോസഫിന്റെ പ്രശ്‌നം തീർന്നതിനാൽ ഇനിയും ചർച്ചയും ധാരണയുമെന്നും അവർ സൂചനകൾ നൽകുന്നു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചങ്ങനാശ്ശേരിയിലും തിരുവല്ലയും ഇരിങ്ങാലക്കുടയും തന്നാൽ മടങ്ങാമെന്ന് ജോസ് കെ മാണിയും കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സിപിഎമ്മും കേരളാ കോൺഗ്രസിന് പൂർണ്ണമായും അനുകൂലമാണ്. അതുകൊണ്ട് തന്നെ ജോസ് കെ മാണി പരസ്യ നിലപാടൊന്നും എടുക്കുകയുമില്ല.

ഇടതുപക്ഷത്തോടാണ് ജോസ് കെ മാണിക്ക് താൽപ്പര്യം. എങ്കിലും കാലുമാറി പോയവർക്ക് പണി കൊടുക്കുകയാണ് ലക്ഷ്യം. ചങ്ങനാശേരിയിൽ സിഎഫ് തോമസും ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും സീറ്റ് ആഗ്രഹിക്കുന്നവരാണ്. ഇത് നൽകാമെന്ന ഉറപ്പിലാണ് രണ്ടു പേരും ജോസഫിനൊപ്പം പോയത്. വിക്ടർ തോമസിന് തിരുവല്ല കൊടുക്കാമെന്നാണ് ജോസഫ് കൊടുത്ത ഉറപ്പ്. ഈ സാഹചര്യത്തിലാണ് ഈ മൂന്ന് സീറ്റുകളും ജോസ് കെ മാണി ചോദിക്കുന്നത്. കേരളാ കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളാണ് ഈ മൂന്ന് മണ്ഡലവും. അതുകൊണ്ട് മാണിയുടെ അവകാശികൾക്ക് ഈ സീറ്റുകൾ വേണമെന്നാണ് ജോസ് കെ മാണിയുടെ പക്ഷം. ഇതിന് കോൺഗ്രസ് വഴങ്ങിയാൽ ഇനിയും ഒത്തൂ തീർപ്പ് സാധ്യമാകുമെന്നാണ് സൂചന. എന്നാൽ ഇതു മൂന്നും കൊടുത്താൽ പിജെ ജോസഫ് പ്രശ്‌നമുണ്ടാക്കുകയും ചെയ്യും. എങ്കിലും രണ്ട് എംപിമാരുള്ള ജോസ് കെ മാണിയെ പിണക്കരുതെന്ന കോൺഗ്രസ് ഹൈക്കമാണ്ട് നിർദ്ദേശം കെപിസിസിയെ ഗൗരവതരമായ ചിന്തകളിലേക്ക് എത്തിക്കുന്നുണ്ട്.

പാലായും കാഞ്ഞിരപ്പള്ളിയും ഇടുക്കിയും ഏറ്റുമാനൂരും പേരാമ്പ്രയും വേണമെന്നും ജോസ് കെ മാണി ആവശ്യപ്പെടും. ഇതുൾപ്പെടെ എട്ട് സീറ്റുകൾ ഉറപ്പിച്ചാൽ യുഡിഎഫിലേക്ക് മടങ്ങാമെന്നാണ് കോൺഗ്രസ് നേതാക്കളെ ജോസ് കെ മാണിയുടെ വിശ്വസ്തർ അറിയിക്കുന്നത്. ഇതിന് പുറമേ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ ജോസ് കെ മാണി വിഭാഗത്തിന് വേണം. കഴിഞ്ഞ തവണ ജോസഫ് പക്ഷം മത്സരിച്ച സീറ്റുകൾ ആവശ്യപ്പെടുകയുമില്ല. മാണിയും ജോസഫും തമ്മിലുണ്ടാക്കിയ സീറ്റ് വിഭജനത്തിൽ ഉറച്ചു നിൽക്കാനാണ് കേരളാ കോൺഗ്രസിന്റെ ആവശ്യം. ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന് കോൺഗ്രസ് പരിശോധിക്കുന്നുണ്ട്. ജോസ് കെ മാണിയെ പുറത്തു നിർത്തുന്നതിന് മുസ്ലിം ലീഗിനും താൽപ്പര്യമില്ല. ഇതും കോൺഗ്രസിനെ വെട്ടിലാക്കുന്നുണ്ട്.

എല്ലാം ബെന്നി ബെഹന്നാന്റെ വീഴ്ചയാണെന്ന് ലീഗും നിലപാട് എടുക്കുന്നുണ്ട്. പലവട്ടം ചർച്ച നടത്തുകയും മധ്യസ്ഥരെല്ലാം ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ നിന്നപ്പോൾ യു.ഡി.എഫ്. യോഗത്തിൽനിന്ന് വിലക്കിയത് ഒരു താക്കീത് മാത്രമായിരുന്നു. അത് പുറത്താക്കലാണെന്ന വ്യാഖ്യാനം വന്നപ്പോൾ യു.ഡി.എഫ്. നേതൃത്വം അക്കാര്യം വിശദീകരിക്കുകയും ചെയ്തു. ഇതുൾക്കൊണ്ടുള്ള ഒരു ഒത്തുതീർപ്പിനാണ് യു.ഡി.എഫ്. ശ്രമിക്കുന്നത്. കെ. കരുണാകരൻ രൂപംനൽകിയ ഡി.ഐ.സി. ഇടതുമുന്നണിയുമായി അടുത്തപ്പോഴുണ്ടായ അനുഭവമാണ് കോൺഗ്രസ് നേതൃത്വം ഓർമിപ്പിക്കുന്നത്. കോൺഗ്രസ് പിളർത്തി പുറത്തുപോയ കരുണാകരനുമായി തദ്ദേശ തിരഞ്ഞെടുപ്പിൽ സഹകരിച്ച ഇടതുമുന്നണി വലിയ നേട്ടംകൊയ്തു. തിരുവനന്തപുരം പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രന്റെ വിജയത്തിനു പിന്നിലും കരുണാകരന്റെ സഹായമുണ്ടായിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഡി.ഐ.സി.യെ മുന്നണിയിലെടുക്കാനോ മാന്യമായ സീറ്റ് ധാരണയ്‌ക്കോ എൽ.ഡി.എഫ്. തയ്യാറായില്ലെന്നാണ് യു.ഡി.എഫ് പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തുനിൽക്കവെ പ്രാദേശികമായി സ്വാധീനമുള്ള നേതാക്കളെ ഒപ്പംനിർത്താനുള്ള ശ്രമമാണ് ഇരുകൂട്ടരും നടത്തുന്നത്. എന്നാൽ, പാർട്ടി അപമാനിക്കപ്പെട്ടുവെന്ന തോന്നലുള്ളതിനാൽ പ്രവർത്തകർക്കിടയിൽ ശക്തമായ കോൺഗ്രസ് വിരുദ്ധ വികാരമുണ്ടെന്നാണ് ജോസ് വിഭാഗം പറയുന്നത്. ഹൈക്കമാൻഡ് ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്ന ആവശ്യം കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. രണ്ട് എംപി.മാരുള്ള ഗ്രൂപ്പിനെ മുന്നണിക്കു പുറത്താക്കിയ തീരുമാനത്തോട് യോജിക്കാത്തവരാണ് ഹൈക്കമാൻഡ് ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നത്. എന്നാൽ, യോജിപ്പിനുള്ള സാധ്യതയുണ്ടെങ്കിലേ ഹൈക്കമാൻഡ് ഇടപെടലിന് പ്രസക്തിയുള്ളൂ. അത്തരം രാഷ്ട്രീയസാഹചര്യം ഇനിയും ഉണ്ടായിട്ടില്ലെന്നാണ് സൂചന.

അതിനിടെ ഇടതുപക്ഷം കേരളാ കോൺഗ്രസിനെ കൂടെ കൂട്ടാനുള്ള തീരുമാനത്തിലുമുണ്. ജോസ് വിഭാഗത്തിന്റെ എൽഡിഎഫ് പ്രവേശത്തെക്കുറിച്ചുള്ള സിപിഎംസിപിഐ തർക്കം മുറുകിയാൽ ഇരുപാർട്ടികളുടെയും കേന്ദ്രനേതൃത്വം ഇടപെട്ടേക്കും. യുഡിഎഫിലെ പ്രതിസന്ധി മൂർച്ഛിപ്പിക്കാനുള്ള അടവു നയവുമായി മുന്നോട്ടുപോകാനുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം സിപിഎം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചു സിപിഐ കേന്ദ്രനേതൃത്വവും വിവരങ്ങൾ ശേഖരിക്കുന്നു. തെല്ലും അയയില്ലെന്ന് ഇരുപാർട്ടികളും വ്യാഴാഴ്ച നടത്തിയ ചർച്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും വീണ്ടും അദ്ദേഹവുമായി സംസാരിക്കും.ഒപ്പം കേന്ദ്രനേതൃത്വത്തിന്റെ സഹായവും തേടും.

എന്നാൽ കൃത്യമായ രാഷ്ട്രീയ മറുപടി ജോസ് കെ മാണി നൽകുന്നതുമില്ല. പലരും ബന്ധപ്പെടുന്നുണ്ട്. ആരുമായും ഇതുവരെ ചർച്ച നടത്തിയിട്ടില്ല. കേരള കോൺഗ്രസ് രാഷ്ട്രീയ അടിത്തറയുള്ള പാർട്ടിയാണ്. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. പി.ജെ.ജോസഫ് വ്യക്തിഹത്യ നടത്തുകയാണ്. നുണപ്രചാരണമാണ് ദിവസവും നടത്തുന്നത്. ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും അവരുടേതായ അഭിപ്രായങ്ങളും അജൻഡയും ഉണ്ടാകും. കാനം രാജേന്ദ്രൻ അഭിപ്രായം പറഞ്ഞതിൽ തെറ്റില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പക്ഷം.

കോൺഗ്രസിൽ എ ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. പത്തനംതിട്ടയിലും ഇടുക്കിയിലും എറണാകുളത്തും മുൻതൂക്കം കോൺഗ്രസിൽ എ ഗ്രൂപ്പിനാണ്. ഇവിടെ നിന്ന് കൂടുതൽ എംഎൽഎമാർ ജയിച്ചാൽ അത് ഉമ്മൻ ചാണ്ടിക്ക് കരുത്താകും. ഇത് തിരിച്ചറിഞ്ഞ് കോട്ടയത്തെ വിജയ സാധ്യതകൾ തകർക്കാനായിരുന്നു യുഡിഎഫിൽ നിന്നുള്ള ജോസ് കെ മാണിയുടെ പുറത്താക്കൽ. സ്വാഭാവികമായി ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാൽ നേട്ടം സിപിഎമ്മിന് തന്നെയാകും. ഇതിലൂടെ അടുത്ത നിയമസഭാ കക്ഷി നേതാവിനെ നിശ്ചയിക്കുമ്പോൾ ഐ ഗ്രൂപ്പിന് മുൻതൂക്കം കിട്ടും. ഇത് മനസ്സിൽ വച്ച് രമേശ് ചെന്നിത്തല നടത്തിയ നീക്കമാണ് ജോസ് കെ മാണിയുടെ പുറത്താക്കൽ എന്നാണ് കോൺഗ്രസുകാരിൽ ഒരു വിഭാഗം പറയുന്നത്.

കോട്ടയത്ത് കെ എം മാണിയെ ഒതുക്കാൻ ആഭ്യന്തര മന്ത്രിയായിരിക്കെ രമേശ് ചെന്നിത്തല ശ്രമിച്ചിരുന്നു. ബാർ കോഴ അതിന്റെ ഭാഗമായിരുന്നു. യുഡിഎഫിൽ നിന്ന് മാണിയെ പുറത്താക്കുകയെന്നത് മാത്രമായിരുന്നു അതിന്റെ ലക്ഷ്യം. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിന്റെ ഭാഗമായി മാണി വീണ്ടും യുഡിഎഫിലെത്തി. മാണിയുടെ മരണത്തോടെ മോഹം വീണ്ടും ചെന്നിത്തല പൊടി തട്ടിയെടുത്തു. പാലായിൽ മത്സരിക്കാനുള്ള മോഹം കോൺഗ്രസ് നേതാവായ ജോസഫ് വാഴക്കനുണ്ട്. ചെന്നിത്തലയുടെ വലംകൈയാണ് വാഴക്കൻ. അതും ഐ ഗ്രൂപ്പിന്റെ നിലപാടിനെ സ്വാധീനിച്ചു. കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും അടക്കമുള്ളിടത്ത് മത്സരിക്കാൻ ആഗ്രഹിക്കുന്ന എക്കാരും ഉണ്ട്. ഇവർ കൂടി ചെന്നിത്തലയുടെ നിലപാടിനെ പിന്തുണച്ചു. അങ്ങനെയാണ് കോട്ടയത്ത് യുഡിഎഫിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങിയത്.

കോട്ടയം ജില്ലാ പഞ്ചായത്തിൽ നിന്ന് ജോസ് കെ മാണിയെ പുറത്താക്കാൻ കഴിയില്ല. കാരണം അവർക്ക് ഇടതു പക്ഷത്തോട് ചേർന്ന് അധികാരം പിടിച്ചെടുക്കാൻ കഴിയും. ഇത് മനസ്സിലാക്കിയിട്ടും ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി. ഇത് കാരണം പ്രത്യേകിച്ച് രാഷ്ട്രീയ നേട്ടങ്ങളൊന്നും കോൺഗ്രസിന് ഉണ്ടാകാനും പോകുന്നില്ല. ജോസ് കെ മാണിയുടെ പ്രതിനിധിയെ പുറത്താക്കാൻ അവിശ്വാസവും കൊണ്ടു വരുന്നില്ല. പിന്നെ എന്തിനാണ് ജോസ് കെ മാണിയെ പുറത്താക്കിയതെന്നതാണ് ഉയരുന്ന ചോദ്യം. മധ്യ തിരുവിതാംകൂറിൽ ജോസ് കെ മാണിയെ മാറ്റിയാൽ കോൺഗ്രസിന് തോൽവിയാകും ഭയം. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പ് ചർച്ചകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP