Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോട്ടയത്ത് മത്സരിക്കുന്നത് കേരളാ കോൺഗ്രസ് പാർട്ടിയുടെ നേതാവ് തന്നെ; അത് നിഷയല്ലെന്ന് മാത്രം; ആരു മത്സരിച്ചാലും നിഷ സ്ഥാനാർത്ഥിയാകില്ല; ഇപ്പോൾ ഇങ്ങനെ പ്രചരിപ്പിക്കുന്നവരെ ഭയപ്പെടുത്തുന്നത് കേരളാ യാത്രയുടെ വിജയം; എന്നെ കല്ല്യാണം കഴിക്കും മുമ്പേ നിഷ പൊതു പ്രവർത്തനം തുടങ്ങി; കോട്ടയത്ത് തന്റെ ഭാര്യ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ജോസ് കെ മാണി

കോട്ടയത്ത് മത്സരിക്കുന്നത് കേരളാ കോൺഗ്രസ് പാർട്ടിയുടെ നേതാവ് തന്നെ; അത് നിഷയല്ലെന്ന് മാത്രം; ആരു മത്സരിച്ചാലും നിഷ സ്ഥാനാർത്ഥിയാകില്ല; ഇപ്പോൾ ഇങ്ങനെ പ്രചരിപ്പിക്കുന്നവരെ ഭയപ്പെടുത്തുന്നത് കേരളാ യാത്രയുടെ വിജയം; എന്നെ കല്ല്യാണം കഴിക്കും മുമ്പേ നിഷ പൊതു പ്രവർത്തനം തുടങ്ങി; കോട്ടയത്ത് തന്റെ ഭാര്യ സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തള്ളി ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ ഭാര്യ നിഷ മത്സരിക്കില്ലെന്ന് മറുനാടൻ മലയാളിയോട് ജോസ് കെ മാണി. ഇതും സംബന്ധിച്ച പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണ്. രാഷ്ട്രീയ മോഹവുമായല്ല നിഷ പൊതു പ്രവർത്തനം നടത്തുന്നതെന്നും ജോസ് കെ മാണി മറുനാടനോട് വിശദീകരിച്ചു. കേരള യാത്രയുടെ വിജയം തിരിച്ചറിഞ്ഞ് ചിലർ നടത്തുന്ന ഗൂഢാലോചനയാണ് കോട്ടയത്തെ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി നിഷയാണെന്ന പ്രചരണമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.

കോട്ടയം സീറ്റിൽ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കും. ഇത് കേരളാ യാത്രയ്ക്ക് ശേഷം പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കും. എന്റെ ഭാര്യ ഒരിക്കലും മത്സരിക്കില്ല. അവർ വിവാഹത്തിന് മുമ്പേ പൊതു പ്രവർത്തനം തുടങ്ങിയതാണ്. കാൻസർ രോഗികളുടെ പുനരധിവാസവും മറ്റും കോളേജ് പഠനകാലത്തേ നിഷ തുടങ്ങിയതാണ്. ഈ പൊതു പ്രവർത്തനം കാരണം സ്ഥാനാർത്ഥിയാകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടാകാം. എന്നാൽ കേരള യാത്രയ്ക്ക് മുമ്പുള്ള പ്രചരണം ഗൂഢാലോചനയാണ്. ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ലക്ഷ്യം. കോട്ടയം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്നും കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ കൂടിയായ ജോസ് കെ മാണി വിശദീകരിച്ചു.

ജോസ് കെ മാണി രാജ്യസഭാ എംപി ആയതിന് പിന്നാലെ തന്നെ കേരളകോൺഗ്രസിൽ നിന്നുള്ള കോട്ടയത്തെ അടുത്ത സ്ഥാനാർത്ഥി ആരെന്ന ചോദ്യം ഉയർന്നിട്ട് നാളുകളേറെയായി. രാജ്യസഭാ സീറ്റിൽ അടക്കം വിട്ടുവീഴ്ച ചെയ്ത ജോസഫ് വിഭാഗവും ലോക്‌സഭാ സീറ്റിനായി പിടിമുറുക്കിയിട്ടുണ്ട്. ഇതിനിടെയാണ് നിഷ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണം എത്തുന്നത്. ജോസ് കെ മാണിക്കെതിരെ പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ യുഡിഎഫിന് പുറത്തുള്ളവർ നടത്തുന്ന നീക്കമാണ് ഇത്. ഈ സാഹചര്യത്തിലാണ് ഭാര്യ മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി ആവർത്തിക്കുന്നത്. പൊതു പ്രവർത്തനത്തിൽ ഭാര്യ സജീവമായി തുടരുമെന്നും ജോസ് കെ മാണി പറയുന്നു. താൻ രാഷ്ട്രീയത്തിലേക്കില്ലെന്ന് നിഷ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ടെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും പ്രചരണം നടത്തുന്നത് ദുഷ്ടലാക്കോടെയാണെന്നാണ് ജോസ് കെ മാണിയുടെ പ്രതികരണം.

ജോസ് കെ.മാണി എംപി നയിക്കുന്ന കേരളയാത്ര 24നു കാസർകോട്ട് തുടങ്ങും. 14 ജില്ലകളിലായി നൂറിലേറെ കേന്ദ്രങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഫെബ്രുവരി 15 ന് തിരുവനന്തപുരത്ത് സമാപിക്കും. കർഷക രക്ഷ, മതനിരപേക്ഷ ഭാരതം, പുതിയ കേരളം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണു യാത്ര. 24 ന് 11നു മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാർട്ടി ചെയർമാൻ കെ.എം മാണി അധ്യക്ഷനാവും. പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ ജോസഫ് ജാഥാ ക്യാപ്റ്റനു പതാക കൈമാറും. ഇതിനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യ നിഷ സ്ഥാനാർത്ഥിയാകുമെന്ന് വാർത്തകളെത്തിയത്. ഇതിന് പിന്നിൽ പാർട്ടി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ നീക്കമാണെന്നാണ് ജോസ് കെ മാണി വിശദീകരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോൺഗ്രസ് മാണിക്ക് തന്നെ നൽകുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനും വിശദീകരിച്ചിട്ടുണ്ട്.

കേരളാ കോൺഗ്രസിലെ പതിനഞ്ചോളം നേതാക്കളാണ് കോട്ടയം ലോക്സഭാ സീറ്റിനായി കരുക്കൾ നീക്കുന്നത്. ഈ സാഹചര്യത്തിലാണ് നിഷയുടെ സ്ഥാനാർത്ഥിത്വം ചർച്ചയായതും. പൊതുരംഗത്ത് നിഷ സജീവമാകുന്നത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് നിഷ മത്സരിക്കില്ലെന്ന് ജോസ് കെ മാണി വിശദീകരിച്ചിരിക്കുന്നത്. തോമസ് ചാഴിക്കാടൻ, പ്രിൻസ് ലൂക്കോസ്, ജോബ് മൈക്കിൾ, വിക്ടർ ടി. തോമസ് തുടങ്ങിയവരുടെ പേരുകളും കോട്ടയത്ത് സ്ഥാനാർത്ഥിയായി കേരളാ കോൺഗ്രസിൽ പറഞ്ഞു കേൾക്കുന്നുണ്ട്. കൂടാതെ കടുത്തുരുത്തി എംഎൽഎ മോൻസ് ജോസഫിനെ മത്സരിപ്പിക്കണമെന്ന നിർദ്ദേശവുമുണ്ട്.

ജോസ് കെ.മാണിയെ രാജ്യസഭാംഗമാക്കുമ്പോൾ കോട്ടയം ലോക്‌സഭാ സീറ്റ് കേരള കോൺഗ്രസി (എം) -ന് തന്നെയെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഇതിൽ യാതൊരു മാറ്റവുമില്ലെന്നും മണ്ഡലത്തിൽ തങ്ങളുടെ സ്ഥാനാർത്ഥി മത്സരിക്കുമെന്നും കേരള കോൺഗ്രസ് (എം) ഉറപ്പിച്ചുപറയുന്നു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് കേരള കോൺഗ്രസിൽ ഔദ്യോഗികമായി ഒരു തലത്തിലും കൂടിയാലോചനകൾ ആരംഭിച്ചിട്ടില്ല. ജോസ് കെ.മാണി നയിക്കുന്ന കേരള യാത്ര പൂർത്തിയായശേഷം മാത്രമേ ചർച്ചകൾ തുടങ്ങൂ. സ്ഥാനാർത്ഥിയെ നിശ്ചയിക്കുക മാണി മാത്രമാകും. പിജെ ജോസഫുമായും ആശയ വിനിമയം നടത്തും. അതിന് അപ്പുറം ആരും കേരളാ കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ സ്വാധീനിക്കില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ യാത്രയാണ് ജോസ് കെ മാണിയുടെ കേരള യാത്ര. കേരളകോൺഗ്രസ്സിന്റെ ലോക്‌സഭയിലേക്കുള്ള ഏക സീറ്റാണ് കോട്ടയം. കഴിഞ്ഞ രണ്ടുതവണയായി ജോസ് കെ മാണിയാണ് മണ്ഡലത്തെ പ്രതിനിധീകരികരിക്കുന്നത്. ഇവിടെ വീണ്ടും വിജയിക്കുകയെന്നത് കേരളാ കോൺഗ്രസിനും ഏറെ പ്രധാന്യമുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP