Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നിന്നെ ഞങ്ങൾ കൊല്ലുമെടീ, നീ എഴുതിയാൽ ഞങ്ങളെ നാറ്റിക്കാൻ കഴിയുമെന്ന് കരുതിയോ? ആക്രോശത്തിന് പിന്നാലെ വന്നത് മർദ്ദനം; ഗർഭിണിയെന്ന് പരിഗണന പോലും നൽകാതെ ജോമോളെ പിന്നിൽ നിന്നും അടിച്ചു വീഴ്‌ത്തി; പൊതിഞ്ഞത് ഇരുപതോളം വരുന്ന ആക്രമി സംഘം; ഞങ്ങൾ ആകെ പാനിക്കായി; ജോയെ വടിവെച്ച് അടിച്ചു, തല്ലിക്കൊന്നു എന്നൊക്കെ മകൻ പിച്ചുംപേയും പറഞ്ഞു; പരാതി അന്വേഷിച്ചില്ലെങ്കിൽ കമ്മീഷണർ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങും: മർദ്ദനത്തെക്കുറിച്ച് ജോമോളുടെ പങ്കാളി വിനോ ബാസ്റ്റ്യൻ പറയുന്നു

നിന്നെ ഞങ്ങൾ കൊല്ലുമെടീ, നീ എഴുതിയാൽ ഞങ്ങളെ നാറ്റിക്കാൻ കഴിയുമെന്ന് കരുതിയോ? ആക്രോശത്തിന് പിന്നാലെ വന്നത് മർദ്ദനം; ഗർഭിണിയെന്ന് പരിഗണന  പോലും നൽകാതെ ജോമോളെ പിന്നിൽ നിന്നും അടിച്ചു വീഴ്‌ത്തി; പൊതിഞ്ഞത് ഇരുപതോളം വരുന്ന ആക്രമി സംഘം; ഞങ്ങൾ ആകെ പാനിക്കായി; ജോയെ വടിവെച്ച് അടിച്ചു, തല്ലിക്കൊന്നു എന്നൊക്കെ മകൻ പിച്ചുംപേയും പറഞ്ഞു; പരാതി അന്വേഷിച്ചില്ലെങ്കിൽ കമ്മീഷണർ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങും: മർദ്ദനത്തെക്കുറിച്ച് ജോമോളുടെ പങ്കാളി വിനോ ബാസ്റ്റ്യൻ പറയുന്നു

എം മനോജ് കുമാർ

കോഴിക്കോട്: സംഘർഷത്തിന്റെ യാതൊരു സാധ്യതകളുമില്ലാത്ത അന്തരീക്ഷത്തിലാണ് ട്രാൻസ്‌ജെന്ററായ കിരൺ വൈലശ്ശേരിയുടെ വീട്ടിലെത്തിയ ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫ് ആക്രമിക്കപ്പെട്ടത്. കിരണിന്റെ വീട്ടിലെക്കുള്ള വഴിയിൽ കൂടി മകന് ചോക്കളേറ്റ് വാങ്ങാൻ പുറത്തേക്ക് പോയപ്പോഴാണ് ജോമോൾക്ക് നേരെ ക്രൂരമായ ആക്രമണം നടന്നത്. മുന്നോട്ടു നടന്നുപോയ ജോമോളെ പിന്നിൽ നിന്ന് ഒരു സംഘം അടിച്ച് വീഴ്‌ത്തുകയായിരുന്നു. വഴി പ്രശ്‌നം നിലനിൽക്കുന്നുണ്ട് എന്നറിയാമല്ലാതെ സംഘർഷ സാധ്യതയുണ്ടെന്നു ജോമോൾക്കും ഭർത്താവായ വിനോ ബാസ്റ്റ്യനും അറിയാമായിരുന്നില്ല. കോഴിക്കോടുള്ള വീട്ടിൽ നിന്നും കൊച്ചിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യയാണ് ജോമോളും ഭർത്താവും കിരണിന്റെ വീട്ടിൽ കയറിയത്. ഭർത്താവും കിരണും സംസാരിച്ചു കൊണ്ടിരിക്കെ ഭർത്താവിന്റെ മടിയിൽ ഇരുന്ന മകൻ ചോക്ക്‌ളെറ്റിനു പറയുകയായിരുന്നു. മകന് ചോക്കളെറ്റ് വാങ്ങുന്നതിനായി പുറത്തേക്ക് നടന്നു നീങ്ങിയപ്പോഴാണ് ജോമോൾ വഴിയിൽ ആക്രമിക്കപ്പെട്ടത്. അഞ്ചു മാസം ഗർഭിണിയായിരിക്കേയാണ് ഒരു പരിഗണനയും നൽകാതെ ജോമോളുടെ നേർക്ക് ആക്രമണം നടന്നത്. ആക്രമണം കണ്ടെങ്കിലും കിരണിനും ഭർത്താവിനും ജോമോളിനു അടുത്തേക്ക് നടന്നു പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. അത്രയേറെ ആളുകൾ അവിടെ സംഘടിച്ചിട്ടുണ്ടായിരുന്നു എന്നാണ് ജോമോളുടെ ജീവിതപങ്കാളി വിനോ ബാസ്റ്റ്യൻ മറുനാടനോട് പറഞ്ഞത്. ക്രൂരമായി അമ്മയെ തല്ലിച്ചതയ്ക്കുന്നതിന് സാക്ഷിയായ മകൻ ഇപ്പോഴും ആ ആഘാതത്തിൽ നിന്നും വിമുക്തനായിട്ടില്ലെന്നും വിനോ ബാസ്റ്റ്യൻ പറയുന്നു.

ജോമോൾക്ക് നേരെയുള്ള ആക്രമണത്തെക്കുറിച്ച് വിനോ ബാസ്റ്റ്യന്റെ പ്രതികരണം ഇങ്ങിനെ:

ഞങ്ങൾ കോഴിക്കോട് - കൊച്ചി സ്വദേശികളാണ്. പക്ഷെ താമസം കൊച്ചിയിലാണ്. പക്ഷെ എനിക്ക് പെരുവണ്ണാമൂഴിയിൽ കൃഷിയും കാര്യങ്ങളുമുണ്ട്. അങ്ങിനെ കോഴിക്കോടെ വീട്ടിൽ പോയി കൊച്ചിയിലേക്ക് തിരിക്കുകയായിരുന്നു ഞങ്ങൾ. കഴിഞ്ഞ പതിനഞ്ചു മുതൽ ഞങ്ങൾ കോഴിക്കൊടുണ്ട്. കോഴിക്കോട് നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്നലെ കോഴിക്കോട് ഫാറൂക്ക് കോളെജിനു സമീപമുള്ള കിരണിന്റെ വീട്ടിലേക്ക് പോയത്. രാവിലെ ഒമ്പതരയോടെയാണ് ഞങ്ങൾ എത്തിയത്. കുട്ടിക്ക് ചോക്കളേറ്റ് വാങ്ങാനാണ് കിരണിന്റെ വീട്ടിൽ നിന്നും ജോമോൾ പുറത്തിറങ്ങിയത്. അപ്പോൾ പത്തേകാൽ ആയിരിക്കണം. ഞാനും കൊച്ചും കിരണിന്റെ വീട്ടിലെ സിട്ടൗട്ടിൽ ഇരിക്കുകയായിരുന്നു. മോൻ അപ്പോൾ ചോക്കളേറ്റ് എന്ന് പറഞ്ഞു വാശി പിടിച്ചു. ഇത് കേട്ടാണ് ജോമോൾ ചോക്കലേറ്റിനായി പുറത്തിറങ്ങിയത്. പുറകിൽ നിന്നും വടിവച്ചാണ് ജോമോളെ അടിച്ചത്. ഈ അടിയോടെയാണ് ആക്രമണം നടന്നത്. ഇരുപതോളം മീറ്റർ അകലെയായിരുന്നു ജോമോൾ അപ്പോൾ. പെട്ടെന്ന് വേറെ ആളുകളും അവിടെയ്ക്ക് എത്തി. ഞങ്ങൾ ഒന്നും അറിഞ്ഞില്ല.

കിരണിന്റെ ജ്യേഷ്ട സഹോദരൻ ജയരാജനും അയാളുടെ ഭാര്യയും കുടുംബവും മറ്റു ചിലരും ചേർന്നാണ് ആക്രമിച്ചത്. പട്ടികയും കമ്പി വടിയും കൊണ്ടാണ് ആക്രമണം നടന്നത്. ജോമോളെ ടാർഗറ്റ് ചെയ്തുള്ള ആക്രമണമാണ് നടന്നത്. പത്ത് മുപ്പതോളം പേരുള്ള ആക്രമി സംഘം വന്നു ജോമോളെ പൊതിഞ്ഞു. തുടർന്നാണ് ആക്രമണം നടന്നത്. നിന്നെ ഞങ്ങൾ കൊല്ലുമെടീ, നീ എഴുതിയാൽ ഞങ്ങളെ നാറ്റിക്കാൻ കഴിയുമെന്ന് കരുതിയോ? എന്തൊക്കെയോ ആക്രോശങ്ങൾ അവർ വിളിച്ചു കൂവി. വല്ലാത്ത ബഹളമായിരുന്നു. തെറിവിളിയുടെയും മർദ്ദനത്തിന്റെയും ഒച്ചയും ബഹളവുമാണ് ഉയർന്ന് കേട്ടത്. ഞങ്ങൾ ആകെ പാനിക്കായി പോയി. ജോയെ വടിവെച്ച് അടിച്ചു, തല്ലിക്കൊന്നു എന്നൊക്കെ മകൻ എന്റെ കയ്യിൽ ഇരുന്നു പിച്ചും പേയും പറഞ്ഞു കൊണ്ടിരുന്നു.

വീണു കിടന്ന ജോമോളെ ആശുപത്രിയിൽ എത്തിക്കാൻ ഞങ്ങൾക്ക് കുറെ സമയം സാധിച്ചതുമില്ല. ഗെയിറ്റ് പൂട്ടിയത് കാരണമാണ് ജോമോളെ ആശുപത്രിയിൽ എത്തിക്കാൻ ആദ്യ ഘട്ടങ്ങളിൽ കഴിയാതെ പോയത്. പൂട്ട് കൊണ്ട് ഗെയിറ്റ് അവർ പൂട്ടി. ജോമോൾ ആണെങ്കിൽ പരുക്ക് പറ്റി നിലത്ത് കിടക്കുകയും. ഒടുവിൽ പൂട്ട് തല്ലിത്തകർത്താണ് ഞങ്ങൾ ആദ്യം ഫാറൂക്ക് കൊളെജിനു സമീപമുള്ള ആശുപത്രിയിൽ പോവുകയും അവർ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുകയും ചെയ്തത്.

ഫാറൂക്ക് താലൂക്ക് ആശുപത്രിയിലാണ് ഞങ്ങൾ ആദ്യം ജോമോളെ എത്തിച്ചത്. അര മണിക്കൂർ അവിടെ കിടത്തി. അവിടെ നിന്ന് നേരെ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്തു. വയറു വേദനയും നടുവേദനയുമാണ് വന്നത്. ജോമോൾ ഗർഭിണിയുമാണ്. കുട്ടിയുടെ ആരോഗ്യപ്രശ്‌നമാണ് റഫർ ചെയ്യാൻ കാരണമായത്. ഗർഭസ്ഥ ശിശുവിന് അനക്കമില്ലായിരുന്നു. ഇതേ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് പോയത്. രാവിലെ അടി കിട്ടിയ ശേഷം ഉച്ചയ്ക്ക് 12.20 ഓടെയാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ജോമോളെ എത്തിക്കുന്നത്. ലേബർ ഐസിയുവിലാണ് എത്തിച്ചത്. ഇപ്പോൾ രാവിലെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കൊച്ച് സുരക്ഷിതമാണ് എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പക്ഷെ കൈക്ക് പ്ലാസ്റ്റർ ചെയ്തിട്ടുണ്ട്. കൈക്ക് വേദനയുള്ളതിനാൽ ഒടിവുണ്ടോ എന്ന് ഇന്നലെ തന്നെ ജോമോൾ സംശയം പറഞ്ഞിരുന്നു. ഇനി തലയ്ക്ക് പരുക്കുണ്ട്. അതിനാൽ ന്യൂറോ വിദഗ്ദർ വരണമെന്നാണ് പറഞ്ഞത്. തലയ്ക്ക് അടിയേറ്റതിനാൽ ക്ഷതമുണ്ടോ എന്നറിയാൻ എംആർഐ വേണം എന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷെ കൊച്ച് സുരക്ഷിതമാണ് എന്ന് പറഞ്ഞതിനാൽ ഈ കാര്യത്തിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. ഇന്നലെ ഈ രീതിയിൽ പൊലീസിന് കൺമുന്നിൽ ആക്രമണം നടന്നിട്ടും ഫാറൂക്ക് കോളേജ് പൊലീസ് അനങ്ങിയിട്ടില്ല. പൊലീസിനു ഇന്റിമേഷൻ പോയിട്ടുണ്ട്. പക്ഷെ പൊലീസ് അനങ്ങിയിട്ടില്ല. പരാതി കിട്ടിയിട്ടില്ല എന്നാണ് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞത്.

കിരൺ കേരളത്തിലെ ആദ്യ ട്രാൻസ്‌ജെന്റർ വിഭാഗത്തിൽപ്പെട്ട ഗസറ്റഡ് ഓഫീസറാണ്. കിരണിനു വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധം ഗെറ്റ് അവർ പൂട്ടിയിരിക്കുകയാണ്. ഈ കാഴ്ചയാണ് ഞങ്ങൾ കണ്ടത്. നിരവധി തവണ ഞങ്ങൾ ഇന്നലെ ഫാറൂക്ക് കോളേജ് പൊലീസ് സ്റ്റെഷനിലേക്ക് വിളിച്ചു. പക്ഷെ വാഹനം ഇല്ലാ എന്നാണ് അവർ പറഞ്ഞത്. ഇതുവരെ കേസും എടുത്തിട്ടില്ല. പൊലീസ് അവഗണന തുടരുന്നതിനാൽ അന്വേഷണം ഫാറൂക്ക് പൊലീസിൽ നിന്നും എടുത്ത് മാറ്റണം എന്ന് ആവശ്യപ്പെട്ടു പൊലീസ് കമ്മിഷണർക്ക് ഇന്ന് പരാതി നൽകും. കമ്മിഷണറുടെ മേൽ നോട്ടത്തിൽ പുതിയ അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം വേണം എന്നാണ് പരാതിയിൽ ആവശ്യപ്പെടുക. ഇതേ പരാതി മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും ഡിജിപിക്കും നൽകും. പരാതിയിൽ അന്വേഷണം വന്നില്ലെങ്കിൽ സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിനു മുന്നിൽ ഞാനും മകനും കുത്തിയിരിപ്പ് സമരം തുടങ്ങും-വിനോ ഭാസ്റ്റ്യൻ പറയുന്നു.

കിരൺ വൈലശ്ശേരിയുടെ പ്രതികരണം:

ആദ്യം നൽകിയ മറുനാടൻ വാർത്തയിൽ പറയുന്നത് പോലെ നാട്ടുകാരിൽ നിന്നും ഷെൽട്ടർ ഹോം കാര്യത്തിൽ എതിർപ്പില്ല. മുൻപ് ഞങ്ങൾ സമരം നടത്തിയപ്പോൾ നാട്ടുകാർ ആണ് സമരത്തെ പിന്തുണച്ചത്. എന്റെ കുടുംബത്തിൽ നിന്നും വരുന്ന എതിർപ്പാണ് കൂടുതൽ. ട്രാൻസ്‌ജെന്റർ സുഹൃത്തുക്കൾ പറഞ്ഞത് പ്രകാരമാണ് എന്റെ വീട് ഷെൽട്ടർ ഹോം ആയി മാറ്റാൻ തീരുമാനിച്ചത്. കോഴിക്കോട് വേറെ വീട് കിട്ടിയില്ല. ഇതോടെയാണ് എനിക്ക് നേരെ കുടുംബത്തിൽ നിന്നും എതിർപ്പ് ശക്തമായത്. ആറര ലക്ഷം രൂപയാണ് വീട് മോദിഫൈ ചെയ്യാൻ ഞാൻ ചെലവിട്ടത്. എനിക്ക് 50000 രൂപയോളം മാസ വാടക കിട്ടിയിരുന്ന വീടാണ് ഞാൻ ഷെൽട്ടർ ഹോം ആക്കി മാറ്റാൻ തീരുമാനിച്ചത്. ഫ്‌ളാറ്റുകൾ പോലുള്ള വീട് സമുച്ചയമാണിത്. ഫാറൂക്ക് കോളേജിലെ കുട്ടികൾ ആണ് ഇവിടെ താമസിച്ചിരുന്നത്. അവരെയാണ് ഞാൻ ഒഴിപ്പിച്ചത്. ബന്ധുക്കൾ ഈ കാര്യത്തിൽ എതിർപ്പ് ഉയർത്തുകയാണ് ചെയ്യുന്നത്. ജോമോൾ ആക്രമിക്കപ്പെട്ടതും ഈ രീതിയിലാണ്-കിരൺ പറയുന്നു.

സ്വന്തം വീട് ട്രാൻസ്‌ജെന്റർ കമ്മ്യുണിറ്റിയുടെ ഷെൽട്ടർ ഹോം ആക്കി മാറ്റാനുള്ള ട്രാൻസ്‌ജെന്ററായ കിരൺ വൈലശ്ശേരിയുടെ തീരുമാനമാണ് ഇന്നലെ ജോമോൾ ജോസഫിന് നേരെയുള്ള ആക്രമണത്തിൽ കലാശിച്ചത്. കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങളാണ് ഈ പ്രശ്‌നത്തിൽ മാസങ്ങളായി കിരൺ നേരിട്ട് കൊണ്ടിരിക്കുന്നതും. അഞ്ച്മാസം ഗർഭിണിയായിരിക്കെയാണ് ഒട്ടും മാനുഷിക പരിഗണന നൽകാതെ, ഒരു സ്ത്രീയാണ് മുന്നിലുള്ളത് എന്ന പരിഗണന കൂടി നൽകാതെ ഒരു സംഘം ജോമോളെ നേരിട്ടത്. കിരണിനോട് നിലനിൽക്കുന്ന വിരോധമാണ് കിരണിന്റെ വീട്ടിലേക്ക് വന്ന ജോമോളുടെ നേർക്ക് ഒരു സംഘം തീർത്തതും. ട്രാൻസ്‌ജെന്ററായ കേരളത്തിലെ ആദ്യ ഗസ്റ്റഡ് ഉദ്യോഗസ്ഥൻ കിരൺ വൈലാശ്ശേരിയുടെ കുടുംബ സുഹൃത്തുക്കളിൽ ഒരാളാണ് കൊച്ചിയിലെ ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫും ഭർത്താവ് വിനോ ഭാസ്റ്റ്യനും. കിരണിനെ കാണാൻ ഫാറൂക്ക് കോളേജിലെ വീട്ടിൽ എത്തിയപ്പോഴാണ് ഇവർ ആക്രമിക്കപ്പെട്ടതും.

കുടുംബത്തിന്റെ വീതം വെയ്‌പ്പിൽ ലഭിച്ച ആറു സെന്റ് സ്ഥലത്ത് കിരണിനു രണ്ടു നില വലിയ വീടുണ്ട്. ഈ വീട്ടിലാണ് കിരൺ താമസിക്കുന്നത്. ഈ വീടാണ് ട്രാൻസ്‌ജെന്ററുകൾക്കുള്ള ഷെൽട്ടർ ഹോം കൂടി ആക്കാൻ കിരൺ തീരുമാനിക്കുന്നത്, ഇതോടെയാണ് വീട്ടിലും വീടിനു പരിസരത്ത് നിന്നും കിരണിനു നേരെ എതിർപ്പ് ഉയരുന്നത്. വീട് ഷെൽട്ടർ ഹോം ആക്കാൻ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുട്ടികളെ കിരൺ ഒഴിപ്പിച്ചിരുന്നു. ഇതോടെ കിരണിനു എതിരെ എതിർപ്പ് ശക്തമായി. ഈ എതിർപ്പ് ആണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ തളർന്നുവീണ ജോമോളെ ആശുപത്രിയിലേക്ക് മാറ്റാൻ സമ്മതിക്കാതെ, ഗേറ്റ് പൂട്ടി അക്രമികൾ ബന്ദിയാക്കി വെച്ചു.

തലയ്ക്ക് പട്ടിക കൊണ്ടും, ഇരുമ്പ് വടികൊണ്ട്് ശരീരത്തിൽ പയലിടത്തും സാരമായ പരിക്കുകളും, മുറിവുകളും ഉണ്ട്. വയറിന് ചവിട്ടും കുത്തുകളുമേറ്റിട്ടുണ്ട്. ഫറൂക്ക് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിവരുമ്പോൾ ആരോഗ്യസ്ഥിതി വഷളാകുകയും, കുഞ്ഞിന് അനക്കമില്ലാതാകുകയും ചെയ്തു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം, അടിയന്തരമായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് ഷിഫ്റ്റ് ചെയ്യുകയും, മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ലേബർ റൂമിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ജോമോളുടെ ആരോഗ്യ നില കുഴപ്പമില്ലാ എന്നാണ് അറിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP