Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം ഹാജരായി; ഖത്തറിൽ കഴിയുന്ന ഭാര്യക്കും കുഞ്ഞിനുമൊപ്പം കഴിയാൻ ദോഹയ്ക്ക് പോയത് ഫേസ്‌ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ച ശേഷം; ഹാജരാകാൻ നോട്ടീസൂമായി എത്തിയപ്പോൾ 15ന് മടങ്ങുമെന്ന് വീട്ടുകാർ പറഞ്ഞു; മറുനാടൻ പ്രതിനിധി വിളിച്ചപ്പോൾ ഫോണിലും ലഭ്യം; കൊടും ക്രിമിനലുകളെയും പീഡകരെയും തൊടാൻ നൂറ് വട്ടം നിയമം നോക്കുന്ന പൊലീസ് ജാസ്മിൻ ഷായെ കുടുക്കാൻ ഒരു കാരണവും ഇല്ലാതെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഇങ്ങനെ

പൊലീസ് വിളിപ്പിച്ചപ്പോഴെല്ലാം ഹാജരായി; ഖത്തറിൽ കഴിയുന്ന ഭാര്യക്കും കുഞ്ഞിനുമൊപ്പം കഴിയാൻ ദോഹയ്ക്ക് പോയത് ഫേസ്‌ബുക്കിലൂടെ പരസ്യമായി പ്രഖ്യാപിച്ച ശേഷം; ഹാജരാകാൻ നോട്ടീസൂമായി എത്തിയപ്പോൾ 15ന് മടങ്ങുമെന്ന് വീട്ടുകാർ പറഞ്ഞു; മറുനാടൻ പ്രതിനിധി വിളിച്ചപ്പോൾ ഫോണിലും ലഭ്യം; കൊടും ക്രിമിനലുകളെയും പീഡകരെയും തൊടാൻ നൂറ് വട്ടം നിയമം നോക്കുന്ന പൊലീസ് ജാസ്മിൻ ഷായെ കുടുക്കാൻ ഒരു കാരണവും ഇല്ലാതെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഎൻഎയിലെ സമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് സംഘടയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ. താൻ ഒളിവിൽ പോയിട്ടില്ലെന്നും ഭാര്യക്കൊപ്പം ഖത്തറിലെ വീട്ടിൽ ഉണ്ടെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് വ്യക്തമാക്കി. ഇന്നത്തെ പത്രങ്ങളിലെല്ലാം ജാസ്മിന്റെയും മറ്റ് മൂന്ന് യുഎൻഎ നേതാക്കളുടെയും ചിത്രങ്ങൾ സഹിതം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച സാഹചര്യത്തിൽ 'ഒളിവിൽ കഴിയുന്ന പ്രതിയെ' തേടി മറുനാടൻ ഫോണിൽ വിളിച്ചപ്പോഴാണ് അദ്ദേഹം ഫോണിൽ ഇക്കാര്യം പറഞ്ഞത്. താൻ ഖത്തറിലുള്ള വിവരം ഫേസ്‌ബുക്കിൽ പരസ്യമായി പോസ്റ്റായി ഇട്ടതാണെന്നും അവധിക്ക് ശേഷം സെപ്റ്റംബർ 15ന് മടങ്ങി എത്തുന്ന കാര്യവും എല്ലാവർക്കും അറിവുള്ളതാണെന്നും ജാസ്മിൻ ഷാ പറഞ്ഞു.

മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയുമാണ് തനിക്കെതിരെ ക്രൈംബ്രാഞ്ച് നോട്ടീസ് പുറപ്പെടുവിച്ച വിവരം അറിയുന്നത്. നിലവിൽ ദോഹയിൽ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം വീട്ടിലുണ്ട്. യുഎൻഎക്ക് എതിരായ സാമ്പത്തിക ആരോപണത്തിൽ ആദ്യ അന്വേഷണ സംഘം ജാസ്മിൻഷായ്ക്കും സംഘത്തിനും ക്ലീൻചിറ്റ് നൽകിയിരുന്നു. ഇതിന് ശേഷം കേസിലെ എഫ്‌ഐആർ റദ്ദാക്കാൻ ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കയാണ്. ഇതിനിടെ എന്തിനാണ് ധൃതിപെട്ട് ക്രൈംബ്രാഞ്ച് സംഘം തനിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത് എന്നാണ് ജാസ്മിൻ ഷായുടെ ചോദ്യം. യുഎൻഎ പോലെ പ്രബലമായ ഒരു തൊഴിലാളി സംഘടനയുടെ ദേശീയ അധ്യക്ഷനാണ് താനെന്നും ജാസ്മിൻ ചൂണ്ടിക്കാട്ടുന്നു.

യുഎൻഎയിലെ സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തന്നെ ഒരിക്കൽ പോലും ഫോണിൽ വിളിച്ചിട്ടില്ലെന്നും ജാസ്മിൻഷാ പറയുന്നു. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ക്രൈംബ്രാഞ്ചിൽ നിന്നും ഒരു രജിസ്‌ട്രേഡ് നോട്ടീസ് വന്നിരുന്നു. അത് കൈപ്പറ്റാൻ താൻ സ്ഥലത്തില്ലാത്തതിലാൻ സാധിച്ചില്ല. എന്നാൽ, സെപ്റ്റംബർ 15ന് തിരികെ വരുമെന്ന കാര്യം വീട്ടുകാർ അറിയിച്ചിരുന്നു. തന്റെ പ്രോഗ്രാം ഷെഡ്യൂൾ അടക്കം വ്യക്തമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നുവെന്നും ജാസ്മിൻ പറയുന്നു. ഇപ്പോൾ ധൃതിപിടിച്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച കാര്യം രാഷ്ട്രീയ പ്രേരിതമാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു എന്നും യുഎൻഎ അധ്യക്ഷൻ പറയുന്നു.

ആറ് തവണ യുഎൻഎക്കെതിരായ കേസ് കോടതിയുടെ പരിഗണനയിൽ വന്നിരുന്നു. ഇതിൽ ഒരു ഘട്ടത്തിലും തങ്ങൾക്കെതിരായ തെളിവുകൾ ഹാജരാക്കാൻ പൊലീസിന് സാധിച്ചില്ല. കേസിലെ രാഷ്ട്രീയ ഇടപെടലുകളും കോടതിയെ ബോധിപ്പിച്ചിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാൻ നോട്ടീസ് വന്നിരുന്നില്ലെന്നും ജാസ്മിൻ വ്യക്തമാക്കുന്നു. താൻ മാറിമാറി ഒളിവിൽ കഴിയുന്നു എന്ന വാദത്തിലേക്ക് എങ്ങനെയാണ് ക്രൈംബ്രാഞ്ച് എത്തിയതെന്നാണ് ജാസ്മിന്റെ ചോദ്യം. ഖത്തറിലെ തന്റെ അഡ്രസ് അടക്കം ഉദ്യോഗസ്ഥർക്ക് അറിവുള്ള കാര്യമാണെന്നും ജാസ്മിൻ പറയുന്നു.

ജാസ്മിനെ കൂടാതെ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, പി ഡി ജിത്തു, നിതിൻ മോഹൻ എന്നിവർക്കെതിരെയും ക്രൈംബ്രാഞ്ച് ഇന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. പ്രതികൾ ഒളിവിൽ പോയി എന്നു ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികൾ പേര് മാറ്റി പല ഇടങ്ങളിൽ ഒളിവിൽ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടീസിൽ പറയുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവർ ഉടനടി പൊലീസിൽ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടീസിൽ പറയുന്നു.

ഇവർ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നെന്ന വിധത്തിലായിരുന്നു നോട്ടീസ്. നേരത്തെ ജാസ്മിൻ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിൻ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. യുഎൻഎ അഴിമതിക്കേസിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ കേസിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ജാസ്മിൻ ഷാ, ഷോബി ജോസഫ്, പി ഡി ജിത്തു എന്നിവർ നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് പുതിയ അന്വേഷണസംഘത്തിന് രൂപം നൽകാൻ കോടതി ഉത്തരവിട്ടത്.

അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിൻ ഷാ സാമ്പത്തിക തട്ടിപ്പ് ആരോപണമുയർന്നത്. ഇതിനെതിരെ പിന്നീട് കേസും രജിസ്റ്റർ ചെയ്യപ്പെട്ടു. ഇതിനെതിരെയാണ് ജാസ്മിൻ ഷാ കോടതിയിലെത്തിയത്. കൃത്യമായ കണക്കുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചാണ് താൻ പ്രവർത്തിക്കുന്നതെന്നും യുഎൻഎയിൽ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയിൽ ജാസ്മിൻ ഷാ വാദിച്ചു. തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും യുഎൻഎ ഫണ്ടിൽ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂർ ക്രൈം ബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായും ജാസ്മിൻ വാദിക്കുന്നു. എന്നാൽ ഫണ്ട് തിരിമറി നടത്തിയ അതേ അക്കൗണ്ടിൽ നിന്നും പണമെടുത്താണ് ജാസ്മിൻ ഷായും സംഘവും കേസ് നടത്തുന്നതെന്നും ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് ഷാ നടത്തിയതെന്നും കേസ് നൽകിയ സിബി മുകേഷ് ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP