Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനോരമ ടാർഗറ്റ് ചെയ്യുന്നത് തന്നെയെന്ന് സമ്മതിച്ച് അനിൽ നമ്പ്യാർ; സ്വപ്നയെ ഉപദേശിച്ചെന്ന ആരോപണം 'റബ്ബിഷ്'; സ്വർണ്ണ കടത്തിൽ വാർത്ത വന്നപ്പോൾ കോൺസുലേറ്റ് ജീവനക്കാരി എന്ന ധാരണയിൽ വിളിച്ചുവെന്നത് സത്യം; കോൾ ലിസ്റ്റ് പരിശോധിച്ചാൽ അതിന് ശേഷം ചാനലിൽ വിളിച്ച് വാർത്ത കൊടുത്തതും വ്യക്തമാകും; 2016ലെ ഹോട്ടൽ കൂടിക്കാഴ്ചയും അസംബന്ധം; വാർത്തയ്ക്ക് പിന്നിൽ 'അനീഷ് രാജ്' ഇഫെക്ടെന്ന് സംശയിച്ച് വാർത്താ അവതാരകൻ; സ്വർണ്ണ കടത്ത് വിവാദത്തെ ജനം ടിവിയിൽ മനോരമ എത്തിക്കുമ്പോൾ

മനോരമ ടാർഗറ്റ് ചെയ്യുന്നത് തന്നെയെന്ന് സമ്മതിച്ച് അനിൽ നമ്പ്യാർ; സ്വപ്നയെ ഉപദേശിച്ചെന്ന ആരോപണം 'റബ്ബിഷ്'; സ്വർണ്ണ കടത്തിൽ വാർത്ത വന്നപ്പോൾ കോൺസുലേറ്റ് ജീവനക്കാരി എന്ന ധാരണയിൽ വിളിച്ചുവെന്നത് സത്യം; കോൾ ലിസ്റ്റ് പരിശോധിച്ചാൽ അതിന് ശേഷം ചാനലിൽ വിളിച്ച് വാർത്ത കൊടുത്തതും വ്യക്തമാകും; 2016ലെ ഹോട്ടൽ കൂടിക്കാഴ്ചയും അസംബന്ധം; വാർത്തയ്ക്ക് പിന്നിൽ 'അനീഷ് രാജ്' ഇഫെക്ടെന്ന് സംശയിച്ച് വാർത്താ അവതാരകൻ; സ്വർണ്ണ കടത്ത് വിവാദത്തെ ജനം ടിവിയിൽ മനോരമ എത്തിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണ കടത്ത് കേസിൽ മാധ്യമ പ്രവർത്തകനേയും കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് മനോരമ റിപ്പോർട്ട് ചെയ്യുമ്പോൾ അതിലെ സൂചനകൾ ചെന്ന് നിൽക്കുന്നത് ജനം ടിവിയിലെ അനിൽ നമ്പ്യാരെ. സ്വർണ്ണ കടത്ത് കേസ് റിപ്പോർട്ട് ചെയ്തയുടൻ അനിൽ നമ്പ്യാർ സ്വപ്നാ സുരേഷിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥയാണ് സ്വപ്നാ സുരേഷെന്നും അതുകൊണ്ട് വിശദീകരണം ചോദിക്കാനാണഅ വിളിച്ചതെന്നും അനിൽ നമ്പ്യാർ നേരത്തെ വിശദീകരിച്ചിരുന്നു. ഇതു സംബന്ധിച്ച വാർത്ത ജനം ടിവിയിൽ കൊടുത്തുവെന്നും പറഞ്ഞു. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തിന് ശേഷം സ്വപ്നയെ വിളിച്ചത് അനിൽ നമ്പ്യാരെന്ന് വ്യക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മനോരമയിലെ സൂചനകൾ അനിൽ നമ്പ്യാരിലേക്ക് നീണ്ടത്. എന്നാൽ തനിക്ക് ഈ വാർത്തയിൽ പറയുന്ന ആരോപണങ്ങളെ കുറിച്ച് അറിയില്ലെന്നാണ് അനിൽ നമ്പ്യാർ പറയുന്നത്.

ഉപദേശിച്ചു എന്ന് പറയുന്നത് റബ്ബിഷ്, അന്ന് തന്നെ വിശദീകരണം നൽകിയിരുന്നു. ഫോൺ പരിശോധിച്ചാൽ മനസ്സിലാകും. വാർത്ത കണ്ടപ്പോൾ ഭാര്യയ്ക്കും മോനും മുമ്പിലിരുന്നാണ് വിളിച്ചത്. ഇവർ കോൺസുലേറ്റിൽ നിന്ന് മാറിയത് അറിയില്ലായിരുന്നു. അതിന് ശേഷം വാർത്തയും നൽകി. സ്വപ്നയ്ക്ക് ശേഷം വിളിച്ച ആളെ നോക്കിയാൽ അത് മനസ്സിലാകും-അനിൽ നമ്പ്യാർ മറുനാടനോട് പറഞ്ഞു. ഹോട്ടലിൽ വച്ചു കണ്ടുവെന്നതും ശരിയല്ല. അവസാനം വിളിച്ചവരിൽ ഞാനും ഉണ്ടാകാം. അത് അനുസരിച്ച് ചോദിച്ചാൽ വിശദീകരണം കസ്റ്റംസിന് നൽകും. എന്നെ ഇതിൽ വലിച്ചിഴയ്ക്കുന്നതിന് പിന്നിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നും ജനം ടിവിയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ അനിൽ നമ്പ്യാർ മറുനാടനോട് പറഞ്ഞു. എന്റെ കഷ്ടകാലത്തിന് സ്വർണ്ണ കടത്ത് പിടിച്ചെന്ന് അറിഞ്ഞപ്പോൾ സ്വപ്നയെ വിളിച്ചുവെന്നാണ് അനിൽ നമ്പ്യാരുടെ പ്രതികരണം.

സ്വർണക്കടത്തു പിടിച്ച ശേഷം തിരുവനന്തപുരത്തെ ഒരു ദൃശ്യമാധ്യമപ്രവർത്തകൻ വിളിച്ചിരുന്നെന്നും പിടിച്ചതു നയതന്ത്ര പാഴ്‌സലല്ല, വ്യക്തിപരമായ ബാഗേജാണെന്നു യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്‌മെന്റ് നൽകിയാൽ മതിയെന്നു പറഞ്ഞെന്നും സ്വപ്നയുടെ മൊഴി എന്നായിരുന്നു മനോരമ വാർത്ത. കസ്റ്റംസ് കേസ് രജിസ്റ്റർ ചെയ്ത ജൂലൈ 5ന് ഉച്ചയ്ക്കു ശേഷമാണ് ഈ വിളിയെന്നതിനാൽ ഇദ്ദേഹത്തെ ചോദ്യം ചെയ്യാനാണു കസ്റ്റംസ് ആലോചന. 2018 ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് ഇദ്ദേഹത്തെ കണ്ടിട്ടുണ്ടെന്നും കോൺസുലേറ്റ് ഉദ്യോഗസ്ഥർ വഴി യുഎഇയുമായി നല്ല ബന്ധമുണ്ടാക്കാൻ ബിജെപിയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. ഇത് ഏറെ ചർച്ചയാവാൻ സാധ്യതയുണ്ട്. മനോരമയാണ് ഇത്തരത്തിൽ സ്വപ്ന മൊഴി നൽകിയതായി വെളിപ്പെടുത്തുന്നത്. ബിജെപി ബന്ധവും മറ്റും മനോരമ വാർത്തയിലുള്ളതു കൊണ്ടാണ് അനിൽ നമ്പ്യാരാണ് ഈ വാർത്തയിലെ വ്യക്തിയെന്ന സൂചനകൾ ഉയരുന്നത്. ആർഎസ്എസ് ബന്ധമുള്ള ചാനലാണ് ജനം ടിവി എന്നതാണ് ഇതിന് കാരണം.

ഇതോടെയാണ് അനിൽ നമ്പ്യാരുമായി മറുനാടൻ ബന്ധപ്പെട്ടത്. സ്വപ്നാ സുരേഷിനെ മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ അറിയാം. സ്വപ്നാ സുരേഷിന് യുഎഇ കോൺസുലേറ്റിലാണ് ജോലി. അതുകൊണ്ട് തന്നെ അറിയാം. പക്ഷേ ഒരു ഹോട്ടലിൽ വച്ചു അവരെ കണ്ടിട്ടില്ല. ഒരു ഉപദേശവും കൊടുത്തിട്ടുമില്ല-അനിൽ നമ്പ്യാർ പറയുന്നു. തന്നെ ഈ കേസിൽ കുടുക്കാൻ ചില ഗൂഢാലോചനകൾ നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ ആരോപണവുമെന്ന് അനിൽ നമ്പ്യാർ മറുനാടനോട് പറഞ്ഞു. അനീഷ് രാജ് എന്ന ഉദ്യോഗസ്ഥനെ കസ്റ്റംസിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. അതുകൊണ്ട് ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വിരോധമുണ്ട്. ജനം ടിവി നിരന്തരം ഈ വിഷയത്തിൽ വാർത്ത നൽകിയിരുന്നു. ഈ പകയും ചോദ്യം ചെയ്യലിൽ എത്തിച്ചേക്കാമെന്ന് അനിൽ നമ്പ്യാർ സംശയിക്കുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും കസ്റ്റംസിനെ വിളിച്ചില്ലെന്ന് അനീഷ് രാജൻ പറഞ്ഞിരുന്നു. പിന്നാലെ അനീഷ് രാജിന്റെ സിപിഎം ബന്ധങ്ങൾ ചർച്ചയായി. ശിവശങ്കറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ അനീഷ് രാജനെ നാഗ്പൂരിലേക്ക് കേന്ദ്ര സർക്കാർ സ്ഥലം മാറ്റി. ഇതിന് പിന്നിൽ ജനം ടിവിയുടെ വാർത്താ സ്വാധീനമുണ്ട്. ഇതും ചില കസ്റ്റംസുകാരെ അലോസരപ്പെടുത്തുന്നുണ്ടെന്ന് അനിൽ നമ്പ്യാർ പറയുന്നു. ഇതിന്റെ ഭാഗമാകാം ഇത്തരം വാർത്തയെന്നും നമ്പ്യാർ പറയുന്നു. ജനം ടിവിയിലെ വാർത്താ വിഭാഗത്തിൽ രണ്ടാമനാണ് അനിൽ നമ്പ്യാർ. ചാനലിന്റെ തുടക്കം മുതൽ അനിൽ നമ്പ്യാർ ജനം ടിവിയിലുണ്ട്. സൂര്യാ ടിവിയിൽ നിന്നാണ് ജനം ടിവിയിലേക്ക് എത്തുന്നത്. മുമ്പ് ശോഭനാ ജോർജിന്റെ വ്യാജ രേഖാ വിവാദത്തിലും ചർച്ചകളിൽ നിറഞ്ഞിരുന്നു അനിൽ നമ്പ്യാർ.

സ്വപന സുരേഷിനെ ഫോണിൽ ബന്ധപ്പെട്ടതായി വിവാദം തുടങ്ങിയപ്പോൾ തന്നെ അനിൽ നമ്പ്യാർ സമ്മതിച്ചിരുന്നു. കൈരളിയിലും മറ്റും ഇതേ സൂചനകളുമായി വാർത്ത എത്തിയപ്പോഴായിരുന്നു അത്. കസ്റ്റംസ് ബാഗേജിൽനിന്ന് സ്വർണം പിടികൂടിയ അന്നുതന്നെ അനിൽ സ്വപ്നയെ ഫോണിൽ വിളിച്ചതായാണ് പറയുന്നത്. ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേദിവസം ഉച്ചയ്ക്കാണ് അനിൽ ഫോൺ വിളിച്ചതായി പറയുന്നത്. 'ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്' - ഇങ്ങനെയാണ് അനിൽ നമ്പ്യാരുടെ ഫേസ്‌ബുക്ക് കുറിപ്പിലെ വിശദീകരണം.

എനിക്ക് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് കാണിച്ച് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ തത്പരകക്ഷികൾ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്.പലരും ഇക്കാര്യത്തിന്റെ നിജസ്ഥിതി എന്നോട് ഫോണിൽ വിളിച്ച് തിരക്കുന്നുണ്ട്.അതിനാൽ വിശദീകരണം നൽകേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചാം തീയ്യതി ഞായറാഴ്ച ഉച്ചയ്ക്ക് ഞാൻ എന്റെ ഫോണിൽ നിന്നും സ്വപ്നയെ വിളിച്ചിരുന്നു. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചത്. ദുബായിൽ നിന്നും ഇത്തരത്തിലൊരു ബാഗേജ് വന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയായിരുന്നു വിളിയുടെ ഉദ്ദേശ്യം.

ഡിപ്ലൊമാറ്റിക് ബാഗേജിലൂടെ സാധാരണ എന്തൊക്കെ സാധനങ്ങളാണ് അയയ്ക്കാറുള്ളതെന്നും ഞാൻ ചോദിച്ചു. കാരണം ഇത്തരം ബാഗേജുകളുടെ സ്വഭാവത്തെപ്പറ്റി എനിക്ക് യാതൊരു ധാരണയുമില്ലാത്തതിനാലാണ് കോൺസുൽ ജനറലിന്റെ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായ സ്വപ്നയെ വിളിച്ചന്വേഷിച്ചത്. മാത്രമല്ല ഇത് സംബന്ധിച്ചുള്ള കോൺസുലേറ്റിന്റെ വിശദീകരണം കൂടി ഞാൻ ആരാഞ്ഞു. ബാഗേജിനെപ്പറ്റി അറിയില്ലയെന്നും കോൺസുൽ ജനറൽ ദുബായിലാണെന്നും അവർ പറഞ്ഞു. കോൺസുലേറ്റ് സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനാൽ ആധികാരികമായ ഒരു വിശദീകരണത്തിന്റെ അനിവാര്യതയും ഞാൻ ചൂണ്ടിക്കാട്ടി. കൃത്യം ഒരു മണിക്കുറിന് ശേഷം അവരെന്നെ തിരിച്ചു വിളിക്കുകയും അത്തരമൊരു ബാഗേജ് അയച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഉടൻ തന്നെ ഞാൻ വാർത്ത ഡെസ്‌കിൽ വിളിച്ച് കൊടുക്കുകയും അത ്‌സംപ്രേഷണം ചെയ്യുകയുമായിരുന്നു.

യുഎഇ കോൺസുൽ ജനറലിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി സ്ഥാനത്ത് നിന്നുംസ്വപ്ന സുരേഷ് സർക്കാർ വകുപ്പിലേക്ക് മാറിയ കാര്യം എനിക്കറിയില്ലായിരുന്നു. മാത്രമല്ല സ്വപ്നയാണ് കള്ളക്കടത്തിന് പിന്നിലെന്ന സൂചന പോലും ഇല്ലാത്തപ്പോഴാണ് ഞാൻ അവരെ വിളിച്ചത്. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്താശേഖരണത്തിന് എനിക്കാരെയും വിളിക്കാം. ഇനിയും വിളിക്കും. വിളിപ്പട്ടികയിലെ രണ്ട് കോളെടുത്ത് വെച്ച് എനിക്ക് കള്ളക്കടത്തുകാരിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ.ഇതെന്റെ ജോലിയാണ്.

ഞാൻ ഇതുമായി മുന്നോട്ട് പോകും. തളർത്താമെന്ന് കരുതേണ്ട.ഒരു കാര്യം കൂടി പറയട്ടെ.വാർത്ത കൊടുത്ത T 21 എന്ന ഓൺലൈൻ സ്ഥാപനം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരുന്നതന്റെ മകൻ നടത്തുന്നതാണ്.അതുകൊണ്ട് തന്നെ വാർത്തയുടെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണല്ലോ.-ഇതായിരുന്നു അനിൽ നമ്പ്യാരുടെ പഴയ വിശദീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP