Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിയ്യൂരിൽ മൊബൈലും പവർ ബാങ്കും ലഹരിയും; കണ്ണൂരിൽ കഞ്ചാവ് എത്തുന്നത് പച്ചക്കറി വണ്ടിയിൽ; കോട്ടയത്ത് കോൾഗേറ്റിൽ എത്തിയത് എംഡിഎംഎ; തിരുവനന്തപുരത്ത് പരോളിൽ പോകുന്നവർ തിരിച്ചെത്തുന്നത് ബക്കാഡിയും മോർഫിസും അടക്കമുള്ള മദ്യവുമായി; തടവറകളെല്ലാം റിസോർട്ടുകളായി! ജയിൽ വകുപ്പിൽ തടവുപുള്ളികൾ താരങ്ങളാകുമ്പോൾ

വിയ്യൂരിൽ മൊബൈലും പവർ ബാങ്കും ലഹരിയും; കണ്ണൂരിൽ കഞ്ചാവ് എത്തുന്നത് പച്ചക്കറി വണ്ടിയിൽ; കോട്ടയത്ത് കോൾഗേറ്റിൽ എത്തിയത് എംഡിഎംഎ; തിരുവനന്തപുരത്ത് പരോളിൽ പോകുന്നവർ തിരിച്ചെത്തുന്നത് ബക്കാഡിയും മോർഫിസും അടക്കമുള്ള മദ്യവുമായി; തടവറകളെല്ലാം റിസോർട്ടുകളായി! ജയിൽ വകുപ്പിൽ തടവുപുള്ളികൾ താരങ്ങളാകുമ്പോൾ

വിനോദ് പൂന്തോട്ടം

തൃശൂർ: സംസ്ഥാനത്തെ ജയിലുകളിൽ ലഹരി മാഫിയ പിടിമുറിക്കിയി്ട്ടും നടപടി ശക്തമാക്കാതെ ജയിൽ വകുപ്പ്. ജയിലിന് മുന്നിലെ സുരക്ഷ പരിശോധനകളിൽ വെള്ളം ചേർക്കുന്നതുകൊണ്ടാണ് കഞ്ചാവ് മാത്രമല്ല എം ഡി എം എ അടക്കമുള്ള ലഹരി വസ്തുക്കൾ തടവുകാർക്ക് യഥേഷ്ടം കിട്ടുന്നത്. സെന്ററൽ ജയിലുകളിലാണെങ്കിൽ പുറത്ത് പോയി വരുന്ന തടവുകാരെ രണ്ട് തരത്തിലുള്ള പരിശോധനകൾ പൂർത്തിയാക്കിയാണ് ജയിലിനുള്ളിലേക്ക് കടത്തി വിടുന്നത്.

പൊലീസും ജയിൽ വകുപ്പും പരിശോധിച്ച് കടത്തി വിട്ട തടവുകാരാണ് പിന്നീട് ലഹരി ഉപയോഗത്തിൽ പ്രതികൂട്ടിൽ നിന്നിട്ടുള്ളത്. കഞ്ചാവും സിന്തറ്റിക് ഡ്രഗ്‌സും മലദ്വാരത്തിൽ വച്ചാണ് നേരത്തെ തടവുകാർ കടത്തിയിരുന്നതെങ്കിൽ ഇന്ന് ജയിലിലെ ഒരു വിഭാഗം വാർഡന്മാരെ കയ്യിലെടുത്താണ് കടത്ത്. യാതൊരു സുരക്ഷാ പരിശോധനയും അവർക്കില്ലാത്തതിനാൽ കടത്ത് ആരും അറിയാറില്ല. സെന്ററൽ ജയിൽ ഒഴികെയുള്ള ജയിലുകളിലാണെങ്കിൽ പരിശോധന തന്നെ പേരിനുമാത്രവുമാണ്. ഇതും ജയിലിനുള്ളിൽ ലഹരി കടത്ത് കൂടാൻ കാരണമായി. പ്രമാദമായ കേസിൽപ്പെട്ട് കഴിയുന്ന തടവുകാർക്കെല്ലാം സ്വാധീനം അനുസരിച്ച് ജയിലിനുള്ളിൽ ലഹരി ലഭിക്കുന്നുണ്ടെന്നാണ് വിവരം. എംപ്ലോയിമെന്റ് വഴി താൽക്കാലിക നിയമനം കിട്ടി എത്തിയ വാർഡന്മാരിൽ ചിലരും തടവുകാർക്ക് ഒത്താശ ഒരുക്കുന്നുണ്ടെന്ന് ആക്ഷേപം ഉണ്ട്.

വിയ്യൂർ സെൻട്രൽ ജയിലിനുള്ളിൽ ലഹരിമൂത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയത് കഴിഞ്ഞ ദിവസമാണ്. ലഹരിയുടെ ഉറവിടം തേടി അധികൃതർ സെല്ലുകൾ പരിശോധിച്ചപ്പോൾ എഫ് ബ്ലോക്കിൽ ഒരു സംഘത്തിന്റെ സെല്ലിൽ നിന്നു പിടികൂടിയത് 2 മൊബൈൽ ഫോണുകളും ഒരു പവർബാങ്കും ഡേറ്റാ കേബിളും ഒരു പൊതി കഞ്ചാവും. സെല്ലിലെ തടവുകാരായ വൈശാഖ്, പ്രതീഷ് എന്നിവരെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. ഇതേ സെല്ലിൽ കഴിയുന്ന പ്രശാന്ത് എന്ന ശിക്ഷാത്തടവുകാരനെതിരെ കേസെടുക്കുകയും ചെയ്തു. . തൃശൂർ മുളങ്കുന്നത്തുകാവ് വരടിയം സ്വദേശികളാണു ജയിലിൽ ഏറ്റുമുട്ടിയ രണ്ടു സംഘങ്ങളിലുമുള്ളത്. കഞ്ചാവു വിൽപന സംഘത്തിലെ കണ്ണിയും ഇരട്ടക്കൊലക്കേസ് പ്രതിയുമായ വരടിയം സിജോയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരുസംഘം ഗുണ്ടകൾ വിയ്യൂർ സെൻട്രൽ ജയിലിൽ ഡി ബ്ലോക്കിൽ കഴിയുന്നുണ്ട്.

സിജോയുടെ സംഘത്തിൽപ്പെട്ട ഒരു വിഭാഗം എഫ് ബ്ലോക്കിലും ഉണ്ട്.. കഴിഞ്ഞ ദിവസം വൈകിട്ട് കാന്റീനിനു സമീപത്തായി ഇരു സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. ഡി ബ്ലോക്കിലെ സംഘത്തിലൊരാൾക്കു മാരകമായി മർദനമേറ്റു. രണ്ടു സംഘങ്ങളും ലഹരി മൂത്ത അവസ്ഥയിലായിരുന്നുവെന്നു മറ്റ് അന്തേവാസികൾ ഗാർഡുമാരെ അറിയിച്ചു. ഇതോടെയാണു സെല്ലുകൾ പരിശോധിക്കാൻ തീരുമാനിച്ചത്. എഫ് ബ്ലോക്കിലെ സെല്ലിൽ പുതപ്പിനടിയിൽ ഒളിപ്പിച്ച നിലയിലാണു ഫോണുകളും പവർബാങ്കും കഞ്ചാവും കണ്ടെത്തിയത്. സിജോയുടെ സംഘത്തിൽപ്പെട്ട വൈശാഖിനും പ്രതീഷിനുമൊപ്പം മറ്റൊരു കേസിൽ ശിക്ഷയനുഭവിക്കുന്ന പ്രശാന്ത് ഈ സെല്ലിലുണ്ടായിരുന്നു. അടിപിടിയും കഞ്ചാവും ജയിൽ അധികൃതർ പൊലീസിനു റിപ്പോർട്ട് ചെയ്തിട്ടില്ല. 2 മൊബൈൽ ഫോണുകൾ കണ്ടെടുത്തു എന്ന വിവരം മാത്രമേ കൈമാറിയിട്ടുള്ളൂ.

എംഡിഎംഎയുമായി കോട്ടയം നഗരത്തിൽ നിന്നു പിടിയിലായ കാരാപ്പുഴ പുന്നപ്പറമ്പിൽ ഗോകുൽ കഴിഞ്ഞയാഴ്ച കോട്ടയം ജയിലിൽ കോൽഗേറ്റ് ടൂത്ത്പേസ്റ്റിനകത്ത് ലഹരി മരുന്ന് എത്തിച്ച കേസിലും പ്രതിയാണ് . സബ് ജയിലിൽ കഴിഞ്ഞിരുന്ന കൂട്ടാളി സുന്ദറിനു ടൂത്ത് പേസ്റ്റിൽ ലഹരി എത്തിക്കാൻ കരുവാക്കിയത് അയാളുടെ ഭാര്യയെ തന്നെ. കയ്യിൽ എം ഡി എം എ കൊടുത്തയച്ചത് അറിഞ്ഞില്ല എന്ന സുന്ദറിന്റെ ഭാര്യയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ പൂർണമായും വിശ്വസിച്ചിട്ടില്ല. ട്യൂബിനകത്തെ പേസ്റ്റ് കളഞ്ഞ ശേഷം പകരം എംഡിഎംഎ നിറയ്ക്കുകയായിരുന്നു. ജയിലിലെ പരിശോധനയ്ക്കിടെ ഇതു കണ്ടെത്തി. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണു ഗോകുലാണു കൊടുത്തയച്ചതെന്നു വ്യക്തമായത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ കഴിഞ്ഞ മാസം ഏറ്റുമുട്ടിയിരുന്നു. വിയ്യൂർ ജയിലിൽനിന്ന് കണ്ണൂരിലെത്തിച്ച തടവുകാരാണ് സംഘർഷത്തിനു തുടക്കമിട്ടത്. ഒന്നാം ബ്ലോക്കിൽ വച്ചായിരുന്നു സംഘർഷം. തൃശൂർ, എറണാകുളം ജില്ലയിലെ കാപ്പ തടവുകാരായ ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്ന് കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ ആക്രമിക്കുകയായിരുന്നു. ലഹരി മൂത്തായിരുന്നു ആക്രമണെമന്നാണ് വിവരം.

എന്നാൽ തടവുകാർ ലഹരിയിലാറാടിയ വിവരം ജയിൽ അധികൃതർ മറച്ചുവെച്ചുവെന്നാണ് അറിയുന്നത്. എല്ലാ തടവുകാരെയും വൈകിട്ട് ബ്ലോക്കുകളിൽ അടക്കുന്നതിന് മുൻപ് ദേഹപരിശോധന നടത്തുന്നത് നിർബന്ധമാക്കിയിട്ടുണ്ടങ്കിലും ജയിലിൽ ലഹരി എത്തിക്കുന്നതിൽ വാർഡന്മാരിൽ ഒരു വിഭാഗവും കൂട്ടു നിൽക്കുന്നതിനാൽ പരിശോധനകൾ ഫലപ്രദമായി നടക്കുന്നില്ലായെന്നാണ് ആക്ഷേപം. കണ്ണൂർ സെൻട്രൽ ജയിലിലേക്ക് പച്ചക്കറി കൊണ്ടുവന്ന ഓട്ടോറിക്ഷയിൽ എത്തിച്ച കഞ്ചാവ് പിടികൂടുകയും സൂപ്രണ്ട് സസ്‌പെൻഷനിലാവുകയും ചെയ്തത് ഇതിന് തെളിവാണ്.

സംഭവത്തിനുശേഷം കണ്ണൂർ സെൻട്രൽ ജയിലിൽ അസിസ്റ്റന്റ് സൂപ്രണ്ടിന് സെക്യൂരിറ്റി ഓഫീസർ എന്ന ചുമതലകൂടി നൽകിയിട്ടുണ്ട്. രാത്രി എല്ലാ ബ്ലോക്കുകളിലും സൂപ്രണ്ടുമാർ മിന്നൽ പരിശോധന നടത്തണം. ഡി.ഐ.ജി.മാർ ഇടയ്ക്കിടെ ജയിലുകളിൽ പരിശോധന നടത്തണമെന്നും പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു്ണ്ട്. എന്നിട്ടും കാര്യങ്ങൾ പഴയ പടി തന്നെയാണന്നാണ് വിവരം. ജയിലിൽ എത്തുന്ന സന്ദർശകർ എത്തിച്ചുകൊടുക്കുന്നതിന് പുറമേ, പ്രത്യേക ബ്ലോക്കുകളിൽ പുറത്തുനിന്ന് മയക്കുമരുന്നുകൾ എറിഞ്ഞുകൊടുക്കുന്നുമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. പരോളിൽ പുറത്തുവരുന്ന തടവുകാരാണ് ഇതിന് ഏർപ്പാട് ചെയ്യുന്നത്. ലഹരിക്കടിപ്പെട്ടവർ ജയിലിലെത്തിയാൽ അക്രമാസക്തരാവുന്നത് പതിവാണ്. ഇതാണ് കഴിഞ്ഞ ദിവസം വിയ്യൂർ സെന്ററൽ ജയിലിൽ കണ്ടതും.

തിരുവനന്തപുരം സെന്ററൽ ജയിലിലാണെങ്കിൽ പുറത്തെ പണിക്ക് പോകുന്ന തടവുകാർ തന്നെ ബക്കാഡിയും മോർഫിസുമൊക്കെ അകത്ത് എത്തിക്കും. ജയിൽ വളപ്പിൽ തന്നെ റോഡിനോടു ചേർന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തടവുകാർക്ക് ലഹരി വസ്തുക്കൾ തന്നെ എത്തിച്ചു കൊടുക്കാൻ ആളുണ്ട്.ആറു മാസം മുൻപ് പുറത്തു പണിക്ക് പോയ തടവുകാരനിൽ നിന്നും മദ്യം പിടിച്ചതോടെയാണ് ലഹരി കടത്തിന്റെ വഴികൾ തന്നെ ജയിൽ അധികൃതർ അറിയുന്നത്.

എന്നിട്ടും മദ്യവും കഞ്ചാവും അടക്കമുള്ള സാധനങ്ങൽ ഇപ്പോഴും ജയിലിൽ നിർബാധം കടത്തുന്നുണ്ട്. അത്രയ്ക്ക് ശക്തമാണ് ജയിലിനുള്ളിലെ ലഹരി മാഫിയ. കഴിഞ്ഞ നവംബറിൽ പുതിയ ജയിൽ മേധാവിയായി എ ഡി ജി പി ബൽറാം കുമാർ ഉപാദ്ധ്യ എത്തിയെങ്കിലും ഇനിയും ജയിൽ വിഷയങ്ങളിൽ അദ്ദേഹം കാര്യമായി ഇടപെട്ടു തുടങ്ങിയിട്ടില്ല. ചുമതലയേറ്റ ശേഷം പരീക്ഷ സംബന്ധിയായി ലീവെടുത്ത അദ്ദഹം തിരിച്ച് എത്തിയിട്ടും ജയിലുകൾക്കുള്ളിലെ മാഫിയകളെ ഒതുക്കാൻ രംഗത്ത് ഇറങ്ങിയിട്ടില്ല.

കൂടാതെ പല കാര്യങ്ങളും ജയിൽ സൂപ്രണ്ടുമാർ മുകളിലോട്ടു അറിയിക്കാറുമില്ല. ദക്ഷിണ - മധ്യ- ഉത്തര മേഖല ഡി ഐ ജി മാർ പല വിഷയങ്ങളും ജയിൽ മേധാവിയെ ധരിപ്പിക്കാറില്ല. അതുകൊണ്ട് തന്നെ ജയിലിനുള്ളിലെ യഥാർത്ഥ ചിത്രം പലപ്പോഴും ജയിൽ എഡിജിപി അറിയാതെ പോകുകയാണ്. ഇതിനിടെ കണ്ണൂർ സെന്ററൽ ജയിലിൽ പച്ചക്കറി വണ്ടിയിൽ കഞ്ചാവ് കടത്തിയത് ജയിൽ വകുപ്പിന് തന്നെ ചീത്തപ്പേരുണ്ടാക്കിയതിനാൽ ഉത്തര മേഖലാ ഡിഐ ജി മുൻ കൈ എടുത്ത് ലഹരി പിടിക്കാൻ ജയിലിനുള്ളിൽ തന്നെ ചാരന്മാരെ നിയോഗിക്കാൻ തീരുമാനിച്ചിരുന്നു.

എന്നാൽ അതും എങ്ങും എത്തിയില്ല. തടവുകാർക്കിടയിൽ നിന്ന് സ്വഭാവശുദ്ധിയുള്ളവരെ ചാരന്മാരാക്കാൻ കണ്ടെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അത് ഉണ്ടായില്ലെന്നാണ് വിവരം. ജയിലുകളിൽ യഥേഷ്ടം ലഹരി എത്തുകയും ഉന്നത ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷം ഗുരുതരമാണ്. ഇങ്ങനെ പോയാൽ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ ജയിലുകൾ ലഹരി മാഫിയ ഭരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP