Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജയ്ഹിന്ദിൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ 'സർജിക്കൽ സ്‌ട്രൈക്ക്'; കസേര ഒഴിയാത്ത കെപി മോഹനനിൽ നിന്നും അധികാരം പിടിച്ചെടുത്തത് ബിഎസ് ഷിജു; തിരുവനന്തപുരത്തെ ചാനൽ ആസ്ഥാനം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങൾക്ക്; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ജീവനക്കാർ; എല്ലാം നടന്നത് ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും അറിവോടെ

ജയ്ഹിന്ദിൽ കോൺഗ്രസ് ഹൈക്കമാണ്ടിന്റെ 'സർജിക്കൽ സ്‌ട്രൈക്ക്'; കസേര ഒഴിയാത്ത കെപി മോഹനനിൽ നിന്നും അധികാരം പിടിച്ചെടുത്തത് ബിഎസ് ഷിജു; തിരുവനന്തപുരത്തെ ചാനൽ ആസ്ഥാനം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങൾക്ക്; അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടി ജീവനക്കാർ; എല്ലാം നടന്നത് ഉമ്മൻ ചാണ്ടിയുടേയും ചെന്നിത്തലയുടേയും അറിവോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ്ഹിന്ദ് ചാനലിൽ ഹൈക്കമാണ്ടിന്റെ കമാണ്ടോ ആക്രമണം. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം കോൺഗ്രസ് ചാനൽ ബിഎസ് ഷിജുവും സംഘവും പിടിച്ചെടുത്തു. കെപി മോഹനനെ മാറ്റാനുള്ള നീക്കങ്ങൾ ഏറെ നാളായി സജീവമായിരുന്നു. എന്നാൽ കെപി മോഹനൻ വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചാനലിലെത്തി ബി എസ് ഷിജു അധികാരം ഏറ്റെടുത്തത്. നേരത്തെ ജയ്ഹിന്ദിലെ റിപ്പോർട്ടറായിരുന്നു ഷിജു. ചാനലിന്റെ പോക്ക് ശരിയല്ലെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാണ്ട് ഷിജുവിനെ ഡയറക്ടറായി നിയോഗിക്കുകയായിരുന്നു. എന്നാൽ പാര വച്ച് അധികാരമേറ്റെടുക്കൽ നീട്ടികൊണ്ടു പോവുകയായിരുന്നു കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസനും ഷിജുവിന് എതിരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് നാടകീയ നീക്കങ്ങൾ ചാനലിൽ നടന്നത്.

ഇതിനിടെ ഷിജുവിനെ രാജീവ് ഗാന്ധി ഇൻസറ്റിറ്റിയൂട്ടിന്റെ ഡയറക്ടറായി നിയമിച്ചിരുന്നു. ഇതോടെ ഷിജു ജയ്ഹിന്ദിലെ ചുമതല ഏറ്റെടുക്കില്ലെന്നും പ്രചരണമുണ്ടായി. കെപി മോഹനനും സംഘവും തന്നെ തുടരുമെന്നും കരുതി. ഇതിനിടെയാണ് ഇന്ന് നാടകീയ സംഭവങ്ങളുണ്ടായത്. പന്ത്രണ്ടരയോടെ ചാനൽ ആസ്ഥാനത്ത് എത്തിയ ഷിജു താൻ ചുമതല ഏറ്റെടുക്കുകയാണെന്ന് മോഹനനെ അറിയിച്ചു. കോൺഗ്രസ് നേതാവ് ബിഎസ് ബാലചന്ദ്രനും ഒപ്പമുണ്ടായിരുന്നു. ചാനൽ ഡയറക്ടറായ തമ്പാനും എത്തി. ഇവരുടെ മുന്നിൽ വച്ച് ചെറിയൊരു യോഗം. അതിന് ശേഷം ഷിജു അധികാരമേൽക്കുന്നതായി കെപി മോഹനനെ കൊണ്ടു തന്നെ പ്രഖ്യാപിക്കുകയു ചെയ്തു. അമ്പതോളം കോൺഗ്രസ് പ്രവർത്തകർ ചാനലിന്റെ വിവധ ഭാഗങ്ങളിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ അരുതാത്തതൊന്നും സംഭവിച്ചില്ല. കെപി മോഹനൻ പറഞ്ഞതു പോലെ അനുസരിച്ചെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മറുനാടനോട് പറഞ്ഞു.

ആദ്യം ഹസന് നീക്കത്തിന് എതിരായിരുന്നു, കെപി മോഹനനും ജെ എസ് ഇന്ദുകുമാറും ചാനലിനെ നയിക്കട്ടേയെന്നതായിരുന്നു നിലപാട്. ഇതോടെ കസേരയിൽ കെപി മോഹനന് ഉറച്ചിരുന്നു. അധികാരം ആർക്കം വിട്ടുകൊടുക്കില്ലെന്നും ഉറപ്പിച്ചു. ഷിജുവിനെ നിയമിക്കാൻ ഹൈക്കമാണ്ടി തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. ഇതോടെ ചില ആശയക്കുഴപ്പങ്ങളും ഉണ്ടായി. അതിനിടെയാണ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി ഷിജുവിനെ കെപിസിസി നിയമിച്ചത്. എങ്ങനേയും ഷിജുവിനെ ചാനലിൽ നിന്ന് മാറ്റാനായിരുന്നു ഇത്. എന്നാൽ ഇത് ഹൈക്കമാണ്ടിനെ പ്രകോപിപ്പിച്ചു. ഷിജുവിന് ഉടൻ ഉത്തരവാദിത്തം നൽകണമെന്നും നിർദ്ദേശിച്ചു. ചാനലിന്റെ പരിതാപകരമായ അവസ്ഥയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇതിനെ അനുകൂലിക്കുകയും ചെയ്തു. ഇതോടെയാണ് സർജിക്കൽ സ്‌ട്രൈക്ക് മാതൃകയിൽ അപ്രതീക്ഷിതമായി ഷിജുവും സംഘവും ചാനലിലെത്തിയത്. തന്നെ നിയമിക്കാനുള്ള ഉത്തരവ് കാട്ടി അധികാരം പിടിച്ചെടുക്കുകയും ചെയ്തു.

അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ യോഗവും ഷിജു വിളിച്ചു. ഇതിൽ കെപി മോഹനനും പങ്കെടുത്തു. ശമ്പള കുടിശികയെല്ലാം ഉടൻ നൽകുമെന്ന് ഷിജു പ്രഖ്യാപിച്ചു. ഇതോടെ ജീവനക്കാരുടെ ആശങ്ക പ്രതീക്ഷയിലേക്ക് വഴിമാറി. ഇരുപതോളം ഖദർ ധാരികൾ ഷിജുവിനൊപ്പം ചാനലിൽ എത്തിയിരുന്നു. ഇവർ വിവിധ സ്ഥലങ്ങളിൽ നിലയുറപ്പിക്കുകയും ചെയ്തു. അധികാര കൈമാറ്റത്തിന് മോഹനൻ തയ്യാറായില്ലെങ്കിൽ സംഘർഷം ഉണ്ടാകുമോ എന്നതായിരുന്നു ജീവനക്കാരുടെ ഭയം. ഇതെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു അവിടെ നടന്നത്. ജീവനക്കാരുടെ യോഗത്തിന് ശേഷം ഷിജുവും മോഹനനും ചർച്ച നടത്തുകയും ചെയ്തു. നിലവിൽ ചാനൽ സിഇഒയാണ് കെപി മോഹനനൻ. ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസ് ആയാണ് ഷിജു ചുമതലേൽക്കുന്നത്. ഫലത്തിൽ ഇനിയെല്ലാ തീരുമാനവും ഷിജുവെടുക്കും. കെപി മോഹനന്റേയും എക്‌സിക്യൂട്ടീവ് എഡിറ്ററായ ഇന്ദുകുമാറിന്റേയും ഭാവിയെന്താകുമെന്ന് ആർക്കും അറിയില്ല.

ജയ്ഹിന്ദി ടിവിയിൽ നിന്ന് എംഎം ഹസ്സനേയും കെപി മോഹനനേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൈരളി ടിവിക്ക് മുമ്പിൽ പോസ്റ്റർ ഒട്ടിക്കലും നടന്നിരുന്നു. സുധീരന്റെ പിന്തുണയോടെ ഷിജു എത്തുമെന്ന് അറിഞ്ഞതോടെ ജയ്ഹിന്ദ് ടിവിയിൽ ജീവനക്കാരുടെ യോഗം മോഹനൻ വിളിച്ചിരുന്നു. എല്ലാ ജീവനക്കാരേയും പിന്തുണ തേടലായിരുന്നു ലക്ഷ്യം. ആരു വന്നാലും നിങ്ങൾ ഞങ്ങൾക്കൊപ്പം നിൽക്കണമെന്നും ഞങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ ശമ്പളം തരുന്നവർക്കൊപ്പമേ നിൽക്കൂവെന്ന പൊതു വികാരമാണ് യോഗത്തിൽ ഉയർന്നത്. പതിവില്ലാതെ യോഗത്തിൽ നാരാങ്ങാ വെള്ളം നൽകിയതും വിവാദമായി. മൂന്ന് മാസമായി ശമ്പളം കിട്ടാത്ത തങ്ങളെ നാരങ്ങാ വെള്ളം നൽകി കൈയിലെടുക്കാൻ ശ്രമിക്കേണ്ടെന്ന അഭിപ്രായവും ഉയർന്നു. ഇതിനിടെ എവിടെ നിന്നോ ഫണ്ട് സംഘടിപ്പിച്ച് ഒരു മാസത്തെ ശമ്പളം കൊടുത്തു.

കെപിസിസി അധ്യക്ഷനായിരിക്കെ ജയ് ഹിന്ദ് ടിവിയിൽ മാറ്റം കൊണ്ടുവരാൻ സുധീരൻ ശ്രമിച്ചിരുന്നു. എന്നാൽ ചാനൽ എംഡി കൂടിയായ എംഎം ഹസ്സൻ നടത്തിയ നീക്കങ്ങൾ ഇതെല്ലാം അപ്രസക്തമാക്കി. ഇതോടെ ചാനലിന്റെ പ്രസിഡന്റ് പദം പോലും സുധീരൻ രാജിവയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ എ-ഐ ഗ്രൂപ്പുകൾ നടത്തിയ സംയുക്ത നീക്കം കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് സുധീരന്റെ രാജിയിലേക്ക് കാര്യങ്ങളെത്തിച്ചു. തുടർന്ന് ഹസ്സൻ കെപിസിസിയുടെ താൽകാലിക അധ്യക്ഷനുമായി. ഇതോടെ ജയ്ഹിന്ദ് ടിവിയിൽ എല്ലാം തന്റെ വഴിക്ക് വന്നുവെന്ന പ്രതീതിയും ഹസൻ സൃഷ്ടിച്ചു. എന്നാൽ ഡൽഹി റിപ്പോർട്ടറായ ബി.എസ് ഷിജുവിനെ അപ്രതീക്ഷിത നീക്കത്തിലൂടെ ചാനൽ തപ്പത്തെത്തിച്ച് ഹസ്സന് പണി കൊടുക്കുകയായിരുന്നു സുധീരൻ. ഹൈക്കമാണ്ടിനെ സ്വാധീനിച്ച് ഷിജുവിനെ നിയോഗിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ പിന്തുണയും കിട്ടി. ഇതിനെ പിന്നീട് ഉമ്മൻ ചാണ്ടിയും അംഗീകരിച്ചു. ഇതോടെയാണ് സർജിക്കൽ സ്‌ട്രൈക്കിലൂടെ ഷിജു ചാനൽ തലപ്പത്ത് എത്തിയത്.

ജയ്ഹിന്ദ് ടിവിയുടെ തടുക്കകാലത്ത് ഡൽഹി റിപ്പോർട്ടറായിരുന്നു ബിഎസ് ഷിജു. വീക്ഷണത്തിന്റെ ലേഖകനായിരുന്ന ഷിജു ജയ്ഹിന്ദിന് വേണ്ടിയും പ്രവർത്തിക്കുകയായിരുന്നു. സുധീരൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോൾ ഷിജുവും രാജിവച്ചു. ഇത് വ്യക്തമായ നീക്കങ്ങളുടെ തുടക്കമായിരുന്നു. ഹസനെ കെപിസിസിയുടെ താൽകാലിക പ്രസിഡന്റാക്കിയ അതേ ഹൈക്കമാണ്ട് തന്നെ ഷിജുവിനെ നിയമിക്കാൻ നിർദ്ദേശിച്ചു. കെപിസിസി അധ്യക്ഷ കസേരയിൽ ഇരുന്ന് ഹസൻ ഇത് അനുസരിച്ചു. എന്നാൽ കെപി മോഹനൻ കളി തുടരുകയും ചെയ്തു. ഇതോടെ ഷിജുവിന്റെ ചുമതലേയൽക്കൽ വൈകി. സിഇഒയും എക്‌സിക്യൂട്ടീവ് എഡിറ്ററും നടത്തി പോന്ന ഇടപെടലുകളിൽ കെപിസിസി അധ്യക്ഷനായിരിക്കെ സുധീരൻ അതൃപ്തനായിരുന്നു. ചാനൽ ഫണ്ട് വകമാറ്റിയതും മറ്റും സുധീരൻ കണ്ടെത്തി. ഇതോടെയാണ് ഇരുവർക്കുമെതിരെ സുധീരൻ ശക്തമായ നിലപാട് എടുത്തത്. ഇവരെ പുറത്താക്കുകയോ അധികാരം കുറയ്ക്കുകയോ വേണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. ഇതിന് ഹസൻ വഴങ്ങിയില്ല. അങ്ങനെ കെപിസിസി ചാനലിന് സാമ്പത്തിക സഹായം നൽകുന്നത് സുധീരൻ അവസാനിപ്പിച്ചു.

ഇത് ചാനലിനെ വലിയ പ്രതിസന്ധയിലേക്കാണെത്തിച്ചത്. ഹസൻ കെപിസിസിയുടെ തലപ്പത്തെത്തിയെങ്കിലും ജയ്ഹിന്ദിലേക്കുള്ള ഫണ്ട് സാധാരണ ഗതിയിലായില്ല. നിലവിൽ മൂന്ന് മാസമായി ശമ്പളം മുടങ്ങി കിടക്കുകയായിരുന്നു. ഈ സാഹചര്യത്തെ സമർത്ഥമായി ഉപയോഗിച്ചാണ് കെപി മോഹനനും ജെ എസ് ഇന്ദുകുമാറിനും സുധീരൻ പണി കൊടുത്തത്. എ കെ ആന്റണിയും സുധീരനൊപ്പം നിന്നു. കെ എസ് യു പ്രവർത്തകനായിരുന്ന ഷിജു അറിയപ്പെടുന്ന മൂന്നാ ഗ്രൂപ്പുകാരനായിരുന്നു. കെസി വേണുഗോപാലുമായുള്ള അടുപ്പത്തിന്റെ ബലത്തിലാണ് ഷിജു വീക്ഷണം റിപ്പോർട്ടറായി ഡൽഹിയിലെത്തിയത്. പതിയെ ഡൽഹിയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രമുഖരുമായി ഷിജുവിന് അടുത്ത ബന്ധമുണ്ടായി. തുടർന്ന് രമേശ് ചെന്നിത്തലയുടെ ഇടപെടലിൽ കെപിസിസി നിർവ്വാഹക സമിതി അംഗമായി ഷിജു മാറി. സുധീരൻ കെപിസിസി അധ്യക്ഷനായെത്തിയപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനുമായി. ഡൽഹിയിലുള്ള എകെ ആന്റണിയുമായി ആത്മബന്ധം പുലർത്താനായതും ഷിജുവിന് തുണയായി. ഈ ഡൽഹി ബന്ധങ്ങളുടെ കരുത്തിലാണ് ജയ്ഹിന്ദിന്റെ പ്രധാന ചുമതലക്കാരനായി ഷിജുവെത്തുന്നത്.

കേരളത്തിലെ ഇടതുപക്ഷം നിരന്തരം വിവാദത്തിൽ പെടുന്നു. ഇതിനെ മുതലെടുക്കാൻ കോൺഗ്രസ് ചാനലായ ജയ്ഹിന്ദിന് കഴിയുന്നില്ല. ഈ സാഹചര്യം രാഹുൽ ഗാന്ധിയെ സുധീരൻ ബോധ്യപ്പെടുത്തി. ഇതേത്തുടർന്ന് കെപിസിസി അധ്യക്ഷ പദവിയിലുള്ള ഹസ്സനോട് ഉടൻ മാറ്റങ്ങൾ വരുത്തി ചാനലിനെ ശരിയായ ദിശയിലാക്കാൻ രാഹുൽ നിർദ്ദേശിച്ചു. ഷിജുവിനെ നിർണ്ണായക പദവയിൽ നിയോഗിക്കാനും നിർദ്ദേശമുണ്ടായി. അങ്ങനെയാണ് ചാനലിന്റെ ഡയറക്ടർ ഓപ്പറേഷൻസായി ഷിജുവിനെ നിയമിക്കാൻ തീരുമാനമായത്. പിന്നീട് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നത്തലയും തീരുമാനത്തെ അംഗീകരിച്ചു. ഇതുകൊണ്ട് തന്നെ എല്ലാ ഗ്രൂപ്പിന്റേയും പിന്തുണയുമായാണ് ജയ്ഹിന്ദിനെ നന്നാക്കാൻ ഷിജു എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP