Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ചാനലിനെ എ ഗ്രൂപ്പിൽ നിന്ന് മോചിപ്പിക്കാൻ കണ്ടെത്തിയ ഒറ്റമൂലിക്കും ഉള്ളിൽ ഭയം; ജയ്ഹിന്ദിന്റെ കണക്ക് നോക്കിയ സിഎക്കാരൻ നേതാവിനെ ഉപദേശിച്ചത് ഏറ്റെടുത്താൽ പണി കിട്ടുമെന്ന്; ബാധ്യതയും കണക്കിലെ പൊരുത്തക്കേടും കണ്ട് ഞെട്ടി കെവി തോമസ്; കോൺഗ്രസ് ചാനലിൽ മുല്ലപ്പള്ളി പ്രഖ്യാപിച്ച നേതൃമാറ്റം പാളുന്നു; മാഷിന്റെ മനസുമാറ്റം ഹസന്റെ കളിയെന്ന സംശയത്തിൽ ഐ ഗ്രൂപ്പും

ചാനലിനെ എ ഗ്രൂപ്പിൽ നിന്ന് മോചിപ്പിക്കാൻ കണ്ടെത്തിയ ഒറ്റമൂലിക്കും ഉള്ളിൽ ഭയം; ജയ്ഹിന്ദിന്റെ കണക്ക് നോക്കിയ സിഎക്കാരൻ നേതാവിനെ ഉപദേശിച്ചത് ഏറ്റെടുത്താൽ പണി കിട്ടുമെന്ന്; ബാധ്യതയും കണക്കിലെ പൊരുത്തക്കേടും കണ്ട് ഞെട്ടി കെവി തോമസ്; കോൺഗ്രസ് ചാനലിൽ മുല്ലപ്പള്ളി പ്രഖ്യാപിച്ച നേതൃമാറ്റം പാളുന്നു; മാഷിന്റെ മനസുമാറ്റം ഹസന്റെ കളിയെന്ന സംശയത്തിൽ ഐ ഗ്രൂപ്പും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജയ്ഹിന്ദ് ടിവിയുടെ ഉത്തരവാദിത്തം നൽകിയിട്ടും ഏറ്റെടുക്കാൻ മുൻ മന്ത്രിയും പ്രമുഖ നേതാവുമായ കെവി തോമസിന് മടി. കോൺഗ്രസ് ചാനലിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് തനിക്ക് ഭാവിയിൽ പാരയാകുമെന്ന സംശയം തോമസ് മാഷ് എന്ന് അറിയപ്പെടുന്ന കെവി തോമസിനുണ്ട്. ഇതോടെ എംഡിയുടെ ചുമതല ഏറ്റെടുക്കാതെ ഒഴിഞ്ഞു മാറുകയാണ് നേതാവ്.

രണ്ടാഴ്ച മുൻപാണ് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പത്ര സമ്മേളനം വിളിച്ച് ജയ്ഹിന്ദ് ചാനലിന്റെ ചുമതല മുൻ കേന്ദ്ര മന്ത്രി കൂടിയായ കെ വി തോമസിനെ ഏൽപ്പിക്കുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതിന് മുൻപ് തന്നെ ചാനലിന്റെയും പത്രത്തിന്റെയും ചുമതല ഏറ്റെടുക്കാമെന്നും രണ്ടു മാധ്യമങ്ങളും നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാമെന്നും തന്റെ കൈയിൽ വിശ്വസ്തരായ നല്ല നിക്ഷേപകർ ഉണ്ടെന്നും തോമസ് മാഷ് കെ പി സി സി നേതൃത്വത്തെയും ചാനലിന്റെ ചെയർമാൻ ആയ രമേശ് ചെന്നിത്തലയേയും അറിയിച്ചത്.

ചർച്ചകളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കൂടി പങ്കാളിയായതോടെ പാർട്ടി പത്രത്തിന്റെയും ചാനലിന്റെയും തലപ്പത്ത് എത്താൻ കെ പി സി സി തോമസ് മാഷിന് പച്ചക്കൊടി കാട്ടുകയായിരുന്നു. ഇതനുസരിച്ച് പ്രഖ്യപാനം വന്നതിന്റെ അടുത്ത ദിവസം തന്നെ തോമസ് മാഷിന്റെ ചാർട്ടേട് അക്കൗണ്ടന്റ് ചാനലിലും പത്രത്തിലും എത്തി വരവു ചെലവു കണക്കുകൾ പരിശോധിച്ചു. തോമസ് മാഷ് പത്രത്തിന്റെ ചുമതല മാത്രം ഏറ്റെടുത്താൽ മതിയെന്നാണ് ചാർട്ടേട് അക്കൗണ്ടന്റ് റിപ്പോർട്ട് നല്കിയിരിക്കുന്നത്.

സാമ്പത്തിക പരാധീനതകൾ ഉണ്ടെങ്കിലും പത്രം നന്നായി മുന്നോട്ടു കൊണ്ടു പോകാനാകുമെന്ന് മാഷിനെ ചാർട്ടേട് അക്കൗണ്ടന്റ്് ഉപദേശിച്ചു. എന്നാൽ തൽക്കാലം ചാനലിന്റെ ചുമതലയിൽ വരരുതെന്നും ഇദ്ദേഹം തോമസ് മാഷിനെ അറിയിച്ചു. പരിശോധയിൽ 10 കോടയിലധികം രൂപയുടെ പൊരുത്തക്കേടുകൾ കാണാനായെന്നും അക്കൗണ്ട്സ് വിഭാഗത്തിന് തന്റെ സംശയങ്ങൾക്ക് ചാനൽ അധികൃതർക്ക് വ്യക്തമായ മറുപടി നൽകാനായില്ലെന്നും ചാർട്ടേട് അക്കൗണ്ടന്റ് തോമസ് മാഷിനെ ധരിപ്പിച്ചതായാണ് വിവരം.

ഈ കണക്കുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ചാനൽ മേധാവി എന്ന നിലയിൽ പ്രശ്‌നമാകുമെന്നും തോമസ് മാഷിന് നിയമോപദേശം കൂടി ലഭിച്ച സാഹചര്യത്തിലാണ് ജയ്ഹിന്ദ് ചാനലിന്റെ ചുമതല മാഷ് ഏറ്റെടുക്കാൻ വൈകുന്നത്. ഇതിനിടെ ചാനലിൽ വലിയ സാമ്പത്തിക പ്രതിസന്ധിയും കണക്കുകളിൽ പൊരുത്തക്കേടും ഉണ്ടാക്കി തോമസ് മാഷിന്റെ വരവ് തടയുന്നതിന് പിന്നിൽ ജയ്ഹിന്ദിലെ വിമത പക്ഷമാണന്നാണ് ഐ ഗ്രൂപ്പ് പറയുന്നത്. ജയ്ഹിന്ദിൽ പ്രശ്നം ഉണ്ടെങ്കിൽ ആദ്യം പേടിക്കേണ്ടത് ചെയർമാനായ ചെന്നിത്തല അല്ലേയെന്നും ഐ ഗ്രൂപ്പു കാർ ചോദിക്കുന്നു.

ചില ചെറിയ പ്രശ്നങ്ങളെ ജയ്ഹിന്ദിലെ അക്കൗണ്ട്സ് വിഭാഗം പർവ്വതീകരിച്ചു കാണിക്കുന്നതാണ് തോമസ് മാഷിന്റെ വരവിന് തടസമായതെന്നും ഐ ഗ്രൂപ്പുകാർ പറയുന്നു. അതു കൊണ്ടു തന്നെ തോമസ് മാഷ് ചുമതല ഏൽക്കണമെന്നും ജയ്ഹിന്ദ് ചാനലിന്റെ പ്രൗഢി തിരിച്ചു പിടിക്കണമെന്നുമാണ് ഇവരുടെ പക്ഷം. ചാനലിനെ ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കെ പി സി സി ജയ് ഹിന്ദിന്റെ ചുമതല ഉറപ്പു നല്കിയപ്പോൾ തന്നെ ചില മുതിർന്ന മാധ്യമ പ്രവർത്തകരുമായി തോമസ് മാഷ് ചർച്ച നടത്തിയിരുന്നു. ഇതിൽ വലതു പക്ഷ മാധ്യമ പ്രവർത്തകരിൽ ചില പ്രധാനികളെ ജയ്ഹിന്ദിന്റെ ന്യൂസ് വിഭാഗത്തിൽ എത്തിക്കാനും തോമസ് മാഷ് ആലോചിച്ചിരുന്നു.

ഇതിനിടയിലാണ് തോമസ് മാഷിന്റെ തന്നെ സ്വന്തം അക്കൗണ്ടന്റെ് പത്രത്തിന്റെയും ചാനലിന്റെയും കണക്കുകൾ തലനാരിഴ കീറി പരിശോധിച്ചത്. ജയ് ഹിന്ദ് ചാനൽ ജോയിന്റ് മാനേജിങ് ഡയറക്ടർ ബി.എസ് ഷിജു രാജിവെച്ചതോടെയാണ് തോമസ് മാഷ് ചാനലിന്റെ ചുമതലയിൽ വരാൻ താല്പര്യം പ്രകടിപ്പിച്ചത്. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രന് അനഭിമതനായ ഷിജുവിൽ നിന്നും ഒന്നര മാസം മുൻപ് രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത് . മുല്ലപ്പള്ളി കെ.പി.സി സി പ്രസിഡന്റായപ്പോൾ തന്നെ ഷിജുവിനെ പുറത്തിക്കാൻ നീക്കം നടത്തിയിരുന്നുവെങ്കിലും ഡൽഹിയിൽ നിന്നുള്ള ചില ഇടപെടലുകൾ കാരണം താൽക്കാലികമായി നീക്കം മരവിപ്പിക്കുകയായിരുന്നു .

ചാനലിനെ നയിക്കാനുള്ള ശേഷി ഷിജുവിനില്ലായെന്നും ഷിജു ചുമതലയിൽ വന്ന ശേഷം ചാനലിന്റെ റേറ്റിങ് താഴോട്ട് പോയതും പ്രതിപക്ഷ ചാനൽ എന്ന നിലയിൽ ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ടതും സ്ഥാനം തെറിക്കുന്നതിന് കാരണമായതായി പറയപ്പെടുന്നു. . എന്നാൽ പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി നടപ്പിലാക്കി തുടങ്ങിയതുകൊണ്ടാണ് ഷിജു രാജിവെയ്ക്കേണ്ടി വന്നതെന്ന് അദ്ദേഹത്തിന്റെ അടുപ്പക്കാർ ന്യായീകരിച്ചിരുന്നു. . നിലവിൽ കോൺഗ്രസിന്റെ ബൗദ്ധിക കേന്ദ്രമായ രാജീവ് ഗാന്ധി സ്റ്റഡി സെന്ററിന്റെ ഡയറക്ടർ ആണ് ഷിജു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP