Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ

ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കേരളത്തിലെ സഭാ തർക്കത്തിന് നാളെ പരിഹാരമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉച്ചക്ക് ഓർത്തഡോക്സ് സഭാ പ്രതിനിധികളുമായി ചർച്ച നടത്തി. നാളെയാണ് യാക്കോബായ സഭാ നേതൃത്വവുമായി ചർച്ച. ഓരോ പള്ളിയും ഭൂരിപക്ഷം ആർക്കാണോ അവർക്ക് നൽകുക, ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം എന്നതാണ് ഒത്തുതീർപ്പ് ചർച്ചയിൽ മോദി മുന്നോട്ട് വെക്കുന്ന പ്രധാന നിർദ്ദേശം. രണ്ടു പേർക്കും യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിതുകൊടുക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു. യോജിക്കുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും രണ്ടു കൂട്ടരും ധാരണ ഉണ്ടാക്കും വരെ അയോധ്യ പോലെ പൂട്ടി കിടക്കുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകുന്നു.

മിസോറാം ​ഗവർണർ പി എസ് ശ്രീധരൻ പിള്ളയുടെ മധ്യസ്ഥതയിലാണ് പ്രധാനമന്ത്രി ഒത്തുതീർപ്പ് വ്യവസ്ഥകൾ തയ്യാറാക്കി ഇരു സഭകളെയും ചർച്ചക്ക് വിളിച്ചത്. പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശങ്ങൾ അനുസരിക്കുകയല്ലാതെ ഇരുപക്ഷത്തിനും മുന്നിൽ മറ്റ് മാർ​ഗങ്ങളില്ല. തന്റെ നിർദ്ദേശങ്ങൾ അം​ഗീകരിക്കാതെ വന്നാൽ പള്ളികൾ ദീർഘനാൾ പൂട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്നും മോദി സഭകൾക്ക് മുന്നറിയിപ്പ് നൽകും. ഇതോടെ കേരള രാഷ്ട്രീയത്തിൽ ബിജെപി നേട്ടമുണ്ടാക്കുമ്പോൾ കാൽക്കീഴിലെ മണ്ണ് ഒലിച്ചു പോകുന്നത് കോൺ​ഗ്രസിനാണ് എന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇന്നും നാളെയും കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ സമ​ഗ്രമായ ചില മാറ്റങ്ങൾക്കാണ് വഴിയൊരുങ്ങുന്നത് എന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

മിസോറാം ഹൗസിൽ ആണ് ചർച്ചയ്ക്കു വന്ന സഭ അധികാരികൾക്ക് താമസം.വാഹനം ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും സഭാ നേതൃത്വത്തിനായി ഇവിടെ ഒരുക്കിയിട്ടുണ്ട്. സകലതും ഓർത്തോഡോക്സിനു മാത്രം കൊടുക്കാൻ പിണറായിയും കമ്യുണിസ്റ്റ് മെത്രാന്മാരും ഉണ്ടാക്കിയ ധാരണ മുഴുവൻ പൊളിച്ചത് മിസോറാം ​ഗവർണർ പി എസ് ശ്രീധരൻ പിള്ളയാണ്. സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ധാരണ അനുസരിച്ച് പള്ളി വിശ്വാസസികൾക്ക് എന്നതായിരുന്നു. അതായത് എല്ലാവർക്കും ആരാധന സ്വാതന്ത്ര്യം. പള്ളിയുടെ അവകാശം ട്രെസ്റ്റിക്കും എന്നായിരുന്നു. ട്രെസ്റ്റി കോടതി വിധി പ്രകാരം ഓർത്തഡോക്സ് വൈദികൻ ആയിരിക്കും. ഫലത്തിൽ പള്ളി ഓർത്തഡോക്സ് കാർക്ക് മാത്രം ആയിരുന്നു.

യാക്കോബായ വിഭാ​ഗം പരാമ്പരാ​ഗതമായി ഇടതു പക്ഷത്തിനൊപ്പമായിരുന്നതിനാൽ സഭാ തർക്കത്തിൽ സിപിഎമ്മിന് യാതൊരു നഷ്ടവും ഇതുവരെ ഉണ്ടായിരുന്നില്ല. സിപിഎമ്മിലെ 12 ഓർത്തഡോക്സ് വിഭാഗത്തിന് സീറ്റും നൽകിയതോടെ ഓർത്തഡോക്സ് സഭയും ഇടതിനോട് അടുത്തിരുന്നു. സഭ തർക്കം പരിഹരിച്ച പിണറായിക്കു രണ്ടു സഭയുടെയും വോട്ട്. എന്നതായിരുന്നു ഇടതുപക്ഷം കണക്ക് കൂട്ടിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായാണ് പി എസ് ശ്രീധരൻ പിള്ളയും നരേന്ദ്ര മോദിയും സഭാ പ്രശ്നത്തിൽ ഇടപെടുന്നത്. ഇതോടെ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ​​ദീർഘകാല ലക്ഷ്യത്തോടെ പ്രശ്നങ്ങളെ നേരിടുന്ന മോദിയുടെ തന്ത്രങ്ങളുടെ ഫലമായി സമീപ ഭാവി ഇടതു പക്ഷത്തിനും മുസ്ലിം ലീ​ഗിനും അനുകൂലമാകും എന്നും നിരീക്ഷകർ കരുതുന്നു.

അതായത്, സഭാ തർക്കത്തിൽ മോദി ഉണ്ടാക്കുന്ന ധാരണയിലും രാഷ്ട്രീയ നേട്ടം പിണറായിക്കു തന്നെയാകും. ധാരണ പ്രകാരം മാവേലിക്കര, ചെങ്ങന്നൂർ, പത്തനത്തിട്ട, പെരുമ്പാവൂർ, തൃപ്പൂണിത്തുറ തുടങ്ങി ബിജെപി ക്കു സ്വാധീനം ഉള്ള മണ്ഡലങ്ങളിൽ യാക്കോബായ പക്ഷം ബിജെപി യെ സഹായിക്കും. ബാക്കി മണ്ഡലങ്ങളിൽ.. കോൺ​ഗ്രസിനെ ഇല്ലാതാക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം. രാഹുൽ ഗാന്ധിയുടെ മണ്ഡലം ഉൾപ്പെടുന്ന കേരളത്തിൽ കോൺ​ഗ്രസ് ഭരണം ഉണ്ടാകരുത് എന്നാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. കോൺ​ഗ്രസ് യൂ ഡി എഫിൽ രണ്ടാം കക്ഷിയാകണം. പിണറായി മുന്നോട്ടു വയ്ക്കുന്നതും അതെ രാഷ്ട്രീയമാണ്.

മുസ്ലിം പ്രീണനം കൈമുതലായുള്ള ഇടതു പക്ഷം ഭരണത്തിലും മുസ്ലിം ലീ​ഗ് പ്രതിനിധി പ്രതിപക്ഷ നേതാവ് പ​ദവിയിലും എത്തിമെന്ന നില വന്നാൽ കേരളത്തിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളും ഇപ്പോഴും സവർണ ​ഹൈന്ദവ പാരമ്പര്യം പറയുന്ന ക്രിസ്ത്യാനികളും ബിജെപിക്ക് അനുകൂലമായി ചിന്തിക്കും. ഇതിന് പുറമേ സഭാ തർക്കത്തിന് പരിഹാരം കണ്ടവർ എന്ന നിലയിലും ബിജെപി കേരളത്തിലെ ക്രൈസ്തവർക്ക് സ്വീകാര്യരാകും എന്നും ബിജെപി കണക്ക് കൂട്ടുന്നു. ദീർഘകാല ഫലം ലക്ഷ്യം വെച്ചുള്ള ഈ കളിക്കിടെ കോൺ​ഗ്രസ് മുക്ത ഭാരതമെന്ന ദേശീയ ലക്ഷ്യം കൂടി സാധ്യമാകും എന്നും നേതൃത്വം കണക്ക് കൂട്ടുന്നു. ഇപ്പോൾ മുസ്ലിം ലീ​ഗീനും ഇടത് പക്ഷത്തിനും നല്ല സമയം തെളിയും എങ്കിലും കേരളത്തിന്റെ സമീപ ഭാവിയിൽ ഇരു കക്ഷികളും മുന്നണിയായി ബിജെപിയെ നേരിടേണ്ട സാഹചര്യം വരും എന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

അഭിഭാഷകൻ കൂടിയായ പിള്ള എല്ലാ നിയമവശങ്ങളും പരിശോധിച്ചാണ് വിഷയത്തിൽ ഇടപെടുന്നത്. ക്രൈസ്തവ സമൂഹത്തെ ബിജെപിയുമായി അടുപ്പിക്കന്ന തരത്തിലാണ് മോദിയുടെ ഇടപെടൽ. കേന്ദ്ര മന്ത്രി ്അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിഷയങ്ങളിൽ കൂടിയാലോചന നടത്തുന്നുണ്ട്. കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ക്രൈസ്തവ പിന്തുണ അനിവാര്യമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് മിസോറാം ഗവർണ്ണറെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചത്. ക്രൈസ്തവർക്ക് ഉള്ള മറ്റ് പരാതികളും കേന്ദ്ര സർക്കാർ പരിശോധിക്കും. മറ്റ് ക്രൈസ്തവ സഭകളുമായി ജനുവരിയിൽ മോദി ചർച്ച നടത്തുമെന്ന് പി.എസ് ശ്രീധരൻപിള്ള അറിയിച്ചു. ചർച്ചക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. മതപരമായ ലക്ഷ്യങ്ങളോടെയല്ല സഭാതർക്കത്തിൽ ഇടപെടുന്നതെന്നും ശ്രീധരൻപിള്ള പറഞ്ഞു. പ്രധാനമന്ത്രിയുടെ ഇടപെടലിൽ രാഷട്രീയ ലക്ഷ്യങ്ങൾ ഇല്ലെന്ന് ആവർത്തിക്കുമ്പോഴും, സംസ്ഥാനത്തെ ക്രൈസ്തവ സമൂഹത്തെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.

സഭാ തർക്കം രമ്യമായി പരിഹരിക്കാനായാൽ അത് ബിജെപിക്ക് നേട്ടമാകും എന്ന കാര്യത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കും തർക്കമില്ല. കേരളത്തിലെ പ്രബലമായ രണ്ട് ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാനായാൽ കേരളത്തിൽ മുന്നോട്ട് പോകാമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു. വിവിധ പരാതികൾ ഉന്നയിച്ച് കേരളത്തിലെ സഭാ നേതൃത്വങ്ങൾ നൽകിയ നിവേദനം ശ്രീധരൻ പിള്ള പ്രധാനമന്ത്രിയെ നേരിൽ കണ്ട് കൈമാറിയിരുന്നു. ക്രിസ്തുമസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയേക്കും എന്ന് ശ്രീധരൻ പിള്ള സൂചന നൽകുകയും ചെയ്തിരുന്നു.

സഭാ തർക്കം തുടങ്ങുന്നത് ഇങ്ങനെ

അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ അധികാരത്തിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭയിൽ നിന്ന് 1912ൽ ഒരു വിഭാഗം വിഘടിച്ച് പുറത്ത് പോകുകയും സമാന്തരമായി മലങ്കര ഓർത്തഡോക്‌സ് എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും മാർതോമാശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് 1934ൽ മലങ്കര ഓർത്തഡോക്‌സ് സഭ ഭരണഘടന നിർമ്മിച്ച് യാക്കോബായ സഭക്കെതിരെ കേസുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1958ൽ അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന ഇഗ്‌നാത്തിയോസ് യാക്കോബ് തൃതീയൻ ബാവ ഇരു സഭയിലും സമാധാനം സൃഷ്ടിക്കുവാൻ യോജിപ്പിന് നിർദ്ദേശിച്ചു. പക്ഷേ വീണ്ടും വിശ്വാസപരമായ കാര്യത്തിൽ ഇരു വിഭാഗവും വിത്യസ്ഥ നിലപാടുകൾ സ്വീകരിച്ചതോടെ 1975ൽ ഇരുവിഭാഗമായി. തുടർന്ന് 1995ലും 2002ലും വിവിധ തലത്തിൽ സഭാ തർക്കം അവസാനിപ്പിക്കുവാൻ നടപടികൾ ആരംഭിച്ചെങ്കിലും ഇരു പക്ഷത്തിന്റെയും വിട്ട് വീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പൂർണ്ണതയിലെത്തിയില്ല.

കോലഞ്ചേരിയടക്കം മൂന്ന് പള്ളികളുടെ ഭരണ ക്രമീകരണം സംബന്ധിച്ചുള്ള ഉത്തരവിലാണ് യാക്കോബായ സുറിയാനി സഭയുടെ പൂർണ്ണ കൈവശത്തിലിരിക്കുന്ന പള്ളികളും മലങ്കര ഓർത്തഡോക്‌സ് സഭയുടെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന ഉത്തരവ് ഉണ്ടായത്. ഇതോടെ കോതമംഗലം, പിറവം, മണർകാട് തുടങ്ങി യാക്കോബായ സഭയുടെ പ്രധാന പള്ളികളടക്കം കൈവശപ്പെടുത്തുവാൻ മലങ്കര ഓർത്തഡോക്‌സ് സഭ മുന്നിട്ടിറങ്ങി. ഇതിനെ തുടർന്ന് കോതമംഗലത്തും പിറവത്തുമടക്കം പല പള്ളികളും കോടതി ഉത്തരവിന്റെ പിൻബലത്തിൽ പിടിച്ചെടുക്കാൻ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്‌സ് വൈദീകർ എത്തിയെങ്കിലും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം മൂലം ഇത് നടപ്പിലായില്ല. ഇതിനിടയിൽ നിരവധി ചെറിയ യാക്കോബായ പള്ളികൾ ഓർത്തഡോക്‌സ് സഭ കോടതി വഴി കൈവശപ്പെടുത്തി. പിടിച്ചെടുത്ത പള്ളികളിലെല്ലാം യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ ഭൂരിപക്ഷമുള്ള പള്ളികളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മലങ്കര ഓർത്തഡോക്‌സ് സഭ യാക്കോബായക്കാരുടെ കൈവശത്തിൽ നിന്ന് പിടിച്ചെടുത്ത പള്ളികളുടെ സെമിത്തേരിയിൽ യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അടക്കുന്നതിന് പോലും മലങ്കര ഓർത്തഡോക്‌സ് സഭ സമ്മതിക്കാത്തതും വലിയ രീതിയിലുള്ള പ്രശ്‌നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ സർക്കാരും പ്രതിസന്ധിയിലായി. യാക്കോബായക്കാരുടെ ശവം കത്തിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യട്ടെ എന്ന ഓർത്തഡോക്‌സ് വിഭാഗം കാതോലിക്കയുടെ നിലപാട് സഭയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. ഈ പ്രസ്താവനക്കെതിരെ യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും ശവസംസ്‌ക്കാരത്തിന് സാഹചര്യമൊരുക്കാൻ ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വരെ വേണ്ടി വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP